You are Here : Home / SPORTS

സോമേട്ടന്‍ ഞങ്ങളുടെ കൂടെയുണ്ട്....

Text Size  

Story Dated: Friday, December 12, 2014 08:39 hrs UTC

എം.ജി.സോമന്‍ മരിച്ചിട്ട് ഡിസംബര്‍ 12ന് പതിനേഴുവര്‍ഷം പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍, അന്ത്യനാളുകളെക്കുറിച്ച് ഓര്‍ക്കുകയാണ് ഭാര്യ സുജാത സോമന്‍

 

 


മരിക്കുന്നതിനു തൊട്ടുമുമ്പു ചെയ്ത സിനിമ 'ലേല'മായിരുന്നു. അതിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് നൂറുനാവായിരുന്നു സോമേട്ടന്. ഷൂട്ടിംഗിന്റെ സമയത്ത് വീട്ടിലെത്തിയാല്‍ ഡയനിംഗ്ഹാളിലിരുന്ന് ഞങ്ങളെയെല്ലാം വിളിച്ച് ഉച്ചത്തില്‍ ഡയലോഗ് പറയും.
''നേരാ തിരുമേനീ, ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല.....''
തിരുവല്ലയില്‍ റിലീസില്ലാത്തതിനാല്‍ 'ലേലം' കോട്ടയത്തുപോയാണ് ഞാനും സോമേട്ടനും കണ്ടത്. സിനിമയുടെ രണ്ടാംപകുതിയില്‍ മഴനനഞ്ഞ് അദ്ദേഹത്തെ കുത്തിക്കൊല്ലുന്ന സീനുണ്ട്. എനിക്കതു സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പൊട്ടിക്കരഞ്ഞു. ഇത് സിനിമയല്ലേ സുജാതേ എന്നു പറഞ്ഞ് സോമേട്ടന്‍ ആശ്വസിപ്പിച്ചെങ്കിലും രണ്ടുമൂന്നു ദിവസം എന്നെയത് പിന്തുടര്‍ന്നു.
'ലേലം' തിയറ്ററില്‍ തകര്‍ത്തോടുന്ന സമയത്തുപോലും പുതിയ സിനിമയുടെ വര്‍ക്ക് ഏറ്റെടുത്തില്ല. മകള്‍ സിന്ധു ഭര്‍ത്താവ് ഗിരീഷുമൊത്ത് ജമ്മുവിലാണ്.
''നമുക്കൊന്ന് ജമ്മുവരെ പോകണം. കൊച്ചുമോളെ കാണണം.''
ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഞാനും സമ്മതിച്ചു. സോമേട്ടനൊപ്പം എയര്‍ഫോഴ്‌സിലുണ്ടായിരുന്ന ജോര്‍ജ്കുട്ടിയും ഭാര്യയും ആ സമയത്ത് നാട്ടിലുണ്ട്. അവര്‍ക്കൊപ്പം പോകാന്‍ തീരുമാനിച്ചു. ടിക്കറ്റ് ബുക്ക്‌ചെയ്തു. പോകേണ്ട ദിവസം അടുക്കാറായപ്പോള്‍ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. യാത്ര മുടങ്ങുമോയെന്ന പേടി കാരണമാവാം ഇക്കാര്യം ആരോടും പറഞ്ഞില്ല. ട്രെയിനില്‍ ഇരിപ്പും കിടപ്പുമൊക്കെയായി വല്ലാതെ അസ്വസ്ഥനായിരുന്നു സോമേട്ടന്‍. മോളുടെ വീട്ടിലെത്തിയതോടെ ശക്തിയായ വയറുവേദന. ഡോക്ടറെ കാണിച്ച് അദ്ദേഹം റസ്‌റ്റെടുത്തു. കുറച്ചു ദിവസം കഴിഞ്ഞ് തിരിച്ച് ഡല്‍ഹിയില്‍ വന്നപ്പോഴേക്കും സോമേട്ടന് തീരെ വയ്യാതായി. കുടുംബസുഹൃത്തായ പി.ജെ.കുര്യന്‍സാറെ വിളിച്ചു. കുര്യന്‍ സാര്‍ വന്നതിനുശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ട്രെയിനില്‍ പോകേണ്ടെന്നും ഫ്‌ളൈറ്റില്‍ പോയി കൊച്ചിയിലെ ഏതെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. കുര്യന്‍സാര്‍ തന്നെ ഇടപെട്ടാണ് ഫ്‌ളൈറ്റ് ടിക്കറ്റ് റെഡിയാക്കിയത്. ഞങ്ങള്‍ ട്രെയിനില്‍ തിരുവല്ലയിലേക്കു പോന്നു.
