You are Here : Home / SPORTS

ഞങ്ങളെ കൊതിപ്പിച്ച മാംഗോ ജ്യൂസ്

Text Size  

Story Dated: Monday, March 09, 2015 08:32 hrs UTC

മനോജ് ഗിന്നസ്

 




അന്ന് കോഴിക്കോട്ട് മിമിക്രി പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയത് ട്രെയിനിലായിരുന്നു. ടീമില്‍ ഞങ്ങള്‍ നാലുപേരുണ്ട്. കണ്ണന്‍ സാഗര്‍, കാഞ്ഞിരമറ്റം പ്രശാന്ത്, സതീഷ് ഒളേരി പിന്നെ ഞാനും. ഓര്‍ക്കസ്ട്രയും മറ്റു കാര്യങ്ങളും സംഘാടകര്‍ തന്നെ ഒരുക്കിയിരുന്നു. പരിപാടി ഗംഭീരമായി കഴിഞ്ഞു. തിരിച്ചുവരാന്‍ വേണ്ടി ഞങ്ങള്‍ പുലര്‍ച്ചെ കോഴിക്കോട്ടെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെത്തി. പ്രോഗ്രാം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് എന്തെങ്കിലും കഴിച്ചത്. അതിനാല്‍ ഭക്ഷണം കഴിച്ചതിനുശേഷം ഏതെങ്കിലും ബസ്സില്‍ കയറി എറണാകുളത്തേക്കു പോകാനായിരുന്നു പ്ലാന്‍. പക്ഷേ സ്റ്റാന്റിലെത്തിയപ്പോഴേക്കും ഹോട്ടലൊന്നുമില്ല. പെട്ടെന്നാണ് ബാംഗ്ളൂരില്‍ നിന്ന് എറണാകുളത്തേക്കു പോകുന്ന എ.സി. വോള്‍വോ ബസ് സ്റ്റാന്റിലെത്തിയത്. ഭാഗ്യം ബസ്സില്‍ തിരക്ക് കുറവാണ്. വഴിക്ക് എവിടെയെങ്കിലും നിര്‍ത്തിയാല്‍ ഭക്ഷണം കഴിക്കാമെന്ന തീരുമാനത്തോടെ ഞങ്ങള്‍ നാലുപേരും ബസ്സിലേക്ക് ഓടിക്കയറി. ബാക്ക് സീറ്റിന്റെ മുമ്പിലുള്ള മൂന്നു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഞങ്ങള്‍ മൂന്നുപേര്‍ അതിലിരുന്നു. മറ്റൊരാള്‍ തൊട്ടടുത്ത സീറ്റിലും. ഇരുന്നപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. നല്ല വിശപ്പുണ്ട്. ഇത് എറണാകുളം വരെ എങ്ങനെ സഹിക്കും?
ബസ് പുറപ്പെട്ടു. ഞങ്ങളിരുന്ന സീറ്റിന്റെ മുമ്പിലെ കമ്പിയില്‍ ഒരു കവര്‍ തൂങ്ങിയാടുകയാണ്. കുറെ നേരം ഞാന്‍ അതിലേക്കുതന്നെ നോക്കിയിരുന്നു. 'മാ' എന്നെഴുതിയ മാംഗോ ജ്യൂസിന്റെ പ്ലാസ്റ്റിക് ബോട്ടിലാണ് അതിനകത്ത്. ഒപ്പം 'ഫിഫ്റ്റി ഫിഫ്റ്റി' ബിസ്‌കറ്റിന്റെ പായ്ക്കറ്റും. ഉറക്കം തൂങ്ങുന്നതിനിടെ ഇടയ്ക്ക് ഞെട്ടുമ്പോള്‍ കാണുന്നത് ഈ കവറാണ്. ബസ് ഓടിത്തുടങ്ങിയിട്ട് ഒരു മണിക്കൂറായിട്ടും ഈ കവര്‍ അന്വേഷിച്ച് ആരും വന്നില്ല. പക്ഷേ മുന്‍സീറ്റിലിരുന്ന ഒരാള്‍ ഇടയ്ക്കിടെ ഞങ്ങളെത്തന്നെ നോക്കുന്നുണ്ട്.
