You are Here : Home / വെളളിത്തിര

ഇതാ 'വിജയ'രാഘവന്‍, ചമയങ്ങളില്ലാതെ...

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, March 13, 2014 10:36 hrs UTC

നാടകത്തിന്റെ ചതുര്‍വേദിയില്‍ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയപ്പോഴും തനി നാട്ടിന്‍ പുറത്തുകാരനാവാനാണ് വിജയരാഘവന്‍ ആഗ്രഹിച്ചത്. മുണ്ടുമടക്കി കുത്തി നാട്ടുകാരോട് കൊച്ചു വര്‍ത്തമാനം പറഞ്ഞ് ഒളശയിലെ മണ്‍വഴികളിലൂടെ നടക്കുമ്പോള്‍ വിജയരാഘവന് നടന്റെ ചമയങ്ങളില്ല. ജീവിതത്തിലും ആ ലാളിത്യം കാത്തുസൂക്ഷിക്കാന്‍ അദേഹത്തിനാകുന്നുണ്ട്. തന്റെ സിനിമാ സങ്കല്പങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വിജയരാഘവന്‍ അശ്വമേധത്തോട് സംസാരിക്കുന്നു.

കഥാപാത്രങ്ങള്‍ എങ്ങനെ ഇത്ര വ്യത്യസ്തമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു?

കഥാപാത്രങ്ങളില്‍ വ്യത്യസ്തത വരുത്താന്‍ മനപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. ഒരേ തരം വേഷങ്ങള്‍ ലഭിക്കുമ്പോള്‍ അവ തമ്മില്‍ പരമാവധി വ്യത്യാസം വരുത്തിയാണ് അഭിനയിക്കുന്നത്. കഥാപാത്രത്തിന്റെ ആത്മാവ് അറിഞ്ഞ് അഭിനയിക്കുകയെന്നതാണ് ഒരു കലാകാരന് വേണ്ട ഗുണം.

ഈ പ്രായത്തിലും ചെറുപ്പമായിരിക്കുന്നു. അതിനു പിന്നിലെ രഹസ്യം?

ടെന്‍ഷനില്ലാത്ത ജീവിതമാണ് ആരോഗ്യരഹസ്യം. ഷൂട്ടിംഗ് തിരക്കുകളുമായി കഴിയുമ്പോഴും ആരോഗ്യത്തില്‍ ശ്രദ്ധിക്കും. അത് വീട്ടിലായാലും സെറ്റിലായാലും ഒരു പോലെയാണ്. മിതമായ ഭക്ഷണവും സന്തോഷകരമായ ജീവിതവും ഇതായിരിക്കാം ചെറുപ്പത്തിന് പുറകില്‍ (പൊട്ടിച്ചിരിക്കുന്നു)

സിനിമാക്കാര്‍ക്ക് പൊതുവേ ടെന്‍ഷന്‍ കൂടുതലല്ലേ?

അമിതമായ ആഗ്രഹങ്ങള്‍ ഇല്ലാത്തതിനാല്‍ എനിക്ക് ടെന്‍ഷനില്ല. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ ആഹാരം, പാര്‍പ്പിടം, വസ്ത്രം ഇവ മൂന്നും കിട്ടാവുന്നതില്‍വച്ച് ഏറ്റവും നല്ലതുതന്നെ ഈശ്വരന്‍ എനിക്ക് തന്നു. അതെന്റെ ഭാഗ്യമായി കരുതി ഉള്ളതുകൊണ്ട് തൃപ്തിപ്പെടാന്‍ ഞാന്‍ ശ്രമിക്കുന്നതിനാല്‍ എന്റെ മനസ് ഫ്രീയാണ്.

മൂകാംബിക ഭക്തനാണെന്നു തോന്നുന്നു?

അമ്മയുടെ മരണശേഷമാണ് ഞാന്‍ ക്ഷേത്രങ്ങളില്‍ പോകാന്‍ തുടങ്ങിയത്. അമ്മയുണ്ടായിരുന്നപ്പോള്‍ പ്രത്യേക ഒരു ശക്തിയായിരുന്നു. അമ്മയുടെ മരണശേഷം മൂകാംബിക ക്ഷേത്രത്തില്‍ ചെന്നപ്പോഴാണ് ആ ശക്തി എനിക്ക് കിട്ടിയതായി പിന്നെ അനുഭവപ്പെട്ടത്.

ദുശീലങ്ങള്‍ വല്ലതും ഉണ്ടോ?

ഞാന്‍ പുകവലിക്കാറില്ല. ലഹരി പദാര്‍ഥങ്ങളും ഉപയോഗിക്കുന്നത് വിരളമാണ്. ഒന്നിനോടും പ്രത്യേക താത്പര്യമില്ല. അതിനാല്‍തന്നെ ആരോഗ്യകരമായ പ്രശ്‌നങ്ങളോ അസുഖങ്ങളോ ഇല്ല.

ധാരാളം രാഷ്ട്രീയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ? ജീവിതത്തില്‍ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടോ?

ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള ആളാണ്. എന്നു കരുതി ആ കാഴ്ചപ്പാടില്‍ അല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. അത് നിരീക്ഷണത്തിലൂടെ കണ്ടെത്തി എന്റേതായ രീതിയില്‍ അവതരിപ്പിച്ചു.

വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ പരിക്ക് അതിന്റെ ഭാഗമാണ്? അത്തരം എന്തെങ്കിലും അനുഭവം

നിരവധി തവണ. കാഞ്ഞിരപ്പള്ളി കറിയാച്ചന്‍ എന്ന സിനിമയുടെ സ്റ്റണ്ട് ഷൂട്ടിംഗിനിടയില്‍ നടുവിന് ഉളുക്കുണ്ടായി. അന്നു ഭയങ്കര നടുവേദനയായിരുന്നു. എന്നു കരുതി വിശ്രമം ഒന്നും എടുത്തില്ല. അത് സിനിമയുടെ ഭാഗമാണ്. ആ വേദനയുംവച്ചു ഷൂട്ടിംഗ് പുര്‍ത്തീകരിച്ചു. കഥാപാത്രം ഏറ്റവും മനോഹരമായി ചെയ്യുക എന്ന ചിന്താഗതി മാത്രമേ അപ്പേഴുള്ളൂ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.