You are Here : Home / വെളളിത്തിര

തിയേറ്റർ പീഡനം;രൂക്ഷമായ പ്രതികരണവുമായി ജോയ് മാത്യു.

Text Size  

Story Dated: Tuesday, June 05, 2018 03:13 hrs UTC

എടപ്പാളില്‍ തിയ്യറ്ററില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പ്രതിയെ അറസ്‌റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും ഒരനക്കവും ഇല്ലാതെ വന്നപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയതും, കേരളം നാണം കേട്ടതും. അരിഭക്ഷണം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും ഇതില്‍ തിയറ്റര്‍ ഉടമ ചെയ്ത കൊടും പാതകം എന്താണെന്ന്. നാട്ടില്‍ നടക്കുന്ന എല്ലാ മരണങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും മുഖ്യമന്ത്രിയെ പഴിപറയുന്നത് ശരിയല്ല. കഴിഞ്ഞവര്‍ഷം അന്‍പതിലധികം പേര്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ മുങ്ങി മരിച്ചിട്ടുണ്ട്. നിപ്പോ വൈറസ് കാരണം നിരവധി പേര്‍ മരിച്ചു. വാഹനാപകടങ്ങളില്‍ നിരവധി പേര്‍ ദിവസവും മരിക്കുന്നു, ദുരഭിമാനത്തിന്റെ പേരില്‍ ഒരച്ഛന്‍ മകളെ കുത്തിക്കൊന്നത് പോലും മുഖ്യമന്ത്രിയുടെ പിടിപ്പുകേട് കൊണ്ടാണെന്ന് ആരും പറയില്ല, ആരും അതിനൊന്നും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നുമില്ല. എന്നാല്‍ താന്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന് സംഭവിക്കുന്ന അക്ഷന്തവ്യമായ തെറ്റുകള്‍ സമൂഹത്തിനു നല്കുന്ന സന്ദേശം എത്ര അപകടം നിറഞ്ഞതാണെന്ന് താങ്കള്‍ മനസ്സിലാക്കണംസ്ത്രീ സുരക്ഷയെപ്പറ്റി വാതോരാതെ സംസാരിച്ചാല്‍പ്പോര അവര്‍ക്ക് നിര്‍ഭയമായി ജീവിക്കാനുള്ള അവസരം ഒരുക്കുകകൂടി ചെയ്യണം. അപ്പോള്‍ മാത്രമേ ഭരണകര്‍ത്താവ് ഇരിക്കുന്ന കസേരക്ക് ജനങ്ങള്‍ വിലകല്‍പ്പിക്കൂ. സതീശനെപ്പോലുള്ളവരെ പത്ത് പന്ത്രണ്ട് പ്രാവശ്യം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയുമൊക്കെ ചെയ്യുന്നതിലൂടെ താങ്കളുടെ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം എന്താണ്? മേലാല്‍ ആരും കുട്ടികളോടുള്ള ലൈംഗികാതിക്രമം ചൈല്‍ഡ് ലൈനില്‍ അറിയിക്കരുതെന്നോ? അഥവാ അറിയിച്ചാല്‍ത്തന്നെ സതീശന്റെ അവസ്ഥ നേരിടേണ്ടി വരുമെന്നോ?- ജോയ് മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജോയ് മാത്യുവിന്റെ ഫെയ്​സ്ബുക്ക് പോസ്റ്റ് വായിക്കാം

വിപല്‍ സന്ദേശങ്ങള്‍

എടപ്പാളിലെ തിയറ്റര്‍ ഉടമ സതീഷിനെ പോലീസ് അറസ്‌റ് ചെയ്തത് എന്തിനായിരുന്നു? തന്റെ തിയറ്ററില്‍ വെച്ച്‌ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അവളുടെ അമ്മയുടെ ഒത്താശയോടെ ഒരു മധ്യവയസ്‌കന്‍ പീഡിപ്പിക്കുന്നതിന്റെ ക്യാമാറ ദൃശ്യങ്ങള്‍ പോലീസിനെ അറിയിക്കാതെ നേരിട്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചതിന്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പ്രതിയെ അറസ്‌റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും ഒരനക്കവും ഇല്ലാതെ വന്നപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയതും, കേരളം നാണം കേട്ടതും. അരിഭക്ഷണം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും ഇതില്‍ തിയറ്റര്‍ ഉടമ ചെയ്ത കൊടും പാതകം എന്താണെന്ന്. കേന്ദ്ര വനിതാശിശു ക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു എന്നതാണോ? (24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ടോള്‍ഫ്രീ നമ്ബറിലേക്ക് വിളിക്കുവാനുള്ള പരസ്യം കേരള ഗവര്‍മെന്റ് തന്നെയാണ് നല്കുന്നതെന്നോര്‍ക്കുക). കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ പോക്‌സോ 19 (7) നിയമപ്രകാരം വിവരം നല്‍കുന്ന വ്യക്തിക്ക് സംരക്ഷണം നല്‍കേണ്ടതിനു പകരം, പീഡന വിവരം ബന്ധപ്പെട്ടവരെ അറിയിച്ചതിനു തിയറ്റര്‍ ഉടമയെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യുക ! (ജനരോഷം ഉയര്‍ന്നപ്പോള്‍ ഗത്യന്തരമില്ലാതെ ജാമ്യം കൊടുക്കേണ്ടിവന്നത് മറ്റൊരു നാണക്കേട്) എന്നാല്‍ കുറ്റകൃത്യം യഥാസമയം അറിയിച്ചിട്ടും മനഃപൂര്‍വ്വം കേസെടുക്കാതിരുന്ന പോലീസിനോ മിക്കവാറും മികച്ച സേവനത്തിനുള്ള തങ്കപ്പതക്കത്തിന് സാധ്യത (പതക്കം ആരാണ് കൊടുക്കുക എന്നതും നാട്ടുകാര്‍ക്കറിയാം)

