You are Here : Home / എന്റെ പക്ഷം

"ദാരിദ്ര്യം ഒരു മാനസിക അവസ്ഥ മാത്രമോ?"

Text Size  

Story Dated: Thursday, June 22, 2017 06:55 hrs EDT

വാൽക്കണ്ണാടി - കോരസൺ

 

 

"ഓമക്കാകുട്ടിക്കു ഫസ്റ്റ് ക്ലാസ്" . അവൾ വളരെ പാവപ്പെട്ട വീട്ടിൽനിന്നും വരുന്നകുട്ടിയാണ്. വീട്ടിൽ അസുഖമുള്ള 'അമ്മ മാത്രമേയുള്ളൂ. ഇടയ്ക്കു എന്റെ വീട്ടിൽ വന്നു ഓമയ്ക്ക പറിച്ചോട്ടെ എന്ന് ചോദിക്കാറുണ്ടായിരുന്നു. ഓമയ്ക്ക സഞ്ചിയിൽ ഇടുന്നതിനൊപ്പം അമ്മ ആരും കാണാതെ ചില സാധനങ്ങൾ കൂടെ ഇട്ടു കൊടുക്കാറുണ്ടായിരുന്നു. അവളുടെ മുഖം പഴുത്ത ഓമയ്ക്ക പോലെ തോന്നും, വെളുത്തു കൊലിഞ്ഞ ശരീരം പോഷഹാഹാരക്കുറവുകൊണ്ടായിരിക്കാം അവളുടെ ബ്രൗൺ നിറത്തിലുള്ള കണ്ണുകൾക്ക് ഒരു ദയനീയ ഭാവമായിരുന്നു. ഇടയ്ക്കിടയ്ക്ക് ഓമയ്ക്ക ചോദിച്ചു വരുന്നതുകൊണ്ട് ഞങ്ങൾ അവളെ “ഓമയ്ക്കകുട്ടി” എന്നാണ് വിളിച്ചിരുന്നത്. അവൾ നന്നേ ചെറുപ്പത്തിലേ ഒരു വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. അവൾക്കു കൂട്ടുകാരാരും ഇല്ലായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നതിനാൽ അവൾക്കു SSLC പരീക്ഷക്ക് ഒന്നാം ക്ലാസ് കിട്ടി എന്ന വാർത്ത എല്ലാവരും അത്ഭുതത്തോടെ പറയുമായിരുന്നു.

 

 

 

 

അക്കാലത്തു 35-40 ശതമാനം ഒക്കെയായിരുന്നു പത്താം ക്ലാസ് പാസ് ആകുന്നത്, അതിൽത്തന്നെ ഒന്നാം ക്ലാസ് ലഭിക്കുന്നത് ഞങ്ങളുടെ സ്കൂളിൽ മൂന്നോ നാലോ പേർക്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ കൂടുതലായി പഠിക്കാൻ ആരും അവളെ പ്രോത്സാഹിപ്പിച്ചില്ലായിരിക്കാം; കുട്ടികൾക്ക് ട്യൂഷൻ ഒക്കെ എടുത്തു ജീവിച്ചു, ഏതോ ഒരു പട്ടാളക്കാരൻ വിവാഹം കഴിച്ചു കൊണ്ടുപോയി. അധികം താമസിയാതെ അവൾ തിരിച്ചെത്തി, പട്ടാളക്കാരനു മറ്റൊരു ഭാര്യ ഒക്കെ ഉണ്ടായിരുന്നത്രെ. താമസിയാതെ അവളുടെ 'അമ്മ മരിച്ചു , പിന്നെ കുട്ടികൾക്ക് ട്യൂഷൻ എടുത്തു ജീവിച്ചു വന്ന അവൾക്കു വിഭാര്യനായ ഒരു അദ്ധ്യാപകൻ കൂട്ടുകാരനായി. അതോടെ നാട്ടുകാർ അവളെ അവഗണിച്ചു. ഒരിക്കൽ നാട്ടിൽ അമ്മയോട് സംസാരിച്ചപ്പോൾ പറഞ്ഞു “നിനക്കറിയില്ലേ ആ ‘ഓമയ്ക്കകുട്ടി’ , മരിച്ചുപോയി, ആരും ഇല്ലായിരുന്നു നാട്ടുകാർ ചിലരും ആ സാറും ചേർന്നാണ് കർമ്മങ്ങൾ നടത്തിയത്”.

