You are Here : Home / എന്റെ പക്ഷം

ഉദയത്തിനായി....

Text Size  

Story Dated: Tuesday, May 16, 2017 01:01 hrs UTC

ഇന്ദു ജയന്ത്

 

 

"യത്ര നാര്യസ്തു പൂജ്യന്തേ രാമന്തേ തത്ര ദേവതാം "എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ സന്തോഷത്തോടെ വസിക്കുന്നു. ആര്‍ഷഭാരത സംസ്കാരത്തിന്‍റെ മനുസ്മൃതിയുശട ഈ വരികള്‍ക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും എന്തു പ്രസക്തിയാണ് ലഭിക്കുന്നത്. പിതാരക്ഷതി കൗമാരേ, ഭര്‍ത്താ രക്ഷതി യൗവനേ പുത്ര രക്ഷതി വാര്‍ധക്യേ, ന: സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി. സ്ത്രീയെന്നും സംരക്ഷക്കപെടേണ്ടവളാണെന്നതിനു പകരം സ്ത്രീ ഒരു കാലത്തും സ്വതന്ത്ര്യമര്‍ഹിക്കുന്നില്ല എന്ന വ്യാഖ്യാനത്തിന്‍റെ പ്രതിഫലനമാണ് സമൂഹത്തിന്‍റെ പല തലങ്ങളിലും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. എത്രയൊക്കെ പുരോഗമനാത്മകത പ്രസംഗിച്ചാലും സ്ത്രീക്ക് സ്വതന്ത്രമായ ഒരു അസ്തിത്വമുണ്ടെന്നും അവള്‍ക്ക് മാന്യമായ സ്വപ്നങ്ങളും അവകാശങ്ങളുമുണ്ടെന്നു സമൂഹം ഇന്നും പൂര്‍ണമായി അംഗീകരിക്കുന്നില്ല.

 

 

 

 

രാഷ്ട്രീയം, ശാസ്ത്രം, ബിസിനസ്സ് തുടങ്ങി ഏതു രംഗങ്ങളിലും പുരുഷനോടൊപ്പം തന്നെ പ്രാപ്തരണാണെന്ന് എത്രയോ വനിതകള്‍ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. കുടുംബത്തിന്‍റെയും കുട്ടികളുടെയും കരിയറിന്‍റെയും കാര്യങ്ങള്‍ ഒരു പരാതിയുമില്ലാതെ ഒരു പോലെ മുന്നോട്ടു കൊണ്ടുപോകാനുള്ള ക്ഷമാശീലത്തിലും അര്‍പ്പണ മനോഭാവത്തിലും സ്ത്രീകള്‍ ഒരുപടി മുന്നില്‍തന്നെയാണ്. പക്ഷെ അദ്ധ്യയന കാലത്ത് ഒരാണ്‍കുട്ടിക്കൊപ്പംതന്നെ നിന്നിരുന്ന പെണ്‍കുട്ടിക്ക് സ്വന്തം പാന്ഥാവുകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്നും ഉണ്ടോ എന്നത് സംശയകരമാണ്. അഥവാ കഷ്ടപ്പെട്ട് ലക്ഷ്യങ്ങളില്‍ എത്തിപ്പിടിച്ചാലും എത്ര പേര്‍ക്ക് അത് പൂര്‍ണതയോടെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. എത്രയോ ഉറക്കമൊഴിഞ്ഞ രാത്രികളുടെ അധ്വാനത്തിനും സ്വപ്നങ്ങള്‍ക്കും തിരശ്ശീലയിട്ടുകൊണ്ട് സമൂഹം സ്ത്രീകള്‍ക്കുമാത്രമായി വിധിച്ചിട്ടുള്ള വിട്ടുവീഴ്ച എന്ന നിബന്ധന അവര്‍ക്കുമുന്നില്‍ വന്നു വീഴുന്നു. കുട്ടികളും കുടുംബവും തന്നെയാവണം ഒരമ്മയുടെ, സ്ത്രീയുടെ മുഖ്യ പരിഗണന. പക്ഷേ ഒന്ന് താങ്ങാനുള്ള പ്രോത്സാഹിപ്പിക്കാനുള്ള കരങ്ങള്‍ അവള്‍ക്ക് പിന്നിലുണ്ടായാല്‍, സ്ത്രീകള്‍ മാത്രമല്ല വീട്ടുവീഴ്ച ചെയ്യേണ്ടതെന്ന് മനസിലാക്കിയാല്‍ എത്രയോ വനിതകള്‍ക്ക് അവരും സ്വപ്നങ്ങള്‍ കണ്ടിരുന്ന മോഹങ്ങള്‍ പൂവണിയിക്കാം.