നാട്ടില്‍ നടക്കുന്ന എല്ലാ മരണങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും മുഖ്യമന്ത്രിയെ പഴിപറയുന്നത് ശരിയല്ല. കഴിഞ്ഞവര്‍ഷം അന്‍പതിലധികം പേര്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ മുങ്ങി മരിച്ചിട്ടുണ്ട്. നിപ്പോ വൈറസ് കാരണം നിരവധി പേര്‍ മരിച്ചു. വാഹനാപകടങ്ങളില്‍ നിരവധി പേര്‍ ദിവസവും മരിക്കുന്നു, ദുരഭിമാനത്തിന്റെ പേരില്‍ ഒരച്ഛന്‍ മകളെ കുത്തിക്കൊന്നത് പോലും മുഖ്യമന്ത്രിയുടെ പിടിപ്പുകേട് കൊണ്ടാണെന്ന് ആരും പറയില്ല, ആരും അതിനൊന്നും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നുമില്ല. എന്നാല്‍ താന്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന് സംഭവിക്കുന്ന അക്ഷന്തവ്യമായ തെറ്റുകള്‍ സമൂഹത്തിനു നല്കുന്ന സന്ദേശം എത്ര അപകടം നിറഞ്ഞതാണെന്ന് താങ്കള്‍ മനസ്സിലാക്കണം. വനിതാ കമ്മീഷന്‍ അധ്യക്ഷയും സി പി എം നേതാവുമായ ശ്രീമതി ജോസഫൈന്‍ സംഭവം അറിഞ്ഞയുടെനെ സ്ഥലം സന്ദര്‍ശിക്കുകയും സംഭവം കൃത്യസമയത്ത് ബന്ധപ്പെട്ടവരെ അറിയിച്ച തിയറ്റര്‍ ഉടമയെ അഭനന്ദിക്കുകയും ചെയ്തും നമ്മളൊക്കെ കണ്ടതാണ്. അവര്‍ മാത്രമല്ല കേരളത്തിലെ അരിയാഹാരം കഴിക്കുന്ന എല്ലാവരും ഒരേ സ്വരത്തിലാണ് സതീശനെ അഭിനന്ദിച്ചത്.
അതേ സതീശനെ പീഡനക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്യുന്നതിലൂടെ താങ്കള്‍ കൈകാര്യം ചെയ്യുന്ന വകുപ്പ് സമൂഹത്തിനു നല്‍കുന്ന സന്ദേശം എന്താണ്?

മേലാല്‍ ആരെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കാന്‍ മുതിര്‍ന്നാല്‍ അവരെ കേരളാ പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത് അകത്തിടുമെന്നല്ലേ? അതിനൊക്കെയുള്ള വകുപ്പുകള്‍ കണ്ടെത്തുന്നതിലും ചാര്‍ത്തിക്കൊടുക്കുന്നതിലുമുള്ള വൈഭവത്തിന്റെ കാര്യത്തില്‍ ഗവര്‍മെന്റിന്റെ നിയമോപദേശകരെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. സ്ത്രീ സുരക്ഷയെപ്പറ്റി വാതോരാതെ സംസാരിച്ചാല്‍പ്പോര അവര്‍ക്ക് നിര്‍ഭയമായി ജീവിക്കാനുള്ള അവസരം ഒരുക്കുകകൂടി ചെയ്യണം. അപ്പോള്‍ മാത്രമേ ഭരണകര്‍ത്താവ് ഇരിക്കുന്ന കസേരക്ക് ജനങ്ങള്‍ വിലകല്‍പ്പിക്കൂ. സതീശനെപ്പോലുള്ളവരെ പത്ത് പന്ത്രണ്ട് പ്രാവശ്യം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയുമൊക്കെ ചെയ്യുന്നതിലൂടെ താങ്കളുടെ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം എന്താണ്? മേലാല്‍ ആരും കുട്ടികളോടുള്ള ലൈംഗികാതിക്രമം ചൈല്‍ഡ് ലൈനില്‍ അറിയിക്കരുതെന്നോ? അഥവാ അറിയിച്ചാല്‍ത്തന്നെ സതീശന്റെ അവസ്ഥ നേരിടേണ്ടി വരുമെന്നോ?
ഏതായാലും ശ്രീമതി ജോസഫൈനെപ്പോലുള്ളവരും താങ്കളുടെ കൂട്ടത്തിലുണ്ടല്ലോ എന്നത് വലിയൊരു ആശ്വാസം തന്നെയാണ്. എടപ്പാളിലെ തിയറ്റര്‍ ഉടമ സതീശന്‍ ഇന്ന് കേരളത്തിന്റെ ധര്‍മ്മബോധത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്, അത് മറക്കണ്ട.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.