 

 

 

കഴിവും അനുഭവവും ഉണ്ടായിട്ടും ജീവിതത്തിൽ മുഴുവൻ ദാരിദ്ര്യം അനുഭവിച്ച “ഓമയ്ക്കകുട്ടി”യുടെ ഓമയ്ക്ക ചോദിച്ചുള്ള ദയനീയമായ കണ്ണുകൾ ഓർമ്മയിൽ കടന്നുവരാറുണ്ട്. ഇത്തരം എത്രയോ ദാരിദ്ര്യത്തിന്റെ കഥകളും അനുഭവങ്ങളും നമ്മുടെ ചുറ്റും നിറഞ്ഞു നിന്നിരുന്നു ഒരു 40 വര്ഷം മുൻപുവരെ. "ദാരിദ്ര്യം ഒരു മാനസിക അവസ്ഥയാണ്" എന്ന് പറയാൻ മുതിർന്നത് അമേരിക്കയുടെ ഭവന-നാഗരിക വികസന സെക്രട്ടറി ആയ ഡോക്ടർ ബെൻ കാർസെൻ ആണ്. “ശരിയായ മാനസിക അവസ്ഥയുള്ള ഒരാളെ തെരുവിൽനിന്നും പിടിച്ചെടുത്ത് സകലതും അയാളിൽ നിന്നും എടുത്തു മാറ്റിയാൽ അധിക സമയം കഴിയുന്നതിനു മുൻപുതന്നെ അയാൾ പഴയ പ്രതാപത്തിൽ തിരിച്ചെത്തും. എന്നാൽ ശരിയായ മാനസിക അവസ്ഥയിലല്ലാത്ത ഒരാൾക്ക് ലോകത്തുള്ള എല്ലാം കൊടുത്താലും അയാൾ ശരിയാകയില്ല”. മാറിവരുന്ന, മുതലാളിത്ത അമേരിക്കയുടെ, "ദാരിദ്ര്യം" എന്ന വിഷയത്തെപ്പറ്റിയുള്ള പുതിയ കാഴ്ചപ്പാടാണ് ഈ ന്യൂറോ-സർജ്ജനിൽനിന്നുംകേൾക്കുന്നത്. “സർക്കാരുകൾ വെറും അവസരങ്ങൾ ഒരുക്കിത്തരുക മാത്രമാണ്, അല്ലാതെ മടിയന്മാർക്കു കുടചൂടി എന്നും എന്തിനും കാത്തുനിൽക്കുന്ന സംവിധാനമാണ് എന്ന് തെറ്റിദ്ധരിക്കരുത് “ എന്നും ഡോക്ടർ ബെൻ കാഴ്സൺ അഭിപ്രായപ്പെട്ടു. മനുഷ്യന്റെ പ്രാഥമീക ആവശ്യങ്ങൾക്ക് മുട്ടുണ്ടാകുമ്പോൾ ദാരിദ്ര്യം അനുഭവപ്പെടുന്നു. താത്ത്വീകമായി എങ്ങനെ അതിനെ വിശകലനം ചെയ്താലും, ഒരുനേരത്തേക്കുപോലും ഭക്ഷണം ലഭിക്കാത്ത അവസ്ഥ, കിടന്നുറങ്ങാൻ ഒരു കൂരയില്ലാത്ത അവസ്ഥ, നഗ്നതമറക്കാൻ ഒരു കീറ് തുണിപോലുമില്ലാത്ത അവസ്ഥ കടുത്ത ദാരിദ്ര്യം അല്ലാതെയാകില്ലല്ലോ. ലോകത്തിലെ പകുതി വരുന്ന ജനങ്ങൾക്ക്,

 

 

 

