You are Here : Home / EDITORS PICK

ഇക്യു 2 : ഡെന്‍സല്‍ വാഷിംഗ്ടണ്‍ നിരാശപ്പെടുത്തുന്നില്ല

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Saturday, July 21, 2018 01:39 hrs UTC

ഹോളിവുഡ് താരനടന്‍ ഡെന്‍സല്‍ വാഷിംഗ്ടണിന് ധാരാളം ആരാധകരുണ്ട്. ഈ നടന്റെ ചിത്രങ്ങള്‍ ഇവര്‍ നെഞ്ചിലേറ്റുന്നു. വാഷിംഗ്ടണിന്റെ പുതിയ ചിത്രം ഇക്യു 2 (ദ ഈക്വലൈസര്‍ 2) തിയേറ്ററുകളിലെത്തി. നടന്റെ ആരാധകര്‍, പ്രത്യേകിച്ച് നടന്‍ പ്രതിനിധീകരിക്കുന്ന വിഭാഗം അത്യധികം ആഹ്ലാദത്തോടെ ഇക്യു 2 ഏറ്റെടുത്തിരിക്കുകയാണ്. പേര് ധ്വനിപ്പിക്കുന്നതുപോലെ ദ ഈക്വലൈസറുടെ രണ്ടാം ഭാഗമാണിത്. റോബര്‍ട്ട് മക്കാള്‍ എന്ന കഥാപാത്രത്തെ വാഷിങ്ടണ്‍ വീണ്ടും അവതരിപ്പിക്കുന്നു. മധ്യ വയസ്‌കനും വിഭാര്യനുമായ റിട്ടയേര്‍ഡ് സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഏജന്റായ മക്കാള്‍ ഒരു ലിഫ്റ്റ് ടാക്‌സി ഡ്രൈവറായും ആവശ്യം വരുമ്പോള്‍ തിന്മയ്ക്കും കുറ്റകൃത്യങ്ങള്‍ക്കും അറും കൊലകള്‍ക്കും അതേ നാണയത്തില്‍ മറുപടി നല്‍കുന്നു കഥാനായകന്‍. അമേരിക്കയിലെ ഒരു ഇന്ത്യന്‍ വംശജന്‍ ഭാര്യയുമായുള്ള പിണക്കം മൂലം മകളെയും കൊണ്ട് ഇന്ത്യയിലേയ്ക്ക് കടന്നുകളഞ്ഞ സംഭവം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു തുര്‍ക്കി വംശജന്‍ മകളെയും കൊണ്ട് തുര്‍ക്കിയിലേയ്ക്ക് കടക്കുന്നതും കുട്ടിയുടെ അമ്മയുടെ അഭ്യര്‍ത്ഥനമാനിച്ച് കുട്ടിയെ രക്ഷപ്പെടുത്തി തിരിച്ച് അമേരിക്കയിലുള്ള അമ്മയുമായി ഒന്നിക്കുവാന്‍ മക്കാള്‍ അവസരം ഒരുക്കുന്നതും കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തുര്‍ക്കിയില്‍ നിന്ന് മക്കാള്‍ ബോസ്റ്റണിലെ സ്വന്തം അപ്പാര്‍ട്ടുമെന്റിലെത്തുന്നു. ചില്ലറ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും ബോസ്റ്റണിലും ബെല്‍ജിയത്തില്‍ ചിരകാല സുഹൃത്ത് സൂസനെ സന്ദര്‍ശിക്കുമ്പോഴും മക്കാള്‍ അസാധാരണ വിരുതോടെ നടത്തുന്നു. നായകന്റെ എല്ലാ നന്മകളും ഒത്തു ചേര്‍ന്ന മക്കാള്‍ വൃദ്ധരെയും കൊച്ചു കുട്ടികളെയും വഴി വിട്ട് സഞ്ചരിക്കുന്ന ഒരു ചെറുപ്പക്കാരെയും സഹായിക്കുന്നു. ബോസ്റ്റണ്‍ - ബ്രസ്സല്‍സ് - ബോസ്റ്റണ്‍ യാത്രകള്‍ നടത്തുന്ന മക്കാള്‍ സൂസന്റെ ദാരുണമായ കൊലപാതകത്തിലെ ദുരൂഹത നീക്കിയേ മതിയാകൂ. ഇരുവരുടെയും സുഹൃദ് വലയത്തില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് കൊലനടത്തിയതെന്ന് അയാള്‍ കണ്ടെത്തുന്നു. അവരെ അയാളും അയാളെ അവരും വേട്ടയാടുന്നു. അന്ത്യരംഗങ്ങളിലെ ഉദ്വേഗതയ്ക്കും സംഘടനങ്ങള്‍ക്കും പശ്ചാത്തലമാകുന്നത് വിജനമായ ഒരു ഗ്രാമവും അവിടുത്തെ ലൈറ്റ് ഹൗസുമാണ്. കൂട്ടിന് പ്രകൃതി ക്ഷോഭവും ഇടിമിന്നലും കൊടുങ്കാറ്റും പേമാരിയും എല്ലാമുണ്ട്. നീണ്ടു നില്‍ക്കുന്ന വെടിവയ്പിനും മുഷ്ടിയുദ്ധത്തിനും രക്ത രൂക്ഷിതമായ കൊലപാതകങ്ങള്‍ക്കും ഒടുവില്‍ മക്കാള്‍ വിജയിക്കുന്നു.