 

 

 

 

സ്ത്രീകള്‍ അഭിമാനത്തോടെ ജീവിതത്തില്‍ മുന്നേറാന്‍ ശ്രമിക്കുന്നത് കൊണ്ടുമാത്രം നടക്കുന്ന വിവാഹ മോചനങ്ങള്‍ ഈ സമൂഹത്തിനുതന്നെ അപമാനകരമാണ്. കരിയര്‍ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്. കുടുംബിനിയായി ജീവിക്കാനിഷ്ടപ്പെടുന്ന ഒരു സ്ത്രീക്കും, വീടിനകത്തും അന്തസ്സോടെ ജീവിക്കാനുള്ള, അവളര്‍ഹിക്കുന്ന ബഹുമാനം ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. വീടിന് പുറത്തുപോയി, സ്വന്തം ഉപയോഗവസ്തുക്കള്‍ വാങ്ങാന്‍ പോലും മറ്റുള്ളവരുടെ സമ്മതത്തിനായി കേണപേക്ഷിച്ച് നാല് ചുവരുകള്‍ക്കുള്ളില്‍ അകപ്പെടുന്ന എത്രയോ സ്ത്രീ ജന്മങ്ങളുണ്ട്. കുടുംബഭാരം തീര്‍ക്കാന്‍ ഇന്നും നടത്തപ്പെടുന്ന ബാലവിവാഹങ്ങളാണ് സമൂഹത്തിന്‍റെ മറ്റൊരു ശാപം. വിരിയുന്നതിന് മുമ്പ് ചിതറിപോകുക്കുന്ന മുകുളങ്ങള്‍. അവര്‍ക്ക് ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങള്‍ കാണാനുള്ള അവസരങ്ങള്‍ പോലും ലഭിക്കുന്നില്ല. വീടിനുള്ളില്‍ ഒതുങ്ങിക്കൂടിയാലും പൊതു നിരത്തിലൂടെ യാത്ര ചെയ്യുമ്പോഴും അരക്ഷിതാവസഥ സൃഷ്ടിച്ചുകൊണ്ട് അവള്‍ക്കുനേരെ നീളുന്ന കരാള ഹസ്തങ്ങള്‍ വേറെ. ഈ അക്രമണങ്ങളില്‍നിന്ന് പിടഞ്ഞെണീറ്റ് എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിച്ചാലും അവളെ മാനസികമായി തളര്‍ത്തി തള്ളി താഴെയിടാന്‍ തയ്യാറായിനില്‍ക്കുന്ന സമൂഹത്തിന്‍റെ വാക്കുകളും നോട്ടങ്ങളും. ആണുങ്ങള്‍ ഇരിക്കുന്നിടത്തേക്ക് പെണ്ണുങ്ങള്‍ ചെല്ലരുതെന്ന അന്ധവിശ്വാസം മാറിയെങ്കിലും, ചെയ്യാത്ത തെറ്റുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചാല്‍, ശബ്ദമുയര്‍ത്തിയാല്‍, നിഷേധിയെന്ന പേരും അവള്‍ക്ക് ചാര്‍ത്തപ്പെടുകയായി.

 

 

 

 

 

മാറിവരുന്ന ജീവിത ശൈലികള്‍ ഇന്നത്തെ സമൂഹത്തിന്‍റെ അരക്ഷിതാവസ്ഥക്ക് വലിയ പങ്കുവഹിക്കുന്നുണ്ട്. വളര്‍ന്നു പന്തലിക്കുന്ന ടെക്നോളജി, ശാസ്ത്ര സാങ്കേതിക മേഖലകളിലെ പുരോഗതിക്ക് അന്ത്യന്താപേഷിതമാണ്. പക്ഷെ ഇന്ന്, ബാല്യത്തിന്‍റെയും കൗമാരത്തിന്‍റെയും മുഖ്യഭാഗവും കുട്ടികള്‍ ചെലവിടുന്നത് ഇന്‍റര്‍നെറ്റിന്‍റെ ലോകത്താണ്. ആ സാങ്കില്‍പ്പിക ലോകത്ത് മക്കള്‍ എന്താണ് കാണുന്നതെന്നും ആരുമായിട്ടാണ് ചാറ്റ് ചെയ്യുന്നതെന്ന് അറിയാനും സ്കൂളിലും കോളേജിലും ഓരോ ദിവസവും എന്താണ് നടക്കുന്നതെന്ന് മനസിലാക്കാനും പണ്ടത്തെപ്പോലെ രക്ഷിതാക്കള്‍ മെനക്കെടാറില്ല. പക്വതയെത്താത്ത പ്രായത്തില്‍ അവര്‍ക്ക് മുന്നില്‍ തെളിയുന്ന അക്രമത്തിന്‍റെയും അശ്ലീലതയുടെയും ദൃശ്യങ്ങളും കൂട്ടുകാരോടുള്ള പരിധിയില്‍ കവിഞ്ഞ അടുപ്പങ്ങളും അക്രമാസക്തമായ അവരുടെ പദ്ധതികളും വളരെ വൈകുന്നതുവരെ മാതാപിതാക്കള്‍ കാണാതെ പോകുന്നു. ആണായാലും പെണ്ണായാലും സ്വന്തം ശരീരത്തെ സംരക്ഷിക്കണമെന്നും അതുപോലെത്തന്നെ എതിര്‍ ലിംഗത്തെ ബഹുമാനിക്കണം എന്നുമുള്ള ബാലപാഠങ്ങള്‍ വീട്ടില്‍നിന്നു തന്നെയാണ് കുട്ടികളുടെ മനസില്‍ കയറേണ്ടത്.