അതായത് മൂന്നു ബില്യൺ ജനങ്ങൾക്ക് ദിവസം 2 .50 ഡോളർ താഴയേ വരുമാനമുള്ളൂ, ലോകത്തിലെ എൺപതു ശതമാനം ജനങ്ങൾക്കും ദിവസം പത്തു ഡോളറിൽ താഴെയാണ് വരുമാനം. 800 മില്യൺ ആളുകൾക്ക് ആവശ്യത്തിനുള്ള ഭക്ഷണം പോലും ലഭിക്കുന്നില്ല. മൂന്നു മില്യൺ കുട്ടികൾ ഭക്ഷണം കിട്ടാതെ മരിക്കുന്നു. 40 മില്യൺ കുട്ടികൾക്ക് ശരിയായ താമസ സൗകര്യമില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു ബില്യൺ ആളുകൾ വായിക്കാൻ പോലും അറിയാതെയാണ് ജീവിക്കുന്നത്. അതീവ ഗുരുതരമാണ് ഈ സ്ഥിതിവിശേഷം. യുദ്ധംകൊണ്ടും തീവ്രവാദപ്രവർത്തനം കൊണ്ടും ഈ കണക്കുകൾ കുതിച്ചുയരുകയാണ്. വികസിത രാജ്യങ്ങളിൽപോലും കൊടും ക്രൂരമാണ് ഈ അവസ്ഥ. വികസിതരാജ്യമായ അമേരിക്കയിലും 14 ശതമാനത്തോളം ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിൽ തന്നെയാണ്. താൽക്കാലിക ഷെൽട്ടറുകൾ നിറഞ്ഞു, പാവങ്ങൾക്കായി ഒരു നേരത്തെ ഭക്ഷണം വിളമ്പുന്ന സൂപ്പ്കിച്ചണുകളിലെ നിരകൾ ദിവസവും നീണ്ടുവരുന്നു . 14 .5 മില്യൺ കുട്ടികൾ കടുത്ത ദാരിദ്ര്യത്തിലാണ് ഇവിടെ. 2.5 മില്യൺ കുട്ടികൾ ഭവനരഹിതരാണ്. 33 ശതമാനം ജനങ്ങൾ ദാരിദ്ര്യ രേഖയുടെ അടുത്തേക്ക് സഞ്ചരിക്കുകയാണ്. വളർച്ചാനിരക്കിലുള്ള "കണക്കിലെ കളികൾ" ഒരു സമൂഹത്തിന്റെ പൊതു ആരോഗ്യ നിലവാരത്തെ മാറ്റി മറിച്ചേക്കാം. അമേരിക്കയുടെ ജിഡിപി യൂറോപ്യൻ യൂണിയനെക്കാൾ 40 ശതമാനം കൂടുതലാണ് (Purchasing Power Parity അനുസരിച്ചു്). യുറോപ്പിലുള്ളവരെ അപേക്ഷിച്ചു അമേരിക്കക്കാർ 20 ശതമാനം കൂടുതൽ സമയം ജോലി ചെയ്യുന്നു. അതുകൊണ്ടു കൂടുതൽ വർഷങ്ങൾ ജോലിചെയ്താലും കൂടുതൽ സമയം ജോലി ചെയ്താലുമേ യഥാർഥമായ വരുമാനം കണ്ടുപിടിക്കാനാവൂ.

 

 

 

