You are Here : Home / വെളളിത്തിര

സൽമാനെ വാനോളം പുകഴ്ത്തി സ്വേതാ മേനോൻ

Text Size  

Story Dated: Sunday, April 08, 2018 02:44 hrs UTC

ബാന്ദ്ര ഘാറിലെ വീട്ടില്‍ താമസിക്കുമ്ബോള്‍ എനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നു. ഉറക്കക്കുറവും ചിട്ടയില്ലാത്ത ഭക്ഷണരീതിയുമൊക്കെയാണ് പ്രശ്‌നമായത്. ഒരു ദിവസം എനിക്ക് കലശലായ പനി പിടിച്ചു. അന്നെന്നെ സഹായിച്ചത് ഫാഷന്‍ ഡിസൈനര്‍ വിക്രം ഫട്‌നസാണ്. വിക്രമിന്റെ അച്ഛനും അമ്മയും ഡോക്ടര്‍മാരായിരുന്നു. ബാന്ദ്ര ലിങ്ക് റോഡില്‍ ആയിരുന്നു അവരുടെ വീട്. പനിപിടിച്ച്‌ കിടന്ന എന്നെ വിക്രം അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. വിക്രമിന്റെ അമ്മ എന്നെ പരിശോധിച്ചിട്ടു പറഞ്ഞു, 'ജീവിതശൈലിയില്‍ വന്ന മാറ്റമാണ് ശ്വേതയെ രോഗിയാക്കിയത്. ഇനി ആ വാടകവീട്ടില്‍ കഴിയേണ്ട. ശ്വേത ഇവിടെ ഞങ്ങള്‍ക്കൊപ്പം താമസിച്ചോളൂ'. അങ്ങനെ അവര്‍ക്കൊപ്പമായി താമസം.

വിക്രം വഴിയാണ് ബാന്ദ്ര ഗ്യാങ്ങുമായി ഞാന്‍ അടുക്കുന്നത്. ഗ്യാങ്ങിലെ അംഗങ്ങള്‍ സ്ഥിരമായി സമ്മേളിക്കുന്ന ഒരു പാര്‍ക്കുണ്ട്, ജോഗേഴ്‌സ് പാര്‍ക്ക്. മോഡലുകളും സിനിമാക്കാരുമൊക്കെ പാര്‍ക്കില്‍ ജോഗിങ്ങിന് വരും. അക്കൂട്ടത്തില്‍ സല്‍മാന്‍, സൊഹൈല്‍ ഇവരൊക്കെ വരാറുണ്ട്. സല്‍മാന്‍ വളരെ പെട്ടെന്നു തന്നെ എന്റെ നല്ല സുഹൃത്തുക്കളിലൊരാളായി. ഹോട്ട് ഗൈ. നല്ലൊരു ഫ്‌ളേര്‍ട്ട്. കറുപ്പിനെ കറുപ്പായും വെളുപ്പിനെ വെളുപ്പായും മാത്രം കാണുന്നയാള്‍. പക്ഷേ, ഒരു കുഴപ്പമുണ്ട്, മൂക്കത്താണ് ശുണ്ഠി. 'ദോസ്‌തോം കാ ദോസ്ത്, ദുശ്മനോം കാ ദുശ്മന്‍' അതാണ് സല്‍മാന്‍. ഒരു പക്ഷേ, ഹിന്ദി സിനിമാലോകത്ത് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം. സ്‌നേഹിക്കുന്നവര്‍ക്ക് കരള്‍ പറിച്ചു കൊടുക്കാന്‍ മടി കാണിക്കാറില്ല സല്‍മാന്‍. എന്നിട്ടും ഷോര്‍ട്ട് ടെംപേര്‍ഡ് ആണെന്ന ഒറ്റക്കാരണത്താല്‍ പലര്‍ക്കും അദ്ദേഹം സ്‌നേഹമില്ലാത്തനും കഠിനഹൃദയനുമൊക്കെയായി.

'ബന്ധ'നിലാണ് ഞാന്‍ സല്‍മാനൊപ്പം അഭിനയിക്കുന്നത്. അതൊരു വലിയ ഹിറ്റായിരുന്നു. വിക്രമിനൊപ്പം ഞാന്‍ പോകുന്ന പല പാര്‍ട്ടികളിലും സല്‍മാനും ഉണ്ടാകും. ഞാനോര്‍ക്കുന്നു, സാധാരണ മദ്യം കഴിക്കാത്ത ഞാന്‍ ഒരു പാര്‍ട്ടിയില്‍ വൈന്‍ കഴിച്ചു. തലചുറ്റി വീണ എന്നെ പൊക്കിയെടുത്ത് വീട്ടില്‍ എത്തിച്ചത് സല്‍മാനാണ്. മറ്റൊരിക്കല്‍ ഒരു പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ എന്റെ ദേഹത്ത് മദ്യം തെറിപ്പിച്ച ചെറുപ്പക്കാരനെ സല്‍മാന്‍ ഇടിക്കാനായി എണീറ്റു.'പോട്ടെ, പ്രശ്‌നമാക്കേണ്ട'എന്നു പറഞ്ഞ് ഞാന്‍ സല്‍മാനെ സമാധാനിപ്പിച്ചു നിര്‍ത്തുകയായിരുന്നു.

