You are Here : Home / വെളളിത്തിര

ധ്യാനം തിരിച്ചുതന്ന ജീവിതം

Text Size  

Story Dated: Saturday, August 30, 2014 04:06 hrs UTC

 
മലയാളസിനിമയിലെ പ്രിയ താരം കുളപ്പുള്ളി ലീല മുരിങ്ങൂരില്‍ ധ്യാനം കൂടാന്‍ പോയ കഥ പറയുന്നു 
 
 
 
 
നാടകത്തില്‍ അഭിനയിക്കുന്ന കാലത്ത് ഉച്ചത്തില്‍ ഡയലോഗ് പറയുന്നതാണ് ശീലം. 
ചൈത്രതാരയുടെ 'ഏഴുരാത്രികള്‍' എന്ന നാടകം എറണാകുളത്ത് അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശബ്ദത്തിന് കാഠിന്യം കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പെട്ടത്. ചട്ടുകാലി മറിയം എന്ന പ്രധാന കഥാപാത്രമാണ് എന്റേത്. നാടകത്തിന്റെ അവസാനഭാഗമെത്തുമ്പോഴേക്കും ഒരുവിധമാണ് പറഞ്ഞൊപ്പിച്ചത്. കൂടെയുണ്ടായിരുന്നവരോടു പോലും സംസാരിക്കാതെ നേരെ വീട്ടിലേക്കു പോയി. വഴിയിലൂടെ നടന്നുപോകുമ്പോള്‍ മനസ് നിറയെ വല്ലാത്ത അസ്വസ്ഥത. ശബ്ദം ഇല്ലാതായാല്‍ നാടകം നഷ്ടപ്പെടുമോ എന്നായിരുന്നു പേടി. പിറ്റേന്ന് നാടകമില്ല. രാവിലെ നേരെ പോയത് ഷൊര്‍ണൂരിലെ ഒരു ഡോക്ടറുടെ അടുത്തേക്കാണ്. 
''ശബ്ദം തിരിച്ചുകിട്ടണമെങ്കില്‍ ഓപ്പറേഷന്‍ ചെയ്യണം. അതിനു മാത്രം 35,000 രൂപ ചെലവുവരും.''
ആ നിര്‍ദേശത്തിന് ചെവി കൊടുത്തില്ല. കാരണം അഞ്ഞൂറു രൂപ പോലും തികച്ചെടുക്കാനില്ലാത്ത ഞാനെവിടെ നിന്ന് മുപ്പത്തിയഞ്ചായിരം സമ്പാദിക്കും? നാടകത്തില്‍ നിന്നു കിട്ടുന്നതാണ് ഏക വരുമാനം. അതുകൊണ്ട് ജീവിക്കാന്‍ പോലും പറ്റുന്നില്ല. 
''ഓപ്പറേഷനൊക്കെ പിന്നെ ചെയ്യാം. തല്‍ക്കാലം ഗുളിക വല്ലതുമുണ്ടെങ്കില്‍ എഴുതിത്തന്നോളൂ.''
ഡോക്ടര്‍ ചിരിച്ചുകൊണ്ട് രണ്ടാഴ്ചത്തെ ഗുളിക കുറിച്ചുതന്നു. മുന്നു നാലു ദിവസം കഴിഞ്ഞപ്പോഴാണ് വഴിയില്‍ വച്ച് കൂട്ടുകാരിയായ കാര്‍ത്ത്യായനിയെ കണ്ടത്. ശബ്ദത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് അവള്‍ ഒരനുഭവം പറഞ്ഞത്. അവള്‍ക്ക് വയറ്റില്‍ വലിയൊരു മുഴയുണ്ടായിരുന്നു. ഓപ്പറേഷന്‍ വേണമെന്നു ഡോക്ടര്‍ പറഞ്ഞെങ്കിലും