You are Here : Home / വെളളിത്തിര

മണി ഉണ്ടായിരുന്നെങ്കില്‍ മുണ്ടും മടക്കിക്കുത്തി മുന്നില്‍ ചാടിയേനെ

Text Size  

Story Dated: Wednesday, August 29, 2018 03:04 hrs UTC

നാളിതുവരെ കണ്ടതില്‍ വെച്ച്‌ ഏറ്റവും ഭയാനകവും ഭീകരവുമായിരിന്നു കേരളത്തില്‍ നാശം വിതച്ച മഹാപ്രളയം. എന്നാല്‍ പ്രളയം സാക്ഷ്യം വഹിച്ചത് അസാധാരണ മനുഷ്യത്വത്തിനും പരസ്പര സ്‌നേഹത്തിനും കൂടിയാണ്. ദുരന്ത മുഖത്ത് ജാതിയും മതവുമെല്ലാം മാറ്റി വെച്ചു ആപത്തിലും ദുരിതത്തിലും ഒരേ മനസോടെ ഓരോരുത്തരും പ്രയത്‌നിച്ചു. ഈ സമയത്ത് പ്രളയം കനത്ത നാശം വിതച്ച സ്ഥലങ്ങളില്‍ പെടുന്ന തൃശൂരില്‍ കലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ മുണ്ടും മടക്കിക്കുത്തി ഏറ്റവും മുന്നില്‍ ചാടിയേനെയെന്ന് സംവിധായകന്‍ വിനയന്‍.

തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് മണിയെ അനുസ്മരിച്ചുള്ള വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. അപ്രതീക്ഷിതമായി എത്തിയ പ്രളയം മറ്റു പലടത്തുമെന്ന പോലെ ചാലക്കുടിയെയും ദുരന്തക്കടലാക്കിയതും അവിടെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും കണ്ടപ്പോള്‍ ഞാന്‍ അറിയാതെ മണിയേ ഓര്‍ത്തു പോയി. ആരെയും അതിശയിപ്പിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളുമായി മുന്‍ നിരയില്‍ മുണ്ടും മടക്കിക്കുത്തി മണി കണ്ടേനെ എന്നാണ് വിനയന്റെ വാക്കുകള്‍.

കേരളം വന്‍ പ്രളയത്തിന്റെ ദുരന്തം അനുഭവിച്ചപ്പോള്‍ എല്ലാവരുടേയും പ്രത്യേകിച്ച്‌ ചാലക്കുടിക്കാരുടെ മനസ്സുകളിലേയ്ക്ക് ഒടിയെത്തിയ ഒരു മുഖമുണ്ടായിരുന്നു. അത് വേറെ ആരുടേയുമല്ല മലയാളികളുടെ പ്രിയപ്പെട്ട മണിച്ചേട്ടന്റേതായിരുന്നെന്നും വിനയന്‍ പറയുന്നു. ചാലക്കുടി എന്നാല്‍ എല്ലാവര്‍ക്കും മണിയുടെ നാടാണ്.

വിനയന്റെ പോസ്റ്റ് ഇങ്ങിനെ.

"ഒരു നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട ഏറ്റവും വലിയ മഹാപ്രളയത്തെ നമ്മള്‍ അതിജീവിച്ചത് സ്നേഹം കൊണ്ടും ഒരുമ കൊണ്ടുമാണ്.. അപ്രതീക്ഷിതമായി എത്തിയ പ്രളയം മറ്റു പലടത്തുമെന്ന പോലെ ചാലക്കുടിയെയും ദുരന്തക്കടലാക്കിയതും അവിടെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും കണ്ടപ്പോള്‍ ഞാന്‍ അറിയാതെ മണിയേ ഓര്‍ത്തുപോയി..ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയില്‍ മുണ്ടും മടക്കിക്കുത്തി മണി കണ്ടേനെ.. ആരെയും അതിശയിപ്പിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളുമായി...
കലാഭവന്‍ മണിയുടെ കഥ പറയുന്ന 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യുടെ ടീം മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നീങ്ങിയതിനാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിലച്ചിരുന്നു.. അവസാന ജോലികള്‍ പൂര്‍ത്തിയാക്കി ചിത്രം സെപ്തംബര്‍ അവസാന വാരം റിലീസ് ചെയ്യുകയാണ്..
ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ സോംഗ് ആഗസ്റ്റ് 30നു വൈകിട്ടു റിലീസു ചെയ്യുന്നു.
'ചാലക്കുടി ചന്തക്കു പോകുമ്ബോള്‍ ചന്ദന ചോപ്പുള്ള മീന്‍കാരി പെണ്ണിനെ കണ്ടേ ഞാന്‍'
മണിയുടെ ഏറ്റവും ഹിറ്റായ ഈ പാട്ടിന്റെ പുനരാവിഷ്‌കാരത്തില്‍ നിങ്ങളേ സന്തോഷിപ്പിക്കുന്ന ചില പ്രത്യേകതകളുണ്ട്.. അതു പിന്നാലെ പറയാം..
പാട്ടുകേള്‍ക്കാനും കാണാനും കാത്തിരിക്കുമല്ലോ? "

ചാലക്കുടിയെയും മുക്കിക്കളഞ്ഞ പ്രളയത്തില്‍ കലാഭവന്‍ മണിയുടെ വീട്ടിലും വെള്ള കയറിയിരുന്നു. ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും ഭക്ഷണവും വെള്ളവുമില്ലാതെ മൂന്ന് ദിവസം സണ്‍ ഷെയ്ഡില്‍ കഴിയേണ്ടിയും വന്നിരുന്നു. ആദ്യ ദിവസം റോഡില്‍ ഒട്ടും തന്നെ വെളളമില്ലായിരുന്നെന്നും രാത്രിയോടെ വീട്ടിനുളളിലേയ്ക്ക് വെള്ളം കയറാന്‍ തുടങ്ങിയെന്നും നിമ്മി പറഞ്ഞു. അത്യാവശ്യ സാധനം മാത്രം കയ്യില്‍ കരുതി വീടിന്റെ മുകളിലേയ്ക്ക് കയറിയ ഇവര്‍ക്ക് ഇറങ്ങാനായില്ല. രണ്ടാം നിലയിലും വെള്ളം കയറിയതോടെ ടെറസിലേക്ക് മാറി. സണ്‍ ഷെയ്ഡില്‍ കഴിഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ബോട്ടുമാര്‍ഗ്ഗം താഴെ എത്തുകയായിരുന്നെന്ന് നിമ്മി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.