You are Here : Home / വെളളിത്തിര

നവ്യയുടെ ഡാന്‍സിന് പ്രതിഫലം എട്ടുലക്ഷം

Text Size  

Story Dated: Monday, September 21, 2015 07:47 hrs UTC

കേരളത്തില്‍ നൃത്തത്തിന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നത് മഞ്ജുവാര്യരായിരുന്നു. എന്നാല്‍ നവ്യാനായരിപ്പോള്‍ അതിനെയും കടത്തിവെട്ടിയിരിക്കുയാണ്. തന്റെ നൃത്തപരീക്ഷണമായ 'ശിവോഹ'ത്തിന് പ്രതിഫലം എട്ടുലക്ഷം രൂപ. ഇതിന്റെ ആദ്യഷോ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് കഴിഞ്ഞമാസം അരങ്ങേറിയത്.
ഡാന്‍സ് ആന്റ് മ്യൂസിക് ഫ്യൂഷന്‍ എന്നു പേരിട്ട പരിപാടിയില്‍ ഭരതനാട്യം. കുച്ചുപ്പുഡി, മോഹിനിയാട്ടം എന്നീ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതും നവ്യയാണ്. വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ചിട്ടപ്പെടുത്തിയ പരിപാടിക്ക് അന്ന് ഏറെ അഭിനന്ദനങ്ങളാണ് കിട്ടിയത്. മാധ്യമങ്ങളും ഇതു വാഴ്ത്തിപ്പാടി. ഷോയുടെ മനോഹാരിത കണ്ട ചിലര്‍ പരിപാടി ബുക്ക് ചെയ്യാന്‍വേണ്ടി അന്വേഷിച്ചപ്പോഴാണ് പ്രതിഫലം കേട്ട് ഞെട്ടിപ്പോയത്. പരസ്യത്തില്‍ അഭിനയിക്കാന്‍ ഒരു കോടി രൂപ വാങ്ങുന്ന മഞ്ജുവാര്യര്‍ പോലും അഞ്ചുലക്ഷമാണ് നൃത്തത്തിന് പ്രതിഫലമായി വാങ്ങുന്നതത്രേ.
കളമശ്ശേരി മുന്‍സിപ്പാലിറ്റിയുടെ ഓണാഘോഷത്തിന്റെ ഭാഗമായാണ് നവ്യാനായര്‍ എറണാകുളത്ത് പരിപാടി അവതരിപ്പിച്ചത്. അഭിനയത്തിന് തല്‍ക്കാലം വിടചൊല്ലിയശേഷം നൃത്തത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് പുതിയ പരീക്ഷണം ആവിഷ്‌കരിച്ചത്. എന്നാല്‍ ആദ്യ പരിപാടിക്കുശേഷം കാര്യമായ ബുക്കിംഗുകളൊന്നും കേരളത്തില്‍നിന്ന് കിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്. അമ്പതോളം കലാകാരന്മാരാണ് തനിക്കൊപ്പമുള്ളതെന്നും അവരുടെ പ്രതിഫലവും കൂടി ഉള്ളതുകൊണ്ടാണ് ഇത്രയും വലിയ തുക വാങ്ങിക്കുന്നതെന്നുമാണ് നവ്യയുടെ നിലപാട്.
2001ല്‍ 'ഇഷ്ടം' എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നവ്യാനായര്‍ വിവാഹത്തോടെയാണ് അഭിനയം നിര്‍ത്തിയത്. ഒരു കുഞ്ഞിന്റെ അമ്മയായ ശേഷം 'സീന്‍ ഒന്ന് നമ്മുടെ വീട്' എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയെങ്കിലും പിന്നീട് കാര്യമായ റോളുകളൊന്നും ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷം 'ദൃശ്യ'ത്തിന്റെ കന്നഡപ്പതിപ്പില്‍ അഭിനയിച്ചിരുന്നു. മകനെ വിട്ടുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാത്തതെന്നാണ് നവ്യ കഴിഞ്ഞമാസം പത്രസമ്മേളനത്തില്‍ പറഞ്ഞത്.
ഭര്‍ത്താവ് സന്തോഷ്‌മേനോനൊപ്പം ബോംബെയിലാണ് നവ്യാനായരിപ്പോള്‍ താമസിക്കുന്നത്. ഒരു പ്രോഗ്രാമിന് വേണ്ടി മാത്രമായി കേരളത്തില്‍ വരികയും റിഹേഴ്‌സല്‍ സംഘടിപ്പിക്കുകയും ചെയ്ത് സ്‌റ്റേജിലെത്തുമ്പോള്‍ കാര്യമായ ചെലവ് വേണ്ടിവരും. അതിനുവേണ്ടി നാട്ടുകാരെ പിഴിയുന്നത് എന്തിനാണെന്നാണ് ചിലരുടെ ചോദ്യം.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.