വഴിതെറ്റി പോയ ആര്‍ട്ടിസ്റ്റ് മൈല്‍സിനെ നേര്‍ വഴിക്ക് കൊണ്ടുവരാനും മക്കാളിന് കഴിയുന്നു.റിച്ചാര്‍ഡ് വെങ്കിന്റെ തിരക്കഥയ്ക്ക് കെട്ടുറപ്പില്ല. ഇതാണ് ചിത്രത്തിന്റെ പ്രധാന പരാജയം, സംഭവ പരമ്പരകള്‍ ബോസ്റ്റണിലും ബ്രസ്സല്‍സിലുമായി പുരോഗമിക്കുമ്പോള്‍ രണ്ടു ലൊക്കേഷനുകളിലും ഷൂട്ട് ചെയ്ത ഫുട്ടേജ് എഡിറ്റ് ചെയ്തു ഇടയ്ക്കിടെ ചേര്‍ത്തിരിക്കുന്ന അനുഭവമാണ് പ്രേക്ഷകര്‍ക്ക് ഉണ്ടാകുന്നത്. സംവിധായകന്‍ ആന്റോയില്‍ ഫുക്ക് വ ഇത് പോലെ ഒരു പ്രമേയം ഒരു ടെലിവിഷന്‍ സീരീസില്‍ അവതരിപ്പിച്ചതാണ്. ഈ പരിചയ സമ്പത്ത് ഇക്യു 2 ല്‍ ദൃശ്യമായില്ല. കുറച്ചുകൂടി അവധാനതയോടെ തിരക്കഥ രൂപപ്പെടുത്താന്‍ ആവശ്യപ്പെടാനും ചിത്രീകരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും ഫുക്ക് വ യ്ക്ക് കഴിഞ്ഞില്ല. അവസാനത്തെ രണ്ടു മൂന്നു റീലുകളില്‍ ഉദ്വേഗത നില നിര്‍ത്താനും ശ്രമകരമായ ചിത്രീകരണം കുറ്റമറ്റതാക്കാനും കഴിഞ്ഞിട്ടുണ്ട്. ഛായഗ്രഹണം, ചിത്ര സംയോജനം, വെളിച്ചം, ശബ്ദ മിശ്രണം എന്നീ രംഗങ്ങളിലെല്ലാം പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ധര്‍ ശ്ലാഘനീയമായി തങ്ങളുടെ കടമ നിര്‍വഹിച്ചു. ഡെന്‍സന്‍ വാഷിംഗ്ടണ്‍ ഒരു തവണ കൂടി തന്റെ പ്രതിഭ തെളിയിച്ചു.

കഥാപാത്രത്തെ മനസ്സിലാക്കി കഴിയുന്നതും അമിതാഭിനയം ഒഴിവാക്കുവാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. തിരക്കഥയും സംഭാഷണവും പ്രചരണ തന്ത്രത്തിലേയ്ക്ക് (പ്രൊപ്പഗന്‍ഡ്) വഴി മാറുമ്പോള്‍ മാത്രമാണ് വാഷിംഗ്ടണ്‍ നിയന്ത്രണാതീതനാകുന്നത്. അതിന് നടനെ കുറ്റപ്പെടുത്താനാവില്ല. മക്കാള്‍ സംരക്ഷണം ഏറ്റെടുക്കുന്ന ചെറുപ്പക്കാരനായി ആഷ്ടണ്‍ സാന്‍ഡേഴ്‌സ് വലിയ പാളിച്ചകള്‍ വരുത്തിയിട്ടില്ല. പെഡ്‌റോ പാസ്‌കല്‍, ഓഴ്‌സണ്‍ ബീന്‍, ബില്‍ പുള്‍മാന്‍, മെലിസ ലിയോ, ജോനഥന്‍ സ്‌കാര്‍ഫ്. സക്കീന ജാഫ്രി, കേസി ടൗഗിനാസ്, ഗാരെറ്റ് ഗോള്‍ഡന്‍, ആഡം കാഴ്‌സറ്റ്, അലികന്‍ ബര്‍ലാസ്, റൈസ് ഒളിവിയ കോട്ട്, ടമാര ഹിക്കി, കെന്‍ ബാള്‍ട്ടിന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.