You are Here : Home / എന്റെ പക്ഷം

ഓര്‍മപ്പൂവിലെ പാട്ട്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, September 17, 2014 01:43 hrs EDT

കൈതപ്രം ദാമോദരന്‍ നമ്പൂതിരി
 
 
 
 
 
 
നീ എന്‍ പൂ പോല്‍ ഇതളായ് തെളിയും നിറമായ് വരമായ്….
കണ്ണില്‍ നിന്‍ മെയ്യില്‍ ഓര്‍മപ്പൂവില്‍…………
 
 
 'ഇന്നലെ' എന്ന ചിത്രത്തിലെ ഗാനങ്ങളാണിത്. ഈ ഗാനങ്ങള്‍ക്ക് ഒരു വലിയ സവിശേഷതയുണ്ട്. എനിക്കേറെ പ്രിയപ്പെട്ട സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ അവിചാരിതമായി ലഭിച്ച അവസരം. ഇഷ്ടപ്പെട്ട പാട്ട് എന്നതിലപ്പുറം ഇഷ്ടപ്പെട്ട സംവിധായകനോടൊപ്പമുള്ള വര്‍ക്ക് എന്നതാണ് എനിക്ക് ഈ ഗാനങ്ങളെക്കുറിച്ച് പറയാനുള്ളത്. എന്റെ രചനാജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ചില മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചതും ഈ ഗാനരചനയാണ്. 
 
മദ്രാസില്‍ 'ഹിസ്‌ഹൈനസ് അബ്ദുള്ള'യില്‍ വര്‍ക്ക് ചെയ്യുന്ന സമയം. 'ഗോപികാവസന്തം……..' എന്ന പാട്ടിന്റെ അവസാനരണ്ടു ചരണത്തിന്റെ പണിപ്പുരയിലാണ്. അപ്പോള്‍ കെപിഎസി ലളിതച്ചേച്ചിയാണ് എന്നെ പപ്പേട്ടന്‍ അന്വേഷിച്ചിരുന്നു എന്ന് സെറ്റില്‍ വന്ന് വിവരം പറയുന്നത്. ഒരാഴ്ചയായി പപ്പേട്ടന്‍ എന്നെ അന്വേഷിക്കുന്നുണ്ട്. അതു പക്ഷേ ഞാന്‍ അറിഞ്ഞിരുന്നില്ല. ലളിതചേച്ചി വന്നു പറഞ്ഞപ്പോള്‍ ഞാന്‍ ലോഹിതദാസിനെ മാത്രം അറിയിച്ചു ഇങ്ങനെയൊരു സംഭവമുണ്ട് എന്ന്. തീര്‍ച്ചയായും പോകണമെന്ന് അദ്ദേഹം പറഞ്ഞു. ആ പാട്ട് രാത്രി കൊണ്ട് പൂര്‍ത്തിയാക്കിയിട്ട് രാവിലെ പൊയ്‌ക്കോളാന്‍ പറഞ്ഞു. എനിക്ക് ടിക്കറ്റുമായി ആളുകള്‍ റെഡിയായിരുന്നു. അങ്ങനെ ആ രാത്രി തന്നെ പാട്ട് പൂര്‍ത്തിയാക്കി സിബിയെ കേള്‍പ്പിച്ച് ഓക്കെയാക്കിയിട്ട് രാവിലെ തിരുവനന്തപുരത്തേക്ക് വന്നു. 
 
1989 ഡിസംബര്‍ 31 നാണ് ഞാന്‍ തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നത്. അന്നു രാവിലെയായിരുന്നു 'പ്രമദവനം……….' എന്ന പാട്ട് ദാസേട്ടന്‍ പാടുന്നത്. എനിക്ക് വലിയ ആഗ്രഹമായിരുന്നു അതു കേള്‍ക്കണമെന്ന്. പക്ഷേ അതു കേള്‍ക്കാന്‍ പറ്റിയില്ല. അങ്ങനെ ഞാന്‍ തിരുവന്നതപുരത്തെത്തി. പപ്പേട്ടനെ കണ്ടു. പപ്പേട്ടന്‍ എന്നോട് പറഞ്ഞു. ഞാന്‍ കുട്ടനെ മാത്രമേ ഇങ്ങനെ വെയ്റ്റ് ചെയ്തിട്ടുള്ളൂ എന്ന്. എന്റെ കുറ്റമല്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് കുഴപ്പമില്ല, ഞാന്‍ ഇഷ്ടം കൊണ്ട് പറഞ്ഞതാണെന്നാണ്. 
 
