കേരളത്തില്‍ വലിയ കാറ്റൊക്കെ കഴിഞ്ഞു കാണും എന്ന് കരുതുന്നു. പ്രതീക്ഷിച്ച പോലെ കുറ്റപ്പെടുത്തലുകള്‍ വന്നു തുടങ്ങി. ശാസ്ത്ര സ്ഥാപനങ്ങള്‍ എന്തുകൊണ്ടാണ് മുന്‍കൂട്ടി മുന്നറിയിപ്പുകള്‍ നല്‍കാതിരുന്നത് ?, മുന്നറിയിപ്പുകള്‍ ജനങ്ങളെ അറിയിക്കുന്നതില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ പിഴവ് വരുത്തിയോ ?, മാധ്യമങ്ങള്‍ വേണ്ടത്ര സംയമനത്തോടെ ആണോ കാര്യം കൈകാര്യം ചെയ്തത് അതോ ആളുകളുടെ ആശങ്ക കൂട്ടിയോ ?.
പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ആണ്, ചോദിക്കേണ്ടതും ആണ്. പക്ഷെ ഇന്നത്തെ പ്രധാന ശ്രദ്ധ മറ്റു മൂന്നു കാര്യങ്ങളില്‍ ആയിരിക്കണം.
1. ലക്ഷദ്വീപില്‍ കാര്യങ്ങള്‍ എങ്ങനെ പോകുന്നു?. കടലിന്റെ നടുക്ക് ഒട്ടും ഉയരം ഇല്ലാത്ത സ്ഥലം ആണല്ലോ ലക്ഷദ്വീപ്. കാറ്റിന്റെ ഫലമായി ഉണ്ടാകുന്ന കടലിന്റെ തള്ളിക്കയറ്റം (Storm Surge) ദ്വീപുകളില്‍ വലിയ പ്രശ്‌നം ഉണ്ടാക്കും. വീടുകളുടെ ഉറപ്പ്, ചുറ്റും നില്‍ക്കുന്ന മരങ്ങളുടെ ബലം എന്നിവ ഒക്കെ കാരണം മറ്റു അപകടങ്ങളും ഉണ്ടാകാം. ഞാന്‍ ലക്ഷദ്വീപില്‍ പോയിട്ടില്ല അതിനാല്‍ ആധികാരികമായി ഒന്നും പറയുന്നില്ല. പക്ഷെ ഏറ്റവും ശ്രദ്ധ വേണ്ടത് അവിടെ ആണ്.
നമ്മുടെ മാധ്യമങ്ങള്‍ ഒക്കെ അവിടെയും ഒന്ന് പോയിരുന്നെങ്കില്‍.
2.കടലില്‍ ഉള്ള ആളുകളുടെ രക്ഷയും സുരക്ഷയും . ഓരോ ദിവസവും കേരള തീരത്തു നിന്നും എത്ര ആളുകള്‍ കടലില്‍ പോകുന്നു എന്നതിന് തത്കാലം കൃത്യമായ കണക്കുകള്‍ ഇല്ല, അത് കൊണ്ട് തന്നെ ഇരുന്നൂറാണോ രണ്ടായിരം ആണോ ആളുകള്‍ കടലില്‍ ഉള്ളത് എന്നതിന് കണക്കില്ല. ഇവരുടെ എണ്ണവും ഇപ്പോഴത്തെ സ്ഥിതിയും കണ്ടുപിടിക്കുക, അവര്‍ക്ക് നിര്‍ദേശങ്ങളും സഹായവും നല്‍കുക എന്നതാണ് അടുത്ത പ്രധാന വെല്ലുവിളി.
3.കരയില്‍ കാര്യങ്ങള്‍ സാധാരണഗതിയില്‍ ആക്കുക. മരം വീണും വൈദ്യുതി ബന്ധം തകരാറില്‍ ആയും ഏറെ കുഴപ്പങ്ങള്‍ പലയിടത്തും ഉണ്ട്. ട്രെയിന്‍ ഉള്‍പ്പടെ ട്രാഫിക്ക് ഇന്നലെ തടസ്സപ്പെട്ടിരുന്നു. ഇതൊക്കെ ശരിയാക്കി എടുക്കണം. ആളുകള്‍ക്ക് ഏതെങ്കിലും അടിയന്തിര സഹായമോ വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസ സൗകര്യമോ നഷ്ടപരിഹാരമോ ഒക്കെ നല്‍കണം.
