You are Here : Home / വെളളിത്തിര

എനിക്കുനേരെ ആരും കൈയുയര്‍ത്തിയിട്ടില്ല: പത്മപ്രിയ

Text Size  

Story Dated: Thursday, January 16, 2014 06:54 hrs UTC


''ഞാനൊറ്റയ്ക്കാണ് ഇപ്പോഴും ലൊക്കേഷനിലേക്ക് പോകുന്നത്. ആരും എന്നോട് മോശമായി പെരുമാറിയിട്ടില്ല. എനിക്കുനേരെ കൈയുയര്‍ത്തിയിട്ടുമില്ല.'' പറയുന്നത് പത്മപ്രിയയാണ്. 'കാഴ്ച'യിലെ നാട്ടിന്‍പുറത്തുകാരി ലക്ഷ്മിയായി വന്ന് മലയാള സിനിമയില്‍ ഇടംപിടിച്ച പത്മപ്രിയയോട് ഏതു വിഷയത്തെക്കുറിച്ചും സംസാരിക്കാം. എന്തിനെക്കുറിച്ചും വ്യക്തമായ നിലപാടുകളുള്ള പത്മപ്രിയ തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചാണ് പറയുന്നത്.

''പുരുഷന്‍മാര്‍ക്കു കിട്ടുന്ന സ്വാതന്ത്യ്രം സ്ത്രീകള്‍ക്കും കിട്ടണം.രാത്രിയില്‍ റോഡിലൂടെ സഞ്ചരിക്കണമെന്ന ആഗ്രഹം എനിക്കുമുണ്ട്. പക്ഷേ
കഴിയുന്നില്ല. കടപ്പുറത്തുപോയി ഷര്‍ട്ടില്ലാതെ ഇരിക്കണം. പറ്റുമോ? അങ്ങനെ ചെയ്താല്‍ സമൂഹം മൊത്തമായി കുറ്റപ്പെടുത്തുന്നത് സ്ത്രീയെ ആയിരിക്കും. പുരുഷനും സ്ത്രീക്കും ഒരു നീതിയാണാവശ്യം. അതിവിടെ കിട്ടുന്നില്ല.''

 

 

പക്ഷെ, ഫീല്‍ഡില്‍ പത്മപ്രിയയെ ബോള്‍ഡെന്നാണ് വിളിക്കുന്നത്.  'മൃഗം' എന്ന സിനിമയുടെ സെറ്റില്‍ സംവിധായകനെ അടിച്ചതുകൊണ്ടാണോ അത്?


ബോള്‍ഡെന്ന് കേള്‍ക്കുന്നത് എനിക്കിഷ്ടമാണ്. പക്ഷെ ഞാന്‍ അങ്ങനെയല്ല. ഇപ്പോഴും സന്ധ്യ കഴിഞ്ഞാല്‍ ഒറ്റയ്ക്കു പോകാന്‍ പേടിയാണ്. ബാല്യകാലം മുതല്‍ പുറത്തുപോയി ശീലിച്ചെടുത്ത ധൈര്യം മാത്രമാണ് എനിക്കുള്ളത്. എന്നേക്കാള്‍ ധൈര്യം എന്റെ അമ്മയ്ക്കാണ്. പൊതുവേ ഭാരത സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥയുണ്ട്. അത് ഇന്നും ഇന്നലെയും ഉണ്ടായതല്ല. ആ അവസ്ഥ മാറില്ല. നിലപാടുകളില്‍ എന്നും ഉറച്ചുനിന്നിട്ടുണ്ട്. പറയേണ്ടത് മുഖം നോക്കാതെ പറഞ്ഞിട്ടുമുണ്ട്. എന്നേക്കാളും ബോള്‍ഡായി ചിന്തിക്കുന്ന ഒരുപാടുപേര്‍ മലയാള സിനിമയില്‍ തന്നെയുണ്ട്. ഉദാഹരണത്തിന് കാവ്യാമാധവനെ നോക്കൂ. എന്തൊക്കെ പ്രതിസന്ധിയുണ്ടായിട്ടും അവര്‍ പിടിച്ചുനില്‍ക്കുന്നില്ലേ? 'മൃഗ'ത്തിന്റെ സംവിധായകനെ അടിച്ചതൊക്കെ പഴയകാര്യങ്ങളല്ലേ. എന്തിനത് വീണ്ടും വിവാദമാക്കുന്നു? ഏതു തൊഴില്‍ മേഖലയിലാണ് പ്രശ്നങ്ങളില്ലാത്തത്?
സംവിധായകരുമായി ചില വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അതു പരിഹരിച്ചിട്ടുമുണ്ട്. ഒരു പ്രശ്നമുണ്ടാവുമ്പോള്‍ അതു തീര്‍ത്തില്ലെങ്കിലാണ് വിവാദമാക്കേണ്ടത്. അക്കാര്യങ്ങള്‍ അന്നവിടെ തീര്‍ന്നതാണ്.