ഇത് സമൂഹത്തിന്റെ പൊതു ആരോഗ്യ നിലവാരത്തെ സാരമായി ബാധിക്കും. 49 ശതമാനം അമേരിക്കൻ തൊഴിലാളികളും ഒരു അത്യാവശ്യത്തിനു 1,000 ഡോളർ കൈവശം ഇല്ലാത്തവരണെന്നാണ് ഒരു ഇൻഷുറൻസ് കമ്പനിയുടെ റിപ്പോർട്ടിൽ കാണുന്നത്. അപ്രത്യക്ഷമാകുന്ന പെൻഷൻ സംവിധാനങ്ങൾ അമേരിക്കൻ തൊഴിലാളികളെ കൂടുതൽ വർഷങ്ങൾ ജോലിചെയ്യാൻ പ്രേരിപ്പിക്കും. തൊഴിൽ അവസരങ്ങൾ ഉള്ളത് ചെറു വേതനം ലഭിക്കുന്ന ഇടങ്ങളിലും വിളിക്കുന്ന സമയങ്ങളിലും മാത്രമായി തുടരുന്നതിനാൽ അഭ്യസ്തവിദ്യരല്ലാത്ത ഒരു വലിയ കൂട്ടം യുവാക്കൾ കടുത്ത ദാരിദ്ര്യത്തിലേക്കാണ് കൂപ്പു കുത്തുന്നത്. അവരെ സംബന്ധിച്ചു പെൻഷൻ എന്ന വാക്ക് തന്നെ അപചരിതമായി കേൾക്കുവാൻ തുടങ്ങി. അഭ്യസ്തവിദ്യരായ യുവാക്കൾ താങ്ങാനാവാത്ത വിദ്യാഭ്യാസ കടക്കെണിയിൽ പെട്ടുപോയതിനാൽ പെൻഷൻ പദ്ധതികളിൽ ചേരാനും മടിക്കുകയാണ്. ഏതാണ്ട് 17 ട്രില്യൺ ഡോളർ കട ബാധ്യതയുള്ള അമേരിക്കയുടെ, 6 ട്രില്യൺ ഡോളർ കട ബാധ്യതകൾ ജപ്പാനും ചൈനയും മറ്റും വാങ്ങിയിരിക്കയാണ്. അമേരിക്കയുടെ വിദേശ കടബാധ്യതകൾ, ഊതി വീർപ്പിച്ച വസ്തുമൂല്യം കൊണ്ടുകൂടിയാണ്. അതിനെ അടിസ്ഥാനപ്പെടുത്തി വ്യക്തികൾ ഏറ്റെടുക്കുന്ന കടബാധ്യതകളാണ് സമ്പത്‌വ്യവസ്ഥയെ ഉയർത്തിക്കാണിക്കുന്നത്. സാധാരണ, ന്യൂ യോർക്കിൽ ജോലിക്കുപോകുമ്പോൾ പൊതു വാഹനങ്ങളിലും പൊതുഇടങ്ങളിലും അനേകർ മുഷിഞ്ഞ, വിയർപ്പിന്റെ ഗന്ധവുമായി കിടന്നുറങ്ങുന്ന കാഴ്ചകൾ കാണാറുണ്ട്. കുഞ്ഞുങ്ങളെയും നെഞ്ചിൽ ചേർത്തുപിടിച്ചു ഭിക്ഷാടനം ചെയ്യുന്ന അമ്മമാരും, തലകുനിച്ചു കാർഡ്ബോർഡ് നോട്ടീസുമായി ഭിക്ഷ ചോദിക്കുന്ന മുൻ സൈനികരും കണ്ണിൽനിന്ന് മായാതെ നിൽക്കുന്നു.

 

 

 

 

സർക്കാരിന്റെ സഹായത്തിൽ കുറഞ്ഞ വരുമാനക്കാർക്കായി പടുത്തുയർത്തിയ ഭവന പദ്ധതികളിലും ആവശ്യക്കാരുടെ നീണ്ട അപേക്ഷകൾ കൂടിക്കിടക്കുന്നു . ഇവിടെയാണ് 20 ശതമാനം ബജറ്റ്കട്ട് എന്ന ഫെഡറൽ സർക്കാരിന്റെ ഡെമോക്ലിസ് വാൾ തൂങ്ങിക്കിടക്കുന്നത്. ഒരു മുപ്പതു വര്ഷം മുൻപ് ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ ധൈര്യമായി നടക്കാൻ സാധിക്കില്ലായിരുന്നു. അത്തരം ഒരു കാലഘട്ടത്തെ കഴുകി ലക്ഷക്കണക്കിന് വിദേശികൾക്കും സ്വദേശികൾക്കും പാതിരാത്രിയിൽ പോലും സുരക്ഷിതരായി വിഹരിക്കാൻ കഴിയുന്നത് സർക്കാരുകൾ ഏറ്റെടുത്തു നടപ്പിലാക്കിയ ക്ഷേമ പദ്ധതികളുടെ വിജയമാണ്. അത് കുറച്ചു കൊണ്ടുവന്നാൽ എന്താകും ഉണ്ടാകാൻ പോകുന്നത് എന്നത് കണ്ടു തന്നെ മനസ്സിലാക്കേണ്ടതായിട്ടുണ്ട്. വീണുപോകാൻ സാധ്യതയുള്ള മനുഷ്യ കൂട്ടങ്ങളെ അമേരിക്കൻ മുഖ്യ ധാരയിലേക്ക് കൈപിടിച്ചുകൊണ്ടു വരാനുള്ള ബഹുമുഖ പദ്ധതികൾ, അവരുടെ പാർപ്പിട പദ്ധതികൾ, ജയിൽ ജീവിതം കഴിഞ്ഞു ജോലി ലഭിക്കാനാവാത്ത ഒരു വലിയ കൂട്ടം, ലഹരി മയക്കുമരുന്ന് അടിമകളെ നേർവഴിയിലേക്ക് കൊണ്ടുവരാനുള്ള ദീർഘകാല പദ്ധതികൾ ഒക്കെ സർക്കാരിന്റെ കടമയിൽനിന്നും കൈവിട്ടുപോകുന്ന കാഴ്ചയാണ് കാണുന്നത്.

