You are Here : Home / വെളളിത്തിര

സൂര്യപുത്രി വൻ കലിപ്പിൽ

Text Size  

Story Dated: Saturday, March 03, 2018 02:48 hrs UTC

സ്വകാര്യത സെലിബ്രിറ്റികള്‍ക്ക് കിട്ടാക്കനിയാണ്. എവിടെ പോയാലും പിന്തുടരുന്ന ക്യാമറക്കണ്ണുകള്‍ ഇവരെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. ഇത്തരത്തില്‍ സ്വകാര്യതയെ മാനിക്കാതെ, സെലിബ്രിറ്റികളുടെ ജീവിതത്തിലേയ്ക്ക് അവരുടെ സമ്മതമില്ലാതെ യാതൊരു ദാക്ഷിണ്യവും കൂടാതെ ഇടിച്ചു കയറുന്ന മാധ്യമങ്ങളോടും സമൂഹത്തോടും ചിലത് പറയുകയാണ് നടി അമല അകിനേനി. നടി ശ്രീദേവിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അമല സ്വകാര്യതയുടെ വിഷയത്തില്‍ തന്റെ നിലപാട് വെട്ടിത്തുറന്നു പറഞ്ഞത്. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് 
പ്രചരിച്ച വാര്‍ത്തകളെയും ഊഹാപോഹങ്ങളെയും നേരിട്ട് പരാമര്‍ശിക്കാതെയാണ് അമല പോസ്റ്റിട്ടത്.

അമലയുടെ ഫെയ്​സ്ബുക്ക് പോസ്റ്റ്:

"എന്റെ ശരീരഭാരത്തെക്കുറിച്ചോ സൗന്ദര്യത്തെക്കുറിച്ചോ ഒന്നും പറയാതെ പ്രസരിപ്പോടെ വാര്‍ധക്യത്തെ സ്വീകരിക്കാന്‍ നിങ്ങളെന്നെ അനുവദിക്കുമോ? എന്റെ കണ്‍തടങ്ങളിലെ കറുപ്പ് എന്റെ കണ്ണടകള്‍ വരുത്തിയതാണ്. എന്റെ ദേഹത്തെ മറുക് ഇപ്പോള്‍ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.

സീറോ സൈസ് അല്ലെന്നുള്ള അപകര്‍ഷതാബോധമില്ലാതെ കാലാനുസൃതമല്ലാത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ഒരുങ്ങാന്‍ നിങ്ങള്‍ എന്നെ അനുവദിക്കുമോ?

എന്റെ മുടിക്ക് നിറം പകരുന്നത് മതിയാക്കാന്‍ എന്നെ അനുവദിക്കുമോ? പത്തൊന്‍പതാമത്തെ വയസ്സില്‍ ഞാന്‍ അഭിനയിച്ച പുഷ്പകവിമാനത്തിലെ എന്റെ നീണ്ട മുടിയിഴകളെ പരാമര്‍ശിക്കാതെ എന്റെ മുടി വെട്ടാന്‍ നിങ്ങള്‍ അനുവദിക്കുമോ?

എന്റെ വികൃതമായ മുടി മാത്രമാണ് നിങ്ങള്‍ കാണുക, എന്റെ അറിവിനെയല്ല. അത് എന്റെ ആത്മവീര്യം കെടുത്തും. ക്യാമറയ്ക്ക് പുറംമോടി മാത്രമല്ല ഒരാളുടെ വ്യക്തിത്വത്തെയും കാണിക്കാനാകൂ. ശരിയാണ്.

പുതിയ ചൂടന്‍ പരദൂഷണങ്ങെളെക്കുറിച്ചും ഞാനുണ്ടാക്കുന്ന ഭക്ഷണത്തെക്കുറിച്ചും ചോദിച്ച്‌ തടസപ്പെടുത്താതെ അര്‍ത്ഥവത്തായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിങ്ങളെന്നെ അനുവദിക്കുമോ?

മാറ്റം കൊണ്ടുവരുന്ന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ എന്റെ ആത്മാവ് വെമ്ബല്‍ കൊള്ളുന്നുണ്ട്. എന്റെ ഭൗതികദേഹം വിശ്രമം കൊള്ളും മുന്‍പ് എനിക്കൊരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്.

അപ്രധാനമായ ചടങ്ങുകളില്‍ പങ്കെടുക്കാതെയും അവസാനമില്ലാത്ത സന്ദേശങ്ങളില്ലാതെയും ശാന്തിയും സമാധാനവുമുള്ള ഒരു ദിവസത്തിലൂടെ എന്നെ കടന്നുപോകാന്‍ നിങ്ങള്‍ അനുവദിക്കുമോ?
എന്റെ ജീവിതദൗത്യം എനിക്ക് പൂര്‍ത്തിയാക്കാനുണ്ട്. പക്ഷെ അനാവശ്യമായ പല മേളകളിലും പങ്കെടുത്ത് എനിക്കതിന് സാധിക്കുന്നില്ല. അവയെല്ലാം നിങ്ങള്‍ക്ക് പ്രധാനപ്പെട്ടത് തന്നെ അതില്‍ ഒരു സംശയവുമില്ല.

നിങ്ങളുടെ ബോക്സ് ഓഫീസ് ഭ്രാന്തുകളില്‍ നിന്നും ടിആര്‍പി യുദ്ധങ്ങളില്‍ നിന്നും പേജ് ത്രീയില്‍ നിന്നും ലൈക്കില്‍ നിന്നും കമന്റില്‍ നിന്നും അപകടരമായ മറ്റു കെണികളില്‍ നിന്നും എന്നെ ഒന്നു മോചിപ്പിക്കുമോ. നിങ്ങള്‍ എന്നെ സമയത്തിന്റെ ചങ്ങലയില്‍ ബന്ധിപ്പിച്ചിരിക്കുകയാണ്, പ്രശസ്തിയുടെ കൂട്ടില്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ എന്റെ ആത്മാവ് സ്വതന്ത്രമാണ്.

എന്നെ ജീവിക്കാന്‍ അനുവദിക്കൂ , എനിക്ക് അല്‍പം സ്വകാര്യത തരൂ, മനുഷ്യവര്‍ഗവുമായും പ്രപഞ്ചവുമായും സത്യസന്ധതയോടെയും സഹാനുഭൂതിയോടെയും സംവദിക്കാന്‍ എന്നെ അനുവദിക്കൂ. ഒപ്പം മണ്‍മറഞ്ഞു പോയവര്‍ക്ക് അല്പം ബഹുമാനം നല്‍കൂ."

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.