You are Here : Home / വെളളിത്തിര

ഡബ്ല്യുസിസിക്കെതിരെ തുറന്നടിച്ച്‌ സിദ്ദിഖ്

Text Size  

Story Dated: Monday, October 15, 2018 01:31 hrs UTC

ഡബ്ല്യുസിസിക്കെതിരെ തുറന്നടിച്ച്‌ താരസംഘടനയായ എഎംഎംഎ സെക്രട്ടറി നടന്‍ സിദ്ദിഖ്. സംഘടനയുടെ പ്രസിഡന്റിനെ അധിക്ഷേപിക്കുന്ന അംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും രാജിവച്ച്‌ പോയ അംഗങ്ങളെ തിരിച്ച്‌ വിളിക്കില്ലെന്നും അദ്ദേഹം കൊച്ചിയില്‍ വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

"ദിലീപിനെ പുറത്താക്കാനുളള നടപടി 280 അംഗങ്ങള്‍ പങ്കെടുത്ത ജനറല്‍ ബോഡി യോഗത്തിലാണ് പിന്‍വലിച്ചത്. ഈ തീരുമാനം മൂന്നോ നാലോ നടിമാര്‍ വന്ന് പറഞ്ഞാല്‍ പിന്‍വലിക്കാനാവില്ല. അമ്മ പ്രസിഡന്റിനെ പരസ്യമായി അധിക്ഷേപിച്ച്‌ സംസാരിച്ച അംഗങ്ങള്‍ക്കെതിരെ അമ്മയും, ഫെഫ്കയും ഫിലിം ചേംബറും സംയുക്തമായി നടപടി സ്വീകരിക്കും," സിദ്ദിഖ് പറഞ്ഞു.

"ജനറല്‍ ബോഡി ഒരു തീരുമാനം എടുത്താല്‍ അത് പിന്‍വലിക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് സാധിക്കില്ലെന്നാണ് നിയമോപദേശം. ഇക്കാര്യത്തില്‍ ഒരു തര്‍ക്കം ഉളളത് നടന്‍ ദിലീപുമായി മോഹന്‍ലാല്‍ സംസാരിച്ചതാണ്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ താന്‍ സംഘടനയില്‍ നിന്ന് രാജിവയ്ക്കുന്നുവെന്ന് പറഞ്ഞ് ദിലീപ് തന്നെ മോഹന്‍ലാലിന് ഒക്ടോബര്‍ പത്തിന് രാജിക്കത്ത് നല്‍കി. ഇതറിഞ്ഞിട്ടാണ് നടിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്."

"ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ ആരുടെയും ജോലിസാധ്യത തടയാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. അമ്മ ഒരുപാട് ആളുകളെ സംരക്ഷിക്കുന്ന സംഘടനയാണ്. ആരോപണം ഉന്നയിച്ച നടിമാരെ പോലെ സാമ്ബത്തികമായി ഉയര്‍ന്നുനില്‍ക്കുന്ന അംഗങ്ങളല്ല എല്ലാവരും. ഒരാളെ സംഘടനയില്‍ നിന്ന് പുറത്താക്കുക, അവരെ സിനിമയില്‍ അഭിനയിപ്പിക്കാതിരിക്കുക, അവരുടെ ജോലി നിഷേധിക്കുക ഇതൊന്നുമല്ല ഞങ്ങളുടെ ജോലി."

"മീ ടൂ ക്യാംപെയിന്‍ നല്ലതാണ്. എന്നാല്‍ ദുരുപയോഗം ചെയ്യരുത്. ആര്‍ക്കും ആരുടെയും പേര് പറയാമെന്നായാല്‍ അത് ക്യാംപെയിനിന്റെ വിശ്വാസ്യതയെ ബാധിക്കും. 26 കൊല്ലം മുന്‍പ് 17 വയസുകാരിയായ പെണ്‍കുട്ടി അഭയം തേടി തന്റെ അടുക്കലെത്തിയെന്നാണ് ഒരു നടി പറഞ്ഞത്. ഏത് സിനിമ, ഏത് ലൊക്കേഷന്‍ എന്ന് ആ നടി പറഞ്ഞാല്‍ ഞങ്ങള്‍ നടപടിയെടുക്കാം," സിദ്ദിഖ് പറഞ്ഞു.

"മറ്റൊരു നടി തന്റെ തുടക്കകാലത്ത് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞു. അന്ന് പറയാന്‍ സാധിച്ചില്ലെന്നാണ് പറഞ്ഞത്. അന്ന് പറയാതിരുന്നത് തെറ്റല്ല. ഇപ്പോള്‍ പറയൂ. ക്രിമിനല്‍ നടപടിയെടുക്കേണ്ടതാണ്. ആരുടെയും പേര് പറയാതെ കുറേയാളുകളെ ഇവര്‍ തേജോവധം ചെയ്യുകയാണ്," സിദ്ദിഖ് പറഞ്ഞു.

"ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ കാര്യത്തില്‍ അമ്മയുണ്ട്, ഫെഫ്കയുണ്ട്, വിതരണക്കാരുടെ സംഘടനയുണ്ട്, ഫിയോക്കുണ്ട്, ചേംബറുണ്ട്, ഞങ്ങളെല്ലാ സംഘടനകളും ചേര്‍ന്ന് നടപടിയെടുക്കുന്ന കാര്യം ആലോചിക്കും."