 
 
 
 
'ലേഡീസ് ആന്റ് ജെന്റില്‍മാന്‍' എന്ന സിനിമയ്ക്കുശേഷം പത്മപ്രിയയെ മലയാളികള്‍ കണ്ടിട്ടേയില്ല. എവിടെയായിരുന്നു ഇതുവരെ?

ലോക പ്രശസ്തമായ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് പബ്ളിക് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ബിരുദം നേടിയതാണ് കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിശേഷം. 'ലേഡീസ് ആന്റ് ജന്റില്‍മാന്‍' കഴിഞ്ഞശേഷമാണ് കോഴ്സിനുവേണ്ടി അമേരിക്കയിലേക്കു പോയത്. തിരിച്ചുവന്നത് കഴിഞ്ഞ നവംബറിലാണ്. ഇന്ത്യയില്‍ ഇൌ കോഴ്സ് ഇല്ലാത്തതുകൊണ്ടാണ് അമേരിക്കയിലേക്ക് പോകേണ്ടിവന്നത്. ഇക്കണോമിക്സിലാണ് സ്പെഷലൈസേഷന്‍. 'പഴശ്ശിരാജ' കഴിഞ്ഞപ്പോഴാണ് ആദ്യം ഉപരിപഠനത്തിന് പോയത്. കോഴ്സിനിടയ്ക്കുള്ള
അവധിക്കാലത്ത് സിദ്ധീഖ് സാര്‍ വിളിച്ചു. പ്രാധാന്യമുള്ള റോളായതിനാല്‍ സ്വീകരിക്കുകയും ചെയ്തു. വീണ്ടും കോഴ്സിന് പോയപ്പോഴാണ്
'സെല്ലുലോയ്ഡി'ലേക്കും 'മുംബൈ പോലീസി'ലേക്കും വിളിച്ചത്. അതുകൊണ്ടുതന്നെ ആ സിനിമകള്‍ ഉപേക്ഷിക്കേണ്ടിവന്നു. ഇൌ വര്‍ഷം മികച്ച റോളുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഞാന്‍.
 
 
 
 
ജോലി ഉപേക്ഷിച്ചാണ് പത്മപ്രിയ അഭിനയരംഗത്തെത്തിയത്. തെറ്റായ
തീരുമാനമായിരുന്നു അതെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ?

അഭിനയവും ജോലിയും ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയില്ല എന്നു വന്നപ്പോഴാണ് ജോലി ഉപേക്ഷിച്ചത്. ലീവെടുത്ത് അഭിനയിച്ചുകൊള്ളാന്‍ ഞാന്‍ ജോലി ചെയ്ത ജനറല്‍ ഇലക്ട്രിക്കല്‍സിന്റെ ഡയറക്ടര്‍ പറഞ്ഞിരുന്നു. എം.ബി.എ പഠിച്ചതുതന്നെ നല്ലൊരു ജോലി കിട്ടാനായിരുന്നു. ജി.ഇയില്‍ എ ഗ്രേഡ് എംപ്ളോയറായിരുന്നു ഞാന്‍. മാന്യമായ ശമ്പളം.  ഒരുപാടു നല്ല സുഹൃത്തുക്കളെ അവിടെ നിന്നാണു കിട്ടിയത്. ഇപ്പോഴും എന്റെ സുഹൃത്തുക്കള്‍ അവരാണ്. എപ്പോള്‍ തിരിച്ചുപോയാലും വീണ്ടും ജോലിയില്‍ കയറാമായിരുന്നു. പക്ഷേ പോയില്ല. അന്ന്  സിനിമയിലെത്തിയതിനാല്‍ കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ അറിയപ്പെട്ടു. അതു മോശമായിപ്പോയി എന്നു തോന്നുന്നില്ല.

'ബാച്ചിലര്‍പാര്‍ട്ടി'യിലെ ഐറ്റംഡാന്‍സിലൂടെ മലയാളികളെ ഞെട്ടിക്കാനും പത്മപ്രിയയ്ക്ക് കഴിഞ്ഞു?

'ബാച്ചിലര്‍ പാര്‍ട്ടി'യില്‍ അഭിനയിച്ചത് മലയാളികളെ ഞെട്ടിപ്പിക്കാന്‍ വേണ്ടിയുമല്ല. ആളുകള്‍ക്ക് അങ്ങനെയൊരു പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല.
എന്റെ ജനറേഷന്‍ ആ ഡാന്‍സ് ആസ്വദിച്ചിട്ടുണ്ട്. എനിക്കിഷ്ടമുള്ള വേഷം സ്വീകരിക്കാനുള്ള അധികാരമുണ്ട്. ആ സിനിമ റിലീസായ സമയത്ത് ഷോപ്പിംഗിന് പോയപ്പോള്‍ ചില പഴഞ്ചന്‍ മനസുള്ളവര്‍ ബാച്ചിലര്‍പാര്‍ട്ടി എന്നു പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. എന്റെ ജോലി അഭിനയമാണ്. ചില ആളുകള്‍ക്ക് ഇഷ്ടമല്ലെന്നുവച്ച് ഐറ്റംഡാന്‍സ് വേണ്ടെന്നുവയ്ക്കാന്‍ ഞാന്‍ തയാറല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.