You are Here : Home / എന്റെ പക്ഷം

സ്‌ത്രീകളെ പേടിക്കുന്ന ദൈവങ്ങളോ? (ലേഖനം)

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, January 13, 2017 12:54 hrs EST

ശബരിമലയില്‍ സ്‌ത്രീകള്‍ക്ക് പ്രവേശനമില്ല. മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്‌ത്രീകള്‍ക്ക് പ്രവേശനമില്ല. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച സ്ത്രീകളെ പ്രവേശിപ്പിക്കുകയില്ല (ചുരിദാറിന്റെ മേലെ മുണ്ടുടുത്താല്‍ പ്രവേശിക്കാം). അമേരിക്കയില്‍ അനുവാദമില്ലാതെ സ്‌ത്രീയെ കെട്ടിപ്പിടിച്ച് സെല്‍‌ഫിയെടുത്തു !

 

സ്‌ത്രീകളോടുള്ള പുരുഷവര്‍ഗത്തിന്റെ സമീപനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ട കാലം അതിക്രമിച്ചോ എന്ന് മേല്പറഞ്ഞ സംഭവങ്ങള്‍ വിളിച്ചോതുന്നു. അതില്‍ ആദ്യത്തെ മൂന്നെണ്ണം 'വിശ്വാസത്തിന്റെ' പേരിലാണെങ്കില്‍ നാലാമത്തേത് സ്ത്രീകള്‍ക്ക് നിര്‍ഭയമായി അവരുടെ പൗരാവകാശങ്ങള്‍ ആസ്വദിച്ചു ജീവിക്കാനോ, അതിക്രമങ്ങളും വിവേചനങ്ങളുമൊന്നുമില്ലാതെ, അവരുടെ വ്യക്തിസ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നതില്‍ പുരുഷമേധാവിത്വം ഒരു തടസ്സമായി തീരുന്നുവോ എന്ന തരത്തില്‍ പലകോണുകളില്‍ നിന്നുള്ള നിയന്ത്രണം അദൃശ്യമായി തുടരുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നവോത്ഥാന പോരാട്ടങ്ങളും സ്ത്രീ മുന്നേറ്റങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായിത്തീര്‍ന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍, സ്ത്രീകള്‍ക്കു നേരെ ഉയര്‍ന്നുവരുന്ന അവഗണനാ മനോഭാവം മാറ്റിയെടുക്കേണ്ടത് സാമൂഹ്യബാധ്യതയാണ്. ദൈവ വിശ്വാസത്തിന്റെ പേരില്‍, മതവിശ്വാസത്തിന്റെ പേരില്‍, ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകളില്‍ തളച്ചിടേണ്ടതാണോ സ്ത്രീ വംശം? മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്‌ത്രീകളുടെ പ്രവേശനം നിരോധിച്ചത് ചില മതമൗലികവാദികളുടെ സമ്മര്‍ദ്ദം മൂലമാണ്.

 

 

