You are Here : Home / Readers Choice

റിപ്പബ്ലിക്കന്‍ നേതാക്കളുടെ ആശങ്കകള്‍

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Tuesday, August 22, 2017 10:41 hrs UTC

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റുമാര്‍ വേനലവധി ചെലവഴിക്കുമ്പോള്‍ അടുത്ത മിത്രങ്ങളുമായി സന്തോഷം പങ്കിട്ട് കൂടുതല്‍ ഊര്‍ജ്ജസ്വലരാകും. അതോടൊപ്പം ഉപദേശകരുമായി യോഗങ്ങള്‍ നടത്തി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ രണ്ടാഴ്ചത്തെ ഒഴിവു കാലത്ത് ട്രമ്പും ഗോള്‍ഫ് കളിച്ചു ഉല്ലസിക്കുവാന്‍ ശ്രമിച്ചിട്ടുണ്ടാവണം. പക്ഷെ ഒഴിവുകാലത്ത് പ്രതീക്ഷ ശാന്തതയോ സമാധാനമോ ഉണ്ടായിട്ടുണ്ടാവില്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. തന്റെ ആദ്യ ഓഗസ്റ്റ് ഒഴിവു കാലത്തിന് ശേഷം വൈറ്റ് ഹൗസിന്റെ സൗത്ത് ലോണില്‍ ട്രമ്പ് മറൈന്‍ വണ്ണില്‍ വന്നിറങ്ങുമ്പോള്‍ വാഷിംഗ്ടണിലെ ചൂട് വര്‍ധിച്ചിട്ടുണ്ടെന്ന് മനസ്സിലായിട്ടുണ്ടാവും. മിലിട്ടറി, ലെജിസ്ലേറ്റീവ്, തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒഴിവുകാലത്ത് മെനയുവാന്‍ ട്രമ്പിന് കഴിഞ്ഞിട്ടുണ്ടോ എന്നറിയില്ല.

 

 

 

ഇല്ലെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരുടെയും അല്ലാത്തവരുടെയും വിമര്‍ശനങ്ങളും വിദേശരാജ്യങ്ങളുടെ വെല്ലുവിളികളും നേരിടുക വിഷമകരമായിരിക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒട്ടുമിക്ക നേതാക്കളും ഒരു വിഭാഗം അനുയായികളും ട്രമ്പ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു എന്ന് അറിഞ്ഞ ദിവസം മുതല്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഏഴുമാസത്തെ ട്രമ്പ് പ്രസിഡന്‍സി ഇവരുടെ എതിര്‍പ്പ് വര്‍ധിപ്പിച്ചതേയുള്ളൂ. ആദ്യകാലത്ത് ട്രമ്പിന്റെ ട്വീറ്റുകളും പ്രഖ്യാപനങ്ങളുമാണ് എതിര്‍പ്പ് നേടിയിരുന്നതെങ്കില്‍ പിന്നീട് നിയമനങ്ങളും ഭരണത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും പറഞ്ഞുവിടലും പലര്‍ക്കും ആയുധമായി. അമേരിക്കന്‍ സംവിധാനത്തില്‍ പറഞ്ഞുവിടലും കൊഴിഞ്ഞുപോക്കും നിത്യസംഭവങ്ങളാണ് എന്ന വാസ്തവം മറന്നാണ് വിമര്‍ശനം ഉയര്‍ത്തുന്നത്.

 

 

 

 