 

 

 

 

അമേരിക്കയുടെ ബഹുഭൂരിഭാഗം നിലനിൽക്കുന്ന പ്രാന്തപ്രദേശങ്ങളിൽ ലോകത്തു എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ താല്പര്യമില്ലാത്ത, ചിതറി പാർക്കുന്ന ഒരു വലിയ കൂട്ടംസമ്മതിദായകർ ഇന്നും പതിനെട്ടാം നൂറ്റാണ്ടിന്റെ മനസ്സുമായി ജീവിക്കുകയാണ്. അമേരിക്കയുടെ വളർച്ച അളക്കപ്പെടുന്നത് പട്ടണങ്ങളിലെ തിളക്കത്തിലും വാൾ സ്ട്രീറ്റ് - മെയിൻ സ്ട്രീറ്റ് ഇടങ്ങളുടെ സമൃദ്ധിയെ കണക്കാക്കിയാണെങ്കിൽ , ഗ്രാമങ്ങളിലെ തളർച്ച സകല നന്മകളെയും നിഷ്പ്രഭമാക്കും. ഇവിടെ പണമില്ലായ്മയല്ല പ്രശ്നം, പൊതുകരുതലിൽ വരുന്ന കെടുകാര്യസ്ഥതയാണ്. ഇവിടെ ‘മടിയന്മാർക്കും കുടിയന്മാർക്കും നീക്കിവയ്ക്കാനുള്ളതല്ല പൊതു നികുതിധനം’ എന്ന വാദം ശക്തമാണ്. പക്ഷെ ഒരിക്കലും ഉയരാൻ സാധിക്കാത്ത മാനസിക അവസ്ഥയുള്ള ഒരു വലിയ ജനക്കൂട്ടത്തെ മതിയായ പദ്ധതികളുടെ അഭാവത്തിൽ കൂടുതൽ അസ്ഥിരരാക്കിയാൽ എത്ര പോലീസ് സംവിധാനങ്ങൾ സ്വരൂപിച്ചാലും നിയന്ത്രിക്കാനാവാത്ത ഒരു മഹാവിപത്താണ് വരുന്നതെന്ന ഉൾകാഴ്ച്ചയാണ് ഇല്ലാതെപോകുന്നത്. മുഖ്യ ധാരയിലുള്ളവരുടെ പ്രതാപം പിടിച്ചുനിർത്തണമെങ്കിൽ കനത്ത മതിലുകൾ കെട്ടി സ്വർഗം നിലനിർത്താൻ ശ്രമിക്കുകയല്ല വേണ്ടത്,

 

 

 

 