15-ാം നൂറ്റാണ്ടില്‍ ജീവിച്ച സൂഫിവര്യന്‍ പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഹാജി അലി ദര്‍ഗ. അറേബ്യന്‍ കടലില്‍ 500 അടി ഉള്ളിലേക്കുമാറി വര്‍ളി തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ദര്‍ഗ ലേഖകനും സന്ദര്‍ശിച്ചിട്ടുണ്ട്. 2010 വരെ ജാതിമതസ്‌ത്രീപുരുഷഭേദമന്യേ എല്ലാവര്‍ക്കും പ്രവേശിക്കാമായിരുന്ന ഈ ദര്‍ഗയില്‍ സ്‌ത്രീകളുടെ പ്രവേശനം നിരോധിച്ചത് 2012-ല്‍ ആണ്. എന്തു കാരണം കൊണ്ടാണെന്ന് നിരോധനം ഏര്‍പ്പെടുത്തിയ ട്രസ്റ്റ് വെളിപ്പെടുത്തിയില്ലെങ്കിലും മതമൗലികവാദികളുടെ സമ്മര്‍ദ്ദമാണെന്ന് പിന്നീട് അവര്‍ക്ക് സുപ്രീം കോടതിയില്‍ വെളിപ്പെടുത്തേണ്ടി വന്നു. ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന്‍ (ബി.എം.എം.എ.) മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സ്‌ത്രീകള്‍ക്ക് അനുകൂലമായ വിധി വന്നിട്ടുപോലും ഹാജി അലി ട്രസ്റ്റ് അംഗീകരിച്ചില്ല. ഒടുവില്‍ സുപ്രീം കോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് സ്‌ത്രീകള്‍ക്ക് പ്രവേശനാനുമതി ലഭിച്ചത്. ഇതില്‍ നിന്ന് മനസ്സിലാകുന്നത് വിശ്വാസത്തെ കൂട്ടുപിടിച്ച് ചില മതമൗലികവാദികള്‍ സ്‌ത്രീകളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നു തന്നെയാണ്. കടലില്‍ സ്ഥിതിചെയ്യുന്ന ഈ പള്ളിയ്ക്കകത്താണ് സൂഫിവര്യന്‍ പീര്‍ ഹാജി അലി ഷായുടെ ഖബറിടം.

 

 

 

അവിടെ നിന്ന് പ്രാര്‍ത്ഥിച്ചാല്‍ ഉദ്ദിഷ്ട ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. സ്‌ത്രീകളെ അങ്ങോട്ട് പ്രവേശിപ്പിക്കുന്നത് പാപമാണെന്നായിരുന്നു ദര്‍ഗ ഭാരവാഹികളുടെ വാദം. 2012 വരെ ഇല്ലാതിരുന്ന ഈ വിശ്വാസം എങ്ങനെ അവര്‍ക്ക് കിട്ടി എന്നത് അജ്ഞാതം. ഇതേ രീതി തന്നെയാണ് മഹാരാഷ്‌ട്രയിലെ തന്നെ ശനി ഷിഗ്നാപൂര്‍ ക്ഷേത്ര പ്രവേശനവും സ്ത്രീകള്‍ നേടിയെടുത്തത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. അവിടെയും സ്ത്രീ മുന്നേറ്റ സംഘടനകള്‍ പ്രക്ഷോഭം തുടങ്ങിയപ്പോഴാണ് അധികൃതരുടെ കണ്ണു തുറന്നത്. ഭൂമാതാ റാണരാഗിണി ബ്രിഗേഡ് (ബി.ആര്‍.പി.) എന്ന സംഘടന പ്രക്ഷോഭം ആരംഭിക്കുകയും മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും തുടര്‍ന്ന് കോടതി ഉത്തരവിലൂടെയാണ് ഈ ക്ഷേത്രത്തിലേക്ക് സ്‌ത്രീ പ്രവേശനം അനുവദനീയമായത്. മാസങ്ങള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഈ അവകാശം അവര്‍ നേടിയെടുത്തതെന്ന് ഓര്‍ക്കണം. മഹാരാഷ്ട്ര ഹിന്ദു പ്ലെയ്‌സ് ഓഫ് വര്‍ഷിപ് ആക്ട് 1956 പ്രകാരം ഏതെങ്കിലും ക്ഷേത്രത്തില്‍ സ്ത്രീകളെ വിലക്കിയാല്‍ ആറ് മാസത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചിരുന്നു.

 

 

 

