You are Here : Home / വെളളിത്തിര

അമ്മയുടെ നീക്കത്തിന് കടുത്ത തിരിച്ചടി

Text Size  

Story Dated: Saturday, August 04, 2018 02:34 hrs UTC

ലൈംഗികാക്രമണത്തെ അതിജീവിച്ച നടിയുടെ കേസില്‍ കക്ഷിചേരാനുള്ള താരസംഘടനയായ അമ്മയുടെ നീക്കത്തിന് കോടതിയിലേറ്റത് കടുത്ത തിരിച്ചടി. കേസില്‍ അമ്മയ്ക്ക് വേണ്ടി കക്ഷിചേര്‍ന്ന നടിമാരായ രചനാ നാരായണന്‍ കുട്ടിയുടേയും ഹണി റോസിന്റേയും എല്ലാ വാദങ്ങളും പ്രോസിക്യൂഷനും നടിയുടെ അഭിഭാഷകനും ചേര്‍ന്ന് ശക്തമായി പ്രതിരോധിച്ചെന്നാണ് പുറത്തു വന്ന കോടതി നടപടികളുടെ വിശദാംശങ്ങളില്‍ നിന്നും വ്യക്തമാക്കുന്നത്.

വനിത ജഡ്ജി വേണമെന്നും പ്രത്യേക കോടതി അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഇതില്‍ കക്ഷി ചേരുന്നതിനാണ് അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ രചനാ നാരായണന്‍കുട്ടിയും ഹണി റോസും സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്.

നടിയെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് കാണിച്ചാണ് രചനയും ഹണി റോസും ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ഹര്‍ജി അനുവദിക്കരുതെന്നും താന്‍ 'AMMA' സംഘടനയില്‍ അംഗമല്ലെന്നും ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ അറിയിച്ചു. സ്വന്തമായി കേസ് നടത്താന്‍ പ്രാപ്തിയുണ്ടെന്ന് നടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹര്‍ജി അനുവദിക്കരുതെന്ന് സര്‍ക്കാരിന്‍റെ അഭിഭാഷകനും ആവശ്യപ്പെട്ടു.

25 വ‍ര്‍ഷമെങ്കിലും പരിചയമുളള അഭിഭാഷകനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് രചനയും ഹണി റോസും ആവശ്യപ്പെട്ടിരുന്നു. തന്നോട് ആലോചിച്ചതിന് ശേഷം 32 വര്‍ഷം പരിചയസമ്ബത്തുള്ള അഭിഭാഷകനെയാണ് സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയോഗിച്ചതെന്ന് നടി അറിയിച്ചു. ഇക്കാര്യത്തില്‍ തനിക്ക് പരാതിയില്ല. കേസ് നടത്താന്‍ തനിക്ക് സ‍ര്‍ക്കാരിന്‍റെ സഹായം മതി. മറ്റാരുടെയും സഹായം വേണ്ട. 'ഒന്നുമറിയാത്തതുകൊണ്ടോ കൂടുതല്‍ അറിയുന്നതുകൊണ്ടോ' ആകാം 32 വ‍ര്‍ഷം പരിചയമുള്ള അഭിഭാഷകനുള്ളപ്പോള്‍ 25 വര്‍ഷം പരിചയമുള്ള അഭിഭാഷകനെ ആവശ്യപ്പെടുന്നതെന്നും നടിയുടെ അഭിഭാഷകന്‍ പരിഹസിച്ചു.

കൂടുതല്‍ ആളുകള്‍ തളളിക്കയറിയാല്‍ സിനിമ ഹിറ്റാകും, എന്നാല്‍ കോടതികളിലെ കേസുകളിലേക്ക് ആളുകള്‍ ഇരച്ചുകയറുന്നത് തുടര്‍നടപടികളെത്തന്നെ തകര്‍ക്കുമെന്ന് സര്‍ക്കാരും അറിയിച്ചു. അമ്മ അംഗങ്ങള്‍ക്ക് എന്താണ് പ്രത്യേക താല്‍പര്യമെന്ന് ഈ ഘട്ടത്തില്‍ കോടതി ആരാഞ്ഞു. തുറന്നുകാട്ടാന്‍ മറ്റൊരുപാട് കാര്യങ്ങളുണ്ടല്ലോ എന്നും കോടതി ചോദിച്ചു. വിചാരണ തൃശൂരിലേക്ക് മാറ്റണമെന്നും വനിതാ ജ‍ഡ്ജി വേണമെന്നും ആവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജി വരുന്ന 17ന് വീണ്ടും പരിഗണിക്കും. ഇതിനിടെ നടിയെ ഉപദ്രവിച്ച കേസിലുള്ള അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി 16ലേക്ക് മാറ്റിവച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.