You are Here : Home / വെളളിത്തിര

അഭിനയിക്കാന്‍ അറിയില്ലെങ്കിലെന്താ മെഗാസ്റ്റാറിന്റെ സഹോദരനല്ലേ?

Text Size  

Story Dated: Monday, May 19, 2014 09:25 hrs UTC

നമ്മുടെ മലയാളത്തിലെ മെഗാസ്റ്റാര്‍ ചില സമയങ്ങളില്‍ ബുദ്ധിമാനാണ്. താന്‍ അഭിനയിക്കുന്ന സിനിമകള്‍ തുടര്‍ച്ചയായി പൊട്ടുന്ന സമയത്താണ് ന്യൂജനറേഷന്‍ ഗ്യാംഗിലേക്ക് മകനെയിറക്കി കളിച്ചത്. ആ കളിയില്‍ മകന്‍ ക്ലിക്കാവുകയും ചെയ്തു. ഇപ്പോള്‍ സ്വന്തം കാര്യത്തില്‍ ശ്രദ്ധിക്കാന്‍ മെഗാതാരത്തിന് നേരമില്ലെന്നാണ് കേള്‍ക്കുന്നത്. മകനെ ഒരു വഴിക്കാക്കിയിട്ടേ അയാള്‍ അടങ്ങൂ. അഭിനയിക്കാന്‍ വിളിക്കുന്നവരോട്, വാപ്പച്ചിയോട് കഥ പറയട്ടെ, എന്നിട്ട് ഡേറ്റ് തരാമെന്നാണ് മകന്‍ പറയുക. പത്രക്കാര്‍ ഇന്റര്‍വ്യൂവിന് വന്നാല്‍ പോലും വാപ്പച്ചിയോട് വിളിച്ചുചോദിക്കും.
വാപ്പയുടെ അനുമതി കിട്ടിയാലേ എന്തെങ്കിലും മൊഴിയൂ. മകന്റെ കാര്യത്തില്‍ അത്രയ്ക്ക് ശ്രദ്ധയാണ് വാപ്പച്ചിക്ക്. എന്നാല്‍ കൂടപ്പിറപ്പുകളോട് അത്ര കാരുണ്യമില്ലതാനും.
മെഗാസ്റ്റാര്‍ സിനിമയില്‍ കത്തിനില്‍ക്കുമ്പോഴാണ് സഹോദരന്‍ അഭിനയരംഗത്തേക്കുവന്നത്. കുറച്ചുകാലം അഭിനയിച്ചെങ്കിലും പുള്ളി ക്ലച്ച് പിടിക്കാതെപോയി. ഇടയ്ക്ക് അഭിനയം വിട്ട് രാഷ്ട്രീയത്തിലും കൈവച്ചു. പക്ഷെ മുസ്ലീംലീഗുകാരും വേണ്ടത്ര പരിഗണിച്ചില്ല. അതോടെ അഭിനയം നിര്‍ത്തി വീട്ടിലിരിപ്പായി. തന്റെ മകനെയും ന്യൂജനറേഷന്‍ തരംഗത്തില്‍ ഇറക്കിനോക്കിയെങ്കിലും ഫലിച്ചില്ല.
മെഗാസ്റ്റാര്‍ മൂത്താപ്പ വിചാരിച്ചാല്‍ റോള്‍ കിട്ടുമെന്ന് പയ്യനറിയാം. പക്ഷെ മൂത്താപ്പ ആ ഭാഗത്തേക്കുപോലും ശ്രദ്ധിച്ചില്ല.
മെഗാസ്റ്റാറിന്റെ മറ്റൊരു സഹോദരന്‍ ബിസിനസ്‌രംഗത്തായിരുന്നു. ബിസിനസ്  അത്ര പച്ചപിടിക്കാതെ വന്നപ്പോള്‍ അയാള്‍ക്കും ഒരാഗ്രഹം. രണ്ടു ചേട്ടന്‍മാരും അഭിനയിക്കുന്ന സ്ഥിതിക്ക് താനും ഒന്നു ശ്രമിച്ചാലോ? കിട്ടിയാല്‍ ലക്ഷങ്ങളാണ്. നഷ്ടപ്പെടാനാണെങ്കില്‍ ഒന്നുമില്ല. പണം കിട്ടിയാല്‍ വീടിന്റെ പണി പൂര്‍ത്തിയാക്കാം. ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നത് നിര്‍ത്താം.
സഹോദരനായ മെഗാസ്റ്റാറിനോട് ആവശ്യം പറഞ്ഞപ്പോള്‍, മൈന്‍ഡ് ചെയ്തതേയില്ല. ഒടുവില്‍ സഹോദരന്‍ തന്നെ സംവിധായകരെ കാണാന്‍ നേരിട്ടിറങ്ങി.
ഒടുവില്‍ എത്തിച്ചേര്‍ന്നത് ഒരു സീരിയല്‍ സംവിധായകന്റെ മടയില്‍. അഭിനയിക്കാന്‍ അറിയാമോ എന്നു സംവിധായകന്‍ ചോദിച്ചപ്പോള്‍, മെഗാസ്റ്റാറിന്റെ സഹോദരനാണെന്ന് മറുപടി. റോളുണ്ടാവുമ്പോള്‍ അറിയിക്കാമെന്ന് പറഞ്ഞ് സംവിധായകന്‍ തിരിച്ചയച്ചു. പക്ഷെ മെഗാസഹോദരന്‍ വിട്ടില്ല. തുടര്‍ച്ചയായി സംവിധായകനെ ഫോണ്‍ ചെയ്ത് ബുദ്ധിമുട്ടിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ സഹോദരന് നല്ലൊരു റോള്‍ നല്‍കി. അഭിനയിക്കാന്‍ പറഞ്ഞപ്പോഴാണ് സംവിധായകന്‍ ഞെട്ടിപ്പോയത്. മെഗാസ്റ്റാറിന്റെ ഏഴയലത്തുപോലുമെത്തില്ല.
എങ്കിലും ബ്രദറല്ലേ എന്ന പരിഗണന വച്ച് അഭിനയിപ്പിച്ചു. ഏത് സംഭാഷണം കൊടുത്താലും സംസാരിക്കുന്നത് തനി എറണാകുളം സ്‌റ്റൈലില്‍. അതുപറ്റില്ലെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍, ഡബ്ബിംഗില്‍ ശരിയാക്കാമെന്ന് സഹോദരന്റെ മറുപടി. ഇനി ഡബ്ബിംഗും കുളമായാല്‍ എന്തുചെയ്യുമെന്ന ആലോചനയിലാണ് സംവിധായകന്‍.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.