You are Here : Home / News Plus

കേരള ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിച്ച രാഷ്ട്രപതി

Text Size  

Story Dated: Sunday, August 19, 2018 12:36 hrs UTC

തിരുവനന്തപുരം∙ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ ഫോണില്‍ വിളിച്ച് കേരളത്തിലെ പ്രളയക്കെടുതികളെയും രക്ഷാപ്രവര്‍ത്തനങ്ങളെയും കുറിച്ച്അന്വേഷിച്ചു. പ്രതിസന്ധിഘട്ടത്തെ ഒരുമയോടെ നേരിട്ട കേരള ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിച്ച രാഷ്ട്രപതി, രാജ്യം കേരള ജനതയ്ക്കൊപ്പമുണ്ടെന്ന ഉറപ്പും നല്‍കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ രക്ഷാനടപടികള്‍ സ്വീകരിച്ചതില്‍ രാഷ്ട്രപതി സംതൃപ്തി അറിയിച്ചു. ദേശീയ ദുരന്തനിവാരണസേന, സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനത്തെയും പ്രതിബദ്ധതയെയും അദ്ദേഹം അഭിനന്ദിച്ചു.‌ രക്ഷാ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നുണ്ടെന്ന് ഗവര്‍ണര്‍ രാഷ്ട്രപതിയെ അറിയിച്ചു. സൈന്യം, ദുരന്തനിവാരണസേന, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയ്ക്കു പുറമേ ജനപ്രതിനിധികളും യുവജനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും ഗവര്‍ണര്‍ അറിയിച്ചു. രാഷ്ട്രപതിയുമായുള്ള സംഭാഷണം ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് ധരിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം നേരിട്ട് നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലോകമെമ്പാടുമുള്ള മലയാളികൾ കൂടുതല്‍ ഉദാരമായി സംഭാവന ചെയ്യണമെന്ന് ഗവര്‍ണര്‍ ഒരിക്കല്‍ കൂടി അഭ്യര്‍ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.