You are Here : Home / വെളളിത്തിര

വാഗാ അതിര്‍ത്തിയിലെ ആ പകല്‍

Text Size  

Story Dated: Friday, May 30, 2014 04:52 hrs EDT

കേരളത്തിലൊഴികെ മറ്റൊരിടത്തും പോലീസുകാരെ അഭിനയിക്കാന്‍ വിടില്ല. ആ സൗകര്യമാണ് എന്നെ ഈ നിലയിലെത്തിച്ചത്. അഭിനയത്തിനുവേണ്ടി ഞാന്‍ ഒരിക്കലും ഡ്യൂട്ടിയില്‍ കൃത്യവിലോപം കാണിച്ചിട്ടില്ല. എല്ലാ ലീവും അഭിനയത്തിനുവേണ്ടി മാറ്റിവയ്ക്കുകയായിരുന്നു. പോലീസില്‍ നിന്നു സിനിമയിലെത്തിയ അനശ്വര നടന്‍ സത്യനും ജഗന്നാഥവര്‍മ്മയുമൊക്കെ എനിക്കു വഴികാട്ടികളാണ്.
മാറാട് കലാപമുണ്ടായ സമയത്ത് ഞാന്‍ കൊയിലാണ്ടിയില്‍ എസ്.ഐ ആയിരുന്നു. കോഴിക്കോട് ജില്ലയിലെ മിക്കയിടത്തും സംഘര്‍ഷാത്മകമായ അന്തരീക്ഷം. പക്ഷേ പലപ്പോഴും ആള്‍ക്കൂട്ടം ഞാന്‍ പറഞ്ഞത് അനുസരിച്ചിരുന്നു. പല കേസുകളിലും പ്രതികളെ അറസ്റ്റ്‌ചെയ്യാന്‍ പോയാല്‍ ബലം പ്രയോഗിക്കേണ്ടി വരില്ല. ഇത് നമ്മുടെ അബു സലീമല്ലേ എന്നാണ് അവര്‍ പറയാറ്. എന്നാല്‍ ലാത്തിച്ചാര്‍ജ് വേണ്ടിവരുന്ന സമയത്ത് ഒന്നും ചെയ്യാന്‍ കഴിയില്ല. മലപ്പുറത്ത് വെടിവയ്പുമായി ബന്ധപ്പെട്ടുണ്ടായ ലാത്തിച്ചാര്‍ജില്‍ ഞാനും പങ്കെടുത്തിരുന്നു.
ട്രാഫിക്കിലായിരുന്ന സമയത്ത് ലൈസന്‍സില്ലാത്ത വണ്ടികള്‍ക്ക് പിഴയീടാക്കുന്നത് പതിവായിരുന്നു. വഴിയിലെവിടെയെങ്കിലും നിര്‍ത്തിയിട്ട് പിഴ വാങ്ങി റസീറ്റ് നല്‍കും. അടുത്തെത്തുമ്പോഴാണ് ആളുകള്‍ കാണുന്നത്. പോലീസിന്റെ അടുത്തുവരുമ്പോള്‍ സാധാരണ എല്ലാവര്‍ക്കും പേടിയാണുണ്ടാവുക.

എന്നാല്‍ എന്നെക്കാണുമ്പോള്‍ അവര്‍ സന്തോഷിക്കും. ഒരിക്കല്‍ റസീറ്റ് ഒപ്പിട്ടുകൊടുത്തപ്പോള്‍ ഒരാള്‍ പറഞ്ഞത്, 'പിഴ അടച്ചാലെന്താ, സാറിന്റെ ഒപ്പ് കിട്ടിയല്ലോ' എന്നായിരുന്നു. അഭിനയത്തോടുള്ള ആദരവാണത് കാണിക്കുന്നത്.
കേരളപ്പിറവിയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി പോലീസില്‍ നിന്ന് ജഗന്നാഥവര്‍മ്മയേയും എന്നെയും സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചിരുന്നു. ഋഷിരാജ്‌സിംഗ് കേരളാപോലീസില്‍ ഉണ്ടായിരുന്നപ്പോള്‍ എന്റെ ആരാധകനായിരുന്നു. സിനിമ കണ്ട് അപ്പോള്‍തന്നെ അഭിപ്രായം വിളിച്ചുപറയും. ചെറുപ്പം മുതലേയുള്ള എന്റെ ആഗ്രഹമായിരുന്നു, എസ്.ഐയായി റിട്ടയര്‍ ചെയ്യണമെന്നത്. അതും സാധിച്ചു.
ദൈവികമായ ജോലിയാണ് പോലീസിന്റേത്. പോലീസ് എഴുതുന്നതുപോലെയാണ് ഒരാളുടെ ജീവിതം. കുറ്റവാളിയാണെന്ന് എഴുതിയാല്‍ ജീവിതാവസാനം വരെ അയാളെ അതു പിന്തുടരും. ശമ്പളത്തിനുവേണ്ടി മാത്രമായിരുന്നില്ല ഞാന്‍ ജോലി ചെയ്തത്. കാക്കിയോടുള്ള ക്രേസ് എന്നു വേണമെങ്കില്‍ പറയാം. ഒരുതരത്തിലുള്ള അഴിമതിയും നടത്തുകയോ കൂട്ടുനില്‍ക്കുകയോ ചെയ്തിട്ടില്ല. ഒരു പ്രതിയേയും രക്ഷപ്പെടുത്തിയിട്ടുമില്ല. മറ്റു സംസ്ഥാനങ്ങളിലേതിനെ അപേക്ഷിച്ച് കേരളാപോലീസിനാണ് കഴിവും കാര്യക്ഷമതയും കൂടുതലുള്ളത്. പോലീസിന്റെ പവര്‍ മറ്റൊരു ജോലിക്കുമില്ല. 

