You are Here : Home / Readers Choice

ശ്മശാന മൂകത തളം കെട്ടി നിന്നിരുന്ന വീടിന് ശാപമോക്ഷം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, March 26, 2015 08:28 hrs UTC


                        
കണക്റ്റിക്കട്ട് . സമീപ വാസികളുടേയും വഴി യാത്രക്കാരുടേയും പേടി സ്വപ്നമായി മാറിയ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ചു ഇടിച്ചു നിരത്തിയപ്പോള്‍ രണ്ട് വര്‍ഷത്തിലേറെയായി അധികാരികളുടെ മുമ്പില്‍ സമര്‍പ്പിച്ച നിരവധി അപേ”ക്ഷകള്‍ സഫലീകൃതമായി എന്ന് ആത്മ സംതൃപ്തിയിലാണ് യോഗാനന്ദ സ്ട്രീറ്റിലെ സ്ഥിരം താമസക്കാര്‍.

അമേരിക്കയുടെ ചരിത്രത്തില്‍ ഒരു കറുത്ത ദിനമായിരുന്നു 2012 ഡിസംബര്‍ 14 കണക്ക്റ്റിക്കട്ടിലെ സാന്റി ഹുക്ക് എലിമെന്ററി സ്കൂളിലെ ഇരുപത് കുരുന്ന് വിദ്യാര്‍ഥികളും ആറ് മുതിര്‍ന്നവരും ആഡംസ് ലാന്‍സ എ യുവാവിന്‍െറ തോക്കില്‍ നിന്നേറ്റ വെടിയുണ്ടകള്‍ക്ക് മുമ്പില്‍ പിടഞ്ഞു വീണ് മരിച്ച ദിനം.

സ്കൂളിലെ അധ്യാപികയും ആഡംസിന്‍െറ മാതാവുമായിരുന്ന നാന്‍സി ലാന്‍സയെ വീട്ടില്‍ വെച്ചു വെടിവെച്ച് വീഴ്ത്തിയശേഷമാണ് ആഡംസ് സ്കൂളിലെത്തി മാതാവിന്‍െറ ക്ലാസ് റൂമിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ ഒന്നടങ്കം വകവരുത്തിയത്. ആഡംസും സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.

1998 ലായിരുന്നു ന്യുഹാംപ് ഷെയറില്‍ നിന്നും ആഡംസും മാതാവും കണക്റ്റിക്കട്ടിലെ വീട്ടിലേക്കു താമസം മാറ്റിയത്. രണ്ടേക്കര്‍ ഭൂമിയില്‍ 3,100 ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള മനോഹരമായ ഒരു വീടായിരുന്നു അത്.

ഇരുവരും കൊല്ലപ്പെട്ടതോടെ ഈ വീട് അനാഥമായി. അവകാശികള്‍ ഇല്ലാതിരുന്ന വീട് നഗരാധികൃതര്‍ ഏറ്റെടുത്തു. ഈ വീടിനു സമീപം താമസിക്കുന്നവര്‍ക്കും ഇതിനു മുന്നിലൂടെ യാത്ര ചെയ്യുന്നവര്‍ക്കും ഇതൊരു പേടി സ്വപ്നമായി. ഈ വീട് കാണുന്നതു പോലും ദുസ്വപ്നങ്ങള്‍ക്ക് കാരണമായതായി നാട്ടുകാര്‍ പറയുന്നു.

വീടു പൊളിച്ചു മാറ്റണമെന്ന് നിവേദനങ്ങള്‍ക്ക് ഒടുവില്‍ നഗരാധികൃതര്‍ മാര്‍ച്ച് 24 ചൊവ്വാഴ്ച ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തി. പുറമെയുളള ദൃശ്യങ്ങള്‍ മാറ്റപ്പെട്ടുവെങ്കിലും മനസ്സിനകത്ത് രൂഢമൂലമായിട്ടുളള വേദനിക്കുന്ന സ്മരണകള്‍ കാലത്തിന്‍െറ ദ്രുതഗതിയിലുളള കുത്തൊഴുക്കില്‍പെട്ട് സാവകാശം ഇല്ലാതാകുമെന്നാണ് സമീപ വാസികളുടെ വിശ്വാസം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.