You are Here : Home / വെളളിത്തിര

സ്ത്രീകൾ വെറും ചരക്കു മാത്രമോ ? പാർവതി ചോദിക്കുന്നു

Text Size  

Story Dated: Saturday, July 07, 2018 03:29 hrs UTC

ഇ രുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്ബ് ഊട്ടിയിലെ ഒരു ലൊക്കേഷന്‍. മലയാളത്തിലെ സൂപ്പര്‍സ്റ്റാറും സൂപ്പര്‍ സംവിധായകനും ഒരുമിക്കുന്ന ചിത്രം. ആ ചിത്രത്തിലഭിനയിക്കാന്‍ ഒരു പുതുമുഖനായികവന്നു. കൂടെ അച്ഛനും അമ്മയും അനുജനും. രാത്രിയായപ്പോള്‍ പെണ്‍കുട്ടിയുടെ മുറിയിലേക്ക് തുടരെ വിളി. നായകന്റെയും സംവിധായകന്റെയും മുറികളില്‍നിന്നാണ്. ഇപ്പോള്‍ വരണം എന്നാണ് ആവശ്യം. നായിക നിരസിച്ചു. അച്ഛന്റെയും അമ്മയുടെയും അനുജന്റെയും മുന്നില്‍നിന്ന് ഇറങ്ങിവരാനാകില്ലെന്ന് തീര്‍ത്തുപറഞ്ഞു. പിറ്റേന്ന് നായിക പായ്ക്ക് അപ്പ്...
 
ഇനി ഈ തലമുറയിലെ ഏറ്റവും ശ്രദ്ധേയയായ നായികമാരിലൊരാളായ പാര്‍വതിയുടെ വാക്കുകള്‍ കേള്‍ക്കാം:
 
''എന്റെ സുഹൃത്തായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഞാന്‍ ലൊക്കേഷനിലായിരുന്നു. സന്തോഷമുള്ള ഒരു രംഗത്തായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ആരും സഹായിക്കാനില്ലാത്ത അവളുടെ അപ്പോഴത്തെ അവസ്ഥ എനിക്ക് അറിയാം. ഞാന്‍ അങ്ങനത്തെ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ്. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ സഹായത്തിന് ആവശ്യപ്പെട്ടുപോകുന്ന അവസ്ഥ. നമ്മുടെ ദേഹം ഇങ്ങനെ ആയതുകൊണ്ട് നമ്മള്‍ ഉപയോഗിക്കപ്പെടുക, ചൂഷണം ചെയ്യപ്പെടുക. പേരുകള്‍ തുറന്നുപറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല. പക്ഷേ, അങ്ങനെ ചെയ്തവര്‍ ക്രിമിനലുകളാണ്. പക്ഷേ, ഞാന്‍ ഇരയല്ല. ഞാന്‍ അതില്‍നിന്ന് പുറത്തുകടന്നു. പക്ഷേ, എനിക്കത് പറയാന്‍ പറ്റും. പീഡനമേല്‍ക്കേണ്ടിവന്നത് സഹപ്രവര്‍ത്തകരില്‍നിന്നുതന്നെയാണ്. അവരെ ശിക്ഷിക്കാനോ ഒന്നുമല്ല ഇത് പറയുന്നത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ സര്‍വസാധാരണമാണെന്നും നിരന്തരം തുടരുകയാണെന്നും ഞാന്‍ മറ്റുള്ള സ്ത്രീകളോട് പറയുകയാണ്. നിങ്ങള്‍ ന്യൂനപക്ഷമല്ല...''
 
സ്ത്രീ വെറും ചരക്കു മാത്രമോ
 
കാലം മാറിയാലും നമ്മുടെ സിനിമ മാറുന്നില്ല. അതില്‍ സ്ത്രീ വെറും 'ചരക്ക്' മാത്രം. ഉപയോഗിച്ച്‌ വലിച്ചെറിയാനുള്ള ഉത്‌പന്നം. സ്‌ക്രീനില്‍ കശ്മലന്മാരുടെ െെകയിലകപ്പെടുന്ന നായികയെ ഗുണ്ടകളെ നേരിട്ട്, ഗുണ്ടാത്തലവനെയും കീഴ്‌പ്പെടുത്തി രക്ഷപ്പെടുത്തുന്ന സ്ത്രീത്വത്തിന്റെ കാവലാളായ നായകന്‍. അതുകണ്ട് തിേയറ്റര്‍ നിറയുന്ന ആരവം. പ്രേക്ഷകന്‍ കോരിത്തരിക്കുന്നു. നായകന്റെ സൂപ്പര്‍താരതൊപ്പിയില്‍ ഒരു തൂവല്‍ കൂടി. പ്രേക്ഷകന്‍ കൈയടിക്കുമ്ബോള്‍ താരത്തിന്റെ കൈയും കീശയും നിറയുന്നു.
 
