You are Here : Home / വെളളിത്തിര

മഞ്ജുവിനു പിന്നാലെ മംമ്തയും സാമൂഹികപ്രവര്‍ത്തനത്തിന്

Text Size  

Story Dated: Tuesday, February 23, 2016 01:52 hrs UTC

അഭിനയത്തിനൊപ്പം സാമൂഹ്യപ്രവര്‍ത്തനത്തിനും കൂടി തയ്യാറെടുക്കുകയാണ് നടി മംമ്ത. രണ്ടാം തവണ ക്യാന്‍സര്‍ ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ താരം ആദ്യം അഭിനയിച്ച 'ടൂ കണ്‍ട്രീസ്' മെഗാഹിറ്റായി മാറിക്കഴിഞ്ഞു. ഇനി ഇതുപോലുള്ള നല്ല വേഷങ്ങളില്‍ അഭിനയിക്കാനാണ് മംമ്തയുടെ തീരുമാനം. ചികിത്സയുടെ ഭാഗമായി മംമ്ത ഇപ്പോള്‍ അമേരിക്കയിലാണുള്ളതെങ്കിലും അടുത്തുതന്നെ കേരളത്തില്‍ സ്ഥിരതാമസമാക്കും. അതിന്റെ മുന്നോടിയായി ഗുരുവായൂരപ്പന്റെ നാട്ടില്‍ ഒരു ഫഌറ്റും വാങ്ങിച്ചുകഴിഞ്ഞു. ശാന്തമായ, ദൈവികമായ ഒരു സ്ഥലമെന്ന നിലയില്‍ ഗുരുവായൂരില്‍ത്തന്നെ സ്ഥിരതാമസമാക്കണമെന്ന് മംമ്തയ്ക്ക് നിര്‍ബന്ധമായിരുന്നു.
'ഗൃഹലക്ഷ്മി'യുടെ മിഡ്‌നൈറ്റ് ഹാഫ്് മാരത്തോണില്‍ ഇന്ത്യയിലെ പ്രശസ്തയായ സാമൂഹ്യപ്രവര്‍ത്തക സുനിതാകൃഷ്ണനും നടി മഞ്ജുവാര്യര്‍ക്കുമൊപ്പം മംമ്തയും ബ്രാന്‍ഡ് അംബാസിഡറായിരുന്നു. സാമൂഹ്യപ്രവര്‍ത്തനത്തിലേക്കുള്ള മംമ്തയുടെ ആദ്യ ചുവടുവയ്പ് കൂടിയായിരുന്നു ഇത്. പെണ്‍കുട്ടികളുടെ ക്ഷേമത്തിനുവേണ്ടിയുള്ള സുനിതയുടെ പ്രവര്‍ത്തനങ്ങള്‍ മംമ്തയ്ക്ക് ആവേശം പകര്‍ന്നിരുന്നു. അഭിനയത്തിലേക്കുള്ള രണ്ടാമത്തെ വരവോടെ മഞ്ജുവും ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സാമ്പത്തികമായി പിന്നില്‍നില്‍ക്കുന്ന കലാകാരികളെ പഠിപ്പിക്കാനും കുടുംബത്തെ സഹായിക്കാനും വരെ മഞ്ജു ഇടപെടുന്നുണ്ട്. സുനിതയുടെയും മഞ്ജുവിന്റെയും ജീവിതവും മംമ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നിരുന്നു.
പതിനൊന്നുവര്‍ഷം മുമ്പാണ് ഹരിഹരന്‍ 'മയൂഖ'ത്തിലൂടെ മംമ്തയെന്ന നടിയെ മലയാളത്തിന് സമ്മാനിച്ചത്. ആ സിനിമ സാമ്പത്തികമായി നേട്ടമുണ്ടാക്കിയില്ലെങ്കിലും അതിനുശേഷം ഒരുപാട് ഹിറ്റ്‌സിനിമകളില്‍ അവര്‍ നായികയായി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'കഥ തുടരും' എന്ന സിനിമയില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് നേടിയ മംമ്ത ഏഷ്യാനെറ്റ്, വനിത, ഫിലിംഫെയര്‍, ഫിലിം ക്രിട്ടിക്‌സ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്.  അഭിനയത്തോടൊപ്പം പാട്ട്പാടിക്കൊണ്ടും അവര്‍ പ്രേക്ഷകരെ കൈയിലെടുത്തു. തമിഴില്‍ 'ഡാഡി മമ്മി വീട്ടിലില്ല' എന്ന പാട്ട് പാടിയപ്പോള്‍ മലയാളവും തമിഴകവും അതേറ്റുപാടി. ഏറ്റവുമൊടുവില്‍ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ജയറാം ചിത്രമായ 'ആടുപുലിയാട്ട'ത്തിലും മംമ്ത പാടിയിട്ടുണ്ട്. മംമ്തയില്‍ നല്ലൊരു ഗായികയുണ്ടെന്നാണ് സംഗീത സംവിധായകന്‍ രതീഷ്‌വേഗ സാക്ഷ്യപ്പെടുത്തുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.