മഹാരാഷ്‌ട്രയിലെ തന്നെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്ത കോലാപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തിലും സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അടുത്തതായി ശബരിമലയിലെ സ്‌ത്രീ പ്രവേശനമാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ ശബരിമലയെക്കുറിച്ചും, അതിന്റെ ചരിത്രത്തെക്കുറിച്ചും അറിയാത്തവര്‍ വിരളമാണ്. എന്നാല്‍, അവിടെയും സ്ത്രീ പ്രവേശനം നിഷിദ്ധമാണ്. 55 വയസ്സു കഴിഞ്ഞ സ്‌ത്രീകള്‍ക്കു മാത്രമേ ശബരിമലയില്‍ പ്രവേശനം അനുവദിക്കൂ എന്ന് ക്ഷേത്രഭാരവാഹികളും ദേവസ്വം ബോര്‍ഡും ശഠിക്കുമ്പോള്‍ അതെന്തുകൊണ്ടാണെന്ന് പുരോഗമനവാദികളും കോടതിയും ചോദിക്കുന്നു. ചരിത്രപരമായ, വിശ്വസനീയമായ ഒരു വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയുന്നുമില്ല. ഭഗവാന് ആണ്‍-പെണ്‍ വ്യത്യാസമുണ്ടോ എന്നാണ് സുപ്രീം കോടതി ചോദിച്ചത്.

 

 

പത്തിനും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പണ്ടുമുതലേ പ്രവേശം അനുവദിച്ചിരുന്നില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ ന്യായീകരണത്തിന് 1500 വര്‍ഷം മുമ്പ് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നോ എന്ന് ആര്‍ക്കാണറിവ് എന്നാണ് കോടതി ചോദിച്ചത്. സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകണോ വേണ്ടയോ എന്നത് അവരുടെ താല്‍പര്യമാണ്. ആര്‍ക്കാണത് തടയാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു. എന്നാല്‍ പാരമ്പര്യവാദങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ പറയുന്നു സ്‌ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുമെന്ന്. അതിന് അവര്‍ പറയുന്ന ന്യായീകരണം 41 ദിവസത്തെ വ്രതവും ആര്‍ത്തവവുമാണ്. ആര്‍ത്തവകാലത്ത് വീട്ടില്‍ വിളക്ക് വെയ്ക്കാത്ത, അമ്പലങ്ങളിലും പള്ളികളിലും പോകാത്ത സ്ത്രീകളുള്ള നാട്ടില്‍, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് സ്ത്രീപുരുഷ ഭേദമന്യേ പ്രവേശനം വേണമെന്ന് പറഞ്ഞാല്‍ അതു നടക്കുന്ന കാര്യമല്ലെന്നാണവര്‍ പറയുന്നത്. എന്നാല്‍ രാഷ്ട്രീയവും ആചാരങ്ങളും തമ്മില്‍ കൂട്ടികുഴയ്ക്കരുതെന്ന് പറയുന്നവരും നിരവധിയാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവബുദ്ധിമുട്ട് ഇല്ലാത്ത സമയത്ത് ക്ഷേത്രത്തില്‍ കയറുന്നതിന് മേല്‍പ്പറഞ്ഞ ക്ഷേത്രത്തിലെ താന്ത്രിക സങ്കല്‍പ്പം തടസ്സമാണെങ്കില്‍ അത് കാലോചിതമായി പരിഷ്‌കരിക്കപ്പെടേണ്ടതല്ലേ എന്നാണ് പുരോഗമനവാദികള്‍ ചോദിക്കുന്നത്. ആര്‍ത്തവകാലത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വീടിന്റെ അടുക്കളകളില്‍ പോലും പ്രവേശനമില്ലാത്ത വീടുകളുണ്ട്.

 

 

 

