You are Here : Home / വെളളിത്തിര

മദ്യം വി.ഡി.രാജപ്പനെയും കാര്‍ന്നുതിന്നു

Text Size  

Story Dated: Thursday, March 24, 2016 06:06 hrs UTC


മൂന്നുമാസം മുമ്പ് വി.ഡി.രാജപ്പനെ കാണുമ്പോള്‍ നന്നേ ക്ഷീണിച്ചിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പ്രയാസപ്പെടുന്ന മനുഷ്യന്‍. ഓര്‍മ്മശക്തി തീരെ കുറവ്. എങ്കിലും മദ്യപിക്കാനുള്ള ആഗ്രഹം ഒഴിവാക്കിയിട്ടില്ല. മദ്യത്തിന്റെ പേരുപറഞ്ഞ് ഭാര്യ സുലോചനയെ തെറിവിളിക്കാനും മടിയില്ല. സഹികെട്ടാല്‍ അവര്‍ മദ്യത്തിന്റെ നിറമുള്ള ടോണിക്കെടുത്ത് ഗ്ലാസിലാക്കി കൊടുക്കും. മദ്യമാണെന്ന് കരുതി രാജപ്പനത് കുടിക്കും. അതോടെ സമാധാനം. കുറച്ചുനേരത്തേക്ക് ശാന്തം. പതുക്കെ ഉറക്കത്തിലേക്ക്. ഇതായിരുന്നു കഴിഞ്ഞ ഏഴുമാസമായിട്ടുള്ള ശീലം.
വീട്ടില്‍ വരുന്ന ആരോടും വാതോരാതെ സംസാരിക്കും. ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ നടന്‍ പ്രേംകുമാര്‍ വന്നു. എന്നെ മനസ്സിലായോ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്ന് മറുപടി. 'പുതുക്കോട്ടയിലെ പുതുമണവാളന്‍' എന്ന സിനിമാലൊക്കേഷനിലുണ്ടായ സംഭവങ്ങള്‍ കേട്ടപ്പോള്‍ രാജപ്പന്‍ ത്രില്ലിലായി. ചില കാര്യങ്ങള്‍ രാജപ്പനും കൂടെച്ചേര്‍ത്തു. ഏറ്റവുമൊടുവില്‍ പോകാന്‍നേരം പ്രേംകുമാറിനോടൊരു ചോദ്യം.
''അല്ല എനിക്കു മനസ്സിലായില്ല. താങ്കള്‍ ആരാ?''
പ്രേംകുമാര്‍ ഞെട്ടിപ്പോയി. ഒരു മനുഷ്യന്റെ അവസ്ഥയാണിത്.
രോഗം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ കോട്ടയം വയസ്‌കരക്കുന്നിലെ ഗവ.ആയൂര്‍വേദ ആശുപത്രിയിലാണ് രാജപ്പനെ ചികിത്സയ്ക്ക് കൊണ്ടുപോയത്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ രാജപ്പന്‍ അസ്വസ്ഥനായി. നമുക്കിവിടെ നിന്നും പോകാമെന്ന് രാജപ്പന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. പക്ഷെ സുലോചന വിട്ടില്ല. അസുഖം മാറുന്നതുവരെ ഇവിടെ കിടന്നാല്‍ മതിയെന്ന് അവര്‍ നിര്‍ദ്ദേശിച്ചു. ഒരുദിവസം ബാത്ത്‌റൂമില്‍ പോയി വരുമ്പോഴേക്കും കട്ടിലില്‍ രാജപ്പനില്ല. സുലോചന ആകെ ബഹളംവച്ചു. ആശുപത്രി ജീവനക്കാര്‍ ചുറ്റും അന്വേഷണം തുടങ്ങി. എവിടെയും കണ്ടില്ല. പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍ ഗേറ്റ് കടന്ന് ആരോഗ്യവാനായി വരുന്ന രാജപ്പനെ കണ്ട് എല്ലാവരും ഞെട്ടി. കൈയില്‍ ബ്രാണ്ടിയുടെ ഹാഫ്‌ബോട്ടില്‍.
''ഇതൊന്നും ഇവിടെ പറ്റില്ല.''
ജീവനക്കാര്‍ താക്കീത് നല്‍കിയെങ്കിലും ആരും കാണാതെ രാജപ്പന്‍ ആ കുപ്പി അടിച്ചുതീര്‍ത്തു. വീട്ടിലെത്തിയിട്ടും ആ ശീലം മാറിയില്ല. ദിവസം മൂന്നുംനാലും നേരം മദ്യം നിര്‍ബന്ധം. ഒഴിച്ചുകൊടുത്തില്ലെങ്കില്‍ സുലോചനയെ വായില്‍തോന്നിയ ചീത്ത മുഴുവനും വിളിക്കും. സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ സുലോചന ഒരു പെഗ്ഗ് കൊടുക്കും. അതിനുശേഷം വീണ്ടും ആരോഗ്യം വഷളായി. ആ സമയത്താണ് ഇനി മദ്യം തൊട്ടുപോകരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ജില്ലാ ആശുപത്രിയില്‍നിന്നും നഴ്‌സായി റിട്ടയര്‍ ചെയ്ത സുലോചനയ്ക്ക് ആരോഗ്യകാര്യങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അവര്‍ ഇടപെട്ട് വിവാഹം കഴിപ്പിച്ചു.
സാമ്പത്തികമായി വലിയ ബുദ്ധിമുട്ടൊന്നും അവസാനകാലത്ത് രാജപ്പനുണ്ടായിരുന്നില്ല. 'അമ്മ' നല്‍കുന്ന കൈനീട്ടമുണ്ട്. ഭാര്യ സുലോചനയുടെ പെന്‍ഷനുണ്ട്. ഇക്കഴിഞ്ഞ ദിവസം വനിത ഫിലിം അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് നടന്‍ ജയസൂര്യ പറഞ്ഞു.
''ഞങ്ങളൊക്കെ ആവേശത്തോടെ കേട്ടിരുന്ന കഥാപ്രസംഗങ്ങളാണ് വി.ഡി.രാജപ്പന്‍ ചേട്ടന്റേത്. അദ്ദേഹത്തിന്റെ അവസ്ഥ പരിതാപകരമാണെന്ന് അറിഞ്ഞു. ഈ അവാര്‍ഡ് തുക ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു.''
തിരുവനന്തപുരത്തെ ആള്‍ക്കൂട്ടം ഈ പ്രഖ്യാപനം രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മലയാളത്തില്‍ മൃഗങ്ങളെ കഥാപാത്രമാക്കി കഥാപ്രസംഗമുണ്ടാക്കിയത് വി.ഡി.രാജപ്പനാണ്. ആ രാജപ്പന്‍ ഒടുവില്‍ ആരോടും ചോദിക്കാതെ യാത്രയായി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.