You are Here : Home / SPORTS

ഓസ്‌ട്രേലിയൻ കള്ള കളി ;ഫാനി ഡിവില്ലേഴ്‌സ് പൊളിച്ചടുക്കി കയ്യിൽ കൊടുത്തു

Text Size  

Story Dated: Monday, March 26, 2018 03:06 hrs UTC

പന്തില്‍ കൃത്രിമം കാട്ടി കുടുക്കിലായ ഓസ്‌ട്രേലിയന്‍ ടീം വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ക്രിക്കറ്റിലെ ഈ ചതി പുറത്ത് കൊണ്ടു വന്നത് മൂന്നാം ടെസ്റ്റിലെ ക്യാമറക്കണ്ണുകളാണ്. സോട്ടാനി ഓസ്‌കാര്‍ എന്ന ക്യാമറമാനാണ് ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമത്വം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവന്നത്. ദക്ഷിണാഫ്രിക്കന്‍ ടെലിവിഷന്‍ ചാനലിലെ ലീഡിംഗ് ക്യാമറാമാനാണ് ഓസ്‌കാര്‍.

പന്ത് ചുരണ്ടിയത് ക്യാമറാമാന്‍ എങ്ങനെ ഇത്ര കൃത്യമായി ഒപ്പിയെടുത്തു എന്നത് പലരുടെയും മനസിലുള്ള സംശയമായിരുന്നു. ക്യാമറാമാന്റെ കൃത്യമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഓസ്‌ട്രേലിയയുടെ ഈ ചതി ആരും അറിയാതെ പോയേനെ. എന്നാല്‍ ക്യാമറാമാന് ഇതിനെക്കുറിച്ച്‌ കൃത്യമായ നിര്‍ദ്ദേശം നല്‍കിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഫാനി ഡിവില്ലിയേഴ്‌സാണ് സംഭവത്തിലെ യഥാര്‍ത്ഥ ഹീറോ.

ഡെയിലി സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ സംഭവത്തെക്കുറിച്ച്‌ അദ്ദേഹം കൂടുതല്‍ വ്യക്തമാക്കി. മുപ്പതാം ഓവറിന് മുന്‍പ് ഓസ്‌ട്രേലിയന്‍ ബോളര്‍മാര്‍ക്ക് പന്തില്‍ നിന്ന് റിവേഴ്‌സ് സ്വിംഗ് ലഭിക്കാന്‍ തുടങ്ങിയതാണ് തന്നില്‍ സംശയം ജനിപ്പിച്ചതെന്ന് ഫാനി പറയുന്നു. ക്യാമറ കൈകാര്യം ചെയ്തിരുന്നവരോട് താനിത് സൂചിപ്പിച്ചതായും കൃത്യമായി ഓരോ താരങ്ങളുടെ നീക്കം ഒപ്പിയെടുക്കാന്‍ ആവശ്യപ്പെട്ടതായും ഫാനി പറഞ്ഞു. ഇത്ര നേരത്തെ റിവേഴ്‌സ് സ്വിംഗ് ലഭിക്കണമെങ്കില്‍ മറ്റെന്തെങ്കിലും വിദ്യ അവര്‍ പന്തില്‍ ചെയ്തിട്ടുണ്ടാകുമെന്ന് തനിക്ക് ഉറപ്പായിരുന്നു.

 

അവസാനം തങ്ങളുടെ ക്യാമറാമാന്മാരുടെ മുന്‍പില്‍ അവരുടെ കള്ളത്തരം പൊളിഞ്ഞു. ഒന്നര മണിക്കൂറോളം കഷ്ടപ്പെട്ടതിന് ശേഷമാണ് ബാങ്ക്രോഫ്റ്റിന്റെ ആ കോമാളിത്തരം ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ സാധിച്ചതെന്ന് ഫാനി ഡിവില്ലിയേഴ്‌സ് പറയുന്നു.

ബോളര്‍മാരെ അനുകൂലിക്കുന്ന വിക്കറ്റ് അല്ലാതിരുന്നിട്ട് കൂടി ഓസ്‌ട്രേലിയന്‍ ബോളര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് ആനുകൂല്യം ലഭിക്കുന്നുണ്ടായിരുന്നു. അത് തന്നെ അവരെ സംശയിക്കാനുള്ള ആദ്യ കാരണമായി. പക്ഷേ എന്റെ കണ്ടെത്തല്‍ ശരിയാകണമെങ്കില്‍ കൃത്യമായ തെളിവ് വേണമായിരുന്നു. അവസാനം തങ്ങള്‍ അതും കണ്ടെത്തിയെന്നും ഫാനി കൂട്ടിച്ചേര്‍ത്തു.

 

മൂന്നാം ടെസ്റ്റ് മല്‍സരത്തില്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമത്വം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയായിരുന്നു ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്ന് ആരംഭിക്കുന്നത്. ശനിയാഴ്ച ഫീല്‍ഡിങ്ങിനിടെ ഓസ്‌ട്രേലിയന്‍ താരം കാമറണ്‍ ബാന്‍ക്രോഫ്റ്റാണു പോക്കറ്റില്‍ കരുതിയ മഞ്ഞനിറത്തിലുള്ള ടേപ് ഉപയോഗിച്ചു പന്തിന്റെ മിനുസം നഷ്ടപ്പെടുത്തിയത്. ടിവി ചാനലുകളില്‍ ദൃശ്യം വന്നതോടെ ക്രിക്കറ്റ് ലോകം പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഓസ്‌ട്രേലിയ സര്‍ക്കാര്‍ രാജി ആവശ്യപ്പെടുകയായിരുന്നു.

മല്‍സരശേഷം ബാന്‍ക്രോഫ്റ്റുമൊന്നിച്ച്‌ പത്രസമ്മേളനത്തിനെത്തിയ സ്മിത്ത് തെറ്റു സംഭവിച്ചുവെന്നും മല്‍സരം കൈവിട്ടുപോകുമെന്ന ഘട്ടത്തില്‍ നടത്തിയ 'അറ്റകൈ' പ്രയോഗമായിരുന്നു അതെന്നും തുറന്നു സമ്മതിച്ചു. സീനിയര്‍ താരങ്ങളുടെ അറിവോടെയാണ് ഇതു നടത്തിയതെന്നുകൂടി വെളിപ്പെടുത്തിയതോടെ ഓസ്‌ട്രേലിയന്‍ ടീമിനെതിരെ പ്രതിഷേധം ശക്തമായി.

 

രാജിവയ്ക്കില്ലെന്നാണു സ്മിത്ത് ആദ്യമറിയിച്ചത്. എന്നാല്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്ളും സ്‌പോര്‍ട്‌സ് കമ്മിഷന്‍ മേധാവി കെയ്റ്റ് പാല്‍മറും വിമര്‍ശനവുമായി എത്തിയതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇരുവരുടെയും രാജി ആവശ്യപ്പെട്ടു. ഐസിസി സ്റ്റീവ് സ്മിത്തിന് ഒരു മല്‍സരത്തില്‍ വിലക്കും മാച്ച്‌ ഫീസിന്റെ 100% പിഴയും ഏര്‍പ്പെടുത്തി. ബാന്‍ക്രോഫ്റ്റ് മാച്ച്‌ ഫീയുടെ 75% പിഴയടയ്ക്കണം. എന്നാല്‍ ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. വിവാദത്തില്‍ ഉള്‍പ്പെട്ട താരങ്ങളെ ആജീവനാന്തം വിലക്കാനുളള നീക്കത്തിലാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.