സ്‌ത്രീകളെ അകറ്റി നിര്‍ത്താന്‍ മാത്രം അത്രക്കും അപകടകാരിയാണോ അയിത്തം കല്പിക്കുന്ന ആര്‍ത്തവകാലം? സന്താനോല്പാദനത്തിന് വളരെ പ്രധാനപ്പെട്ട ഒരു ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. അതും ദൈവീകമായ വരദാനം. ആര്‍ത്തവം ജൈവികമായ സ്വാഭാവിക പ്രക്രിയാണെന്ന് തിരിച്ചറിയുമ്പോള്‍ തന്നെ ആര്‍ത്തവകാല വിലക്കുകള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിലനില്‍ക്കുന്നു. ശബരിമല സീസണ്‍ ആയിക്കഴിഞ്ഞാല്‍ പമ്പയിലേക്കുള്ള ബസുകളില്‍ പോലും സ്‌ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. പുരുഷന്നും സ്ത്രീക്കും ഒരുപോലെ പൊതുസ്ഥലങ്ങളും പൊതു സര്‍വീസുകളും ഉപയോഗിക്കാന്‍ തുല്യമായ അവകാശം ഭരണഘടനയിലൂടെ നല്‍കുന്ന രാജ്യമാണ് ഇന്ത്യ. എന്നിട്ടും ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം തുടരുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നാണ് ബി.ആര്‍.പി പോലുള്ള സ്‌ത്രീ മുന്നേറ്റ സംഘടനകളുടെ വാദം. ആര്‍ത്തവം ദൈവീകമാണെങ്കില്‍ ആ ദൈവത്തെ കാണാന്‍ എന്തുകൊണ്ടാണ് സ്‌ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്നും അവര്‍ ചോദിക്കുന്നു.

 

 

 

 

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ചുള്ള തര്‍ക്കം ഇത്രയും രൂക്ഷമാകാന്‍ കാരണം രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ ഇടപെടലാണെന്ന് വ്യക്തമാണ്. മാറിമാറി വന്ന ഇടതു വലതു സര്‍ക്കാരുകള്‍ അവരവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് ചരിത്രം വളച്ചൊടിക്കുകയും, കോടതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ സുപ്രീം കോടതി വരെ കേസ് എത്തിയത്. എന്തുകൊണ്ടാണ് സ്ത്രീകളെ നിരോധിച്ചതെന്നുള്ള ചോദ്യത്തിന് വിശ്വാസയോഗ്യമായ ഉത്തരം നല്‍കാന്‍ ഇതുവരെ ക്ഷേത്രക്കമ്മിറ്റിയ്ക്കോ ദേവസ്വം ബോര്‍ഡിനോ സാധിച്ചിട്ടില്ല. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നോ, സ്ത്രീകള്‍ അവിടെ പൂജ ചെയ്തിരുന്നോ, സ്ത്രീകള്‍ വേദമന്ത്രങ്ങള്‍ ഉച്ചരിക്കാന്‍ പാടില്ലെന്ന ആചാരമുണ്ടോ? എന്നീ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ ക്ഷേത്രാധികാരികള്‍ക്ക് കഴിഞ്ഞില്ല. പക്ഷെ, സ്ത്രീകള്‍ക്ക് അനുകൂലമായ സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ശബരിമല വിഷയം കോടതി സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഈ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് സാഹചര്യം മുതലെടുത്ത് മഹാരാഷ്‌ട്രയിലെ സ്ത്രീസന്നദ്ധ സംഘടനകള്‍ ജനുവരിയില്‍ ശബരിമലയിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

 

 

 

 