അങ്ങനെ പപ്പേട്ടന്‍ എന്നെ ട്യൂണ്‍ കേള്‍പ്പിച്ചു. 
'നീ എന്‍ പൂ പോല്‍ ഇതളായ് തെളിയും നിറമായ് വരമായ്…….'
 
 എന്ന പാട്ടെഴുതി. വളരെ ബുദ്ധിമുട്ടായിരുന്നു അതെഴുതാന്‍. ആദ്യം ഒറ്റ അക്ഷരം പിന്നെ രണ്ടക്ഷരം പിന്നെ നാലക്ഷരം അങ്ങനെയാണ് എഴുതേണ്ടത്. ലാലാലാലാ ലലലലലല…………. അങ്ങനെയാണ് അതിന്റെ ട്യൂണ്‍. അത് ഒറ്റയടിക്കു തന്നെ എഴുതി. പെരുമ്പാവൂര്‍ സാറായിരുന്നു സംഗീതം. രണ്ടാള്‍ക്കും വരികള്‍ ഇഷ്ടപ്പെട്ടു. അതുകൊണ്ട് തിരുത്ത് വേണ്ടി വന്നില്ല. പാട്ടു റെഡിയായി. അന്നു രാത്രി ഹോട്ടലിനു മുകളില്‍ വലിയ ആഘോഷമായിരുന്നു. ഇതിനിടെ പപ്പേട്ടന്‍ എന്നെ വിളിച്ചു കൊണ്ടിരുന്നു. സ്‌മോള്‍ അടിക്കാനായിരുന്നു ക്ഷണം. ഇത്രയും ബുദ്ധിമുട്ടുള്ള പാട്ട് എഴുതിക്കഴിഞ്ഞ് ഇനി അടുത്ത പാട്ടിലേക്ക് കടക്കുമ്പോള്‍ ഒരു ടെന്‍ഷന്‍ ഉണ്ടാവില്ലേ. അതിനായി കുറച്ചു മദ്യം കഴിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞു. ഞാന്‍ ജീവിതത്തില്‍ മദ്യപിച്ചിട്ടില്ല. അങ്ങനെ ആഗ്രഹിക്കുന്നുമില്ല എന്നു പറഞ്ഞെങ്കിലും പപ്പേട്ടന്‍ എന്നെ മൂന്നാലു തവണ കൂടി വീണ്ടും നിര്‍ബന്ധിച്ചു. ഒടുവില്‍ അവസാനം പപ്പേട്ടന്‍ പറഞ്ഞു. ഇനി നിന്റെ ജീവിതത്തില്‍ നിനക്ക് മദ്യപിക്കേണ്ടി വരില്ല. കാരണം ഒരാള്‍ ഇത്രയും നിര്‍ബന്ധിച്ചിട്ടും കഴിച്ചിട്ടില്ലെങ്കില്‍ ഇനി ജീവിതത്തില്‍ മദ്യപിക്കേണ്ടി വരില്ല എന്നു പറഞ്ഞു. അങ്ങനെ ഞാന്‍ അടുത്ത പാട്ടിലേക്കു പോയി. അതും ഒരു ദിവസം കൊണ്ട് എഴുതിത്തീര്‍ത്തു. 
'കണ്ണില്‍ നിന്‍ മെയ്യില്‍ ഓര്‍മപ്പൂവില്‍………….' 
 
എന്ന പാട്ടാണ് അത്. ഏതായാലും രണ്ടു പാട്ടും സുഖമായി എഴുതിത്തീര്‍ത്തു. പപ്പേട്ടന് വലിയ സന്തോഷമായി. പാട്ട് പാടുന്ന സമയത്ത് നിങ്ങളുണ്ടാവണം എന്നു പപ്പേട്ടന്‍ പറഞ്ഞിരുന്നു. പാടുന്ന സമയത്ത് വരികളില്‍ എന്തെങ്കിലും സുഖമില്ലാതെ തോന്നിയാല്‍ അതു കറക്ട് ചെയ്യാന്‍ നിങ്ങള്‍ വേണം എന്നു പറഞ്ഞു. അതൊരു പാഠം പോലെ ഞാന്‍ കരുതി.. അങ്ങനെ രണ്ടു പാട്ടും ദാസേട്ടന്‍ പാടുമ്പോള്‍ ഞാനുണ്ടായിരുന്നു അവിടെ. 'ഇന്നലെ' എന്ന ആ ചിത്രത്തിനു വേണ്ടി പപ്പേട്ടനൊപ്പം പ്രവര്‍ത്തിച്ചത് ഇന്നലെയെന്ന പോലെ തന്നെ ഓര്‍മയില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.