You are Here : Home / വെളളിത്തിര

പപ്പാളി കുടുംബത്തെ അപകീർത്തിപ്പെടുത്തിയ വരത്തന്‍ നിയമക്കുരുക്കിലേക്ക് ....

Text Size  

Story Dated: Wednesday, October 24, 2018 03:57 hrs UTC

പ്രദര്‍ശനം നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍, അടുത്തിടെ പുറത്തിറങ്ങിയ "വരത്തന്‍" എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്. ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥകൃത്തുക്കള്‍ ഇവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സിനിമയില്‍ തങ്ങളുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച്‌ "പാപ്പാളി" കുടുംബം നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. എറണാകുളം മുന്‍സിഫ് കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സിനിമയുടെ സംവിധായകന്‍ അമല്‍ നീരദ്, നിര്‍മ്മാതാവ് നസ്രിയ നസിം, തിരക്കഥ എഴുതിയ സുഹാസ്, ഷര്‍ഫു എന്നിവര്‍ക്കെതിരെയാണ് പരാതി.

പാപ്പാളി കുടുംബാംഗങ്ങള്‍ സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്നവരും ഏറെ ബഹുമാനിക്കപ്പെടുന്നവരാണെന്നും പരാതിയില്‍ പറയുന്നു. സംസ്ഥാനം ഒട്ടാകെ അറിയപ്പെടുന്ന അനേകം വ്യക്തിത്വങ്ങളുളള കുടുംബത്തെ സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സിനിമയില്‍ കുടുംബത്തിന്റെ പേര് ഉപയോഗിച്ചുവെന്നാണ് പരാതി.

ചിത്രത്തില്‍ വില്ലന്‍ കഥാപാത്രങ്ങളായി വരുന്നവരുടെ വീട്ട് പേര് "പാപ്പാളി" എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 20 ന് പുറത്തിറങ്ങിയ സിനിമ വളരെ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഈ നീക്കം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ബേബി, പീറ്റര്‍, കുഞ്ഞുമോന്‍ എന്നിവരുടെ വീട്ട് പേരാണ് പാപ്പാളി.

സാമൂഹ്യവിരുദ്ധരായാണ് ചിത്രത്തില്‍ ഇവരെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഇംഗ്ലീഷ് മാധ്യമത്തില്‍ വരത്തന്‍ എന്ന സിനിമ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുളളതാണെന്ന് അച്ചടിച്ചതാണ് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ചതാണെന്ന കാരണത്താലാണ് സിനിമയുടെ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ലെന്ന് പറയാതിരുന്നതെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കുടുംബ പേര് ഉപയോഗിച്ച്‌ തങ്ങളെ സമൂഹത്തില്‍ താറടിച്ച്‌ കാട്ടുകയാണ് അണിയറ പ്രവര്‍ത്തര്‍കര്‍ ചെയ്‌തതെന്നാണ് ആരോപണം. തിരക്കഥ എഴുതിയവരില്‍ ഒരാള്‍ എറണാകുളം സ്വദേശിയാണെന്നും ഇദ്ദേഹത്തിന് പാപ്പാളി കുടുംബത്തെ കുറിച്ച്‌ വ്യക്തമായ ധാരണയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ബോധപൂര്‍വ്വം പേരുപയോഗിച്ചതെന്നാണ് ആരോപണം.

സുഹൃത്തുക്കള്‍ പറഞ്ഞാണ് സിനിമയില്‍ കുടുംബ പേര് ഉപയോഗിച്ചതായും തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ അവതരിപ്പിച്ചതായും അറിഞ്ഞതെന്നാണ് ഹര്‍ജിയില്‍ വിശദീകരിക്കുന്നത്. അഭിഭാഷകരായ രാജേഷ് കെ രാജു, രാകേഷ് വിആര്‍ എന്നിവര്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.