 

 

 

 

 

എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും തുറന്ന് സംസാരിക്കാനുള്ള ഒരു സുഹൃദ് ബന്ധം മാതാപിതാക്കളുമായി പ്രത്യേകിച്ച് അമ്മയുമായി കുട്ടികള്‍ക്ക് ഉണ്ടാവേണ്ടതാണ്. സ്ത്രീകളോട് മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരു തലമുറയെ വീട്ടില്‍നിന്നുതന്നെ വാര്‍ത്തെടുക്കുകയാണ്, സ്ത്രീ സുരക്ഷയെ പറ്റിയുള്ള ഇനിയുള്ള നാളുകളെകുറിച്ച് ആകുലതപ്പെട്ട് പ്രസംഗിക്കുന്നതിനെക്കാള്‍ നല്ലത്. അതുപോലെതന്നെ സ്ത്രീപുരുഷ സമത്വത്തിന്റെ നിര്‍വചനവും കുട്ടികള്‍ വീട്ടില്‍നിന്നാണ് പഠിക്കേണ്ടത്. ജോലി കഴിഞ്ഞുവരുന്ന അമ്മക്കും അച്ഛനെപോലെ ഒരു ചായ കുടിച്ച് വിശ്രമിക്കാനുള്ള അവകാശമുണ്ടെന്നും, വീട്ടുജോലികള്‍ അമ്മയുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും ജീവിതത്തെ കുറിച്ചുള്ള തീരുമാനങ്ങള്‍ ഒരുമിച്ച് എടുക്കേണ്ടതാണെന്നും മറ്റുള്ളവരുടെ മുന്നില്‍ അച്ഛന്‍റെ അഭിമാനത്തിന് എത്ര വിലയുണ്ടോ അത്രയും ബഹുമാനം അമ്മക്ക് അച്ഛന്‍ തിരിച്ച് നല്‍കുന്നുണ്ടെന്നും സ്വപ്നങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും ഇരുവരും തല്യ പ്രാധാന്യം നല്‍കുന്നുണ്ടെന്നും കുട്ടികള്‍ കണ്ടു പഠിക്കേണ്ടത് വീട്ടില്‍നിന്നു തന്നെയാണ്.

 

 

 

 

ഒരിക്കലും പുരുഷനെ തരം താഴ്ത്തുന്ന ഫെമിനിസമല്ല നമുക്ക് വേണ്ടത്. മറ്റുള്ളവരുടെ ഇംഗിതത്തിനും തീരുമാനങ്ങള്‍ക്കും മാത്രം ജീവിക്കേണ്ടവളാണ് സ്ത്രീയെന്ന സമൂഹത്തിന്‍റെ വീക്ഷണങ്ങള്‍ മാറ്റി ദിനചര്യകള്‍ക്കും പോലും സ്വന്തമായ അഭിപ്രായങ്ങള്‍ക്ക് വിലയില്ലാതെ യാന്ത്രികമാക്കപ്പെടുന്ന സ്ത്രീ ജന്മങ്ങള്‍ക്ക് ബഹുമാനവും പരഗണനയും നല്‍കി മുന്നോട്ട കൊണ്ടുവരികയാണ് വേണ്ടത്. ഉത്തമ സ്ത്രീയെ വര്‍ണ്ണിക്കുന്ന "കാര്യേഷു ദാസി... കര്‍മേഷു മന്ത്രി" ... വരികള്‍കൊണ്ടുദ്ദേശിക്കുന്നത് സ്ത്രീ പുരുഷന് ആധിപത്യം സ്ഥാപിക്കുന്നതിന് മാത്രമുള്ളതല്ല എന്നാണ് വരും തലമുറയെ പഠിപ്പിക്കേണ്ടത്. അല്ലാതെ ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന് പാടിപഠിപ്പിച്ച സമൂഹത്തെ നോക്കി സ്ത്രുപുരുഷ സമത്വം എന്ന് ആക്രോശിക്കുന്നതുകൊണ്ട് പ്രയോജനമില്ല. പുരുഷനുമായി തുല്യത പങ്കിട്ടുകൊണ്ട് ഇരുവരും അനോന്യം താങ്ങുംതണലുമായി സ്വപ്നങ്ങളിലും ലക്ഷ്യങ്ങളിലുംപരസ്പര പൂരകമായി, പൂര്‍ണമായ അഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാന്‍ കഴിയുന്ന സുരക്ഷിതമായ ദിനങ്ങള്‍ വേഗം ആഗതമാകട്ടെ എന്ന് നമുക്ക് ആശിക്കാം. ആ സൂര്യോദയത്തിനായി നമുക്ക് കാത്തിരിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From എന്റെ പക്ഷം
More
View More