You are Here : Home / വെളളിത്തിര

മോഹൻലാൽ ബിജെപിലേക്കു ഇല്ല

Text Size  

Story Dated: Wednesday, September 05, 2018 04:18 hrs UTC

മോഹന്‍ലാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചേക്കും എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്ത നല്‍കിയിരുന്നു. തിരുവനന്തപുരത്ത് മോഹന്‍ലാലിനെ മല്‍സരിപ്പിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ടെന്നും ഇതിനു മുമ്ബ് ഒരു സോഷ്യല്‍ ആക്റ്റിവിസ്റ്റ് പ്രൊഫൈല്‍ ലാലിന് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് സംഘ് കേന്ദ്രങ്ങളെന്നും പ്രമുഖ മാധ്യമങ്ങള്‍ പേരു വെളിപ്പെടുത്താത്ത ആര്‍എസ്‌എസ് ഭാരവാഹികളെ ഉദ്ദരിച്ച്‌ വാര്‍ത്ത നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ ഗൗരവകരമായ ഒരു സംസാരവും ബിജെപിയും മോഹന്‍ലാലും തമ്മില്‍ ഇതുവരെ നടന്നിട്ടില്ലെന്നും താരം രാഷ്ട്രീയത്തിലിറങ്ങുന്നത് ആലോചിക്കുന്നതില്ലായെന്നുമാണ് അറിയാന്‍ കഴിയുന്നത്.
 
 
നോട്ട് അസാധുവാക്കല്‍ നയത്തെ തുടക്കത്തില്‍ തന്നെ അന്ധമായി പിന്തുണച്ചതും താന്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ ഭാരവാഹിത്വം ആര്‍എസ്‌എസിലെ ഒരു പ്രമുഖ വ്യക്തിത്വത്തിന് നല്‍കിയതും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മോഹന്‍ലാലിന്റെ ബിജെപ് അനുകൂല നിലപാടിന്റെ സൂചനയായി ചിലര്‍ എടുത്തുകാണിക്കുന്നുണ്ട്. പ്രിയദര്‍ശന്‍, സുരേഷ്, മേജര്‍ രവി തുടങ്ങിയ മോഹന്‍ലാല്‍ ക്യാംപിലെ പ്രമുഖരുടെ സംഘ് ചായ്‌വും ഇതിനു കാരണമാണ്. എന്നാല്‍ പരസ്യമായി കൃത്യമായ രാഷ്ട്രീയ നിലപാട് പ്രകടിപ്പിക്കാന്‍ താരം തയാറാകില്ല. വ്യക്തിപരമായി മുഖ്യമന്ത്രി പിണറായി വിജയനോടും അടുപ്പം സൂക്ഷിക്കുന്ന ആളാണ് മോഹന്‍ലാല്‍. എല്ലാ വിഭാഗങ്ങളുടെയും പ്രിയങ്കരനാകാനോ ഒഴിഞ്ഞുമാറാനോ ആയി വിവാദങ്ങളിലും അഭിമുഖങ്ങളിലും കൃത്യമായി മറുപടി പറയാതെ തത്വവിചാരം പറയുന്നു എന്നുവരെ വിമര്‍ശിക്കപ്പെട്ടിട്ടുള്ള താരമാണ് അദ്ദേഹം എന്നതും ഓര്‍ക്കണം.
 
 
നിലവില്‍ മോഹന്‍ലാലിനെ മുന്‍നിര്‍ത്തി പുറത്തുവന്ന വാര്‍ത്തകള്‍ക്കും പ്രചാരണങ്ങള്‍ക്കും പിന്നില്‍ ആര്‍എസ്‌എസ് തന്നെയാണെന്നാണ് സൂചന. മോഹന്‍ലാല്‍ വിശ്വശാന്തി ഫൗണ്ടേഷന്റെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഈ വാര്‍ത്തകള്‍ വന്നത്. കേരളത്തില്‍ മോഹന്‍ലാലിനെ പോലെ സ്വീകാര്യതയുള്ള ഒരു വന്‍ താരം ബിജെപി പക്ഷത്തിലാണെന്ന തരത്തില്‍ അദ്ദേഹത്തെ അനുകൂലിച്ചും എതിര്‍ത്തും നടക്കുന്ന വാഗ്വാദങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.
നേരത്തേ സുരേഷ് ഗോപി ബിജെപി പാളയത്തില്‍ എത്തിയ ഘട്ടത്തില്‍ അദ്ദേഹം സിനിമയില്‍ നിന്ന് തീര്‍ത്തും വിട്ടുനില്‍ക്കുകയായിരുന്നു. പൊതു ജീവിതത്തില്‍ സജീവമായി തുടരാന്‍ സുരേഷ്‌ഗോപിക്ക് മുന്നിലുള്ള ഏറ്റവും വലിയ വഴിയായിരുന്നു ബിജെപി വഴി രാജ്യസഭയിലേക്കുള്ള പ്രവേശനം. എന്നാല്‍ രണ്ടാമൂഴം ഉള്‍പ്പടെയുള്ള വന്‍ പ്രൊജക്റ്റുകള്‍ കാത്തിരിക്കെ മോഹന്‍ലാലിനെ സംബന്ധിച്ച്‌ ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുക ആത്മഹത്യാപരമായിരിക്കും.
 
 
എന്നാല്‍ ലാലിനെ കൂടുതലായി തങ്ങളുടെ വേദികളിലെത്തിക്കുന്നതിനും അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി കൈകടത്താനും സംഘപരിവാര്‍ ശ്രമം നടത്തുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.