പക്ഷേ, വെള്ളിത്തിരയ്ക്ക് പുറത്ത് എന്താണ് സംഭവിക്കുന്നത്? നായകന്‍ സ്വന്തം ജീവിതത്തില്‍ വില്ലനാകുന്നു. സഹപ്രവര്‍ത്തകയായ താരത്തെ മാനഭംഗപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുക്കുന്നു. പ്രേക്ഷകര്‍ വിഡ്ഢികളാകുന്നു. ഇതെല്ലാം കണ്ട് അമര്‍ഷവും അറപ്പും ഉള്ളിലൊതുക്കി ഒരു പറ്റം സിനിമാപ്രവര്‍ത്തകര്‍. മറ്റുള്ളവര്‍ നായകനൊപ്പം. അതൃപ്തി തുറന്നുപ്രകടിപ്പിച്ചാല്‍ പിന്നെ ഔട്ട്.
 
സ്ത്രീക്ക്‌ സിനിമയിലെപ്പോലെ തന്നെ തങ്ങളുടെ കാല്‍ക്കീഴിലാണ് സ്ഥാനം എന്നുകരുതുന്നവരാണ് നമ്മുടെ പല നായകന്‍മാരും. അവസരങ്ങള്‍കൊടുക്കാമെന്ന് പ്രലോഭിപ്പിച്ച്‌ കെണിയില്‍പെടുത്തുന്ന കാസ്റ്റിങ് കൗച്ച്‌ മുതല്‍ പ്രണയം നടിച്ച്‌ പെണ്‍കുട്ടികളെ കുരുക്കുന്നവര്‍ വരെ ഈ മേഖലയിലുണ്ട്. അഡ്ജസ്റ്റ്‌മെന്റ് എന്ന വാക്കാണ് മലയാളസിനിമയിലേക്ക് കടന്നുവരുന്ന സ്ത്രീകളെ കാത്തിരിക്കുന്നത്.
 
ഡബ്ല്യു.സി.സി.യുടെ "ബോംബുകള്‍'
 
സിനിമയിലെ ആണ്‍കോയ്മയ്ക്കെതിരേ ഡബ്ല്യു.സി.സി. പോരിനിറങ്ങിയിരിക്കുന്നത് വെറുതെയല്ല. മാരകപ്രഹരശേഷിയുള്ള ഒരുപാട് ആയുധങ്ങള്‍ അവരുടെ പക്കലുണ്ട്. ചില ശബ്ദസന്ദേശങ്ങളാണ് അതില്‍ പ്രധാനം. വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിനിമയ്ക്കുള്ളിലെ ചിലര്‍ അയച്ചതാണിത്. പലതും സിനിമയിലേക്ക് പുതുമുഖങ്ങളായി വന്നവര്‍ക്കുള്ളതാണ്. താരങ്ങള്‍ മുതല്‍ പ്രൊഡക്‌ഷന്‍ വിഭാഗത്തിലുള്ളവരുടെ വരെ ശബ്ദസന്ദേശങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ടെന്നാണ് ഡബ്ല്യു.സി.സി.യിലെ ഒരംഗം വെളിപ്പെടുത്തിയത്. തങ്ങള്‍ അപമാനത്തിനിരയായി എന്നു കാട്ടിയുള്ള ചില പെണ്‍കുട്ടികളുടെ പരാതികളും ഡബ്ല്യു.സി.സി.ക്ക് കിട്ടിയിട്ടുണ്ട്. വേണ്ട സമയത്ത് ഇവയെല്ലാം പ്രയോഗിക്കുമെന്ന മുന്നറിയിപ്പ് ഡബ്ല്യു.സി.സി. അമ്മയിലെത്തിച്ചിട്ടുണ്ട്.
 
