You are Here : Home / വെളളിത്തിര

മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടി സിനിമയിലേക്ക്

Text Size  

Story Dated: Wednesday, July 25, 2018 02:48 hrs UTC

പാലാരിവട്ടം തമ്മനം ജങ്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടി സിനിമയിലേക്ക്. അരുണ്‍ഗോപിയുടെ രണ്ടാമത്തെ ചിത്രത്തിലാകും ഈ കുട്ടി അഭിനയിക്കുക. ഹനാന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ ദുരിത ജീവിതം മാധ്യമ വാര്‍ത്തകളിലൂടെ അറിഞ്ഞ സംവിധായകന്‍ അരുണ്‍ ഗോപി ഹനക്ക് തന്റെ രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നല്ലൊരു വേഷം നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു.
 
മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആണ് നായകന്‍. ചിത്രത്തില്‍ ഹനയുടെ സാമ്ബത്തിക പരാധീനതകള്‍ക്ക് ആശ്വാസമേകാനുതകുന്ന വേതനവും ഉറപ്പുവരുത്തുമെന്നും അരുണ്‍ ഗോപി പറഞ്ഞു.ഹനാന്‍ നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവന്‍ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. അങ്ങനെയുള്ള ഒരു പെണ്‍കുട്ടിക്ക് തന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന സഹായം ചെയ്യണമെന്നുണ്ടെന്നും അരുണ്‍ ഗോപി പറഞ്ഞു.
 
ഹനാന്‍റെ ജീവിത കഥ ഇങ്ങനെ
 
കൊച്ചി പാലാരിവട്ടം തമ്മനം ജങ്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളേജ് യൂണിഫോമില്‍ ഹനാന്‍ മീന്‍ വില്‍ക്കുന്നത് കാണാം.
 
 
പുലര്‍ച്ചെ മൂന്നുമണിക്ക് ഹനാന്റെ ഒരുദിവസം തുടങ്ങുന്നു. ഒരു മണിക്കൂര്‍ പഠനം. തുടര്‍ന്ന് കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി ചമ്ബക്കര മീന്‍ മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി തമ്മനത്തേക്ക്. മീന്‍ അവിടെ ഇറക്കിവെച്ച്‌ താമസസ്ഥലത്തേക്ക് മടങ്ങും. പിന്നീട് കോളേജ് പോകാനുള്ള തിരക്കാണ്.
 
7.10 ആകുമ്ബോള്‍ ഹനാന്‍ കോളേജിലേക്ക് ഇറങ്ങും. 60 കിലോമീറ്റര്‍ താണ്ടി വേണം കോളേജിലെത്താന്‍. തൊടുപുഴയിലെ അല്‍ അസര്‍ കോളേജിലാണ് ഹനാന്‍ പഠിക്കുന്നത്. 9.30-ന് അവിടെ മൂന്നാംവര്‍ഷ രസതന്ത്ര ക്ലാസില്‍ അവള്‍ ഹാജരായിരിക്കും. മാടവനയില്‍ വാടകവീട്ടിലാണ് ഹനാന്റെ താമസം.
 
 
മൂന്നരയ്ക്ക് കോളേജ് വിടും. വീണ്ടും ഓട്ടം തുടങ്ങും. സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കാനോ സംസാരിച്ചിരിക്കാനോ ഹനാനയ്ക്ക് സമയമില്ല. തമ്മനത്ത് എത്തിയാല്‍ രാവിലെ എടുത്തുവെച്ച മീന്‍പെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീന്‍ അരമണിക്കൂറില്‍ തീരും. സാമ്ബത്തിക ബുദ്ധിമുട്ട് കാരണം പ്ലസ്ടു പഠനം മുടങ്ങിയിരുന്നു. ഡോക്ടറാകണമെന്നാണ് ഹനാനയുടെ ആഗ്രഹം.
 
എറണാകുളത്തെത്തി കോള്‍ സെന്ററിലും ഓഫീസിലും ഒരു വര്‍ഷം ജോലിചെയ്തു. കോളേജ് പഠനത്തിന് അങ്ങനെ പണം കണ്ടെത്തി. ഇതിനിടെ, ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളേജ് അധികൃതരുടെ ആശുപത്രിയായതിനാല്‍ ചികിത്സയ്ക്ക് പണം വേണ്ടിവന്നില്ല. ഇതിനിടയിലാണ് അച്ഛനും അമ്മയും വേര്‍പിരിഞ്ഞത്.
അമ്മ മാനസികമായി തകര്‍ന്നു. സഹോദരന്‍ പ്ലസ് ടുവിന് പഠിക്കുന്നു. 10 മുതല്‍ പ്ലസ് ടു വരെയുള്ള കാലം വീടുകള്‍തോറും കയറിയിറങ്ങി ട്യൂഷന്‍ എടുത്തും മുത്തുമാല കോര്‍ത്തു വിറ്റുമാണ് ഹനാന്‍ പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്. ഒരുമാസം മീന്‍ വില്‍പ്പനയ്ക്ക് രണ്ടുപേര്‍ സഹായത്തിനായി ഉണ്ടായിരുന്നു.
 
 
സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളര്‍ത്തിയപ്പോള്‍ കച്ചവടം ഒറ്റയ്ക്കായി. ഹനാന്‍ നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവന്‍ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. കോളേജ് ഫീസും വീട്ടുവാടകയും തൃശ്ശൂരില്‍ കഴിയുന്ന അമ്മയുടെ ആവശ്യങ്ങള്‍ക്കുള്ള ചെലവുമെല്ലാമാകുമ്ബോള്‍ നല്ല തുകയാകും. അതിനുവേണ്ടിയുള്ള നെട്ടോട്ടത്തിലാണ് ഹനാന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.