You are Here : Home / വെളളിത്തിര

ശ്രീനിക്കും സിയാദിനുമൊപ്പം നോമ്പുമുറിച്ചപ്പോള്‍...

Text Size  

Story Dated: Thursday, July 10, 2014 12:35 hrs EDT

റംസാന്‍ പുണ്യത്തില്‍ നോമ്പെടുത്ത അനുഭവം പങ്കുവയ്ക്കുന്നു  സംവിധായകന്‍ സത്യന്‍ അന്തിക്കാട്‌


സന്മനസുള്ളവര്‍ക്കു സമാധാന'ത്തിന്റേയും 'പട്ടണപ്രവേശ'ത്തിന്റേയും തിരക്കഥ രചിക്കുന്നത് നോമ്പുകാലങ്ങളിലായിരുന്നു. ഞാനും ശ്രീനിവാസനും അക്കാലത്ത് എറണാകുളം ഭാരത് ടൂറിസ്റ്റ്‌ഹോമിലായിരുന്നു താമസം. രണ്ടു സിനിമകളുടേയും നിര്‍മ്മാതാവ് സിയാദ് കോക്കറാണ്. നോമ്പു തീരുന്നതു വരെ വൈകിട്ട് സിയാദ് ഞങ്ങളെ നോമ്പുതുറക്കാന്‍ വിളിക്കും. അക്കാലത്ത് വൈകിട്ട് ആറു മുതല്‍ ഏഴുവരെ തിരക്കഥാരചനയ്ക്ക് ഇടവേളയാണ്. സിയാദിന്റെ വീട്ടിലെത്തി ഈന്തപ്പഴവും പലഹാരവും കഴിച്ച് നോമ്പുമുറിക്കാന്‍ കൂടുമ്പോഴും ദിവ്യമായ ഒരനുഭൂതിയായിരുന്നു മനസില്‍. നോമ്പിന് മതപരമായ ചേരിതിരിവില്ലെന്നതിന്റെ ഉദാഹരണമാണു സമൂഹനോമ്പുതുറകള്‍. ഒരുമയുടെ സന്ദേശമാണ് അതു നല്‍കുന്നത്.
നോമ്പുകാലമായാല്‍ ഒരുപാടു സുഹൃത്തുക്കള്‍ വിളിക്കാറുണ്ട്. പലപ്പോഴും തിരക്കു കാരണം പോകാന്‍ പറ്റാറില്ല. ദിവസവും അഞ്ചുനേരം നിസ്‌കരിക്കുന്ന ഒരു സൂപ്പര്‍സ്റ്റാറുണ്ടല്ലോ നമുക്ക്. മമ്മൂട്ടി.നോമ്പ് കൃത്യമായി പാലിക്കുന്നയാള്‍. ഒരു നോമ്പുകാലത്ത് ഞാനുമുണ്ടായിരുന്നു മമ്മൂട്ടിയുടെ കൂടെ. ഏതോ ലൊക്കേഷനില്‍ വൈകിട്ട് കാണാന്‍ ചെന്നതായിരുന്നു ഞാന്‍. സംസാരിച്ചിട്ടു പോകാന്‍ തുടങ്ങുമ്പോള്‍ മമ്മൂട്ടി പറഞ്ഞു.
''നോമ്പുകാലമാണ്. വൈകിട്ട് നോമ്പു മുറിച്ചിട്ടേ പോകാവൂ''
ഞാനും സമ്മതിച്ചു. ആറു മണിയായപ്പോഴേക്കും മമ്മൂട്ടിക്കുള്ള നോമ്പുവിഭവങ്ങള്‍ സെറ്റില്‍ റെഡിയായി. അതിനൊപ്പം സുഹൃത്തുക്കളുടെ വീട്ടില്‍ നിന്നു കൊടുത്തയച്ച പലഹാരങ്ങളും. എല്ലാം ഓരോന്നായി രുചിച്ചു നോക്കി മമ്മൂട്ടിക്കൊപ്പം നോമ്പു മുറിച്ചിട്ടാണ് അന്നവിടെ നിന്നുമിറങ്ങിയത്.
ഒരിക്കല്‍ ബഹറിന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതേയുള്ളൂ. സമയം രാവിലെ പതിനൊന്നുമണി. പുറത്തേക്കു കടക്കാനൊരുമ്പോഴാണ് അനൗണ്‍സ്‌മെന്റ്.
