You are Here : Home / Readers Choice

വേഗസ് വധൂവരന്മാര്‍ക്ക് പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നു

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Thursday, August 10, 2017 11:26 hrs UTC

ലാസ് വേഗസ്: ഒരു കാലത്ത് ഹരമായിരുന്ന ഡെസ്റ്റിനേഷന്‍ വെഡിങ് വഴി മാറുകയാണ്. പരമ്പരാഗതമായി വിവാഹങ്ങള്‍ നടത്തിയിരുന്ന ആരാധനാലയ ങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, ഗൃഹങ്ങള്‍ എന്നിവ ഒഴിവാക്കി ബീച്ചുകളിലും പാര്‍ക്കുകളിലും ഒഴിവുകാല സങ്കേതങ്ങളിലും ചരിത്രപ്രസിദ്ധ സ്ഥലങ്ങളിലും വിവാഹങ്ങള്‍ നടത്തിയപ്പോഴാണ് അത് ഡെസ്റ്റിനേഷന്‍ വെഡിംഗായി മാറിയത്. ഇപ്പോള്‍ ലാസ്‌വേഗസ് ഡെസ്റ്റിനേഷന്‍ വെഡിങ്ങിന് പുതിയ രൂപ കല്‍പന ചെയ്ത് ആകര്‍ഷകമായ സംവിധാനങ്ങള്‍ ഒരുക്കി വധൂവരന്മാരെ ആകര്‍ഷിക്കുന്നു. വിവാഹം നടന്നത് ഭാര്യയും ഭര്‍ത്താവും മറക്കാന്‍ തയാറായാലും വിവാഹത്തില്‍ സംബന്ധിച്ചവര്‍ ഓര്‍ക്കാന്‍ താല്‍പര്യപ്പെടും എന്ന പരസ്യ വാചകത്തോടെയാണ് ഈ വിവാഹവേദികള്‍ വിപണനം ചെയ്യുന്നത്. വേഗസില്‍ ചെയ്യുന്നതുപോലെ ആരും വിവാഹം കഴിക്കാറില്ല എന്നും ഒരു ചൊല്ലുണ്ട്. വിവാഹം അവിസ്മരണീയമാക്കാന്‍ വേഗസ് മുന്നോട്ടു വയ്ക്കുന്ന സംവിധാനങ്ങള്‍ ഇവയാണ്.

 

 

 

ചെലവ് കുറഞ്ഞ വിവാഹങ്ങളിലൊന്ന് വേഗസിലെ ടാകോ ബെല്‍ കന്റിനയില്‍ നടക്കുന്നതാണ്. രണ്ടോ മൂന്നോ ഡസന്‍ ടാകോകളും അവയ്‌ക്കൊപ്പം ലഹരി ഉള്ളതും ഇല്ലാത്തതുമായ പാനീയങ്ങളും ഒരു സിനാബോണ്‍ ഡിലൈറ്റ് ബെഡിംഗ് കേക്കും ഗാര്‍ട്ടറും ബോ ടൈയും വരനും വധുവിനും ഓര്‍മ്മിക്കുവാന്‍ ഹിസ് ആന്റ് ഹെഴ്‌സ് ടീ ഷര്‍ട്ടുകളും വിവിധ ഹോട്ട് സോസുകള്‍ നിറച്ച പാക്കറ്റുകളുടെ ബൊക്കെയും ടാക്കോ ബെല്‍ നല്‍കുവാന്‍ ആരംഭിച്ചു. 600 ഡോളര്‍ മുതല്‍ മേലോട്ട് ചെലവ് വരും. വിവാഹം നടക്കുക റെസ്റ്റോറന്റിന്റെ രണ്ടാമത്തെ നിലയിലുള്ള ചാപ്പലിലാണ്. ലാസ് വേഗസിന്റെ സില്‍വര്‍ ടോണ്‍ കസിനോയില്‍ തയാറാക്കിയിരിക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ മറക്കാനാവാത്ത വിവാഹ അനുഭവമാണ്. 1,17,000 ഗാലന്‍ സാള്‍ട്ട് വാട്ടര്‍ അക്വേറിയത്തില്‍ 4,000 മത്സ്യങ്ങളെ സാക്ഷി നിര്‍ത്തി വിവാഹിതരാകാം. ഒരു മത്സ്യാംഗന ബ്രൈഡ്‌സ് മെയ്ഡ് ആയി ഉണ്ടാകും. ഭാരമുള്ള പുരുഷ ജാക്കറ്റും ഭാരമുള്ള വിവാഹ മുഖാവരണവും ഒരു റിഹേഴ്‌സല്‍ ചടങ്ങും 40 അതിഥികള്‍ക്ക് ഇരിപ്പിടവും നല്‍കുന്നു.

