You are Here : Home / എന്റെ പക്ഷം

പെൺകുട്ടിയായതിൽ അഭിമാനിക്കുകയും സന്തോഷിക്കുയും ചെയ്യുന്ന ആളാണ് ഞാൻ.

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Tuesday, March 18, 2014 09:43 hrs EDT

ഉറക്കമളയ്ക്കാനും യാത്രചെയ്യാനും ഒട്ടും ഇഷ്ടമല്ലാതിരുന്ന ആളാണ് അര്‍ച്ചനാ കവി. എന്നാല്‍ എത്തിപ്പെട്ടതോ ഇത് രണ്ടും ഒഴിവാക്കാനാവാത്ത സിനിമാരംഗത്തും. എങ്കിലും സിനിമയോട് അല്പംപോലും അകല്‍ച്ച തോന്നിയില്ല അര്‍ച്ചനയ്ക്ക്. കൗതുകത്തോടെയാണ് നീലത്താമരയില്‍ അഭിനയിക്കാനെത്തിയതെങ്കിലും ഇപ്പോള്‍ അര്‍ച്ചന സിനിമയെ ആത്മാര്‍ഥമായി സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു. ജേണലിസ്റ്റാവാന്‍ ആഗ്രഹിച്ചെങ്കിലും അഭിനയമാണ് തനിക്കു പറ്റിയപണിയെന്ന് അര്‍ച്ചന പറയുന്നു.

പപ്പ ജേണലിസ്റ്റായതുകൊണ്ടാണോ മകളും ജേണലിസ്റ്റാവാന്‍ തീരുമാനിച്ചത്?
എഴുതാനുള്ള കഴിവ് അല്പം എനിക്കുണ്ട്. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ചെറുകഥകള്‍ എഴുതുമായിരുന്നു. വായനാ ശീലവും അന്ന് ഉണ്ടായിരുന്നു. ഇപ്പോള്‍ സമയം ലഭിക്കാത്തതിനാല്‍ എഴുത്തുമില്ല വായനയുമില്ല. ഡയറി എഴുതുന്ന ശീലമുണ്ട്. അത്രമാത്രം. പപ്പ ജേണലിസ്റ്റായതുകൊണ്ട് അതും എന്നെ സ്വാധീനിച്ചിട്ടുണ്ട്.

ഉറക്കം വീക്ക്‌നെസായ ആള്‍ സിനിമയില്‍ എത്തിയപ്പോഴോ?
കുട്ടിക്കാലം മുതല്‍ ഉറക്കം എന്റെ വീക്ക്‌നെസാണ്. അതു കളഞ്ഞ് ഒരു പരിപാടിക്കും എന്നെക്കിട്ടാറില്ല. കുട്ടികള്‍ ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നൊക്കെ മാസികയില്‍ അച്ചടിച്ചുവരുമ്പോള്‍ മമ്മ കേള്‍ക്കാന്‍ ഉറക്കെവായിക്കും. എട്ടു മണിക്കൂര്‍ മാറ്റി പത്ത് മണിക്കൂര്‍ ആക്കിയാലെന്തെന്ന് അപ്പോള്‍ തോന്നിയിട്ടുണ്ട്. മമ്മ പറയുമായിരുന്നു, ''നീ എത്തിച്ചേരുന്ന ഫീല്‍ഡ് ഉറക്കമിളക്കേണ്ടതും യാത്ര ചെയ്യേണ്ടതുമായിരിക്കും''. അത് സത്യമായി.

ഇപ്പോഴോ?
ഷൂട്ടിംഗുള്ള ദിവസങ്ങളില്‍ വെളുപ്പിന് അഞ്ചുമണിക്ക് ഉണരണം. മൂടി പുതച്ചു ഉറങ്ങേണ്ട സമയത്ത് സെറ്റിലെത്തണം. ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നും. പക്ഷേ, സെറ്റിലെത്തിയാല്‍ ഞാന്‍ ഉഷാറായി. എല്ലാവരുമായി കൂട്ടുകൂടി തമാശപറഞ്ഞ് നല്ലരസമാണ്.

അര്‍ച്ചന കൂടുതലും മോഡേണ്‍ വസ്ത്രങ്ങളാണല്ലോ ധരിക്കുന്നത്?
എന്റെ വസ്ത്രങ്ങള്‍ ഞാന്‍ തന്നെയാണ് തെരഞ്ഞെടുക്കുന്നത്. സിനിമിലാണെങ്കിലും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടിവരുമ്പോള്‍ എന്റെ അഭിപ്രായം ഞാന്‍ പറയാറുണ്ട്. പക്ഷേ, സംവിധായകര്‍ പറയുന്നതിന് അപ്പുറം നമ്മുടെ താല്‍പര്യങ്ങള്‍ക്ക് സ്ഥാനമില്ലല്ലോ. നമുക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ചാല്‍ വല്ലാത്തൊരും ഉന്മേഷം ലഭിക്കും.

ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന അര്‍ച്ചനയ്ക്ക് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?
പെണ്‍കുട്ടിയായതില്‍ അഭിമാനിക്കുകയും സന്തോഷിക്കുയും ചെയ്യുന്ന ആളാണ് ഞാന്‍. എവിടെ ചെന്നാലും ഒന്നാം സ്ഥാനം സ്ത്രീയ്ക്ക് ലഭിക്കുന്നു. മാത്രവുമല്ല അമ്മയായി കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള അനുഗ്രഹം ലഭിക്കുന്നതും സ്ത്രീകള്‍ക്കാണ്. പെണ്‍കുട്ടികളുടെ നിഷ്‌ക്കളങ്കതയും അജ്ഞതയും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. അതിനാല്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ ശക്തരാകണം.

ആരാണ് വീട്ടില്‍ അര്‍ച്ചനയുടെ ബെസ്റ്റ് ഫ്രണ്ട്?
പപ്പയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. എന്റെ എല്ലാ കാര്യങ്ങളിലും പപ്പയോടും മമ്മയോടും അഭിപ്രായം ചോദിക്കും. എല്ലാവിധ സ്വാതന്ത്ര്യവും എനിക്കവര്‍ നല്‍കിയിട്ടുമുണ്ട്. എന്നാല്‍ തെറ്റു ചെയ്താല്‍ ശാസിക്കുകയും ചെയ്യും. ടെന്‍ഷന്‍ വരുമ്പോള്‍ പപ്പയോട് പറയും. അതുകഴിഞ്ഞാന്‍ ഞാന്‍ ഫ്രീയായി.

യാത്രകളെ ഇഷ്ടപ്പെടാതിരുന്ന അര്‍ച്ചന ഇപ്പോള്‍ യാത്രകള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയോ?
എനിക്ക് യാത്രചെയ്യാന്‍ മടിയാണ്. കുട്ടിക്കാലം മുതല്‍ അങ്ങനെതന്നെ. സ്‌കൂളില്‍ പോവുക, തിരികെ വരുക. അതിനപ്പുറത്തേക്ക് യാത്രകള്‍ ഒഴിവാക്കും. പിന്നെ അവധിക്കാലത്ത് നാട്ടില്‍ വരുന്നതോര്‍ക്കുമ്പോള്‍ മാത്രം യാത്ര സന്തോഷകരമാണ്. പപ്പയുടെ വീട് മലബാറിലും മമ്മയുടെ വീട് ഇടുക്കിയിലും. ഇവിടേക്ക് യാത്രകള്‍ പതിവുണ്ട്. ഇപ്പോഴും ഒഴിവാക്കാന്‍ പറ്റുന്ന യാത്രകള്‍ ഞാന്‍ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്. 

 


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More