"മോഹന്‍ലാലെന്ന വ്യക്തിക്ക് നേരെ എന്തിനാണ് ഇവരിങ്ങനെ പോകുന്നത്? മോഹന്‍ലാലിന്റെയൊന്നും സ്വീകാര്യതയും മമ്മൂട്ടിയുടെ സ്വീകാര്യതയും എന്താണ് ഇവര്‍ മനസിലാക്കാത്തത്?" സിദ്ദിഖ് ചോദിച്ചു.

"നടി ആക്രമിക്കപ്പെട്ട കേസില്‍ ആക്രമിച്ചതാരാണെന്ന് പൊലീസിന്റെ തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ ഇരയായ നടി തിരിച്ചറിഞ്ഞതാണ്. പ്രതി പിന്നീട് മൂന്ന് മാസക്കാലം കഴിഞ്ഞാണ് ദിലീപിന്റെ പേര് പറഞ്ഞത്. അമ്മ നടിയെ പുറത്താക്കുകയായിരുന്നില്ല. അവര്‍ സ്വയം രാജിവച്ച്‌ പോവുകയായിരുന്നു. സ്വയം രാജിവച്ച്‌ പോയവരെ സംഘടന തിരികെ വിളിക്കുന്ന പ്രശ്നമില്ല. അവര്‍ക്ക് തിരികെ വരണമെങ്കില്‍ അവര്‍ അപേക്ഷിക്കേണ്ടി വരും," സിദ്ദിഖ് വ്യക്തമാക്കി.

"ദിലീപിന്റെ രാജി അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ അംഗീകരിച്ച്‌ പ്രസ്താവന പുറത്തിറക്കും. വര്‍ഷങ്ങളായി സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഞങ്ങളാരും ഇതുവരെ സ്ത്രീ-പുരുഷ വിവേചനം നേരിട്ടിട്ടില്ല. ആരും ഇതുവരെ ഇത്തരം കാര്യങ്ങളില്‍ പരാതിപ്പെട്ടിട്ടില്ല. ഈയടുത്താണ് ഇത്തരം പൊട്ടിത്തെറികള്‍ ഉണ്ടായത്."

രാജിവച്ച നടിമാര്‍ ചെയ്ത തെറ്റുകള്‍ക്ക് ആദ്യം ക്ഷമ പറയട്ടെ: കെപിഎസി ലളിത

"ആരെങ്കിലും തന്നോടിതുവരെ ആക്രമിക്കപ്പെട്ടെന്ന കാര്യം വന്ന് പറഞ്ഞിട്ടില്ല. അത്തരം ഒരു ഘട്ടമുണ്ടായാല്‍ അക്കാര്യം പൊലീസിനോട് പറയുന്നതിലും അവരെ സംരക്ഷിക്കുന്നതിലും തനിക്ക് യാതൊരു മടിയും ഉണ്ടാകില്ല. ആഷിഖ് അബുവിന്റെ സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നത് അവിടെ സ്ത്രീകള്‍ക്കെതിരെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് കൊണ്ടായിരിക്കും. ഞാന്‍ അഭിനയിച്ച ഒരു സിനിമ സെറ്റിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല," സിദ്ദിഖ് പറഞ്ഞു.

"ആരോപണങ്ങള്‍ ഉന്നയിച്ച മൂന്ന് നടിമാരെ കഴിഞ്ഞ അമ്മ യോഗത്തില്‍ ആരും ആക്രമിച്ചിട്ടില്ല. ആ യോഗം വീഡിയോ റെക്കോര്‍ഡ് ചെയ്തതാണ്. മീ ടൂ ആരോപണം അടിസ്ഥാനമാക്കി സിനിമ പ്രവര്‍ത്തകരുടെ തൊഴില്‍ നിഷേധിച്ച ബോളിവുഡിലെ അക്ഷയ് കുമാറിനും അമീര്‍ ഖാനുമെതിരെ നടപടിയെടുക്കണം."

"അമ്മയില്‍ അഭിപ്രായ ഭിന്നതകളില്ല. എല്ലാവരും ഒരുമിച്ചാണ് തീരുമാനം എടുക്കുന്നത്. നടന്‍ തിലകന്റെ തൊഴില്‍ ആരും നിഷേധിച്ചിട്ടില്ല. അമ്മയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷവും അദ്ദേഹത്തിന് സിനിമകള്‍ ലഭിച്ചിരുന്നു. ഞങ്ങളില്‍ പലരും അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചിട്ടുളളതുമാണ്." സിദ്ദിഖ് പറഞ്ഞു.

"അഞ്ചര കോടി രൂപ നല്‍കിയ നടനോട് വിധേയത്വം ഉണ്ടെന്ന നടന്‍ മഹേഷിന്റെ പ്രസ്താവന അമ്മയുടെ അഭിപ്രായമല്ല. അത് വ്യക്തിപരമായ അഭിപ്രായമാണ്." സിദ്ദിഖ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.