You are Here : Home / വെളളിത്തിര

ലാലും ബിജെപിയും തമ്മിൽ എന്ത് ബന്ധം ?

Text Size  

Story Dated: Wednesday, September 05, 2018 12:35 hrs EDT

സിനിമയെ വെല്ലുന്ന സസ്‌പെന്‍സ് രാഷ്ട്രീയത്തിലും നിലനിര്‍ത്തി മോഹന്‍ലാല്‍, ലാലിനെ സ്വാഗതം ചെയ്ത് ബി.ജെ.പി . . കേരള രാഷ്ട്രീയം വീണ്ടും തിളച്ച്‌ മറിയുന്നു.
 
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന് ദേശീയ മാധ്യമങ്ങളിലടക്കം വന്ന വാര്‍ത്തയെ തള്ളാതെ തന്ത്രപരമായ പ്രതികരണമാണ് ലാല്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
 
താന്‍ തന്റെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണെന്നും അറിയാത്ത കാര്യത്തെക്കുറിച്ച്‌ പ്രതികരിക്കാനില്ലെന്നുമാണ് ലാലിന്റെ പ്രതികരണം.
 
ബി.ജെ.പി ടിക്കറ്റില്‍ താന്‍ മത്സരിക്കില്ലെന്നും രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്നും പറയാതെ ചോദ്യങ്ങളില്‍ നിന്നും തന്ത്രപരമായി ഒഴിഞ്ഞുമാറിയ സൂപ്പര്‍ താരത്തിന്റെ നടപടി ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുമ്ബോള്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അത് ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയാകട്ടെ മോഹന്‍ലാലിനെ ബി.ജെ.പിയിലേക്ക് സ്വാഗതവും ചെയ്തു. ലാല്‍ വന്നാല്‍ സന്തോഷമെന്നാണ് പിള്ള പ്രതികരിച്ചത്.
 
 
 
ഒടിയന്‍ ഉള്‍പ്പെടെ നിരവധി ബിഗ് ബജറ്റ് സിനിമകള്‍ റിലീസിങ്ങിന് കാത്ത് നില്‍ക്കെ സിനിമകളെ തന്റെ നിലപാട് ബാധിക്കാതിരിക്കാനാണ് ഇപ്പോള്‍ ഇതുപോലെ ഒരു പ്രതികരണം മോഹന്‍ലാല്‍ നടത്തിയിരിക്കുന്നത്.
 
അതേ സമയം തന്നെ സംഘ പരിവാറിനെ തള്ളിപ്പറയാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
 
മകന്‍ പ്രണവ് മലയാള സിനിമയില്‍ സജീവമായതോടെ അഭിനയ രംഗത്ത് നിന്നും മാറി നില്‍ക്കാന്‍ മോഹന്‍ലാല്‍ താല്‍പ്പര്യപ്പെടുന്നതായാണ് ലഭിക്കുന്ന വിവരം.
 
ആര്‍.എസ്.എസ് ഉന്നത നേതൃത്വവുമായും മാതാ അമൃതാനന്ദമയിയുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന മോഹന്‍ലാല്‍ നിലവില്‍ ആര്‍.എസ്.എസ് സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ രക്ഷാധികാരിയാണ്.
 
ആര്‍.എസ്.എസ്- ബി.ജെ.പി ബന്ധം ക്ഷീണം ചെയ്യുമെന്ന് അടുത്ത സുഹൃത്തുക്കള്‍ ഉപദേശിച്ചിട്ടും പിന്‍മാറാന്‍ ലാല്‍ തയ്യാറായിരുന്നില്ല.
 
'തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അതങ്ങ് പോകട്ടെ' എന്നാണ് മോഹന്‍ലാല്‍ ഉപദേശിക്കാന്‍ വന്ന സിനിമാരംഗത്തെ പ്രമുഖനോട് പ്രതികരിച്ചത്.
 
പ്രകൃതി ക്ഷോഭത്തില്‍ കെടുതികള്‍ നേരിടുന്ന കേരളത്തെ സഹായിക്കാന്‍ സ്വന്തം നിലക്ക് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത ലാല്‍ ഇപ്പോള്‍ കൂടുതല്‍ സഹായം ആര്‍.എസ്.എസുമായും പരിവാര്‍ പ്രസ്ഥാനമായ സേവാഭാരതിയുമായും ചേര്‍ന്നാണ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
 
 
 
വിശ്വശാന്തി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വയനാട്ടില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചടങ്ങിലേക്ക് ലാല്‍ പ്രധാനമന്ത്രിയെ നേരിട്ട് ക്ഷണിച്ചതും ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ്.
 
ഇടതു വലതു മുന്നണികള്‍ മാറി മാറി ഭരിക്കുന്ന കേരളത്തില്‍ മോഹന്‍ലാലിനെ പോലെ ഏറ്റവും ജനപ്രീതിയുള്ള മുഖത്തെ മുന്‍ നിര്‍ത്തി നേട്ടം കൊയ്യാനാണ് സംഘപരിവാര്‍ നീക്കം.
 
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ലാല്‍ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് ടൈംസ് നൗ ഉള്‍പ്പെടെയുള്ള പ്രമുഖ ചാനലുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More