You are Here : Home / വെളളിത്തിര

രശ്മി വരും...വരാതിരിക്കില്ല; നസീര്‍ കാത്തിരിക്കുന്നു

Text Size  

Story Dated: Wednesday, July 30, 2014 01:40 hrs EDT

ഒരുകാലത്ത് സീരിയലുകളിലെ സൂപ്പര്‍നായികയായിരുന്നു രശ്മി സോമന്‍. പി.ടി.കുഞ്ഞുമുഹമ്മദിന്റെ 'മഗ്‌രിബി'ലൂടെ സിനിമയിലെത്തിയ രശ്മി 'ഇഷ്ടമാണ് നൂറുവട്ട'ത്തില്‍ നായികയുമായി. പക്ഷെ പിന്നീട് സിനിമയില്‍ ഇടയ്ക്കിടെ മാത്രമാണ് രശ്മിയെ കണ്ടത്.

സിനിമയിലില്ലെങ്കിലും സീരിയലില്‍ സജീവമായ രശ്മി വളരെ പെട്ടെന്നാണ് ജനപ്രിയതാരമായി മാറിയത്. എം.എം.നസീര്‍ എന്ന സംവിധായകന്റെ സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ സംവിധായകനും നടിയും തമ്മില്‍ പ്രണയത്തിലായി. ഒരു ദിവസം ആരുമറിയാതെ അവര്‍ ഒളിച്ചോടി വിവാഹം കഴിച്ചു. എന്നിട്ടും അഭിനയത്തില്‍നിന്ന് രശ്മി പിന്മാറിയിരുന്നില്ല. ഭര്‍ത്താവിന്റെ സീരിയലുകളില്‍ അവള്‍ അഭിനയിച്ചുകൊണ്ടേയിരുന്നു.

നാളുകളേറെക്കഴിഞ്ഞപ്പോള്‍ രശ്മിയെ സീരിയലുകളില്‍ കാണാനേയില്ല. എറണാകുളത്തുള്ള നസീറിന്റെ ഫ്‌ളാറ്റില്‍ വരാതായപ്പോള്‍ അടുത്ത ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും സംശയം-ഇവരും ഡൈവോഴ്‌സ് ആയോ? ചിലരൊക്കെ ഈ ചോദ്യം നസീറിനോടുതന്നെ ചോദിക്കുകയും ചെയ്തു.
''അവള്‍ പുറത്ത് എം.ബി.എയ്ക്ക് പഠിക്കുകയാണ്. പഠിത്തം കഴിഞ്ഞേ അഭിനയിക്കുകയുള്ളൂ. അതാണിവിടെ വരാതിരിക്കുന്നത്.''
നസീറിന്റെ ന്യായീകരണം അവരും വിശ്വസിച്ചു. നസീര്‍ പറഞ്ഞത് ശരിയായിരുന്നു. അവള്‍ എം.ബി.എയ്ക്ക് പഠിക്കുകയായിരുന്നു. പക്ഷെ കേരളത്തിനു പുറത്തല്ല. എറണാകുളത്തുതന്നെ.

ഗുരുവായൂരിലെ സ്വന്തം വീട്ടിലാണ് ആ സമയത്ത് താമസിച്ചിരുന്നത്. എം.ബി.എ കഴിഞ്ഞ് പൂര്‍ത്തിയാക്കിയപ്പോള്‍ സ്വാഭാവികമായും രശ്മി അഭിനയിക്കണമല്ലോ. അഭിനയിച്ചു. നസീറിന്റെ 'പട്ടുസാരി'യെന്ന  സീരിയലുണ്ടായിട്ടും ടി.എസ്.സജിയുടെ 'പെണ്‍മനസി'ല്‍.  പ്രേക്ഷകര്‍ക്ക് വീണ്ടും സംശയം തോന്നിത്തുടങ്ങി-ഇവര്‍ ഡൈവോഴ്‌സ് ആയോ?
പത്രക്കാരില്‍ പലരും ചോദിച്ചെങ്കിലും ഇരുവരും സമ്മതിച്ചില്ല. എന്നാല്‍ സത്യം അതായിരുന്നില്ല. ഇരുവരും നേരത്തെതന്നെ വേര്‍പിരിഞ്ഞിരുന്നു. പക്ഷെ ഈ വിവരം ആരോടും പറഞ്ഞിരുന്നില്ല.

നസീറിന്റെ എറണാകുളത്തെ ഫ്‌ളാറ്റിലെ ഓരോ മുറിയിലെയും ചുവരുകളില്‍ രശ്മിയും നസീറും ഒന്നിച്ചുനിന്നെടുത്ത ഫോട്ടോകളാണ്. ഈ ഫ്‌ളാറ്റിലെത്തുന്ന ആരും ഇവര്‍ വേര്‍പിരിഞ്ഞെന്ന് വിശ്വസിക്കില്ല. പക്ഷെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സത്യമറിയാം.
''വേര്‍പിരിഞ്ഞ സ്ഥിതിക്ക് ഈ ഫോട്ടോകള്‍ എടുത്തുമാറ്റിക്കൂടെ?''
അടുത്ത സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ നസീറിന്റെ മുഖം വല്ലാതായി. കണ്ണുകള്‍ നിറഞ്ഞു.
''വേര്‍പിരിഞ്ഞെന്നത് ശരിയാണ്. പക്ഷെ എന്നെക്കാണാതെ വീട്ടിലിരിക്കുമ്പോള്‍ എന്നെങ്കിലും സ്‌നേഹം തോന്നി അവള്‍ തിരിച്ചുവന്നാലോ?''
നസീറിന്റെ വാക്കുകളില്‍ നിറയെ പ്രതീക്ഷയായിരുന്നു.
''ഞങ്ങള്‍ ഡൈവോഴ്‌സായ കാര്യം അവളിതുവരെയും ആരോടും പറഞ്ഞിട്ടില്ല. ആ സ്ഥിതിക്ക് തിരിച്ചുവരാതിരിക്കില്ല.''

പക്ഷെ കഴിഞ്ഞമാസം ഒരു വാരികയില്‍ വന്ന രശ്മിയുടെ അഭിമുഖം നസീറിനെ ഞെട്ടിച്ചുകളഞ്ഞു. അവള്‍ എല്ലാം തുറന്നുപറഞ്ഞിരിക്കുന്നു.
''ഞങ്ങള്‍ ഡൈവോഴ്‌സ് ആയിട്ട് നാളുകളേറെയായി. അഭിനയിക്കാന്‍ റോള്‍ കിട്ടിയില്ലെങ്കില്‍ നല്ലൊരു ജോലി നോക്കണം. അതിനുശേഷം പുതിയൊരു ജീവിതവും.''
ഹൃദയം മുറിയുന്ന വേദനയോടെയാണ് നസീര്‍ അതു വായിച്ചുതീര്‍ത്തത്. എന്നിട്ടും നസീര്‍ ഫ്‌ളാറ്റിലെ ചുവരില്‍നിന്നും ആ ഫോട്ടോകള്‍ മാറ്റിയില്ല. വരില്ലെന്നറിയാമെങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് മലയാളത്തിന്റെ ജനപ്രിയ സംവിധായകന്‍.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.