You are Here : Home / വെളളിത്തിര

നിവിന്‍ പോളിക്ക് കണ്‍കുരു; ഷൂട്ടിംഗ് നിര്‍ത്തിവച്ചു

Text Size  

Story Dated: Thursday, June 18, 2015 07:52 hrs UTC

കോടികള്‍ ചെലവിട്ട കളിയാണിപ്പോള്‍ സിനിമ. അതുകൊണ്ടുതന്നെ ഒരു ദിവസം ഷൂട്ടിംഗ് മുടങ്ങിയാല്‍ നഷ്ടമാവുന്നത് ലക്ഷങ്ങളാണ്. നിര്‍മ്മാതാവിനോ നായകനോ എത്ര വലിയ അസുഖം വന്നാല്‍ പോലും സിനിമ നിര്‍ത്തിവയ്ക്കുന്നത് പതിവില്ല. എന്നാല്‍ നിര്‍മ്മാതാവും നായകനും ഒരാളായാലോ? ചിലപ്പോള്‍ നിര്‍ത്തിവച്ചേ പറ്റൂ. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 'ആക്ഷന്‍ ഹീറോ ബിജു' എന്ന സിനിമയുടെ ലൊക്കേഷനിലും സംഭവിച്ചത് അതാണ്. '1983' എന്ന സൂപ്പര്‍ ഹിറ്റിനുശേഷം നിവിന്‍പോളിയെ നായകനാക്കി ഷൈന്‍ ചെയ്യുന്ന സിനിമയാണ് 'ആക്ഷന്‍ ഹീറോ ബിജു'. സിനിമയുടെ കഥ കേട്ടപ്പോള്‍ത്തന്നെ നിവിന്‍ ത്രില്ലിലായി. ആദ്യം ചോദിച്ചത് നിര്‍മ്മാതാവിനെക്കുറിച്ചാണ്. ഒന്നും ശരിയായിട്ടില്ലെന്ന് ഷൈന്‍ പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ നിര്‍മ്മിക്കാമെന്ന് നിവിന്‍ ഉറപ്പുനല്‍കുകയായിരുന്നു. അങ്ങനെയാണ് സിനിമയുടെ ഷൂട്ടിംഗ് ഈ മാസമാദ്യം ഫോര്‍ട്ട്‌കൊച്ചിയില്‍ ആരംഭിച്ചത്. പോലീസ്‌വേഷമാണ് നിവിന്റേത്. അതുകൊണ്ടുതന്നെ പോലീസ് സ്‌റ്റേഷനിലെ സീനുകളാണ് ഏറെയും. സിനിമയുടെ പകുതിഭാഗത്തിലധികം ഇതുവരെയും ചിത്രീകരിച്ചുകഴിഞ്ഞു. ആ സമയത്താണ് പെട്ടെന്ന് നിവിന് കണ്ണില്‍കുരു വന്നത്. ആദ്യം നിവിന്‍ അതത്ര കാര്യമാക്കിയില്ല. എന്നാല്‍ ലൊക്കേഷനിലെ ലൈറ്റും ചൂടുമൊക്കെ ആയപ്പോള്‍ അസ്വസ്ഥത കൂടി. കുറച്ചു ദിവസം വിശ്രമിച്ചേ മതിയാവൂ എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ന്യൂജനറേഷനിലെ സൂപ്പര്‍താരത്തിന് അനുസരിക്കേണ്ടിവന്നു. അതോടെ വെട്ടിലായത് സംവിധായകനാണ്. കാരണം ഇനിയുള്ള സീനുകളെല്ലാം നിവിന്‍ ഒറ്റയ്ക്കും കോമ്പിനേഷനില്‍ വരുന്നതുമാണ്. അതിനാല്‍ നിവിന്‍ ഇല്ലെങ്കില്‍ എല്ലാം പൊളിയും. ഇക്കാര്യം സുഹൃത്ത് കൂടിയായ സംവിധായകന്‍ സൂചിപ്പിച്ചപ്പോള്‍ മൂന്നോ നാലോ ദിവസത്തേക്ക് പായ്ക്കപ്പാക്കാന്‍ നിവിന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നിവിനിപ്പോള്‍ ആലുവയിലെ വീട്ടില്‍ കുടുംബത്തോടൊപ്പം വിശ്രമിക്കുകയാണ്. 'പ്രേമം' എന്ന സിനിമ മെഗാഹിറ്റിലേക്ക് കുതിക്കുന്ന സമയത്ത് അഭിനന്ദനങ്ങളുടെ പ്രവാഹമാണ് നിവിന്. അവരോടെല്ലാം മറുപടി പറയാനും പുതിയ സിനിമയ്ക്കുപറ്റിയ ചില കഥകള്‍ കേള്‍ക്കാനും ഈ വിശ്രമസമയം ഉപയോഗപ്പെടുത്തുന്നുണ്ട്. കണ്‍കുരുവിന്റെ വേദന കുറഞ്ഞുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ദിവസം തന്നെ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് നായകന്റെയും സംവിധായകന്റെ വിശ്വാസം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.