 

 

 

 

കസിനോ ചാര്‍ജ് ചെയ്യുന്നത് 3,000 ഡോളര്‍ മുതല്‍. വിവാഹിതരാവാന്‍ പ്രതിജ്ഞയെടുക്കുന്നത് വെനീസ് മാതൃകയിലുള്ള പശ്ചാത്തലത്തില്‍ വേണമെന്നുള്ളവര്‍ക്ക് വെനീഷ്യന്‍സ് ഗൊണ്ടോള ഡിവൈന്‍ പാക്കേജ് ഉണ്ട്. വില 1,850 ഡോളര്‍ മുതല്‍. വെനീഷ്യന്‍ വൈറ്റ് ഗൊണ്ടോളയില്‍ വിവാഹം കഴിക്കാം. ഒരു ഡസന്‍ റെഡ് റോസസും ഒരു ഫോട്ടോഗ്രഫറുടെയും കാര്‍മ്മികന്റെയും സേവനവും ഉണ്ടായിരിക്കും. ഗൊണ്ടോള മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കും. വേഗസ് വെനീസ് അല്ലാത്തതി നാല്‍ ഒരു മരുഭൂമി യാത്രയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വലിയ ലിമൊസിന്‍, ഷാമ്പെയിന്‍ കേക്ക്, പുഷ്പങ്ങള്‍, ഒരു ഹെലികോപ്റ്റര്‍ യാത്ര. ഗ്രാന്റ് കാനിയനില്‍ തുറസായ സ്ഥലത്ത് വിവാഹിതരാകാം. സണ്‍ഡാന്‍സ് ഹെലികോപ്‌റ്റേഴ്‌സ് എല്ലാ സജ്ജീകരണവും ചെയ്തു തരും. ചെലവ് 3,890 ഡോളര്‍ മുതല്‍. ഇതൊരു പിക്ചര്‍ പെര്‍ഫക്ട് വെഡിംഗ് ആക്കുവാന്‍ ഒരു ഫോട്ടോഗ്രഫറും ഉണ്ടായിരിക്കും. വിവാഹത്തിന് വൃത്താകൃതിയിലുള്ള പ്രതിരൂപങ്ങളാണ് ആദ്യകാലം മുതല്‍. ഹൈറോളറില്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫെരിസ് വീലിലും വധൂവരന്മാര്‍ക്ക് ഒന്നുചേരാം. അതിന് മുന്‍പ് 30 മിനിട്ട് ഒരു ക്യാബിനില്‍ ചെലവഴിച്ച് ചടങ്ങുകള്‍ നടത്താം. പകലാണെങ്കില്‍ 995 ഡോളര്‍ മുതല്‍ രാത്രിയില്‍ 1,300 ഡോളര്‍ മുതല്‍ ചെലവഴിച്ചാല്‍ മതി, പ്രീ വെഡിംഗ് ഫോട്ടോ ഗ്രാഫി, ഒരു കാര്‍മ്മികന്‍, വധൂവരന്മാര്‍ക്ക് വിവിഐപി അഡ്മിഷന്‍, 10 അതിഥികള്‍ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹം വിളംബരമാക്കി വെടിയൊച്ചകള്‍ മുഴങ്ങണമോ ? ദ ഗണ്‍ സ്റ്റോര്‍ ഷൂട്ടിംഗ് റേഞ്ച് ഇത് സാധിച്ചു തരും.

 

 

 

 

 

ഏറ്റവും ചെലവ് കുറഞ്ഞ പാക്കേജിന് അഞ്ഞൂറ് ഡോളര്‍. ഒരു കാര്‍മ്മികന്‍, ലൈസന്‍സ്, വിഐപി റേഞ്ചില്‍ തോക്കുകള്‍ക്കൊപ്പം ഫോട്ടോകള്‍, സൂക്ഷിച്ച് വയ്ക്കാവുന്ന ടീ ഷര്‍ട്ടുകളും തൊപ്പികളും അഞ്ചു തവണ ഒരു ഷോട്ട് ഗണ്ണില്‍ നിന്ന് വെടി പൊട്ടും. ഇതില്‍ കൂടുതല്‍ റൊമാന്റിക്കാകാന്‍ കഴിയുമോ എന്ന് സംഘാടകര്‍ വെല്ലുവിളിക്കുന്നു. അഞ്ഞൂറ് ഡോളറില്‍ തുടങ്ങി ആവശ്യങ്ങള്‍ക്കനുസരിച്ച് ചാര്‍ജ്ജ് കൂടാം. വാട്ട്ഹാപ്പന്‍സ് ഇന്‍വേഗസ് റിമൈന്‍സ് ഇന്‍ വേഗസ് എന്നൊരു ചൊല്ലുണ്ട്. വേഗസില്‍ നടക്കുന്ന വിവാഹത്തിനും ഇത് ബാധകമാവുകയാണെങ്കില്‍ വേഗസിന് പുറത്തു വരുമ്പോള്‍ ഇങ്ങനെ ഒരു വിവാഹമേ നടന്നിട്ടില്ല എന്ന് വിവാഹിതരായവര്‍ക്ക് പറയാന്‍ കഴിയുമോ എന്നറിയില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Readers Choice
More
View More
More From Featured News
View More