You are Here : Home / എന്റെ പക്ഷം

നോക്കി വലുതാക്കിയ മുലകള്‍

Text Size  

മുരളി തുമ്മാരുകുടി

Story Dated: Sunday, March 04, 2018 08:12 hrs EST

 

 
സ്ത്രീകള്‍ക്ക് പൊതുവിടങ്ങളില്‍ കൂടുതല്‍ സമയം ചെലവിടേണ്ടി വരുന്നതിനാല്‍ അവര്‍ക്ക് മുലയൂട്ടുന്നത് ഉള്‍പ്പടെ ഉള്ള കാര്യങ്ങളില്‍ സ്വകാര്യതക്ക് സംവിധാനം ഉണ്ടാക്കണം എന്ന കാര്യത്തിലോ മുലയൂട്ടുന്ന അമ്മമാരേ തുറിച്ചു നോക്കുന്നതും അവരെപ്പറ്റി ജഡ്ജ്മെന്റ്‌റ് നടത്തുന്നതും തെറ്റാണെന്ന കാര്യത്തിലോ എനിക്ക് ഒരു ഒരു സംശയവും ഇപ്പോള്‍ ഇല്ല.അതുകൊണ്ട് അവിടെ ഒരു വിവാദം വേണ്ട.

അതേ സമയം മുല എന്താണെന്ന് അറിയാതിരുന്ന കാലത്തും മുലകളെ വേണ്ട തരത്തില്‍ അറിയാന്‍ അവസരം ഇല്ലാതിരുന്ന കാലത്തും ഒക്കെ എവിടെ എങ്കിലും, ചിത്രത്തിലോ നേരിട്ടോ, മുല കാണാന്‍ അവസരം കിട്ടിയിട്ടുണ്ടെങ്കില്‍ അവിടെ ഒക്കെ നേരിട്ടും ഒളിഞ്ഞും നോക്കിയിട്ടുണ്ട്. അതിനാല്‍ തെറ്റ് എന്റെ ഭാഗത്തും ഉണ്ട്. പക്ഷെ മുല കാണാന്‍ ഒളിഞ്ഞുനോക്കേണ്ടാത്ത ആവശ്യം ഇല്ലാത്ത കാലം വന്നതിനാലും ഏത് നോട്ടം ശരി ഏത് തെറ്റ് എന്ന് മനസ്സിലായതിനാലും ഇപ്പോള്‍ ഒളിഞ്ഞു നോട്ടം ഇല്ല.

മുലയൂട്ടലും ആയി ബന്ധമില്ലെങ്കിലും മുലനോട്ടവും ആയി ബന്ധപ്പെട്ട ഒരു സത്യം പറഞ്ഞു തരാം. എങ്ങനെയാണ് മനുഷ്യ സ്ത്രീകള്‍ക്ക് ഇങ്ങനെ വലിയ മുലകള്‍ ഉണ്ടായതെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?, ആന മുതല്‍ ആട് വരെ സസ്തനികളായ ഒരു ജീവിക്കും അവരുടെ ശരീരവലിപ്പത്തിന്റെ അനുപാതത്തില്‍ നോക്കിയാല്‍ മനുഷ്യ സ്ത്രീകളുടെ അത്രയും വലിയ മുലകള്‍ ഇല്ല. കുരങ്ങുമുതല്‍ പട്ടി വരെ ഉള്ള ഏറെ ജീവികള്‍ക്കാകട്ടെ അവര്‍ക്ക് കുട്ടികള്‍ ഉണ്ടാകുന്ന കാലത്ത് മാത്രമാണ് മുല വികസിച്ചു വരുന്നത്. മുലയൂട്ടുന്ന ആവശ്യം കഴിഞ്ഞാല്‍ അത് വീണ്ടും ശരീരത്തോട് ഒട്ടിച്ചേരും. അപ്പോള്‍ എന്തുകൊണ്ടാണ് മനുഷ്യ സ്ത്രീകളില്‍ മാത്രം കുട്ടികള്‍ ഉണ്ടാകുന്നതിന് മുന്‍പും കുട്ടികള്‍ ഉണ്ടായതിന് ശേഷവും ശരീരത്തില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന വലിയ മുലകള്‍ ഉണ്ടായത് ?

ദൈവം വലിയ മുലകളും ആയിട്ടാണ് സ്ത്രീകളെ സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്നവര്‍ ഡിങ്കമതത്തില്‍ പെട്ടവര്‍ അല്ല. പരിണാമം ആണ് മുലകളെ വളര്‍ത്തിക്കൊണ്ടു വന്നതെന്നാണ് ശാസ്ത്രം പറയുന്നത്. സംഗതി സിമ്പിള്‍ ആണ്. എന്തോ കാരണത്താല്‍ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് തന്നെ നമ്മുടെ മൂത്ത കാരണവര്‍മാര്‍ക്ക് സ്ത്രീകളുടെ മുലകളോട് ഒരു കമ്പം തോന്നി. .വലിയ മുല ഉള്ളവരെ നല്ല ചുള്ളന്‍മാരായ പയ്യന്മാര്‍ നോട്ടമിട്ട് തുടങ്ങി, അവര്‍ക്ക് കൂടുതല്‍ നല്ല പങ്കാളികളെ കിട്ടി. ചെറിയ മുലയുള്ളവര്‍ക്ക് പങ്കാളി മാര്‍ക്കറ്റില്‍ വലിയ വിലയുണ്ടായിരുന്നില്ല. ഇങ്ങനെ കൂടുതല്‍ കുട്ടികള്‍ വലിയ മുലയുള്ളവരുടേതായി, തലമുറ കഴിഞ്ഞപ്പോള്‍ ചെറിയ മുലയുള്ളവരുടെ കുലം കുറ്റിയറ്റു, വലിയ മുലയുള്ളവര്‍ മുന്നേറി, അതിന്നും തുടരുന്നു. 

അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് ഈമനുഷ്യസ്ത്രീകള്‍ക്ക് വലിയ മുലയുണ്ടായതിന്റെ ശരി ഉത്തരവാദി മുലകുടിക്കുന്ന കുഞ്ഞുങ്ങള്‍ അല്ല, മുല നോക്കി സ്ത്രീകളെ വിലയിരുത്തുന്ന ആണുങ്ങള്‍ ആണ്. അവരെ . അവരെ ഒക്കെ ഓടിച്ചു വിട്ടാല്‍ കുറേ തലമുറ കഴിയുമ്പോള്‍ നമ്മുടെ മനുഷ്യ സ്ത്രീകളുടെ മുലക്കും മറ്റു സസ്തനികളുടെ ഗതി വരും. പറഞ്ഞില്ലന്ന് വേണ്ട.

മുലകളെ പറ്റി പറയുന്നതിനാല്‍ ഒരു കാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം. മറ്റു ജീവികളെ അപേക്ഷിച്ച് മനുഷ്യരുടെ മുലകള്‍ ലൈംഗികതയും ആയി ഏറെ ബന്ധം ഉള്ളതാണ്. ഒരു കൊമ്പനും ലൈംഗികബന്ധത്തിന് സമയത്തോ അല്ലാതെയോ പെണ്ണാനയുടെ മുലയില്‍ പിടിക്കാറില്ല. മുലയില്‍ പിടിക്കാന്‍ സൗകര്യം ഉള്ള കയ്യുകള്‍ ഉള്ള കുരങ്ങനോ മനുഷ്യനുമായി ഏറെ സാദൃശ്യം ഉള്ള ചിമ്പാന്‍സിയോ ഇക്കാര്യത്തില്‍ മനുഷ്യന്റെ പോലെ ഒരു പെരുമാറ്റം കാണിക്കാറില്ല. അതേ സമയം ലോകത്തെവിടെയും കാലാകാലമായി മനുഷ്യരുടെ ലൈംഗിക ബന്ധങ്ങളില്‍ ഏറെ ചേര്‍ന്ന് കിടക്കുന്ന ഒന്നാണ് മുലകള്‍. അതുകൊണ്ടു തന്നെ കാലങ്ങള്‍ ആയി മുല ഒരു ലൈംഗികത ആസ്വദിക്കാന്‍ ഏറെ അവസരം ഉള്ള ഒരു അവയവം ആയും വളര്‍ന്നിട്ടുണ്ട്. 

ഇക്കാര്യത്തില്‍ എനിക്ക് ഒരു പരാതി ഉണ്ട് കേട്ടോ. മുലകള്‍ സ്ത്രീകള്‍ക്ക് മാത്രം ഉള്ളതല്ല. മുലയൂട്ടാനുള്ള കഴിവ് സ്ത്രീകള്‍ക്ക് മാത്രം ഉള്ളതാണെങ്കിലും ലൈംഗികത ആസ്വദിക്കാന്‍ ഉള്ള കഴിവ് പുരുഷന്റെ മുലക്കും ഉണ്ട്. ജപ്പാനില്‍ ഒക്കെ ഇത് അവര്‍ ഏറെ വളര്‍ത്തിയെടുത്തിട്ടുണ്ട്. പക്ഷെ നമ്മുടെ ശരാശരി മലയാളിയുടെ ലൈംഗികതയെ പറ്റിയുള്ള അറിവിലും കഴിവിലും പുരുഷന്റെ മുലക്ക് ഒരു പങ്കുമില്ല. ഇത് മാറണം.

സെക്‌സിനെ പറ്റി ഒരു സീരീസ് എഴുതാമെന്ന് പറഞ്ഞിരുന്നല്ലോ. പുരുഷന്റെ മുലക്കണ്ണിന്റെ ലൈംഗിക സാധ്യതകളെ പറ്റി അതില്‍ ഒരു അദ്ധ്യായം ഉണ്ടായിരിക്കും. പതിവ് പോലെ ഈ പോസ്റ്റ് എത്ര പേര്‍ ലൈക്ക് ചെയ്യുമെന്നും ആരൊക്കെ കമന്റടിക്കുമെന്നും ഒക്കെ ഞാന്‍ ശ്രദ്ധിക്കും. സെക്‌സിന്റെ സീരീസ് ഒക്കെ എന്ന് വരുമെന്നും അതില്‍ എന്തൊക്കെ വരുമെന്നും ഒക്കെ നിങ്ങളുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More