''റംസാന്‍ മാസത്തിന് ഇന്നു തുടക്കമാവുകയാണ്. ഇന്നു മുതല്‍ പൊതുസ്ഥലത്തു നിന്നു ഭക്ഷണം കഴിക്കരുത്......''
അപ്പോഴാണു നോമ്പിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയത്. സൗദിയിലും ബഹറിനിലും അന്നായിരുന്നു നോമ്പു തുടങ്ങുന്നത്. ഇന്ത്യയില്‍ പിറ്റേ ദിവസവും. നാലു ദിവസത്തെ സന്ദര്‍ശനത്തിനായിരുന്നു കഴിഞ്ഞ ഓഗസ്റ്റ് 11നു ബഹറിനിലെത്തിയത്. ആ നാലു ദിവസവും പുറത്തുനിന്ന് ഒന്നും കിട്ടിയില്ല. ബഹറിനിലെ എല്ലാ നഗരങ്ങളും നോമ്പിന്റെ മൂഡിലായിരുന്നു. ഒരു നാട് മുഴുവന്‍ ധ്യാനാവസ്ഥയിലിരിക്കുന്നതു പോലെയാണു തോന്നിയത്. സുഹൃത്തുക്കളുടെ വീട്ടില്‍പോയി രഹസ്യമായിട്ടായിരുന്നു ഭക്ഷണം കഴിച്ചത്. കൃത്യമായി പറഞ്ഞാല്‍ ഉമിനീര്‍ പോലും ഇറക്കാന്‍ പാടില്ലെന്നാണു കണക്ക്. അവിടെയുള്ളവരെല്ലാം നോമ്പു കണിശമായി പാലിക്കുന്നതു കണ്ടപ്പോള്‍ ബഹുമാനം തോന്നിപ്പോയി. പതിനഞ്ചാം തീയതി തിരിച്ച് എയര്‍പോര്‍ട്ടിലെത്തുമ്പോഴും എമിഗ്രേഷനില്‍ നോമ്പുതുറയുടെ സമയമാണ്. കുറേനേരം കാത്തിരിക്കേണ്ടി വന്നെങ്കിലും മടുപ്പുതോന്നിയില്ല. പകരം നോമ്പിന്റെ ചിട്ടയെക്കുറിച്ചായിരുന്നു ചിന്ത. അറബിനാടുകളില്‍ അത്രയും കൃത്യമായാണ് ആളുകള്‍ നോമ്പെടുക്കുന്നത്.
റംസാന്‍ സഹനത്തിന്റെ കാലമാണ്. ഒരു മാസത്തെ ത്യാഗം കൊണ്ട് നാം നമ്മെത്തന്നെ തിരിച്ചറിയുകയാണെന്നു വേണം പറയാന്‍. അഹം എന്ന ചിന്ത മനസില്‍ നിന്ന് ഒഴിവാകും.ലോകത്ത് ഭക്ഷണം കിട്ടാതെ കഴിയുന്ന ലക്ഷക്കണക്കിനാളുകളുണ്ട്. ഒരു മാസത്തെ നോമ്പു കഴിയുമ്പോഴാണു നാം പലതും പഠിക്കുന്നത്. സമ്പന്നതയുടെ നടുവില്‍ ജീവിക്കുന്നവനും അവനവന്റെ വിശപ്പിലൂടെ അന്യന്റെ വിശപ്പ് എന്തെന്നു തിരിച്ചറിയുന്നു.  
ഇല്ലാത്തവനും ഉള്ളവനും ഒരേപാതയില്‍ സഞ്ചരിക്കുന്ന മാസമാണ് റംസാനെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. റംസാന്‍ മാസം തീരുന്നതോടെ മനുഷ്യന്‍ സ്വയം ശുദ്ധീകരിക്കപ്പെടുന്നു. ആഹാരം ത്യജിച്ച് മനസും ശരീരവും ശുദ്ധമാക്കുന്ന ഈ വ്രതരീതി എല്ലാ മതങ്ങളും പിന്തുടരുകയാണു വേണ്ടത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More