''ഇത്രേം നേരം ഇത് ഇവിടെവച്ചിട്ടും ആരും വന്നില്ലല്ലോ. വിശപ്പാണെങ്കില്‍ സഹിക്കാനും പറ്റുന്നില്ല. ഇനി കഴിച്ചേക്കാം.''
എന്നു പറഞ്ഞുകൊണ്ട് ഞാന്‍ പതുക്കെ കവറിനുള്ളില്‍ കൈയിട്ട് 'മാ'യുടെ കുപ്പി പുറത്തെടുത്തു പൊട്ടിച്ചു. കുടുകുടാ കുടിച്ചു. കുടിക്ക് എന്നു പറഞ്ഞ് മറ്റുമൂന്നുപേര്‍ക്കും കൊടുത്തു. രണ്ടു മൂന്നു മിനുട്ടുകൊണ്ട് കുപ്പി കാലിയായി. മുന്നിലുള്ള ആള്‍ അദ്ഭുതത്തോടെ നോക്കുന്നുണ്ട്. ഞങ്ങള്‍ അയാളെ മൈന്‍ഡ് ചെയ്തതേയില്ല. കാലിക്കുപ്പി കവറിലേക്ക് തിരിച്ചിട്ടു. അതിനുശേഷം ബിസ്‌കറ്റും പുറത്തെടുത്തു.
''ഇതുമാത്രം ഇവിടെവച്ചിട്ട് വല്ല കാര്യമുണ്ടോ?''
ബിസ്‌കറ്റും നാലുപേര്‍ക്കുമായി പങ്കുവച്ചു. ഞങ്ങള്‍ ബിസ്‌കറ്റ് നുണഞ്ഞ് ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടേയിരിക്കുമ്പോള്‍ മുന്‍സീറ്റിലിരുന്ന് ഞങ്ങളെ നോക്കിക്കൊണ്ടിരുന്ന മധ്യവയസ്‌കന്‍ പതുക്കെ എഴുന്നേറ്റു. അയാളുടെ മുഖം ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ്.
''അതേയ്, അതിനകത്തൊരു ചാര്‍ജറുണ്ട്. അതും തിന്നേക്കരുത്.''
ഞങ്ങള്‍ പരസ്പരം നോക്കി. ചിരിക്കണോ കരയണോ. പകുതി ബിസ്‌കറ്റ് ഇറക്കാന്‍ പറ്റാതെ വായില്‍ത്തന്നെ കിടന്നു. ആരും ഒന്നും മിണ്ടിയില്ല. തൃശൂരിലെത്തിയപ്പോള്‍ അയാള്‍ ബസ്സില്‍ നിന്നുമിറങ്ങി. അത്രയുംനേരം അടക്കിപ്പിടിച്ചുകൊണ്ടിരുന്ന ചിരി പിന്നീട് പൊട്ടിച്ചിരിയായി മാറി. കണ്ടക്ടര്‍ക്ക് കാര്യം പിടികിട്ടി.
''നിങ്ങളിരുന്ന സീറ്റ് അയാളുടേതാണ്. കോഴിക്കോട്ട് ചായ കുടിക്കാന്‍ പോയി തിരിച്ചുവന്നപ്പോള്‍ മൂന്നുപേര്‍ ഇരുന്നതു കണ്ട് അയാള്‍ മുമ്പോട്ടേക്കു മാറിയിരിക്കുകയായിരുന്നു.''
കണ്ടക്ടര്‍ പറഞ്ഞുതീരുന്നതിനു മുമ്പ് ഞങ്ങളുടെ ചിരിയുടെ വോള്‍ട്ടേജ് കൂടി. എറണാകുളത്ത് എത്തുന്നതുവരെ അയാളുടെ അവസ്ഥയോര്‍ത്ത് പൊട്ടിച്ചിരിക്കുകയായിരുന്നു ഞങ്ങള്‍.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.