You are Here : Home / എന്റെ പക്ഷം

മെലിഞ്ഞ സുന്ദരിമാരുടെ ലോകമാണ്‌ സിനിമ

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Tuesday, February 11, 2014 10:30 hrs UTC


സിനിമയ്‌ക്കു വേണ്ടി വണ്ണം കുറച്ചു

സിനിമ സീരിയസായി കണ്ടു തുടങ്ങിയതോടെയാണ്‌ മെലിഞ്ഞ സുന്ദരിമാരുടെ ലോകമാണ്‌ സിനിമയെന്ന്‌ അപര്‍ണ തിരിച്ചറിഞ്ഞത്‌. പിന്നീടങ്ങോട്ട്‌ വണ്ണം കുറയ്‌ക്കാനുള്ള ശ്രമങ്ങളായിരുന്നു. ഒടുവില്‍ അതു വിജയിക്കുകതന്നെ ചെയ്‌തു. ആ വിശേഷങ്ങളാണ്‌ അശ്വമേധം വായനക്കാരുമായി അപര്‍ണ നായര്‍ പങ്കുവയ്‌ക്കുന്നത്‌.

വണ്ണം കുറച്ചു
ഭക്ഷണത്തിലും ലൈഫ്‌ സ്‌റ്റൈലിലും ഞാന്‍ ഒരുകാലത്തും ശ്രദ്ധിച്ചിരുന്നില്ല. എന്തും കഴിക്കുമായിരുന്നു. പക്ഷേ, ശരീരം വണ്ണം വയ്‌ക്കുന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. സ്‌ക്രീനില്‍ കണ്ടപ്പോഴാണ്‌ പ്രശ്‌നം ഗുരുതരമാണെന്ന്‌ മനസിലായത്‌. ഇപ്പോള്‍ ഭക്ഷണനിയന്ത്രണവും വ്യായാമവുമുണ്ട്‌. ഡയറ്റീഷന്റെ നിര്‍ദേശപ്രകാരമാണ്‌ ഭക്ഷണക്രമീകരണം. അതോടെ ഭക്ഷണരീതിയില്‍ മാറ്റങ്ങളൊക്കെ വരുത്തി. എണ്ണമയമുള്ളതും മധുരമുള്ളതുമായ ഭക്ഷണം ഉപേക്ഷിച്ചു.

 

 

 

 

 

 

 

 

 

 

 



ഡയറ്റിങ്ങ്‌ ഇങ്ങനെ
മധുരം കുറച്ച്‌ ഒരു ഗ്ലാസ്‌ കാപ്പിയിലാണ്‌ എന്റെ ഒരു ദിവസം ആരംഭിക്കുന്നത്‌. ഇഡലിയോ ദോശയോ ആവും മിക്കവാറും ബ്രേക്‌ഫാസ്‌റ്റ്‌. അത്‌ രണ്ടെണ്ണത്തില്‍ കൂടില്ല. അതോടൊപ്പം ധാരാളം പഴവര്‍ഗങ്ങളും, മുളപ്പിച്ച പയറു ചേര്‍ത്ത സാലഡും കഴിക്കും. ഇടനേരങ്ങളില്‍ കാരറ്റും ബീറ്റ്‌റൂട്ടും ചേര്‍ത്തു തയാറാക്കിയ ജൂസ്‌. ചിക്കനും മീനും വറുത്തു കഴിക്കുന്നത്‌ ഇപ്പോള്‍ ഒഴിവാക്കി. നല്ല നാടന്‍ രീതിയില്‍ കറിവച്ച്‌ കഴിക്കും. ഉച്ചയ്‌ക്ക്‌ ചപ്പാത്തി. അതും ഒരെണ്ണം. അതിനൊപ്പം വെജിറ്റബിള്‍ കറിയോ മീന്‍കറിയോ ഉണ്ടാകും. ഷൂട്ടിംഗ്‌ തിരക്കില്‍ ഇതൊന്നും കൃത്യമായി പാലിക്കാന്‍ കഴിയാറില്ല. അപ്പോള്‍ സാഹചര്യമനുസരിച്ച്‌ ഭക്ഷണരീതി മാറിയും മറിഞ്ഞുമിരിക്കും. ചോറ്‌ കഴിക്കാറില്ല. സദ്യകള്‍ക്കും മറ്റും പോകുമ്പോള്‍ മാത്രം കഴിക്കും.

വ്യായമത്തിന്‌ ഡാന്‍സ്‌
മണിക്കൂറുകളോളം വ്യായാമത്തില്‍ ഏര്‍പ്പെടുന്ന സ്വഭാവം ഇല്ല. മടിയാണ്‌ കാരണം. അതുകൊണ്ട്‌ ലൊക്കേഷനിലെ തിരക്കില്‍ വ്യായാമം മുടങ്ങുമെന്ന പേടിയൊന്നുമില്ല. പകരം ഡാന്‍സ്‌ ചെയ്യും. അതാണെന്റെ പാഷന്‍. ഏറ്റവും നല്ല വ്യായാമമാണ്‌ ഡാന്‍സ്‌. കണ്ണുകളും വിരലുകളും ഉള്‍പ്പെടെ ശരീരം പൂര്‍ണമായി ഉപയോഗിക്കപ്പെടുന്ന മറ്റ്‌ വ്യായാമമുറകള്‍ ചുരുക്കമാണ്‌. സ്‌റ്റേജ്‌ ഷോകള്‍ ധാരാളം ഉണ്ടാകും. ഇതിനുവേണ്ടി റിഹേഴ്‌സലും മറ്റുമായി മണിക്കൂറുകളോളം ഡാന്‍സ്‌ ചെയ്യേണ്ടിവരും. ജിമ്മില്‍ ഇടയ്‌ക്ക്‌ പോകാറുണ്ട്‌. അതിന്‌ കൃത്യമായ സമയമോ ദിവസമോ ഇല്ല. മനസില്‍ തോന്നണം എന്നു മാത്രം.