രാഷ്ട്രീയത്തിന് അതീതമായി പോലീസ് ചായുന്നു എന്നൊക്കെയുള്ള ആരോപണം പണ്ടുമുതലേയുള്ളതാണ്. അത്തരം ചായ്‌വുകളില്ലാത്ത എത്രയോ ഉദ്യോഗസ്ഥര്‍ കേരളാപോലീസിലുണ്ട്. പക്ഷേ പൊതുവായി നോക്കുമ്പോള്‍ പോലീസിനെതിരാണ് പലപ്പോഴും പൊതുജനം. അതിനൊരു കാരണം എന്തു പ്രശ്‌നമുണ്ടായാലും അതിന്റെ ഒരു ഭാഗത്ത് പോലീസായിരിക്കും. തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെട്ടാലും പ്രതി പോലീസിന് എതിരാണ്. അതിന് പോലീസിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സര്‍വീസില്‍ കയറിയതിനുശേഷം ഒരു ഘട്ടത്തിലും ടെന്‍ഷനടിച്ചിട്ടില്ല. അബദ്ധങ്ങള്‍ പറ്റുമ്പോഴും അതെക്കുറിച്ച് ആലോചിച്ച് സമയംകളയാറുമില്ല.


പാക് പൗരത്വമുള്ള ഇബ്രാഹിം എന്ന ആളുമൊത്ത് വാഗാ അതിര്‍ത്തി വരെ പോയതാണ് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം.
കോഴിക്കോട് ജില്ലയിലെ എടച്ചേരി സ്വദേശിയാണ് ഇബ്രാഹിം. വാര്‍ധക്യസംബന്ധമായ അസുഖത്താല്‍ ക്ഷീണിതനായിരുന്നു അദ്ദേഹം. ഇബ്രാഹിമിനെ അതിര്‍ത്തിയിലെത്തിക്കാന്‍ നിയോഗിച്ചത് എന്നെയായിരുന്നു. ഒപ്പം രണ്ടു കോണ്‍സ്റ്റബിള്‍മാരും. ട്രെയിനിലായിരുന്നു യാത്ര. അതിര്‍ത്തിയിലേക്കു പോകുന്നതിനാല്‍ ചെറിയൊരു അസ്വസ്ഥത മനസിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ ദിവസങ്ങളിലൊന്നും നന്നായി ഉറക്കംപോലും കിട്ടിയില്ല. അറിയാത്ത ഒരു സ്ഥലത്തേക്കാണല്ലോ യാത്ര. വാഗാ അതിര്‍ത്തി വരെ എത്തിയെങ്കിലും മതിയായ രേഖകളില്ലാത്തതിനാല്‍ തിരിച്ചുപോരേണ്ടിവന്നു. ഈ സംഭവം ചാനലുകള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ആ സമയത്താണ് പലരും ഞാന്‍ പോലീസാണെന്ന് അറിയുന്നത്. പിന്നീടൊരിക്കല്‍ ഈ സംഭവത്തെക്കുറിച്ച് മോഹന്‍ലാലിനോടു പറയുകയുണ്ടായി. ലാല്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പി.ടി.കുഞ്ഞുമുഹമ്മദ് ഈ കഥ പരദേശി എന്ന പേരില്‍ സിനിമയാക്കി. മോഹന്‍ലാലായിരുന്നു നായകന്‍.  അതിലും ഡിവൈ.എസ്.പിയുടെ വേഷമായിരുന്നു എനിക്ക്. അതും ഒരു യാദൃച്ഛികത.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.