You are Here : Home / SPORTS

ഇന്നസെന്റും ഇടവേളബാബുവും അവഗണിച്ചു: എന്‍.എല്‍.ബാലകൃഷ്ണന്‍

Text Size  

Story Dated: Monday, November 24, 2014 11:52 hrs UTC



തടി കൊണ്ട് മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആര്‍ട്ടിസ്റ്റ്. സിനിമയിലെ പ്രിയപ്പെട്ട സ്റ്റില്‍ ഫോട്ടോഗ്രാഫര്‍. അന്തരിച്ച സംവിധായകന്‍ അരവിന്ദന്റേയും ജോണ്‍ എബ്രഹാമിന്റേയും ഉറ്റചങ്ങാതി. എന്‍.എല്‍.ബാലകൃഷ്ണന് വിശേഷണങ്ങളേറെയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി മലയാളസിനിമയിലെ ഈ സാന്നിധ്യം ആശുപത്രിക്കിടക്കയിലാണ്. രണ്ടു കാലിനും അസുഖം ബാധിച്ച് തിരുവനന്തപുരം വെഞ്ഞാറമൂടിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ കഴിയുമ്പോഴും ബാലകൃഷ്ണന് ഒരേയൊരു ദുഃഖമേയുള്ളൂ. താരസംഘടനയായ അമ്മയുടെ തലപ്പത്തുള്ളവര്‍ തന്നെ മറന്നല്ലോ എന്ന സങ്കടം. 'അശ്വമേധ'ത്തോട് അദ്ദേഹം അതു തുറന്നുപറയുകയും ചെയ്തു.
'''അമ്മ' സംഘടനയോട് ഏറെ ആദരവും കടപ്പാടുമുണ്ട്. അവര്‍ തരുന്ന കൈനീട്ടം വലിയ ആശ്വാസമാണ്. എന്നാല്‍ ഏറെക്കാലമായി രോഗബാധിതനായ തന്നെ അവര്‍ കണ്ട മട്ടില്ല. അമ്മ പ്രസിഡന്റ് ഇന്നസെന്റോ സെക്രട്ടറി ഇടവേള ബാബുവോ ഒന്നു വിളിച്ചുനോക്കാന്‍ പോലും തയ്യാറാവാത്തത് വേദനാജനകമായ കാര്യമാണ്.''
മാസങ്ങള്‍ക്കു മുമ്പാണ് ബാലകൃഷ്ണന്റെ കണ്ണിനു താഴെ ഒരു തടിപ്പ് രൂപപ്പെട്ടത്. പരിശോധിച്ചപ്പോള്‍ ക്യാന്‍സറാണെന്ന് മനസിലായി. പിന്നീട് ആര്‍.സി.സിയിലെ ചികിത്സ കൊണ്ടാണ് ഭേദപ്പെട്ടത്. ആ സമയത്തും സിനിമയിലെ ചില സുഹൃത്തുക്കള്‍ വിളിച്ചു എന്നല്ലാതെ 'അമ്മ'യുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. ''രണ്ടാഴ്ച മുമ്പാണ് കാലിന് ചെറിയൊരു മുറിവുണ്ടായത്. അത് വ്രണമായി മാറിയപ്പോഴാണ് ആശുപത്രിയിലെത്തിയത്. ഇപ്പോള്‍ കാല്‍ ചലിപ്പിക്കാന്‍ പോലും കഴിയുന്നില്ല. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയില്ല. എന്റെ അവസ്ഥ കാണിച്ച് ഞാന്‍ ഇന്നസെന്റിനും ഇടവേള ബാബുവിനും സ്വന്തം കൈപ്പടയില്‍ വിശദമായ കത്തെഴുതിയിരുന്നു. എന്നിട്ടും അവരാരും വിളിക്കാന്‍ പോലും തയ്യാറായില്ല. ഇന്നസെന്റും ബാബുവുമൊക്കെ വരുന്നതിന് മുമ്പ് സിനിമയില്‍ വന്നയാളാണ് ഞാന്‍. അന്നും ഇന്നും സിനിമയ്ക്കു വേണ്ടിയാണ് ജീവിച്ചത്. ഒരു കത്തയച്ചാല്‍ മറുപടി അയക്കേണ്ടത് സംഘടനയുടെ കാര്യം നോക്കുന്നവര്‍ ചെയ്യേണ്ടതാണ്. മിനിമം ഒന്നു വിളിച്ചുചോദിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമായിരുന്നു.''
ബാലകൃഷ്ണന്‍ രോഷംകൊണ്ടു. ക്യാന്‍സറിനും കാലിന്റെ അസുഖത്തിനുമായി ലക്ഷങ്ങളാണ് ചെലവായത്. കഴിഞ്ഞ ദിവസം സിനിമാമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചശേഷം ആശുപത്രിച്ചെലവ് ഏറ്റെടുക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
ജീവിച്ചിരിക്കുന്നവരോടു മാത്രമല്ല, മരിച്ചവരോടും അവഗണന കാണിച്ചവരാണ് 'അമ്മ' ഭാരവാഹികള്‍. മുമ്പ് സംഗീതസംവിധായകനായ രാഘവന്‍മാഷ് മരിച്ചപ്പോള്‍ തലശ്ശേരി വരെ പോകാന്‍പോലും സമയമില്ലാത്തവരായിരുന്നു അവര്‍. മലയാള സിനിമയുടെ നൂറാംവാര്‍ഷികമെന്ന് കേട്ടപ്പോള്‍ പെട്ടിയുമെടുത്ത് പോയവരൊക്കെ എവിടെപ്പോയെന്ന് ആ സമയത്ത് ഒരു സംവിധായകന്‍ ചോദിച്ചിരുന്നു. ഒരു നേര്‍ച്ച പോലെ പ്രായമായവര്‍ക്കൊക്കെ കൈനീട്ടം അയച്ചുകൊടുക്കും. നല്ലകാര്യമാണ്. എന്നാല്‍ അവര്‍ക്ക് എന്തു സംഭവിച്ചു എന്നന്വേഷിക്കാന്‍ സംഘടനാഭാരവാഹികള്‍ക്ക് സമയമില്ല. പ്രസിഡന്റിന് എം.പിയുടെ തിരക്കായിരിക്കാം. സെക്രട്ടറി ഇടവേളബാബുവിനും ഇന്നസെന്റിനുള്ളത്ര തിരക്കുണ്ടോ...ആവോ?

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.