You are Here : Home / SPORTS

തന്റെ നായികയായതിന് ഉര്‍വശിയെ ചിലര്‍ പരിഹസിച്ചു: ജഗദീഷ്

Text Size  

Story Dated: Monday, March 24, 2014 10:28 hrs UTC

തന്റെ നായികയായി അഭിനയിച്ചതിന് ഉര്‍വശിയെ ചിലര്‍ പരിഹസിച്ചതായി നടന്‍ ജഗദീഷ്. എനിക്കേറ്റവും അടുപ്പമുള്ള നായികയാണ് ഉര്‍വശി. എന്റെ പരിമിതികള്‍ മനസിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഏഴ് സിനിമകളില്‍ എന്റെ നായികയായി. എല്ലാം നല്ല സിനിമകള്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും കമലഹാസനുമൊപ്പം അഭിനയിച്ച ഉര്‍വശി എന്റെ നായികയായപ്പോള്‍, സിനിമയില്‍നിന്ന് താഴേക്കുപോയെന്നുവരെ ചിലര്‍ പ്രചരിപ്പിച്ചതായും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് വ്യക്തമാക്കി.

ഒരുപാട് ലോ ബജറ്റ് സിനിമകളില്‍ അക്കാലത്ത് നായകനായിട്ടുണ്ട്. പതിനെട്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ സിനിമ വരെയുണ്ട്. വെല്‍കം ടു കൊടൈക്കനാല്‍ പോലുള്ളവ. സാധാരണ എല്ലാവരും ഒരു പാട്ട്‌സീനിന് മൂന്നു ദിവസമെടുക്കുമ്പോള്‍ എനിക്ക് ഒരു ദിവസമേ വേണ്ടിവരാറുള്ളൂ. ഫൈറ്റിന് മിക്കവര്‍ക്കും ആറുദിവസം വേണം. എനിക്കാണെങ്കില്‍ ഒരു ദിവസം ഉച്ചവരെ മതി. അതുകൊണ്ടാണ് സിനിമ ലോ ബജറ്റാവുന്നത്.
പക്ഷെ നായകനായ ഘട്ടത്തിലും സഹനായകന്റെ വേഷം സ്വീകരിക്കാന്‍ മടിയുണ്ടായിരുന്നില്ല.

'സ്ഥലത്തെ പ്രധാന പയ്യന്‍സി'ന്റെ ലൊക്കേഷനില്‍ നിന്ന് നേരെ പോയത് 'ജാക്‌പോട്ടി'ല്‍ മമ്മുക്കയുടെ സഹനായകനാവാനാണ്. സിസ്റ്റമാറ്റിക്കായി ജീവിക്കുന്ന ഒരാളാണ് ഞാന്‍. മദ്യപിക്കില്ല. സിഗരറ്റ്‌വലിക്കില്ല. മുറുക്കില്ല. മറ്റു ദുഃശ്ശീലങ്ങളൊന്നുമില്ല. മദ്യപിക്കുന്ന രാഷ്ട്രീയനേതാക്കളും സിനിമാപ്രവര്‍ത്തകരും ഒരുപാടുണ്ട്. അവര്‍ മദ്യം നിര്‍ത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തേതിലും നന്നായി ശോഭിക്കാന്‍ കഴിയുമായിരുന്നു.

ഞാന്‍ സജീവരാഷ്ട്രീയത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്ന ഒരുപാടു പേരുണ്ട്. പാര്‍ലമെന്റില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസംഗിക്കുന്നത് ഞാന്‍ സ്വപ്നം കണ്ടിട്ടുമുണ്ട്. പക്ഷെ ഞാന്‍ ആരോടും മത്സരിക്കാന്‍ സീറ്റിനുവേണ്ടി ചോദിച്ചിട്ടില്ല. ഇപ്രാവശ്യവും ഇലക്ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ മാധ്യമങ്ങള്‍ ഇങ്ങോട്ടുവന്ന് ചോദിച്ചതാണ്, മത്സരിക്കുന്നുണ്ടോയെന്ന്. ഇത്രയുംനാള്‍ സിനിമയില്‍ അഭിനയിച്ചശേഷം പെട്ടെന്ന് മത്സരിക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടാവും. പാര്‍ട്ടിക്കുവേണ്ടി സമരത്തില്‍ പങ്കെടുത്തും ലോക്കപ്പ് മര്‍ദ്ദനമേറ്റും കഷ്ടപ്പെട്ട അണികള്‍ ഒരുപാടുണ്ടാവും. അത്തരക്കാരെ അവഗണിച്ച് ഒരു സിനിമാതാരം പ്രത്യക്ഷപ്പെടുമ്പോള്‍ അമര്‍ഷം സ്വാഭാവികം. അതിനെ കുറ്റപ്പെടുത്താന്‍ പറ്റില്ല. ഇക്കാര്യത്തില്‍ ഇന്നസെന്റ് ഭാഗ്യവാനാണ്.
കേരളത്തില്‍ ഇപ്പോള്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളാരും എന്നേക്കാള്‍ മോശക്കാരല്ല.
ലോക്‌സഭയിലെ ഇരുപത് സീറ്റിനുവേണ്ടി ഒരുപാടു സ്ഥാനാര്‍ത്ഥിമോഹികള്‍ ഉണ്ടാവും. എല്‍.ഡി.എഫില്‍ അച്ചടക്കമുള്ളതിനാല്‍ അസംതൃപ്തി പുറത്തുവരില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പത് മണ്ഡലങ്ങളില്‍ യു.ഡി.എഫിനുവേണ്ടി പ്രചാരണത്തിന് പോയിരുന്നു. എന്നുവച്ച് എനിക്കവര്‍ സീറ്റ് തരണമെന്നില്ല. നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പ്പര്യമില്ല. ലോക്‌സഭയാണെങ്കില്‍ നോക്കാം. സഭയില്‍ ചില കാര്യങ്ങളൊക്കെ അവതരിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസം എനിക്കുണ്ട്.
ആകാശവാണിയില്‍ ജോലി ചെയ്യുമ്പോള്‍ സ്‌ക്രിപ്റ്റില്ലാതെയാണ് 'ഇതളുകള്‍' എന്ന പരിപാടി അവതരിപ്പിച്ചത്. സിനിമകളില്‍ ഡയലോഗ് കൊഴുപ്പിക്കാന്‍ മനസില്‍ തോന്നിയ തമാശകള്‍ ചേര്‍ക്കാറുണ്ട്. തിരുത്തെന്ന് അതിനെ പറയാന്‍ പറ്റില്ല. ആദ്യസിനിമയായ 'മൈഡിയര്‍ കുട്ടിച്ചാത്തനി'ല്‍ വരെ എന്റെ ഡയലോഗില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ഇക്കാര്യം മിക്ക സംവിധായകര്‍ക്കുമറിയാം. ചിലര്‍ ലൊക്കേഷനിലെത്തിയാല്‍ ഡയലോഗ് തന്നിട്ട് പറയും, ഇതൊന്ന് കൊഴുപ്പിക്കണമെന്ന്. തിരുത്തി തിരുത്തി അവസാനം വിജിതമ്പിയുടെ സിനിമയ്ക്ക് ഞാനൊരു പേരിട്ടു-തിരുത്തല്‍വാദി.
സിനിമയ്ക്കുവേണ്ടി തിരക്കഥയും സംഭാഷണവും എഴുതിയിട്ടുണ്ട്. സംവിധാനം ചെയ്യാന്‍ ആഗ്രഹവുമുണ്ട്. അതിനുള്ള സമയം വരട്ടെ. അപ്പോള്‍ കാണാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.