അതിന് കാശുണ്ടായിരുന്നില്ല. വടക്കാഞ്ചേരി ഓട്ടുപാറ കരുമത്ര പള്ളിയില്‍ ധ്യാനം കൂടിയപ്പോള്‍ മുഴ പതുക്കെ കുറഞ്ഞുവന്നു. വേദന ഇല്ലാതായി. ഇപ്പോള്‍ മുഴ തീരെയില്ല. അവിടെപ്പോയാല്‍ പരിഹാരമാവുമെന്ന് അവള്‍ പറഞ്ഞപ്പോള്‍ എനിക്കും ധ്യാനം കൂടാന്‍ ആഗ്രഹമായി. കാര്‍ത്ത്യായനി തന്നെയാണ് അതിന് അവസരമുണ്ടാക്കിത്തന്നത്. 
ആഴ്ചയില്‍ ഒരു ദിവസമായിരുന്നു അവിടെ ധ്യാനം. ആദ്യമായാണ് ഞാന്‍ ധ്യാനം എന്താണെന്നറിയുന്നത്. ഹിന്ദുമതത്തില്‍പെട്ട എനിക്ക് അതൊരു പുതുമയും കൗതുകവുമായിരുന്നു.  പ്രാര്‍ഥനയില്‍ മുഴുകിയപ്പോള്‍ ശരീരത്തിലേക്ക് കനല്‍ കോരിയിടുന്നതുപോലെയാണ് തോന്നിയത്. ചുമലില്‍ എന്തോ ഭാരമുള്ളതുപോലെ. കൈ അറിയാതെ വിറക്കുന്നതും ഞാനറിഞ്ഞു. 
''പുതുതായി ധ്യാനം കൂടാന്‍ വന്ന മൂന്നു സഹോദരിമാര്‍ സ്‌റ്റേജിലേക്ക് വന്ന് അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കണം.''
ഹാളില്‍ അനൗണ്‍സ്‌മെന്റ് കേട്ടെങ്കിലും ഞാന്‍ പോയില്ല. കാരണം എനിക്ക് ആ സമയത്ത് പുതിയ അനുഭവങ്ങളൊന്നുമില്ല. മറ്റു രണ്ടുപേര്‍ അവിടെയെത്തി അനുഭവങ്ങള്‍ പറഞ്ഞു. 
''ലീല എന്ന സഹോദരി കൂടി വരാനുണ്ട്.''
മൈക്കില്‍ വീണ്ടും വിളിച്ചുപറഞ്ഞപ്പോള്‍ ഞാന്‍ എഴുന്നേറ്റ് സ്‌റ്റേജിലെത്തി. മൈക്ക് വാങ്ങിച്ച ശേഷം അനുഭവമൊന്നുമില്ല, അതുകൊണ്ടാണ് വരാതിരുന്നതെന്നു പറഞ്ഞു. എന്തെങ്കിലും ഉണ്ടാവാതിരിക്കില്ലെന്ന് സ്‌റ്റേജിലിരുന്ന ആള്‍ ആവര്‍ത്തിച്ചപ്പോള്‍ നെഞ്ചില്‍ തീ കോരിയിട്ടപോലെ തോന്നി എന്നു മാത്രം പറഞ്ഞ് അവസാനിപ്പിച്ചു. 
''അതുതന്നെയാണ് വലിയൊരു മാറ്റം. ലീലയ്ക്കുവേണ്ടി ഞങ്ങളും പ്രാര്‍ഥിക്കാം.''
അവര്‍ അനുഗ്രഹിച്ചാണ് എന്നെ വിട്ടത്. ഓട്ടുപാറ കരുമത്ര പള്ളിയില്‍ ഒരിക്കല്‍ക്കൂടി ധ്യാനംകൂടാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പറ്റിയില്ല. 
രണ്ടുദിവസം കഴിഞ്ഞ് വീണ്ടും ഷൊര്‍ണൂരിലെ ഡോക്ടറെ കണ്ടപ്പോള്‍ അദ്ദേഹത്തിന് അദ്ഭുതംതോന്നി. 
''നിങ്ങള്‍ക്ക് ഈശ്വരാനുഗ്രഹമുണ്ട്. കാരണം തൊണ്ടയ്ക്ക് നല്ല മാറ്റമാണ് കാണാനാവുന്നത്.''
