You are Here : Home / വെളളിത്തിര

രാജേഷ് പിള്ള: സങ്കടങ്ങള്‍ 'വേട്ട'യാടിയ സംവിധായകന്‍

Text Size  

Story Dated: Sunday, February 28, 2016 04:22 hrs UTC

സിനിമയെ ജീവനുതുല്യം സ്‌നേഹിച്ച ചെറുപ്പക്കാരന് സിനിമയില്‍നിന്ന് തിരിച്ചുകിട്ടിയത് സങ്കടങ്ങള്‍ മാത്രമായിരുന്നു. പതിനൊന്നുവര്‍ഷം മുമ്പാണ് 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍' എന്ന സിനിമയുമായി രാജേഷ്പിള്ള മലയാളികള്‍ക്ക് മുമ്പിലെത്തുന്നത്. കുഞ്ചാക്കോബോബനും ഭാവനയുമായിരുന്നു പ്രധാന വേഷത്തില്‍. പക്ഷെ സിനിമ പരാജയപ്പെട്ടു. ആദ്യസിനിമയുടെ പരാജയം രാജേഷിനെ ചില്ലറയൊന്നുമല്ല വേദനിപ്പിച്ചത്. ആ സമയത്തായിരുന്നു വിവാഹം. ഭാര്യയുമായി ഏതു ചടങ്ങിനുപോയാലും, വേറെ ജോലിയൊന്നും നോക്കുന്നില്ലേ എന്നുപറഞ്ഞ് ആളുകള്‍ പരിഹസിക്കാറുണ്ടെന്ന് രാജേഷ് പിള്ള പലപ്പോഴും പറഞ്ഞിരുന്നു. സിനിമയല്ലാത്ത മറ്റൊരു ഫീല്‍ഡിനെക്കുറിച്ച് രാജേഷിന് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. രണ്ടാമത്തെ സിനിമയുണ്ടാക്കാന്‍ അലഞ്ഞത് ആറുവര്‍ഷമാണ്. ഒരുപാട് നിര്‍മ്മാതാക്കളുടെ മുമ്പില്‍ കഥ പറയാന്‍ പോയെങ്കിലും അവരൊക്കെയും ആട്ടിയിറക്കി. മലയാളത്തിലെ പ്രശസ്തനായ നടനോട് ഡേറ്റ് ചോദിച്ചപ്പോള്‍ അഞ്ചുവര്‍ഷത്തേക്ക് ഡേറ്റില്ലെന്ന് കള്ളം പറഞ്ഞു. എന്തിന് രാജേഷിന് സംവിധാനം അറിയില്ലെന്നുവരെ ഒരു നടി പ്രചരിപ്പിച്ചു.
''വിഷാദരോഗം വരുമോ എന്നുപോലും ഭയപ്പെട്ട നാളുകളായിരുന്നു അത്. എന്നെയും ഭാര്യയെയും അക്കാലത്ത് പോറ്റിയിരുന്നത് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പെന്‍ഷന്‍ പറ്റിയ അച്ഛനാണ്. ആ കുറ്റബോധം ഏറെക്കാലം എന്നെ വേട്ടയാടി.''
ഒരഭിമുഖത്തില്‍ രാജേഷ് പറഞ്ഞതാണിത്.
ആ സമയത്താണ് ഒരു സുഹൃത്ത് വഴി ബോബി-സഞ്ജയ് ടീമിലെ സഞ്ജയിനെ പരിചയപ്പെടുന്നത്. തനിക്കുണ്ടായ അനുഭവങ്ങള്‍ രാജേഷ് സഞ്ജയോട് പറഞ്ഞു. സഞ്ജയ് ഒരു കൂടപ്പിറപ്പിനെപ്പോലെയാണ് രാജേഷിനോട് പെരുമാറിയത്. എല്ലാം ശരിയാവുമെന്ന് പറഞ്ഞ് തിരിച്ചയച്ചു. അങ്ങനെയാണ് സഞ്ജയും ബോബിയും ചേര്‍ന്ന് രാജേഷിന് വേണ്ടി ഒരു കഥ കണ്ടെത്തുന്നത്. രാജേഷിനോട് പറഞ്ഞപ്പോള്‍ ത്രില്ലടിച്ചു. ശ്രീനിവാസനോട് കഥ പറയാന്‍ രാജേഷിനെ പറഞ്ഞയച്ചു. പെട്ടെന്നുതന്നെ 'ട്രാഫിക്' എന്ന സിനിമ യാഥാര്‍ത്ഥ്യമായി. ന്യൂജനറേഷന്‍ ട്രെന്‍ഡിന്റെ തുടക്കമെന്ന് വിശേഷിപ്പിച്ച ട്രാഫിക് രാജേഷിന്റെ ജീവിതം മാറ്റിമറിച്ചു. നിരവധി അവാര്‍ഡുകള്‍ നേടി. നിര്‍മ്മാതാക്കള്‍ ഈ ചെറുപ്പക്കാരന്റെ മുമ്പില്‍ ക്യൂ നിന്നു. എന്നിട്ടും അമിത സന്തോഷമുണ്ടായില്ല, രാജേഷിന്. ട്രാഫിക്കിന്റെ തമിഴ് വേര്‍ഷന്‍ ചെയ്താലോ എന്ന ആലോചന വന്നു. ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ ഹിന്ദിയില്‍ ചെയ്യാന്‍ ചില നിര്‍മ്മാതാക്കള്‍ വന്നു. ആദ്യം ഹിന്ദി ചെയ്യാമെന്ന് വച്ചപ്പോള്‍ തമിഴിലെ നിര്‍മ്മാതാക്കള്‍ക്ക് പ്രശ്‌നം. അതോടെ തന്റെ അസോസിയേറ്റായ ഷഹീദ് ഖാദറെക്കൊണ്ട് സംവിധാനം ചെയ്യിച്ചു. ചെന്നൈയില്‍ ഒരു നാള്‍ എന്ന ആ സിനിമ രണ്ടുവര്‍ഷം കൊണ്ട് റിലീസാവുകയും ചെയ്തു. ആ സമയത്തും ഹിന്ദിയിലെ പ്രവര്‍ത്തനങ്ങളുമായി മുംബൈയിലായിരുന്നു രാജേഷ്പിള്ള. തിരക്കഥ പൂര്‍ത്തിയാകാത്തതും നടന്മാരുടെ ഡേറ്റുകള്‍ പ്രശ്‌നമായതും കാരണം വര്‍ഷങ്ങളോളം സിനിമ നീണ്ടു. ചിത്രീകരണം പൂര്‍ത്തിയായെങ്കിലും ഇന്നും ആ സിനിമ റിലീസായിട്ടില്ല. ഹിന്ദിക്ക് പിറകെ പോയി രാജേഷ് നഷ്ടപ്പെടുത്തിയത് നാലുവര്‍ഷമാണ്. അതിന്റെ കുറ്റബോധം വേട്ട ചെയ്യുന്ന സമയത്തും പറഞ്ഞിരുന്നു.
''ട്രാഫിക് എന്ന സിനിമ എനിക്ക് വലിയൊരു ഇമേജാണുണ്ടാക്കിത്തന്നത്. ഇനിയൊരു സിനിമ ചെയ്യുമ്പോള്‍ അത് താരതമ്യം ചെയ്യുന്നത് ട്രാഫിക്കുമായാണ്. അതുകൊണ്ടുതന്നെയാണ് സമയമെടുത്താലും നല്ല സിനിമ വേണമെന്ന് ഞാന്‍ വാശിപിടിക്കുന്നത്.''
'മോട്ടോര്‍സൈക്കിള്‍ ഡയറീസ്'' എന്ന സിനിമ പ്ലാന്‍ ചെയ്യുന്നത് അങ്ങനെയാണ്. പക്ഷെ ചില സാങ്കേതികകാരണങ്ങളാല്‍ അതിന്റെ ചര്‍ച്ചകള്‍ മുന്നോട്ടുപോയില്ല. 'ലൂസിഫര്‍' എന്ന മറ്റൊരു ചിത്രവും നടക്കാതെപോയി. അതോടെയാണ് മിലി ചെയ്തത്. ട്രാഫിക്കിന്റെയത്ര നന്നായില്ലെങ്കിലും സ്ത്രീപക്ഷ സിനിമയെന്ന നിലയില്‍ 'മിലി' ശ്രദ്ധിക്കപ്പെട്ടു. അനുഭവങ്ങള്‍ നല്‍കിയ അറിവുകൊണ്ടായിരിക്കാം 'മിലി' കഴിഞ്ഞയുടന്‍ തന്നെ 'വേട്ട'യുടെ വര്‍ക്ക് തുടങ്ങുകയും ചെയ്തു. സൈക്കോളജിക്കല്‍ ത്രില്ലറായിരുന്നു അത്. കഴിഞ്ഞ ബുധനാഴ്ച വരെ 'വേട്ട'യുടെ എഡിറ്റിംഗ് ജോലിയിലായിരുന്നു രാജേഷ്പിള്ള. ലിവര്‍ സിറോസിന്റെ പ്രശ്‌നമുള്ളതിനാല്‍ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. 'വേട്ട' റിലീസായശേഷമേ തനിക്ക് വിശ്രമമുള്ളൂവെന്ന് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ആ വിശ്രമം 'അന്ത്യവിശ്രമ'ത്തിലായിത്തീരുമെന്ന് ആരും കരുതിയതല്ല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.