You are Here : Home / വെളളിത്തിര

ഞാനും പീഢിക്കപെട്ടു

Text Size  

Story Dated: Friday, March 23, 2018 12:12 hrs EDT

സിനിമാലോകത്ത് നിന്ന് സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ കഥകള്‍ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുകയാണ്. പീഡനത്തിന് പ്രായവ്യത്യാസം പോലുമില്ലാത്ത അവസ്ഥയാണെന്ന് ഈ വെളിപ്പെടുത്തലുകള്‍ തെളിയിക്കുന്നു. സിനിമാലോകത്തിന്റെ പകിട്ടിന്റെ വൃത്തികെട്ട മറുപുറത്തിലേയ്ക്കാണ് ഈ വെളിപ്പെടുത്തലുകള്‍ വെളിച്ചംവീശുന്നത്. അമ്ബതുകളില്‍ ബാലതാരമായി നിറഞ്ഞനിന്ന ഡെയ്‌സി ഇറാനിയാണ് ഞെട്ടുന്ന പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്.

ആറാം വയസ്സില്‍ താന്‍ ഷൂട്ടിങ്ങിന് കൂട്ടുവന്ന ബന്ധുവില്‍ നിന്ന് കടുത്ത പീഡനം അനുഭവിച്ചുവെന്നാണ് ഫര്‍ഹാന്‍ അക്തറിന്റെയും സോയ അക്തറിന്റെയും അമ്മയുടെ സഹോദരി കൂടിയായ ഡെയ്‌സി ഇറാനി വെളിപ്പെടുത്തിയിരിക്കുന്നത്.

"എനിക്കന്ന് ആറു വയസ്സ് മാത്രമായിരുന്നു പ്രായം. എന്റെ രക്ഷിതാവായ ആളില്‍ നിന്നു തന്നെയാണ് പീഡനം ഏല്‍ക്കേണ്ടിവന്നത്. ഹം പാഞ്ചി ഏകക് ദാല്‍ കെ എന്ന ചിത്രത്തിന് മദ്രാസില്‍ എത്തിയതായിരുന്നു ഞങ്ങള്‍. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടല്‍ മുറിയിലെത്തിയപ്പോഴായിരുന്നു പീഡനം ഏല്‍ക്കേണ്ടിവന്നത്. അത് പുറത്തുപറയാതിരിക്കാന്‍ എന്നെ ബെല്‍റ്റ് കൊണ്ട് അടിക്കുകയും ചെയ്തു. പുറത്തുപറഞ്ഞാല്‍ എന്നെ കൊന്നുകളയുമെന്നും പറഞ്ഞു. ആ വേദന ഇപ്പോഴുമുണ്ട് മനസ്സില്‍. നാസര്‍ എന്നായിരുന്നു അയാളുടെ പേര്. പ്രശസ്ത ഗായിക സൊഹറാഭായി അംബലെവാലിയുടെ ബന്ധുവാണ്. അയാള്‍ക്ക് അക്കാലത്ത് സിനിമാലോകത്ത് വലിയ ബന്ധങ്ങളുണ്ടായിരുന്നു. അയാള്‍ മരിച്ചുപോയി. പേടിച്ച്‌ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് ഞാന്‍ പിറ്റേ ദിവസം ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയത്. പേടിച്ചിട്ട് ഇക്കാര്യം ഞാന്‍ വീട്ടില്‍ പോലും പറഞ്ഞിരുന്നില്ല"-ഡെയ്‌സി ഇറാനി പറഞ്ഞു.

"എന്നാല്‍ ഈ സംഭവത്തിനുശേഷം തന്റെ സ്വഭാവം തന്നെ അടിമുടി മാറിപ്പോയെന്ന് ഡെയ്‌സി പറഞ്ഞു. പിന്നീട് ആളുകളോട് വളരെ പരുഷമായാണ് ഞാന്‍ പെരുമാറാറുണ്ടായിരുന്നത്. പുരുഷന്മാരോട് പരമ പുച്ഛവുമായിരുന്നു. എന്നാല്‍, എന്തിനാണ് ഞാന്‍ ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു"-ഡെയ്‌സി പറഞ്ഞു.

പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഇക്കാര്യം വീട്ടിലറിഞ്ഞെങ്കിലും അതുകൊണ്ട് വലിയ കാര്യമൊന്നും ഉണ്ടായില്ലെന്ന് ഡെയ്‌സി പറഞ്ഞു. 'അമ്മയ്ക്ക് എന്നെ എങ്ങനെയെങ്കിലും ഒരു നടിയാക്കണമെന്ന വാശിയായിരുന്നു. ഞാന്‍ കുറച്ചു വലുതായപ്പോഴായിരുന്നു പഴയ പീഡനവിവരം വീട്ടിലറിഞ്ഞത്. എന്നാല്‍ അപ്പോള്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു. പതിനഞ്ച് വയസ്സൊക്കെ ആയപ്പോള്‍ അമ്മ എന്നെ സാരിയുടുപ്പിക്കുകയും ഷൂട്ടിങ്ങിന് പോകുമ്ബോള്‍ ദേഹത്ത് സ്‌പോഞ്ച് കെട്ടിവയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്നിട്ട് മാലിക്ചന്ദ് കൊച്ചാര്‍ എന്ന നിര്‍മാതാവിനൊപ്പം തനിച്ച്‌ വിടുകയും ചെയ്തു. അയാള്‍ മേരെ ഹുസൂര്‍ എന്നൊരു ചിത്രം ചെയ്യുന്ന സമയമായിരുന്നു അത്. ഒരിക്കല്‍ ഓഫീസിലെ സോഫയില്‍ ഒന്നിച്ചിരിക്കുമ്ബോള്‍ അയാള്‍ എന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി. അയാളുടെ മനസ്സിലിരിപ്പ് എന്താണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ഉടനെ അമ്മ എന്റെ ദേഹത്ത് കെട്ടിവച്ച സ്‌പോഞ്ചൊക്കെ പുറത്തെടുത്ത് അയാള്‍ക്ക് കൊടുത്തു. അയാള്‍ വല്ലാതെ പൊട്ടിത്തെറിച്ചു അപ്പോള്‍. ജീവിതത്തിലെ എല്ലാ കാര്യങ്ങളുടെയും രസകരമായ വശം കാണാന്‍ അപ്പൊഴേയ്ക്കും ഞാന്‍ പഠിച്ചുകഴിഞ്ഞിരുന്നു'-ഡെയ്‌സി പറഞ്ഞു.

സംവിധായകനും തിരക്കഥാകൃത്തുമായ കെ.കെ.ശുക്ലയാണ് ഡെയ്‌സിയെ വിവാഹം കഴിച്ചത്. കല്ല്യാണം കഴിക്കുന്നതിന് മുന്‍പ് തന്റെ ആണ്‍സുഹൃത്തുക്കളുമായി ചുറ്റിക്കളിക്കുന്ന ആളായിരുന്നു ശുക്ലയെന്ന് ഡെയ്‌സി പറഞ്ഞു. അദ്ദേഹത്തിന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ച്‌ എനിക്ക് അറിയാമെന്ന് പറഞ്ഞപ്പോള്‍ എങ്ങോട്ട് നോക്കണമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു അയാള്‍-ഡെയ്‌സി പറഞ്ഞു.

ബാന്‍ഡിഷ്, ഏക് ഹി രാസ്ത, നയ ദൗര്‍, ജയിലര്‍, ദോ ഉസ്താദ് തുടങ്ങിയവയില്‍ അഭിനിച്ച ഡെയ്‌സി ഏറ്റവും ഒടുവിലായി അഭിനയിച്ചത് 2014ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രമായ ഹാപ്പി ന്യൂ ഇയറാണ്.

കുട്ടിക്കാലത്ത് മുടിയൊക്കെ വെട്ടി ആണ്‍കുട്ടികളുടെ വേഷമായിരുന്നു ഡെയ്‌സിയും സഹോദരി ഹണിയും ഏറെയും ചെയ്തിരുന്നത്. അക്കാലത്ത് പ്രേക്ഷകരുടെ പ്രിയതാരങ്ങളായിരുന്നു ഇവരെ ഉള്‍ക്കൊള്ളിക്കാന്‍ തിരക്കഥ മാറ്റിയെഴുതിയ ചരിത്രം വരെ ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.