You are Here : Home / SPORTS

വിവാഹം കഴിച്ചത് പാര്‍ട്ടി അറിയാതെ

Text Size  

Story Dated: Saturday, January 03, 2015 05:22 hrs UTC

എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ

 

 



വൈരുദ്ധ്യാത്മിക ഭൗതികവാദത്തില്‍ അധിഷ്ഠിതമാണ് സി.പി.എമ്മിന്റെ നയങ്ങളും പരിപാടികളും. ആ കാഴ്ചപ്പാടുള്ളവര്‍ക്ക് ഒരിക്കലും ദൈവവിശ്വാസം പറ്റില്ല. പാര്‍ട്ടിയിലെത്തുന്ന ഒരാള്‍ ആദ്യം പഠിക്കുന്നത് ഈ ദര്‍ശനത്തെക്കുറിച്ചാണ്. ഇക്കാര്യത്തില്‍ ഞാന്‍ പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട്. ഒരിക്കല്‍പോലും പള്ളിയില്‍ പോയില്ല. നോമ്പെടുത്തില്ല. ഉമ്മൂമ്മാന്റെ മയ്യത്ത് നിസ്‌കാരം പോലും ഉപേക്ഷിച്ചു. കറകളഞ്ഞ കമ്യൂണിസ്റ്റുകാരനായി ജീവിക്കുമ്പോഴും ഭാര്യയ്ക്കും കുടുംബത്തിനും വേണ്ടി അമ്പലത്തിലും പള്ളിയിലും പോകുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്.
എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരിക്കുമ്പോഴാണ് ഞാന്‍ മംഗലാപുരത്ത് ബി.ഡി.എസിന് പഠിക്കുന്ന റോസിനയെ വിവാഹം ചെയ്തത്. സംഘടന വിടുന്നതുവരെ കേരളത്തിലെ എസ്.എഫ്.ഐക്കാര്‍ക്ക് വിവാഹം നിഷിദ്ധമാണ്. അതുകൊണ്ടുതന്നെ വിവാഹത്തിന് കോടിയേരി ബാലകൃഷ്ണന്റെ സമ്മതം നേരത്തെ വാങ്ങിച്ചു. നിക്കാഹ് അവളുടെ മഹല്ലായ വളപട്ടണം പള്ളിയില്‍ വച്ചു നടത്തണമെന്ന് പള്ളിക്കാര്‍ വാശി പിടിച്ചു. ഞാനാണെങ്കില്‍ കടുത്ത നിരീശ്വരവാദിയാണ്. പള്ളിയില്‍ കയറാറില്ല. മാത്രമല്ല, ഇക്കാര്യം പാര്‍ട്ടിക്കാര്‍ അറിഞ്ഞാല്‍ പ്രശ്‌നമാണ്. ഒടുവില്‍ ബന്ധുക്കളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കോയമ്മത്തങ്ങള്‍ വീട്ടില്‍ വന്ന് രഹസ്യമായി നിക്കാഹ് നടത്തി. അടുത്ത കുടുംബക്കാര്‍ മാത്രമായിരുന്നു അതില്‍ പങ്കെടുത്തത്. ഇക്കാര്യം പക്ഷേ, ആരും അറിഞ്ഞില്ല. റിസപ്ഷന്‍ മാത്രം ജനത്തെ അറിയിച്ചു. അപ്പോഴും മനസില്‍ നിറയെ ടെന്‍ഷനായിരുന്നു.
നിക്കാഹ് കഴിഞ്ഞാല്‍ പെണ്ണിന് ചെലവിന് കൊടുക്കണം. രണ്ടുവര്‍ഷം ഒരുമിച്ചു ജീവിച്ചില്ലെങ്കിലും ഞാനത് നിര്‍വഹിച്ചു. ഒരു ദിവസം ഉമ്മ അടുത്തേക്കുവിളിച്ചു.
''പൂട്ടിയിട്ട കടയ്‌ക്കെന്തിനാടാ നീ വാടക കൊടുക്കുന്നത്?''
ഭാര്യയെ കൂടെക്കൂട്ടാന്‍ വേണ്ടിയുള്ള ഉമ്മയുടെ ഗ്രീന്‍ സിഗ്നലായിരുന്നു അത്. അടുത്ത ദിവസം തന്നെ മംഗലാപുരത്തുപോയി ഭാര്യയ്‌ക്കൊപ്പം ജീവിക്കാന്‍ തുടങ്ങി. ഇക്കാര്യം പരസ്യമായി പാര്‍ട്ടിയെയും നാട്ടുകാരെയും അറിയിക്കാനുള്ള ധൈര്യവും എനിക്കുണ്ടായിരുന്നില്ല. പിന്നീട് പതുക്കെപ്പതുക്കെ പാര്‍ട്ടിക്കാരറിഞ്ഞു. ഞങ്ങള്‍ക്കു രണ്ടു മക്കളുണ്ടായി.
രാഷ്ട്രീയമറിയാത്ത മക്കളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പലപ്പോഴും പകച്ചുനിന്നുപോയിട്ടുണ്ട്. ചെറിയ പെരുന്നാളും വലിയ പെരുന്നാളും കമ്യൂണിസ്റ്റുകാര്‍ ആഘോഷിക്കാന്‍ പാടില്ല. മറ്റു കുട്ടികള്‍ നല്ല വസ്ത്രമണിഞ്ഞ് ബാപ്പയുമൊന്നിച്ച് പള്ളിയില്‍ പോകുമ്പോള്‍ ഞാനും മക്കളും വീട്ടിലിരിക്കും. ഒരു പെരുന്നാളിനു തലേ ദിവസം പള്ളിയില്‍ പോകാന്‍ മകന്‍ അമന്റോസ് നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ സമ്മതിച്ചില്ല.
''നിങ്ങളെന്തു മനുഷ്യനാണ്. മോനും ഒരാഗ്രഹമൊക്കെ ഉണ്ടാവില്ലേ?''
ഭാര്യയും മകനെ പിന്തുണച്ചപ്പോള്‍ ശരിക്കും പതറിപ്പോയി. അപ്പോള്‍ത്തന്നെ കണ്ണൂരില്‍ നിന്ന് കുടകിലേക്ക് പുറപ്പെട്ടു. അവിടെ ഹോട്ടലില്‍ താമസിച്ച ശേഷം പിറ്റേ ദിവസം വീരാജ്‌പേട്ട ടൗണിലെ ഈദ്ഗാഹ് മൈതാനത്ത് പോയി പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തു. അതും പാര്‍ട്ടിക്കാര്‍ അറിയാതെ സൂക്ഷിച്ചു.
പാര്‍ട്ടിയില്‍ നിന്ന് ഒറ്റപ്പെട്ടുനില്‍ക്കുന്ന സമയത്ത് പെരുന്നാള്‍ ആഘോഷിക്കുകയും ഈദ്ഗാഹില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഞാനും ഭാര്യയും മക്കയില്‍ പോയി ഉംറ ചെയ്തു. പ്രായശ്ചിത്തം ചെയ്തു മടങ്ങി. അതോടെയാണ് ഞാന്‍ സി.പി.എമ്മിന്റെ കണ്ണിലെ കരടായത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.