മറിച്ചു ഉള്ളവനിൽ നിന്ന് ഇല്ലാത്തവനിലേക്കുള്ള തൂക്കു പാലങ്ങളാണ് ഉണ്ടാവേണ്ടത്. ഒരു സുഹൃത്ത് പറഞ്ഞ കാര്യം ഓർമയിൽ വരുന്നു. പണം സൂക്ഷിക്കാനറിയാവുന്നവർക്കു മാത്രമേ ദൈവം കൂടുതൽ ധനം നൽകാറുള്ളൂ, അത് അവർ ഇല്ലാത്തവർക്ക് കൊടുത്തു കൂടുതൽ കരുത്തർ ആകുവാനാണ്. ധനം സൂക്ഷിക്കാനറിയാത്ത ലോല ഹ്ര്യദയർക്കു പണം സൂക്ഷിക്കാൻ ദൈവം അനുവദിക്കില്ല. ധനം പകുത്തുകൊടുക്കാതെ കരുത്തർ അകാൻ ശ്രമിക്കുന്നതാണ് പൈശാചികം,അത് വ്യക്തിയായാലും രാജ്യമായാലും. ലോകത്തിലെ മൂന്നിൽ ഒന്ന് ദരിദ്രർ വസിക്കുന്ന ഇന്ത്യാമഹാരാജ്യത്തെപ്പറ്റി പറയാതെ ദാരിദ്ര്യം എന്ന വിഷയം അവസാനിപ്പിക്കാനാവില്ലലോ. 213 മില്യൺ ജനങ്ങൾ കടുത്ത വിശപ്പുമായിട്ടാണ് ഓരോ ദിവസവും ഇന്ത്യയിൽ കഴിയുന്നത്. 67 ശതമാനം പേരും ദാരിദ്ര്യ രേഖക്ക് താഴയാണ് ജീവിക്കുന്നത്. 25 ശതമാനം കുട്ടികളിലും പോഷഹാഹാര കുറവ് അനുഭവപ്പെടുന്നു. 20 ശതമാനം കുട്ടികൾ സ്കൂളിൽ പോകാനാവാതെ അന്നന്നത്തേക്കുള്ള ആഹാരത്തിനായി അലയുകയാണ്. ദാരിദ്ര്യ നിർമാർജനത്തിന് ഉതകുന്ന ഭക്ഷ്യ ലഭ്യത കൊടിയ അഴിമതികൊണ്ടു കപ്പലുണ്ടാക്കിയ രാഷ്രീയക്കാർ ഒരു കരക്കും അടുക്കാൻ സമ്മതിക്കില്ല.

 

 

 

 

 