 

 

 

 

 

 

 

 

 

 

 

 

 

 



വണ്ണം പ്രശ്‌നമാണ്‌
ശരീരഭംഗിതന്നെയാണ്‌ സിനിമാതാരങ്ങളുടെ മുഖ്യ ആകര്‍ഷണം. അധികം വണ്ണമില്ലാത്ത ഒതുങ്ങിയ ശരീരമാണ്‌ എക്കാലത്തെയും നമ്മുടെ നായികാ സങ്കല്‍പം. ആ സങ്കല്‍പവുമായി എന്റെ സിനിമ കണ്ടപ്പോഴാണ്‌ വണ്ണം ഒരു പ്രശ്‌നമാണെന്ന്‌ എനിക്ക്‌ തോന്നിയത്‌. അങ്ങനെയാണ്‌ വണ്ണം കുറയ്‌ക്കാനുള്ള ശ്രമം ആരംഭിച്ചത്‌. അല്ലാതെ ആരും എന്നോട്‌ വണ്ണം കുറയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടില്ല. പ്ലസ്‌ടുവിനു പഠിക്കുമ്പോഴാണ്‌ ഞാന്‍ ആദ്യ സിനിമയില്‍ അഭിനയിക്കുന്നത്‌. അപ്പോഴൊന്നും ശരീരത്തെക്കുറിച്ച്‌ ഞാന്‍ കോണ്‍ഷ്യസായിരുന്നില്ല. നിവേദ്യം കാണുമ്പോള്‍ അത്‌ വ്യക്‌തമായി അറിയാം. `ബ്യൂട്ടിഫുള്‍' മുതലാണ്‌ സിനിമ ഞാനൊരു പ്രൊഫഷനായെടുത്തത്‌.

ഗ്രാമീണ പെണ്‍കുട്ടി
തനി ഒരു നാട്ടില്‍ പുറത്തു ജനിച്ചു വളര്‍ന്ന കുട്ടിയാണ്‌ ഞാന്‍. മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ എന്ന സ്‌ഥലത്ത്‌. ജോലിസംബന്ധമായി ഇപ്പോള്‍ തമ്മനത്ത്‌ താമസിക്കുന്നുവെന്ന്‌ മാത്രം. എന്റെ വീട്‌ നാലുകെട്ടാണ്‌. അമ്പലവും കുളവും കാവുമൊക്കെയുള്ള തറവാട്‌. ഞാന്‍ ഒരു അമ്പലവാസി കുട്ടിതന്നെയാണ്‌. എന്നുവച്ച്‌ എപ്പോഴും അമ്പലത്തിലൊന്നും പോകാറില്ല. നാട്ടിന്‍പുറത്തിന്റേതായ ചില ചിട്ടകള്‍ ഞങ്ങള്‍ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട്‌. തറവാട്ടില്‍ ഓണവും വിഷുവുമൊക്കെ വലിയ ആഘോഷമാണ്‌. ബന്ധുക്കളെല്ലാം ഒത്തു ചേരുന്ന അപൂര്‍വ്വ നിമിഷങ്ങള്‍. മനസ്‌ കൂടുതല്‍ എന്‍ര്‍ജറ്റിക്കാകാന്‍ ഇതില്‍ കൂടുതല്‍ ഒന്നും വേണ്ട.

ശുഭാപ്‌തി വിശ്വാസം
എനിക്ക്‌ ഭയങ്കര ശുഭാപ്‌തി വിശ്വാസമാണ്‌. എല്ലാക്കാര്യത്തിലും അതുണ്ട്‌. അതുകൊണ്ട്‌ മൂഡിയായിട്ട്‌ ഇരിക്കാറേയില്ല. അമ്മ ചെറിയ കാര്യങ്ങള്‍ക്കൊക്കെ ടെന്‍ഷനടിക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട്‌. നല്ലതു ചിന്തിക്കുക, നല്ലത്‌ പറയുക, നല്ലത്‌ പ്രവര്‍ത്തിക്കുക. അപ്പോള്‍ നമുക്കു ചുറ്റും ഒരു പോസിറ്റീവ്‌ എനര്‍ജി നിറയുമെന്ന്‌. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിക്കുകയും പറയുകയും ചെയ്യുമ്പോള്‍ മനസ്‌ ദുഷിക്കുമെന്നല്ലാതെ എന്താണ്‌ ഗുണം. ചാടിക്കയറി അഭിപ്രായം പറയാതിരുന്നാല്‍തന്നെ അനാവശ്യമായ ഒരു ടെന്‍ഷനും നമ്മളെ പിടികൂടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From എന്റെ പക്ഷം
More
View More