ഇതിനൊക്കെ കുറച്ചു സമയം എടുക്കും. പക്ഷെ അവിടെ ആണ് എല്ലാവരുടെയും ശ്രദ്ധ വേണ്ടത്.ഇതിനിടക്ക് പരസ്പരം പഴി ചാരുകയും ന്യായീകരിക്കുകയും ചെയ്തത് കൊണ്ട് ആര്‍ക്കും ഒരു ഗുണവും ഉണ്ടാകില്ല.
എന്ന് വച്ച് പാഠങ്ങള്‍ പഠിക്കാനില്ല എന്നല്ല. ഇതാദ്യമായിട്ടല്ല കുട്ടികള്‍ സ്‌കൂളില്‍ പോയതിന് ശേഷം പെട്ടെന്ന് കാറ്റും മഴയും വന്നു കാര്യങ്ങള്‍ കുഴഞ്ഞു മറിയുന്നത്. കഴിഞ്ഞ വര്‍ഷം ആണെന്ന് തോന്നുന്നു ഇത് തന്നെ ചെന്നൈയിലും സംഭവിച്ചു. ഉപഗ്രഹങ്ങളും സൂപ്പര്‍ കമ്പ്യൂട്ടറും ഉള്ള രാജ്യത്ത് എന്തുകൊണ്ടാണ് ഹൃസ്വകാല കാലാവസ്ഥ മാറ്റം പോലും കൃത്യമായി പ്രവചിക്കാന്‍ പറ്റാത്തത് എന്ന് ആളുകള്‍ക്ക് തോന്നുന്നത് സ്വാഭാവികം ആണ്. ഇതിന് ശാസ്ത്രീയമായ ന്യായീകരണം ഉണ്ടാകാം.
എനിക്ക് അറിയാവുന്നിടത്തോളം വളരെ നന്നായി പ്രവര്‍ത്തിക്കുന്ന ഒരു ദുരന്ത നിവാരണ അതോറിറ്റിയാണ് നമുക്ക് ഉള്ളത്. ഇന്നലെ തന്നെ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മുന്നറിയിപ്പ് കിട്ടി മണിക്കൂറുകള്‍ക്കകം അവര്‍ ഏറെ നടപടികള്‍ എടുത്തു. മുഖ്യമന്ത്രി തന്നെ നേരിട്ട് കാര്യത്തില്‍ ഇടപെടുകയും ചെയ്തു. ദുരന്തത്തിന്റെ തീവ്രത കുറക്കാന്‍ അത് സഹായിക്കുകയും ചെയ്തു. പക്ഷെ ഇപ്പോഴത്തെ അവരുടെ സെറ്റ് അപ്പ് അനുസരിച്ച് ഏത് സമയത്താണ് ദുരന്ത സമയത്തെടുക്കേണ്ട അടിയന്തിര നടപടികള്‍ തുടങ്ങേണ്ടത് എന്നതിന് അവര്‍ക്ക് ചില മാനദണ്ഡങ്ങള്‍ ഉണ്ടാകും. അത് മിക്കവാറും ദുരന്ത സാധ്യതയെ പറ്റി ഒരുവിധം കൃത്യമായ വിവരം കിട്ടുന്നതിന് ശേഷം ആയിരിക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം ലഭിക്കുമ്പോള്‍ ആണ് മറ്റു വകുപ്പുകള്‍ അവരുടെ ദുരന്തനിവാരണപദ്ധതികള്‍ നടപ്പിലാക്കാന്‍ തുടങ്ങുന്നത്. അപ്പോള്‍ ഏതു സമയത്താണ് ഈ ദുരന്ത സാഹചര്യം പ്രഖ്യാപിക്കപ്പെടുക എന്നത് പ്രധാനമാണ്.