രാജ്യത്തിന്റെ വളർച്ച എത്ര കൂടുതൽ ശതകോടീശ്വരന്മാരെ കൂടുതൽ ഉണ്ടാക്കി എന്നതല്ല, എത്ര കോടി ജനങ്ങളെ ദാരിദ്ര്യ രേഖക്ക് മുകളിൽ കൊണ്ടുവരാനായി എന്നതിനെ അടിസ്ഥാനമാക്കി വേണം. മതഭ്രാന്തും, വർഗീയതയും ഇളക്കിവിട്ടു, അഴിമതിനിയന്ത്രണത്തിന്റെ പേരിൽ പൗര സ്വാതന്ത്യ്രത്തെ പടിപടിയായി കൊല്ലാകൊല ചെയ്യുന്ന നേതൃത്വം അല്ല ഇന്ത്യ സ്വപ്നം കാണേണ്ടത്. ഇന്ത്യയുടെ നേതാവ് അംബാനിമാരുടെ മാത്രം നേതാവല്ല, കോടിക്കണക്കിനു ദരിദ്രനാരായണന്മാരുടെയും നേതാവുകൂടിയാണ്. നാമിന്നു വളരെ പരസ്പരവിരുദ്ധമായ കാഴ്ചപ്പാടുകളിലാണ് ജീവിക്കുന്നത്. ബൗദ്ധികവും ശാസ്ത്രീയവുമായ അറിവുകൾ നാം ക്രമമായി തലമുറകൾക്കു കൈമാറുമ്പോൾ, ധാർമ്മികമായ മൂല്യങ്ങൾ അതേരീതിയിൽ കൈമാറ്റപ്പെടുന്നില്ല എന്നത് ഒരു വസ്തുതയാണ്. ആഗോളീകരണത്തെപ്പറ്റി പറയുമ്പോൾത്തന്നെ നാം അന്തർമുഖരും കനത്ത ദേശീയവാദികളും ആകുന്നു. അറിവ് ഓരോ14 മാസം കൂടുമ്പോഴും വികസിക്കുന്നു എന്ന് പണ്ഡിതർ പറയുന്നു പക്ഷെ, വസ്തുതകളെയും യാഥാർഥ്യത്തെയും നാം ചോദ്യം ചെയ്യുന്നു. ആരോഗ്യവും ശുദ്ധജലവും വിദ്യാഭ്യാസവും തൊഴിലും ഇന്ന് കൂടുതൽ പ്രാപ്യമാകുമ്പോഴും നല്ല ജീവിതത്തിനായി നാം വീട് വിട്ടു ദൂരേക്ക് പോകുന്നു. എന്തോ, കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളിലായി നാം സ്വാംശീകരിച്ച മൂല്യങ്ങൾ എങ്ങനെയോ കൈമോശം വന്നിരിക്കുന്നു. നമ്മെക്കാൾ നന്നായി നമ്മുടെ കുട്ടികൾ ജീവിക്കണമെന്ന ആഗ്രഹത്തിന് അത്ര വിശ്വാസം പോരാ. സമൂഹം ഇന്ന് മൂല്യത്തേക്കാൾ ഭയത്തിനാണ് വില കൽപ്പിക്കുന്നത്. രാഷ്രീയവും മതവും ഈ ഭയപ്പെടുത്തലുകളെ പ്രോത്സാഹിപ്പിക്കുകയാണ്. നേതാക്കൾ ഇത്തരം ഭയത്തെ തുരത്തി, കൂടുതൽ അറിവും സഹനവും അർഥവും ഉള്ള മനുഷ്യക്കൂട്ടങ്ങളെയാണ് നയിക്കേണ്ടത്. ദാരിദ്ര്യം ഇന്ന് ധനവാന്റെ ന്യായവാദമായി ചുരുങ്ങുന്നു , വിശക്കുന്നവനു ഈ ന്യായവാദമല്ല വേണ്ടത് ഒരു നേരത്തെ ആഹാരമാണ്. “സ്നേഹിക്കപ്പെടുന്നവർ ദാരിദ്ര്യം അറിയില്ല” എന്ന് പറയാറുണ്ട്. “വിപ്ലവവും അക്രമവും ദാരിദ്ര്യം കൊണ്ടുവരുന്നു” എന്ന് അരിസ്റ്റോട്ടിൽ പറയുന്നുണ്ട്. "ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ, അവർക്കു സ്വർഗ്ഗരാജ്യം ലഭിക്കും, ദുഃഖിച്ചരിക്കുന്നവർ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം അവരുടേതാകുന്നു " എന്ന ക്രിസ്തു വചനം ദാരിദ്ര്യത്തിന്റെ ഭാഗ്യഅവസ്ഥയെ താത്വീകമായി അന്വേഷിക്കുകയാവാം. അവൽപ്പൊതിയുമായി കടന്നുവരുന്ന കുചേലനെ സ്വീകരിക്കുന്ന ഭഗവാൻ ശ്രീകൃഷ്ണൻ സതീർഥ്യന്റെ ദാരിദ്ര്യത്തെ പുണരുകയാവാം. എന്നാലും ഒടുങ്ങാത്ത വിശപ്പിന്റെ കരാളഹസ്തങ്ങളിൽ ഞെരിഞ്ഞമരുന്ന കോടിക്കണക്കിനു ദരിദ്രനാരായണന്മാർക്ക് വചനം മാത്രമല്ല,ആഹാരമാണ് വേണ്ടതെന്നു എന്ന് ക്രിസ്തുവും കൃഷ്ണനും കാട്ടിത്തരുന്നു. "നല്ല ഭരണമുള്ള നാട്ടിൽ ദാരിദ്ര്യമുണ്ടെങ്കിൽ നാം ലജ്ജിക്കണം, പക്ഷെ മോശമായുള്ള ഭരണമുള്ള നാട്ടിൽ ധനവാന്മാരാണ് ലജ്ജിക്കേണ്ടത് " - കൺഫ്യൂഷ്യസ് (ജൂൺ ഇരുപതു, രണ്ടായിരത്തി പതിനേഴ്.)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More