You are Here : Home / വെളളിത്തിര

ഷൂട്ടിംഗിനിടെ ഒരു സംഘട്ടനം

Text Size  

Story Dated: Sunday, March 09, 2014 10:13 hrs UTC

കിഴക്കന്‍ പത്രോസ് എന്ന സിനിമയുടെ ഷൂട്ടിംഗ് തടസ്സപ്പെടുത്താന്‍ വന്ന
ഗുണ്ടയെ കീഴ്പ്പെടുത്തിയ കഥ പറയുകയാണ് സംവിധായകന്‍ ടി.എസ്.സുരേഷ്ബാബു.


ഇടക്കൊച്ചി കടപ്പുറത്തെ ഫിഷ് മാര്‍ക്കറ്റിലായിരുന്നു 'കിഴക്കന്‍ പത്രോസി'ന്റെ സംഘട്ടനരംഗം പ്ളാന്‍ ചെയ്തിരുന്നത്. മത്സ്യബന്ധനം കഴിഞ്ഞ്
കെട്ടിയിട്ട ബോട്ടുകള്‍ക്കു മുകളിലൂടെ മമ്മുക്ക ഒരാളെ ഒാടിച്ചിട്ടു പിടിച്ച് മര്‍ദിക്കുന്നതായിരുന്നു സീന്‍. അന്ന് ഏകദേശം നൂറുകണക്കിനു
ബോട്ടുകളുണ്ടായിരുന്നു ഇടക്കൊച്ചി കടപ്പുറത്ത്. അതിനരികില്‍ സിനിമയ്ക്കുവേണ്ടി കുറച്ചു തട്ടുകടകളുണ്ടാക്കി. മാര്‍ക്കറ്റ് തലേദിവസം
തന്നെ മോഡിഫൈ ചെയ്തിരുന്നു.
മമ്മുക്ക വരുന്നതറിഞ്ഞ് ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പു തന്നെ മാര്‍ക്കറ്റും പരിസരവും ആളുകളെക്കൊണ്ടു നിറഞ്ഞുതുടങ്ങുകയാണ്. പൊതുവേ
സമാധാനപരമായ അന്തരീക്ഷമായതിനാല്‍ പോലീസിനെ വിളിക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. മമ്മുക്ക വന്നതോടെ ജനം ഇളകിമറിഞ്ഞു. പ്രൊഡക്്ഷനിലുള്ളവര്‍ തന്നെ ആളുകളെ നിയന്ത്രിക്കാന്‍ തയാറായതോടെ രംഗം ശാന്തം. മേക്കപ്പ് കഴിഞ്ഞ ശേഷം
മമ്മുക്ക റിഹേഴ്സലിനായി ബോട്ടിനു പുറത്തേക്കു കയറാന്‍ തുടങ്ങുകയാണ്. ഫീല്‍ഡ് ക്ലിയറാക്കിക്കഴിഞ്ഞപ്പോള്‍ ബോട്ടിനു പുറത്ത് ഒരാള്‍ മാത്രം ബാക്കി.

'സാര്‍, എന്തുപറഞ്ഞിട്ടും അയാള്‍ ബോട്ടിനു പുറത്തുനിന്നു മാറുന്നില്ല. ഇവിടത്തെ ഒരു ലോക്കല്‍ ഗുണ്ടയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്'
സഹസംവിധായകന്‍ നിസഹായനായി പറഞ്ഞപ്പോള്‍ ഞാന്‍ ബോട്ടിനരികിലേക്കു ചെന്നു. അയാള്‍ എന്നെ ക്രൂരമായൊന്നു നോക്കി.
'ദയവുചെയ്ത് നിങ്ങള്‍ ഷൂട്ടിംഗ് തടസപ്പെടുത്തരുത്. ബോട്ടില്‍ നിന്നിറങ്ങണം' വളരെ വിനീതമായി പറഞ്ഞപ്പോള്‍ മറുപടി പെട്ടെന്നായിരുന്നു.
'താഴെയിറങ്ങാന്‍ പറയാന്‍ ബോട്ട് തന്റേതാണോ?'

എനിക്കു ചിരിക്കാനാണു തോന്നിയത്. സംഭവം കണ്ടുകൊണ്ടിരിക്കെ മമ്മുക്ക അടുത്തേക്കു വന്നു. 'സഹോദരാ, ഞങ്ങള്‍ക്കു ഷൂട്ടുചെയ്യണം.'
മമ്മുക്ക പറഞ്ഞപ്പോഴും പറ്റില്ലെന്നായിരുന്നു അയാളുടെ പ്രതികരണം. അയാള്‍ വഴങ്ങില്ലെന്നു കണ്ടപ്പോള്‍ മമ്മുക്ക ഒരു നിര്‍ദേശം വച്ചു.
'താന്‍ വേണമെങ്കില്‍ ഷൂട്ടിംഗ് കാണാന്‍ മുമ്പില്‍ നിന്നോളൂ. അതിനുള്ള സൌകര്യം ചെയ്യാം.'