ഗണേഷിനെതിരേ അമ്മ നേതൃത്വം
 
ഗണേഷ്‌കുമാറിനെതിരേ അമ്മ നേതൃത്വത്തിനുള്ളില്‍ അമര്‍ഷം പുകയുന്നു. ഇടവേളബാബുവിനുള്ള ശബ്ദസന്ദേശം പുറത്തുവിട്ടത് ഗണേഷ് തന്നെയാണ് എന്നാണ് അമ്മ ഭാരവാഹികള്‍ കരുതുന്നത്. ഇതോടെ അമ്മ നേതൃത്വത്തില്‍തന്നെ വിള്ളല്‍ രൂപപ്പെട്ടിരിക്കുകയാണ്. ശബ്ദസന്ദേശം മുന്‍കൂട്ടിയുള്ള പദ്ധതിപ്രകാരം തയ്യാറാക്കി ഗണേഷ് ഇടവേള ബാബുവിന് അയയ്ക്കുകയായിരുന്നുവെന്നാണ് അമ്മയുടെ ഉന്നതനേതൃത്വം സംശയിക്കുന്നത്. വിവരമറിയിക്കാനായിരുന്നുവെങ്കില്‍ ഫോണ്‍വിളിച്ച്‌ പറഞ്ഞാല്‍പോരേയെന്നും എന്തിനാണ് ശബ്ദസന്ദേശത്തിന്റെ ആവശ്യകതയെന്നും അവര്‍ ചോദിക്കുന്നു.
അമ്മയിലേക്ക് തിരിച്ചുവരുന്നില്ലെന്ന ദിലീപിന്റെ പ്രഖ്യാപനത്തോടെ തണുത്തവിഷയം വീണ്ടും ആളിക്കത്തിയത് ഗണേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ്. ഇത് ഗൂഢലക്ഷ്യത്തോടെ ചെയ്തതാണെന്നും അമ്മയുടെ നേതൃത്വത്തിലുള്ളവര്‍ക്ക് സംശയമുണ്ട്. നേരത്തേ അമ്മ എക്സിക്യുട്ടീവിന് ഗണേഷ് അയച്ച കത്തും സമാനരീതിയില്‍ പുറത്തുവന്നിരുന്നു.
 
പ്രചോദനം അവളുടെ ധൈര്യം
 
സിനിമാമേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ക്കെതിരേയും തെറ്റുകള്‍ക്കെതിരേയും പോരാടാന്‍ പ്രചോദനമായത് ആക്രമിക്കപ്പെട്ട നടിയുടെ ധൈര്യമാണ്. പണ്ടും ഒട്ടേറെ പ്രശ്നങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നു. എന്നാല്‍, അക്കാലത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പുറത്തുപറയാന്‍ പാടില്ല എന്ന ഒരു ചിന്തയായിരുന്നു ഉണ്ടായിരുന്നത്. സമൂഹവും അത്തരത്തില്‍ തന്നെയായിരുന്നു. എന്നാല്‍, നിലവില്‍ മലയാളസിനിമയിലെ ഒരു യുവനടിക്ക്‌ നേരേയുണ്ടായത് വലിയ ഒരു പ്രശ്നമാണ്. ഒരാള്‍ക്ക് നേരേയും നടക്കാന്‍ പാടില്ലാത്ത അക്രമമാണത്. എന്നാല്‍, അവരത് പുറത്ത് പറയാനും പ്രതികള്‍ക്കെതിരേ പോരാടാനും തയ്യാറായി. ആ ധൈര്യമാണ് അവളുടെ കൂടെ നില്‍ക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനമായത്.
 
നമ്മുടെ നാട്ടില്‍ പീഡനക്കേസുകള്‍ അനന്തമായി നീളുന്ന കാഴ്ചയാണ് സാധാരണ കാണാറുള്ളത്. എന്നാല്‍, അതു മാറുക തന്നെ വേണം. ഈ വിഷയത്തില്‍ കേസിന്റെ അവസാനം വരെ പോരാടും. ആ പോരാട്ടത്തില്‍ അമ്മയും ഡബ്ല്യു.സി.സി.യും പരസ്പരം തമ്മിലടിക്കുകയല്ല ഇവിടെ. ഞങ്ങള്‍ ശത്രുക്കളല്ല. ഒരുമിച്ച്‌ ജോലി ചെയ്തിരുന്നവരാണ്. എന്നാല്‍, ചില കാര്യങ്ങള്‍ അമ്മ എന്ന സംഘടന ഇതുവരെ മനസ്സിലാക്കിയിട്ടില്ല. അത്തരം വ്യവസ്ഥകള്‍ മാറ്റേണ്ടതുണ്ട്. 23 കൊല്ലമായിട്ട് അമ്മയില്‍ അംഗത്വമുള്ള ഒരു ആജീവനാന്ത അംഗം എന്ന നിലയ്ക്ക് അവ ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. ഡബ്ല്യു.സി.സി. അല്ല അമ്മയോട് വീണ്ടും ജനറല്‍ ബോഡി യോഗം കൂടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
 
മറിച്ച്‌ അമ്മയിലെ അംഗങ്ങള്‍ എന്ന നിലയ്ക്ക് ഞാനും പത്മപ്രിയയും പാര്‍വതിയുമാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആ യോഗത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ ചോദ്യങ്ങള്‍ ഉന്നയിക്കും. അവിടെയാണ് ഞങ്ങള്‍ കത്തിലെഴുതിയ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം
ലഭിക്കേണ്ടത്.
രേവതി (നടി, സംവിധായിക)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.