ഇത് ലോകത്ത് നമ്മള്‍ മാത്രം നേരിടുന്ന പ്രശ്‌നം അല്ല. പല സ്ഥലത്തും 'പൂര്‍ണ്ണമായ' അല്ലെങ്കില്‍ 'കൂടുതല്‍ കൃത്യമായ' വിവരം കിട്ടാന്‍ വേണ്ടി ഔദ്യോഗിക സംവിധാനം നോക്കിയിരിക്കും. ഒന്നല്ലെങ്കില്‍ ഉറപ്പായ പ്രവചനങ്ങള്‍ കിട്ടുക അല്ലെങ്കില്‍ ദുരന്തം ഉണ്ടാവുക അതിനു ശേഷം ആണ് രക്ഷാസംവിധാനങ്ങള്‍ നിയോഗിക്കപ്പെടാറ്.പക്ഷെ ഇതുപോലെ ചില സംഭവങ്ങള്‍ക്ക് ശേഷം ഒരു ദുരന്ത സാധ്യത കണ്ടാല്‍ 'ആദ്യം നടപടികള്‍ എടുക്കുക, അതിനു ശേഷം കാര്യങ്ങള്‍ കുഴപ്പമല്ലെങ്കില്‍ പിന്‍വാങ്ങുക'എന്ന തത്വമാണ് ഇപ്പോള്‍ ആഗോളമായി സ്വീകരിക്കപ്പെടുന്നത്. ഇവിടെയാണ് നമുക്ക് പഠിക്കാനുള്ളത്. നമ്മുടെ Standard Operating Procedure ഇത്തരത്തില്‍ കൂടുതല്‍ സെന്‌സിറ്റിവ് ആക്കുന്നതിനെ പറ്റി ചിന്തിക്കണം. അതിന് കൂടുതല്‍ പണം ചിലവാകും, കുറച്ചൊക്കെ 'ഫാള്‍സ് അലാം' വരും.എന്നാലും അതാണ് കൂടുതല്‍ സമൂഹത്തിന് സുരക്ഷ നല്‍കുന്നത് എന്നാണ് ഇപ്പോഴത്തെ ചിന്ത.
സര്‍ക്കാരിനോടും മാധ്യമങ്ങളോടും എന്റെ നിര്‍ദ്ദേശം ഇതാണ്. ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിലും ദുരന്ത നിവാരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. അതിന് ശേഷം ഈ സംഭവത്തിന്റെ ചൂടൊക്കെ ഒന്നാറിക്കഴിയുമ്പോള്‍ ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥ കേന്ദ്രവും മാധ്യമങ്ങളും ഒക്കെ കൂടി പാഠങ്ങള്‍ പഠിക്കാന്‍ ഒരു ദിവസം ഒരുമിച്ച് ഇരുന്ന് ചര്‍ച്ച ചെയ്യുക (lessons learning brainstorming).അതില്‍ ഉരുത്തിരിഞ്ഞു വരുന്ന പാഠങ്ങള്‍ അനുസരിച്ച് എല്ലാവരും അവരുടെ Standard Operating Procedure മാറ്റം വരുത്തുക. ഡിസംബര്‍ ഇരുപത്തി ഒന്നിനും ഇരുപത്തി രണ്ടിനും ഞാന്‍ തിരുവനതപുരത്ത് ഉണ്ട്. നമ്മുടെ ദുരന്ത നിവാരണ അതോറിറ്റി മുന്‍കൈ എടുത്താല്‍ ഇത്തരം ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാനോ നയിക്കാനോ എനിക്ക് സന്തോഷമേ ഉള്ളൂ. നമ്മുടെ ആളുകള്‍ക്കും മാധ്യമങ്ങള്‍ക്കും ഒക്കെ അത്ര കാലം ഈ വിഷയത്തില്‍ താല്പര്യം ഉണ്ടാകുമോ അതോ അപ്പോഴേക്കും വേറെന്തെകിലും സെന്‍സേഷണല്‍ വാര്‍ത്ത വന്ന് നമ്മള്‍ അതിന്റെ പുറകില്‍ പോകുമോ എന്ന് മാത്രമാണ് എന്റെ ചിന്ത.
(ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി )
Comments