പ്രാര്‍ഥനയുടെ ഫലമാണതെന്ന് എനിക്കുതോന്നി. ഡോക്ടര്‍ മുപ്പതുദിവസത്തെ ഗുളിക വീണ്ടും കുറിച്ചുതന്നു. തുടര്‍ച്ചയായി ധ്യാനം കൂടിയാല്‍ പൂര്‍ണമായും മാറുമെന്ന് കാര്‍ത്ത്യായനിയും പറഞ്ഞതോടെ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ പോകാന്‍ തീരുമാനിച്ചു. ഏഴുദിവസമാണ് അവിടുത്തെ ധ്യാനം. പക്ഷേ തുടര്‍ച്ചയായി അത്രയുംദിവസം എനിക്കു പോകാന്‍ പറ്റില്ല. ഒരു ദിവസം നാടകമുണ്ട്. ഇക്കാര്യം ധ്യാനകേന്ദ്രത്തിലെ പനയ്ക്കലച്ചനോടു പറയാമെന്നു കരുതിയാണ് മുരിങ്ങൂരിലെത്തിയത്. അച്ചനെ കാണാന്‍ നീണ്ട ക്യൂ. എല്ലാവരും ധ്യാനത്തിന് വന്നതാണ്. ക്യൂവില്‍ നിന്നാല്‍ അന്നു വൈകിട്ടത്തെ നാടകത്തില്‍ അഭിനയിക്കാന്‍ പറ്റില്ല. മുമ്പിലെത്തി കാര്യം പറഞ്ഞപ്പോള്‍ ആളുകള്‍ സമ്മതിച്ചു. അച്ചനോട് എന്റെ സങ്കടം വിവരിച്ചു. 
''ലീലയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ നാളെ മുതല്‍ വന്നോളൂ. ഞാന്‍ പറഞ്ഞോളാം.''
എന്നു പറഞ്ഞുകൊണ്ട് പനയ്ക്കലച്ചന്‍ ഒരു കത്തുതന്നു. അന്ന് നാടകത്തിനുപോയി പിറ്റേദിവസം രാവിലെ തന്നെ ആ കത്തുമായി മുരിങ്ങൂരിലെത്തി ധ്യാനം കൂടി. 
മുട്ടിനു നീരുവന്നിട്ടും മുട്ടിന്‍മേല്‍ നിന്നാണ് പ്രാര്‍ഥിച്ചത്. പക്ഷേ വേദന തോന്നിയില്ല. ദൈവാനുഗ്രഹം കൊണ്ടായിരിക്കാം. ഒരു ദിവസം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ കഴുത്താകെ വിയര്‍ത്തു. വായില്‍ ഒരു കവിള്‍ വെള്ളം വന്നു നിറഞ്ഞു. ധ്യാനത്തിലായതിനാല്‍ പുറത്തേക്കു തുപ്പാന്‍ കഴിയില്ല. പ്രാര്‍ഥിച്ചുകൊണ്ട് ഇറക്കിയപ്പോള്‍ തൊണ്ടയ്ക്ക് നല്ല സുഖം തോന്നി. ധ്യാനം കൂടിക്കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. എനിക്കു നന്നായി സംസാരിക്കാന്‍ കഴിയുന്നു. ധ്യാനം ഫലിച്ചിരിക്കുന്നു. 
പിറ്റേ ദിവസത്തെ നാടകത്തിലും ഞാന്‍ ഉച്ചത്തില്‍ ഡയലോഗ് പറഞ്ഞു. സദസ് ആര്‍ത്തലച്ചു ചിരിച്ചപ്പോള്‍ മനസും കുളിര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.