ഈ വാദപ്രതിവാദങ്ങള്‍ നിലനില്‍ക്കേ തന്നെ അയ്യപ്പന് സ്‌ത്രീകളെ ഭയമാണെന്ന വാദവുമായി ഡി.സി. ബുക്സ് ഒരു വീഡിയോ ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. അയ്യപ്പനെന്തിനാണ് പെണ്ണിനെപ്പേടി എന്ന് വാദിക്കുന്ന "റെഡി ടു വിസിറ്റ്" എന്ന ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നു. വീഡിയോ ഈ ലിങ്കില്‍ കാണാം: https://youtu.be/p-pri2eDEa4 ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ആര്‍ത്തവം ദൈവീകമാണെന്നും അതിന്റെ പേരില്‍ സ്ത്രീകളെ വിലക്കരുതെന്നും ആല്‍ബത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. എസ്.വി റിഷിയുടെ രചനയ്ക്ക് ദൃശ്യാവിഷ്‌കാരവും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സഞ്ജീവ് എസ് പിള്ളയാണ്. ദീപയാണ് ആല്‍ബത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത്. അടുത്തത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രമാണ്. വിശ്വപ്രശസ്തമായ ഈ ക്ഷേത്രത്തിലെ ആചാരങ്ങള്‍ അതിവിചിത്രവും സാമൂഹ്യനീതിക്ക് ചേരാത്തതുമാണ്. മാന്യമായി വസ്ത്രം ധരിച്ച് ഏതു സ്‌ത്രീക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന കോടതി വിധി നിലനില്‍ക്കേ 'ഞങ്ങളതിനു സമ്മതിക്കില്ല' എന്ന ശാഠ്യവുമായി ക്ഷേത്രം അധികൃതരും ചില ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയത് അപലപനീയമാണ്. ആചാരമനുസരിച്ച് ചുരിദാറിന് മുകളില്‍ മുണ്ട് ധരിച്ചാല്‍ മാത്രമേ ക്ഷേത്രത്തില്‍ കയറ്റുകയുള്ളൂവെന്ന വിചിത്രമായ വാദവുമായാണ് അവര്‍ ചുരിദാര്‍ ധരിച്ചെത്തിയ സ്‌ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത്. പുരുഷന്മാര്‍ മുണ്ടു മാത്രമുടുത്ത് ബാക്കിഭാഗം നഗ്നമാക്കി ക്ഷേത്രത്തില്‍ പ്രവേശിക്കാം. മാന്യമായി വേഷം ധരിച്ചെത്തുന്ന സ്‌ത്രീകളോട് "പോയി മുണ്ടുടുത്തോണ്ട് വാ പെണ്ണേ" എന്നു പറഞ്ഞ് തിരിച്ചയക്കുന്നത് ദൈവത്തെപ്പോലും വെല്ലുവിളിക്കുന്നതിനു തുല്യമല്ലേ? ഇനി അമേരിക്കയിലെ മലയാളി സ്‌ത്രീകളിലേക്ക് വരാം. കേരളത്തിലെപ്പോലെ ആരാധനാലയങ്ങളില്‍ അവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഈ രാജ്യത്തെ നിയമവ്യവസ്ഥ അത് അംഗീകരിക്കുകയുമില്ല.

 

 

 

അപ്പോള്‍ കര്‍ശനമായ നിയമവ്യവസ്ഥയുണ്ടെങ്കില്‍ ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും, സ്‌ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാന്‍ ബുദ്ധിമുട്ടില്ല എന്നു സാരം. അമേരിക്കയില്‍ സ്ത്രീപ്രാതിനിധ്യമില്ലാത്ത ഒരൊറ്റ സംഘടന പോലുമില്ലെന്നു പറയാം. മിക്കവാറും എല്ലാ സംഘടനകള്‍ക്കും വിമന്‍സ് ഫോറം അല്ലെങ്കില്‍ വിമന്‍സ് വിംഗ് ഉണ്ട്. നിരവധി ആക്റ്റിവിസ്റ്റുകള്‍ അവയില്‍ അംഗങ്ങളായുമുണ്ട്. ഒരു പോഷക സംഘടനപോലെ അവര്‍ മാതൃസംഘടനകളുടെ ഉന്നമനത്തിനും, അതുവഴി സമൂഹത്തിന് ഗുണകരമായ പ്രവര്‍ത്തികള്‍ ചെയ്തുവരുന്നു. തൊഴില്‍ മേഖലകളില്‍ അവര്‍ ഉന്നതിയിലെത്തുന്നു. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വീണുകിട്ടുന്ന സമയം അവര്‍ സാമൂഹ്യസേവനത്തിനു വേണ്ടി നീക്കിവെയ്ക്കുന്നു. എന്നാല്‍, കുടുംബത്തിലെ പുരുഷന്മാരുടെ രക്ഷാകര്‍തൃത്വത്തിലല്ലാതെ സൂര്യാസ്തമയത്തിനുശേഷം 'നല്ല സ്ത്രീകള്‍' വീട്ടിനുപുറത്തിറങ്ങുകയില്ലെന്ന ധാരണ മനസ്സുകളില്‍ ആഴത്തില്‍ ഉറഞ്ഞുകിടക്കുന്ന ചില മലയാളികള്‍ അമേരിക്കയിലുമുണ്ട്. അവര്‍ സ്വന്തം ഭാര്യമാര്‍ മറ്റു പുരുഷന്മാരുമായി ചേര്‍ന്ന് സംഘടനാപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതില്‍ അതൃപ്തിയുള്ളവരുമാണ്. അമേരിക്കയിലെത്തിയിട്ടും, ഔദ്യോഗിക-സാമ്പത്തിക-സാമൂഹിക-സാംസ്ക്കാരികപരമായി ഉന്നതിയിലെത്തിയിട്ടും ഈ ചിന്താഗതി വെച്ചുപുലര്‍ത്തുന്നവര്‍ അനവധിയുണ്ടിവിടെ. എവിടെയും പുരുഷന്മാര്‍ മാത്രം മതി. സ്ത്രീകള്‍ ധനസമ്പാദനത്തിനും മക്കളെ പ്രസവിക്കാനും മാത്രമുള്ള ഉപകരണമായി മാത്രം അവര്‍ കാണുന്നു. എന്നാല്‍, അമേരിക്കന്‍ മലയാളികളില്‍ തന്നെ അറിയപ്പെടുന്ന നിരവധി സ്‌ത്രീകളെ നമുക്ക് പൊതുവേദികളില്‍ കാണാന്‍ കഴിയും.