1997 നവംബര്‍ 12. അന്നാണ് സോമേട്ടനെ എറണാകുളം പി.വി.എസ്.ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. അദ്ദേഹം ആശുപത്രിയില്‍ കിടക്കുന്നത് ജീവിതത്തില്‍ ആദ്യമായിട്ടാണ്. ഇടയ്ക്ക് മൈഗ്രേന്‍ വരുമെന്നല്ലാതെ മറ്റ് അസുഖങ്ങളൊന്നും വന്നിട്ടില്ല. സോമേട്ടന്റെ സുഹൃത്തായിരുന്ന ഡോ.ഫിലിപ്പ് അഗസ്റ്റിനാണ് പരിശോധിച്ചിരുന്നത്. വീട്ടിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ ആശുപത്രിയിലെത്തി.
''സുജാത ഇവിടെ നില്‍ക്കേണ്ട. കുട്ടികള്‍ പേടിക്കും.''
എന്നു പറഞ്ഞ് എന്നെ പറഞ്ഞയച്ചു. ആ സമയത്ത് അത്ര സീരിയസായി തോന്നിയിരുന്നില്ല. അദ്ദേഹത്തെ പരിചരിക്കാന്‍ രണ്ടുപേരുണ്ടായിരുന്നു. രണ്ടാഴ്ചയായിട്ടും എന്നെ കാണാതെ വന്നപ്പോള്‍ ഡോക്ടര്‍ അന്വേഷിച്ചു. വീട്ടിലേക്കു പോയെന്നു പറഞ്ഞപ്പോള്‍, ഉടന്‍ വരാന്‍ നിര്‍ദ്ദേശിച്ചു. വീണ്ടും ആശുപത്രിയിലെത്തിയപ്പോഴാണ് രോഗത്തിന്റെ സീരിയസ് ബോധ്യപ്പെട്ടത്.
സോമേട്ടന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ 'ലേലം' എണ്‍പതാം ദിവസത്തിലേക്കു കടക്കുകയാണ്. ആശുപത്രിക്കുചുറ്റും അതിന്റെ പോസ്റ്ററുകളാണെന്ന് സന്ദര്‍ശകര്‍ പറഞ്ഞപ്പോള്‍ ആ മുഖം വിടരുന്നത് കാണാമായിരുന്നു.
''ആശുപത്രിയില്‍ നിന്നിറങ്ങിയിട്ടുവേണം ഷൂട്ടിംഗിനു പോകാന്‍.''
അത്രയ്ക്കിഷ്ടമായിരുന്നു അഭിനയം.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും രോഗാവസ്ഥയില്‍ പുരോഗതി കണ്ടില്ല. മദ്രാസ് അപ്പോളോ ആശുപത്രിയില്‍ മെച്ചപ്പെട്ട ചികിത്സയുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞപ്പോഴാണ് ഞാന്‍ കമലഹാസനെ വിളിച്ചത്. കമല്‍ പറഞ്ഞതനുസരിച്ച് ചികിത്സയുടെ കാര്യങ്ങള്‍ ഫാക്‌സ് ചെയ്തു. അതുമായി അദ്ദേഹം ഡോക്ടര്‍മാരെ കണ്ടു. അവിടെയെത്തിച്ചാലും  കാര്യമില്ലെന്നായിരുന്നു അപ്പോളോയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. കൃത്യം ഒരുമാസം തികയുന്ന ദിവസം സോമേട്ടന്‍ ഞങ്ങളെ വിട്ടുപോയി. പതിനേഴുവര്‍ഷം തികഞ്ഞെങ്കിലും ഇന്നും അദ്ദേഹം ഞങ്ങളുടെ കൂടെയുണ്ട്. ആ ധൈര്യമാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും.
------------------------------------
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.