You are Here : Home / വെളളിത്തിര

മോഹൻലാലിനെതിരെ ഭീമൻ ഹർജി

Text Size  

Story Dated: Monday, July 23, 2018 02:28 hrs UTC

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യം ശക്തമാകുന്നു. ചലച്ചിത്ര പ്രവര്‍ത്തകരടക്കം 107 പേര്‍ ഒപ്പിട്ട ഭീമഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കി. സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ നേരിട്ടാണ് മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചത്. എന്നാല്‍, ലാലിനെ വിശിഷ്ടാതിഥിയായി പങ്കെടുപ്പിച്ചാല്‍ അത് അവാര്‍ഡിന്റെ ശോഭ കെടുത്തുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. സാംസ്‌കാരിക മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്ന ലളിതവും അന്തസ്സുറ്റതുമായ ഒരു ചടങ്ങായിരിക്കണം ഇത്. 
പ്രകാശ് രാജ്, എന്‍.എസ്. മാധവന്‍, സച്ചിദാനന്ദന്‍, സേതു, രാജീവ് രവി, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ബീന പോള്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, പ്രിയനന്ദനന്‍, പ്രകാശ് ബാരെ, സജിതാ മഠത്തില്‍ തുടങ്ങിയവരാണു ഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്നത്. പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെയാണ് ആദ്യം രംഗത്തെത്തിയത്.

ഈ ചടങ്ങില്‍ മുഖ്യ മന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുന്നത് കൂടിയാണെന്നും നിവേദനത്തില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ താരസംഘടനയായ അമ്മ യിലേക്കു തിരിച്ചെടുത്തതിലെ പ്രതിഷേധമാണു മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യത്തിനു പിന്നില്‍. ദിലീപിനെ തിരിച്ചെടുത്തതിനെ അനുകൂലിക്കുന്ന മോഹന്‍ലാലിനെ ഇടതു സര്‍ക്കാര്‍ മുഖ്യാതിഥിയാക്കുന്നതു സംവിധായകനും ജൂറി അംഗവുമായ ഡോ. ബിജു ചോദ്യം ചെയ്തിരുന്നു. ചടങ്ങിന്റെ ഗ്ലാമര്‍ കൂട്ടാന്‍ സൂപ്പര്‍താരം വേണമെന്ന നിലപാടു ശരിയല്ല. അങ്ങനെയെങ്കില്‍ ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്നും ഡോ. ബിജു വ്യക്തമാക്കിയിരുന്നു. 
അവാര്‍ഡ് നേടിയവര്‍ക്കും അതു നല്‍കുന്ന മുഖ്യമന്ത്രിക്കുമായിരിക്കണം പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ പ്രാധാന്യമെന്നു ചലച്ചിത്ര നിരൂപകന്‍ വി.കെ. ജോസഫ് പറഞ്ഞു. സര്‍ക്കാര്‍ നിലപാടില്‍ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്കും അതൃപ്തിയുണ്ട്. നടിക്കൊപ്പം എന്നു പറയുമ്ബോഴും ദിലീപിന് അനുകൂലമായി സംസാരിക്കുന്ന ഇടത് എംഎല്‍എമാരെ സിപിഎം പൂര്‍ണമായും തള്ളിയിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.