ഒരിക്കല്‍ അമ്മയ്ക്ക് അസുഖമാണെന്ന് അറിഞ്ഞ് ഞാന്‍ കോഴിക്കോട്ടേയ്ക്ക് മടങ്ങി. അന്ന് എന്റെ കൂടെ മുംബൈയില്‍ നിന്ന് സല്‍മാനും വന്നിട്ടുണ്ട് എന്നാണ് മാധ്യമങ്ങള്‍ എഴുതിയത്. അത് സത്യമായിരുന്നില്ല. ആ സമയം സല്‍മാന്‍ സോമി അലിയുമായി പ്രണയത്തിലായിരുന്നു. തെറ്റായ വാര്‍ത്ത വന്നത് സല്‍മാനുമായുള്ള സൗഹൃദത്തെ ബാധിക്കുമോ എന്നു ഞാന്‍ പേടിച്ചു. ഇത്തരം ആശങ്കകളോടെയാണ് പിന്നീട് ഞാന്‍ സല്‍മാനെ അഭിമുഖീകരിച്ചത്. പക്ഷേ, വളരെ കൂളായാണ് അദ്ദേഹം ആ സിറ്റ്വേഷനെ സമീപിച്ചത്. സോമിയെ ഫോണില്‍ വിളിച്ച്‌ എനിക്കു തന്നു. ഞാന്‍ സോമിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. 'ഞാനതൊന്നും കാര്യമാക്കിയിട്ടില്ല', എന്നായിരുന്നു സോമിയുടെ മറുപടി. അന്ന് സല്‍മാന്‍ തന്ന ഉപദേശം ഞാനോര്‍ക്കുന്നു, 'നമ്മുടെ ജീവിതത്തില്‍ക്കയറി അന്യന്‍മാര്‍ സംസാരിക്കാന്‍ വന്നാല്‍, കരയുകയല്ല, പോടാ പുല്ലേ എന്നു പറയുകയാണ് വേണ്ടത്'.

എന്നെ 'മദ്രാസി അമ്മ' എന്നാണ് സല്‍മാന്‍ വിളിച്ചിരുന്നത്. 'ബോയ്ഫ്രന്‍ഡ്‌സിനോടുള്ള ശ്വേതയുടെ കെയറിങ്ങ് കണ്ടാല്‍ അമ്മ എന്നു വിളിക്കാന്‍ തോന്നും', സല്‍മാന്‍ പറയും. എന്നാല്‍ ഈ സ്വഭാവം അദ്ദേഹത്തിന്റെ പ്രണയജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കി. ഓരോരോ കാലത്ത് ഓരോരോ പ്രണയങ്ങള്‍ സല്‍മാനുണ്ടായിട്ടുണ്ട്. പക്ഷേ ഒന്നും വിവാഹത്തിലെത്തിയില്ല. അതിന്റെ കാരണമായി എനിക്കു തോന്നിയിട്ടുള്ളത്, സല്‍മാന്‍ ആരെയെങ്കിലും പ്രേമിച്ചാല്‍ നാലഞ്ചു മാസം അവര്‍ കാമുകിയായിരിക്കും, പിന്നെ കാമുകിയില്‍ അമ്മയെ തിരയാന്‍ തുടങ്ങും. ഞാനിതു പറഞ്ഞ് പലവട്ടം കളിയാക്കിയിട്ടുണ്ട്. എന്നിട്ടും സല്‍മാന് മനസ്സിലായില്ല. ഓരോ പ്രണയത്തകര്‍ച്ചയും സല്‍മാന് വലിയ ആഘാതമായിരുന്നു, അദ്ദേഹമത് പുറത്ത് കാണിച്ചിരുന്നില്ല എങ്കില്‍ പോലും. സംഗീത ബിജിലാനി അസ്ഹറുദ്ദീനെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചതറിഞ്ഞ് കരഞ്ഞ സല്‍മാനെ ഞാനിന്നും മറന്നിട്ടില്ല. സംഗീതയാണ് സല്‍മാനെ അല്പമെങ്കിലും മനസ്സിലാക്കിയ കാമുകി എന്ന് ഞങ്ങളെല്ലാം കരുതിയിരിക്കുമ്ബോഴായിരുന്നു ആ ബന്ധം തകരുന്നതും സംഗീത അസ്ഹറിനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതും. 'നോട്ടി ബോയ്' എന്നാണ് സല്‍മാനെ എല്ലാവരും വിളിക്കാറ്. അതു ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. പക്ഷേ, കുസൃതിക്കപ്പുറം നല്ലൊരു മനുഷ്യസ്‌നേഹി കൂടിയാണ് അദ്ദേഹം.

മധു കെ. മേനോന്‍ തയ്യാറാക്കിയ ശ്വേതാ മേനോന്റെ അനുഭവക്കുറിപ്പില്‍ നിന്ന്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.