ഇപ്പോള്‍ റിപ്പബ്ലിക്കന്‍ നേതാക്കളുടെ ആശങ്ക ട്രമ്പ് എത്രനാള്‍ ഭരണത്തില്‍ തുടരും എന്നതാണ്. പരസ്യമായി പറയുവാന്‍ തയ്യാറായില്ലെങ്കിലും രഹസ്യമായി പലരും പ്രശ്‌നം ചര്‍ച്ച ചെയ്യുന്നു. ഒരു പ്രസിഡന്റെന്ന നിലയില്‍ ഐസിസിനെ പരാജയപ്പെടുത്തുവാന്‍, നികുതി നിയമം പൊളിച്ചെഴുതുമ്പോള്‍, കടപരിധിയുടെ നിര്‍ണ്ണായ നിമിഷങ്ങളെ മറികടക്കുവാന്‍, ഒബാമ കെയര്‍ റദ്ദാക്കുവാന്‍ നയപരമായ തീരുമാനങ്ങള്‍ക്ക് ട്രമ്പ് തന്നെത്തന്നെ സജ്ജമാക്കിയിട്ടുണ്ടോ എന്ന ചോദ്യമാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. ഇതിനിടയിലാണ് സ്മാരക പ്രതിമകളും പീഠങ്ങളും മറ്റും തകര്‍ത്ത് നീക്കുവാനുള്ള ശ്രമം രാജ്യത്തിന്റെ പല കോണുകളില്‍ നടക്കുന്നത്. സ്മാരകങ്ങള്‍ തകര്‍ക്കുവാനെത്തിയവരും വെളുത്തവര്‍ഗ മേധാവിത്തവാദികളും തമ്മില്‍ ഷാര്‍ലെറ്റ്‌സ് വില്ലില്‍ ഏറ്റുമുട്ടിയപ്പോള്‍ ട്രമ്പ് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ഏറെ വിവാദമായി. എന്നാല്‍ ആവേശം കെട്ടടങ്ങിയപ്പോള്‍ ട്രമ്പ് പറഞ്ഞത്‌പോലെ ഇരു വിഭാഗങ്ങള്‍ക്കും തെറ്റു പറ്റി എന്ന് സമ്മതിക്കുവാന്‍ ചിലര്‍ തയ്യാറായി. കണ്‍ഫെഡറേറ്റ് പ്രതീകങ്ങള്‍ക്കെതിരെയുള്ള സമരം വര്‍ഷങ്ങളായി തുടരുന്നു. വംശീയതയും വിദ്വേഷവും നിലനിന്നിരുന്ന ഒരു ചരിത്രം ഓര്‍ക്കുക കൂടി അരുത് എന്ന് വീറോടെ വാദിക്കുകയും അക്രമത്തിന് മുതിരുകയും ചെയ്യുന്നു ഒരു വിഭാഗം. നിയോ നാസിസ്റ്റ്‌സ്, വൈറ്റ് സുപ്രീമിസ്റ്റ്‌സ്, കെ.കെ.കെ. എന്നീ പേരുകളില്‍ അറിയപ്പെടുന്ന എതിര്‍ വിഭാഗം. ഈ വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധം മൂലം പല ചരിത്രസ്മാരകങ്ങളും ഇതിനകം തകര്‍ക്കപ്പെട്ടുകഴിഞ്ഞു. ചരിത്രത്തില്‍ നിന്ന് പഠിക്കാത്തവര്‍ അത് വീണ്ടും അനുഭവിക്കുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്നൊരു ചൊല്ലുണ്ട്. സാമാന്യ വിജ്ഞാന, ചരിത്ര പാഠങ്ങള്‍ അന്യം നിന്ന് പോകുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പുതിയ തലമുറ ചരിത്രത്തെക്കുറിച്ച് തീര്‍ത്തും അജ്ഞരായി വളരും. ജെഫ് കോര്‍ട്ടര്‍ബ ഒമാഹ വേള്‍ഡ് ഹെറാള്‍ഡില്‍ വരച്ച കാര്‍ട്ടൂണ്‍ പ്രസക്തമാണ്. ട്രമ്പിന്റെ മാരേലാഗോ ഹോട്ടലിന് മുന്നില്‍ പ്രതിമകള്‍ നിറച്ച ഒരു വാന്‍ വന്നു നിന്നു.

 

 

 

ഹോട്ടലിന്റെ സെക്യൂരിറ്റി വാന്‍ ഡ്രൈവറോടു എന്തു വേണമെന്ന് അന്വേഷിച്ചു. നിങ്ങളുടെ ഹോട്ടലില്‍ കുറെ പഴയ പ്രതിമകള്‍ വയ്ക്കുവാന്‍ സ്ഥലം ഉണ്ടാകുമെന്ന് എന്നോട് ഒരാള്‍ പറഞ്ഞു എന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഷാര്‍ലറ്റ്‌സ് വില്‍ സംഭവത്തില്‍ ട്രമ്പിന്റെ പ്രതികരണങ്ങള്‍ എതിര്‍പ്പിന് ശക്തി കൂട്ടി, ഡെമോക്രാറ്റുകള്‍ക്കൊപ്പം എതിര്‍പ്പ് പ്രകടിപ്പിക്കുവാന്‍ അനവധി റിപ്പബ്ലിക്കന്‍ നേതാക്കളും തയ്യാറായി. ട്രമ്പിന്റെ പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് ഇത് കൂടുതല്‍ ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.