You are Here : Home / വെളളിത്തിര

നിയമസഭയിലേക്ക് മത്സരിക്കാനും എന്നെ നിര്‍ബന്ധിച്ചു: ഇന്നസെന്റ്

Text Size  

Story Dated: Friday, April 04, 2014 12:15 hrs UTC

കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും
നിരസിക്കുകയായിരുന്നുവെന്ന് നടനും ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ
എല്‍.ഡി.എഫ് സ്വതന്ത്രനുമായ ഇന്നസെന്റ്. ആ സമയത്തൊക്കെ
പണമുണ്ടാക്കണമെന്നായിരുന്നു ആഗ്രഹം. കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷം കാന്‍സര്‍
ബാധിച്ച് വിശ്രമിക്കുമ്പോഴാണ് ചെയ്ത കാര്യങ്ങളൊക്കെ വിലയിരുത്തി
നോക്കിയത്. പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ പേട്രണായി എന്നതൊഴിച്ചാല്‍
ജനങ്ങള്‍ക്കുവേണ്ടി അധികമൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ
മത്സരിക്കാന്‍ പക്വതയായെന്ന് തോന്നി. അങ്ങനെയാണ് മത്സരിക്കാന്‍
ഇറങ്ങിയതെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്നസെന്റ്
വ്യക്തമാക്കി.


അപ്പന്‍ കമ്യൂണിസ്റ്റുകാരനായിരുന്നു. റഷ്യന്‍, ഫ്രഞ്ച്
വിപ്ലവങ്ങളെക്കുറിച്ച് ഞാന്‍ പഠിച്ചത് പുസ്തകങ്ങളില്‍ നിന്നായിരുന്നില്ല.
അപ്പനില്‍ നിന്നാണ്. ജോലി കഴിഞ്ഞ് വന്നാല്‍ അപ്പന്‍ കമ്യൂണിസ്റ്റ്
പ്രവര്‍ത്തകര്‍ക്കുവേണ്ടി ക്ലാസെടുക്കും. രാത്രി ഒരു മണിയൊക്കെ കഴിയും
വീട്ടിലെത്താന്‍. ഇപ്പോള്‍ ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ
പിന്തുണയോടെ മത്സരിക്കുമ്പോള്‍ അപ്പന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും.

കുട്ടിക്കാലത്ത് അപ്പന്റെ കൂടെ കമ്യൂണിസ്റ്റ് നാടകങ്ങള്‍ കാണാന്‍ പോകും.
കെ.പി.എ.സിയുടെയും കാളിദാസ കലാകേന്ദ്രത്തിന്റെയും നാടകങ്ങള്‍
കണ്ടപ്പോഴാണ് കലയോടുള്ള താല്‍പ്പര്യമുണ്ടായത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ആര്‍.എസ്.പിയുടെ മണ്ഡലം സെക്രട്ടറിയായിരുന്നു.
അന്ന് പാര്‍ട്ടിയില്‍ അധികം പേരില്ല. ഒരിക്കല്‍ സുകുമാരന്‍ എന്ന
പ്രവര്‍ത്തകന്‍ ഫെര്‍ണാണ്ടസ് എന്നു പേരുള്ള അധ്യാപകനെ പാര്‍ട്ടിയില്‍
ചേര്‍ക്കാന്‍ കൊണ്ടുവന്നു. തുടര്‍ച്ചയായി ഒന്നര മണിക്കൂര്‍
പ്രസംഗിക്കുന്നയാളാണ് ഫെര്‍ണാണ്ടസ്.

മിടുക്കനായ അത്തരമൊരാളെ കൊണ്ടുവന്നാല്‍ എന്റെ സെക്രട്ടറി സ്ഥാനം
തെറിക്കുമെന്നുറപ്പാണ്. അതുകൊണ്ട് പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍
പറ്റില്ലെന്ന് പറഞ്ഞ് ഞാനയാളെ തിരിച്ചയച്ചു. അയാള്‍ എനിക്കെതിരെ
സ്‌റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി. സെക്രട്ടറി ചോദിച്ചപ്പോള്‍ ഞാന്‍
പറഞ്ഞു-അയാള്‍ മാര്‍ക്‌സിസ്റ്റ് ജാരനാണ്. സെക്രട്ടറി അതു വിശ്വസിച്ചു.
അതുകൊണ്ട് അയാള്‍ക്ക് ഗുണമുണ്ടായി. ഹെഡ്മാസ്റ്ററായി പിരിഞ്ഞു.
അല്ലെങ്കില്‍ ശാസ്ത്രവും ചിന്തയുമായി നടന്നേനെ.

ആര്‍.എസ്.പി സംസ്ഥാനസമ്മേളനത്തിന് പിരിവെടുക്കാന്‍ ഞാനും പോയിരുന്നു.
വലിയ ഉദ്യോഗസ്ഥരെക്കണ്ട് അഞ്ഞൂറു രൂപ വീതമാണ് പിരിക്കുന്നത്. ആലുവയിലെ
ഒരു എന്‍ജിനിയറുടെ വീട്ടില്‍ പോയപ്പോഴും അഞ്ഞൂറു രൂപ ചോദിച്ചു. അത്രയും
കാശ് തരാന്‍ പറ്റില്ലെന്ന് അയാള്‍.
''സാറിന്റെ ശമ്പളത്തില്‍ നിന്നു തരാനല്ല ഞങ്ങള്‍ പറഞ്ഞത്.''

എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ദേഷ്യം വന്നു. അയാള്‍ അകത്തേക്കു പോയി.
കാശെടുക്കാന്‍ വേണ്ടി പോയതായിരിക്കുമെന്ന് ഞങ്ങള്‍ കരുതി.
കുറച്ചുനേരമായിട്ടും വരാതിരുന്നപ്പോള്‍ മുറിയിലേക്ക് എത്തിനോക്കി.
ചുവരില്‍ ബേബി ജോണിന്റെ തോളില്‍ കൈയിട്ടുനില്‍ക്കുന്ന ഫോട്ടോ. അന്ന്
അവിടെ നിന്ന് ഓടിയതാണ്.

ഇത്തരം അബദ്ധങ്ങള്‍ മിക്ക നേതാക്കള്‍ക്കും പറ്റിയിട്ടുണ്ടാവും. എന്നാല്‍
അവരൊന്നും പുറത്തുപറയില്ല. ആര്‍.എസ്.പിയില്‍ രണ്ടുവര്‍ഷം മാത്രമേ
നിന്നുള്ളൂ. അതിനിടയിലാണ് ഇരിങ്ങാലക്കുടയില്‍ മുന്‍സിപ്പല്‍
കൗണ്‍സിലറായത്. പിന്നീട് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
നടനായിരിക്കുന്ന സമയത്തും രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍
ശ്രദ്ധിക്കാറുണ്ട്. സിനിമയിലെ സഹപ്രവര്‍ത്തകരോട് സംസാരിക്കാറുമുണ്ട്.
എന്നാല്‍ മിക്കവര്‍ക്കും സിനിമയെക്കുറിച്ച് സംസാരിക്കാനാണ് താല്‍പ്പര്യം.

രാഷ്ട്രീയക്കാര്‍ക്കുതന്നെ സ്വന്തം പ്രഫഷനെക്കുറിച്ച് പറയാന്‍ മടിയാണ്.
ഒരു വീട്ടില്‍ ചെന്നാല്‍ എന്താണ് ജോലിയെന്ന് ചോദിച്ചാല്‍
രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് ആരെങ്കിലും പറയുമോ? അതാണ് കുഴപ്പം. അതു
തുറന്നുപറയണം. രാഷ്ട്രീയം ചിലര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. അതാണ്
നാണക്കേട്. രാഷ്ട്രീയത്തിലിറങ്ങിയാല്‍ ചിലത് പറയാന്‍ പാടില്ല.

ചില പ്രശ്‌നങ്ങളില്‍ മൗനം പാലിക്കേണ്ടിവരും. അല്ലെങ്കില്‍ പാര്‍ട്ടി
അംഗീകരിച്ചില്ലെന്നുവരും.
അധികാരം ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. 'അമ്മ' പ്രസിഡന്റിന്റെ കസേരയില്‍
കഴിഞ്ഞ പതിനാലുവര്‍ഷമായി ഇരിക്കുന്നു. ചില സീറ്റുകളില്‍ ഇരിക്കണമെങ്കില്‍
പലരുടെയും കാലുപിടിക്കണം. ഇവിടെ അങ്ങനെയല്ല. എല്ലാവരും ഒന്നിച്ചുവന്ന്
എന്നെ പിടിച്ചിരുത്തുകയാണ്.

എന്നെക്കാള്‍ മിടുക്കന്‍മാര്‍ അമ്മയിലുണ്ട്. പക്ഷെ ഭയം കൊണ്ട്
മാറിനില്‍ക്കുകയാണ്. കഴിഞ്ഞ പ്രാവശ്യവും പറ്റില്ലെന്ന് പറഞ്ഞതാണ്.
എന്നിട്ടും അവരെന്നെ പിടിച്ചിരുത്തി.
ഞാന്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്നയാളാണെന്ന്
എല്ലാവര്‍ക്കും അറിയാം. ഡോണ്‍ബോസ്‌കോ പോലുള്ള സ്ഥാപനങ്ങളില്‍ നിന്നല്ല,
ജീവിതത്തില്‍ നിന്നാണ് എല്ലാം പഠിച്ചത്.

ഇത്തവണ ആദ്യം പ്രചാരണം തുടങ്ങിയത് കോളജുകളില്‍ നിന്നാണ്. പ്ലസ്ടു
കഴിഞ്ഞവര്‍ക്കെല്ലാം ഇപ്പോള്‍ വോട്ടുണ്ട്. ജനിച്ചതു മുതല്‍ എന്നെ
കാണുന്നവരാണ് കുട്ടികള്‍. അവരുടെ വീട്ടിലെ അംഗം പോലെയാണ് എന്നെയും
കാണ്ടത്. അതുകൊണ്ടാണ് കാണുമ്പോള്‍ ഓടിവന്ന് കെട്ടിപ്പിടിക്കുന്നത്.
അതൊക്കെയും വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.