'ആരു പറഞ്ഞാലും ഞാനിറങ്ങില്ല. എന്നെ എന്തുവേണമെങ്കിലും ചെയ്യാം.' അയാള്‍ ഫുള്‍കൈ ഷര്‍ട്ട് പിറകിലേക്കു തെറുത്തുകയറ്റിക്കൊണ്ട്
അഹങ്കാരത്തോടെ പറഞ്ഞപ്പോള്‍ എനിക്കു സഹിക്കാന്‍ കഴിഞ്ഞില്ല. പരിസരം പോലും മറന്ന് ഞാന്‍ ഒാടി ബോട്ടിനു പുറത്തേക്കു ചാടിക്കയറി. മമ്മുക്കയടക്കം സെറ്റിലുള്ളവര്‍ അമ്പരന്നുനില്‍ക്കുന്നതിനിടെ ഞാനയാളെ കറക്കിയെടുത്ത് ബോട്ടിനുള്ളിലിട്ടു. അവിടെ നിന്നും അയാള്‍ എഴുന്നേറ്റ് നിര്‍ത്തിയിട്ട ബോട്ടിനു മുകളിലൂടെ ഒാടി. വിടാതെ ഞാനും.

'ബാബൂ, വേണ്ട'
അപ്പോഴത്തെ ആവേശത്തില്‍ മമ്മുക്ക വിളിച്ചുപറഞ്ഞതൊന്നും ചെവിക്കൊണ്ടില്ല. ബോട്ടിനുള്ളിലൂടെ സ്പീഡില്‍ ഒാടണമെങ്കില്‍ നല്ല ബാലന്‍സ് വേണം. എനിക്കില്ലാത്തതും അതായിരുന്നു. ബാലന്‍സ് തെറ്റിയാല്‍ വീഴുന്നത് നെഞ്ചിടിച്ചായിരിക്കും. അയാളാണെങ്കില്‍ നല്ല സ്പീഡില്‍ ബോട്ടുകള്‍ ചാടിക്കടന്ന് ഒാടുകയാണ്. എങ്കിലും ഞാന്‍ വിട്ടില്ല. സര്‍വശക്തിയുമെടുത്തായിരുന്നു ഒാട്ടം. ഇരുപതോളം ബോട്ടുകള്‍
കടക്കുമ്പോഴേക്കും അവന്‍ വീണു. വീണ്ടുമെഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോഴേക്കും അവന്റെ കോളറയ്ക്കു പിടിച്ചു. രണ്ടിടി കൊടുത്തപ്പോള്‍
അവന്‍ കൈകൂപ്പി കീഴടങ്ങി. എന്നാലും കിട്ടിയ ചാന്‍സിന് തിരിച്ചുതല്ലുമെന്നു തോന്നിയതിനാല്‍ അവനെക്കൊണ്ട് ഷര്‍ട്ടഴിപ്പിച്ച ശേഷം
രണ്ടു കൈയും ചേര്‍ത്തുകെട്ടി. ബോട്ടിനു പുറത്തെത്തിക്കുമ്പോള്‍ കാണാന്‍ ഒരു സമ്മേളനത്തിന്റെ ആള്‍ക്കൂട്ടം. ഏറ്റവും മുമ്പില്‍ സി.ഐയുടെ
നേതൃത്വത്തില്‍ പോലീസ് സംഘം. സംഘട്ടനത്തിനിടെ ആരോ പോലീസിനെ വിളിച്ചുപറഞ്ഞതാണ്. സി.ഐ എന്റെ കൈപിടിച്ചു കുലുക്കിയ ശേഷം ലോക്കല്‍ ഗുണ്ടയെ ഏറ്റുവാങ്ങി.

'എന്നാലും ബാബു അവന്റെ പിറകെ ഒാടരുതായിരുന്നു. അരയിലുണ്ടായിരുന്ന
കത്തിയെടുത്ത് കുത്തിയിരുന്നെങ്കിലോ?'
 
മമ്മുക്കയുടെ ന്യായമായ ചോദ്യത്തിന് എനിക്കു മറുപടിയില്ലായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.