 

 

 

സംഘടനാ നേതൃത്വം വഹിക്കുന്നവര്‍ നിരവധിയുണ്ട്. അവര്‍ വളരെ സോഷ്യലായി എല്ലാവരോടും ഇടപെടുന്നു. ആ ഇടപെടല്‍ കാണുമ്പോള്‍ ചിലരുടെ മനസ്സുകളില്‍ "ലഡ്ഡു പൊട്ടുന്നത്" സ്വാഭാവികം. ലഡ്ഡു പൊട്ടിക്കാന്‍ നടക്കുന്ന സ്‌ത്രീകളുമുണ്ടാകാം. പക്ഷെ, 'കം‌ഫര്‍ട്ട് സോണില്‍' നിന്നുകൊണ്ടുതന്നെ അവര്‍ പുരുഷന്മാരോടിടപെടുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കുന്നു, തമാശകള്‍ പറയുന്നു, പൊട്ടിച്ചിരിക്കുന്നു, കുശലാന്വേഷണങ്ങള്‍ നടത്തുന്നു, ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു..... എല്ലാം വിശ്വാസത്തിന്റെ പേരില്‍. ഏതെങ്കിലും സ്‌ത്രീകള്‍ അല്പം അമിതസ്വാതന്ത്ര്യം കാണിച്ചാല്‍ 'മനസ്സില്‍ ലഡ്ഡു പൊട്ടുന്നവര്‍' സാഹചര്യം ചൂഷണം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, ആ ചൂഷണത്തെ സ്‌ത്രീ എതിര്‍ക്കുകയോ അതൃപ്തി പ്രകടിപ്പിക്കുകയോ ചെയ്താല്‍ അവളെ സമൂഹത്തിനു മുന്‍പില്‍ അപഹാസ്യയാക്കാനായിരിക്കും പിന്നെയുള്ള ശ്രമം. എന്തുകൊണ്ടാണ് പുരുഷന്മാര്‍ക്ക് ഇങ്ങനെയൊരു മാനസിക വൈകൃതമുണ്ടാകുന്നത്? എന്തുകൊണ്ടാണ് സംഘടനകളും പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഏറെ സജീവമായിട്ടും, സാമൂഹ്യ-സാംസ്ക്കാരിക-തൊഴില്‍ മേഖലകളില്‍ ശാക്തീകരണ വഴിയില്‍ സ്‌ത്രീകള്‍ ഏറെ മുന്നോട്ടു ഗമിച്ചിട്ടും, വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക സുരക്ഷിതത്വവും ഇന്നും അവള്‍ക്ക് അപ്രാപ്യമാവുന്നത്?

 

 

 

 

https://www.youtube.com/watch?v=p-pri2eDEa4

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.