You are Here : Home / News Plus

ഫലപ്രദമായ രാഷ്ട്രീയ സഖ്യങ്ങൾ ആവശ്യമാണെന്ന് സോണിയ ഗാന്ധി

Text Size  

Story Dated: Sunday, July 22, 2018 11:35 hrs UTC

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസ്സിന്റെ സംഘടനാ, സാമ്പത്തിക കരുത്തിനെ നേരിടാൻ ഫലപ്രദമായ രാഷ്ട്രീയ സഖ്യങ്ങൾ ആവശ്യമാണെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാചാടോപം അദ്ദേഹത്തിന്റെ നിരാശയുടെ പ്രതിഫലനമാണ്. നിരാശയും ഭയവും നിറയ്ക്കുന്ന ഭരണത്തിൻകീഴിലാണ് ഇന്ത്യയിലെ പാവപ്പെട്ടവർ. രാജ്യത്തിന്റെ ജനാധിപത്യത്തെ അടിയറ വയ്ക്കുന്ന അപകടകരമായ ഭരണത്തിൽനിന്ന് നമ്മുടെ ജനങ്ങളെ രക്ഷിക്കണം. മോദി സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞെന്നും സോണിയ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തില്‍ ഭരണഘടനാസ്ഥാപനങ്ങളും ദലിതരും പിന്നാക്കവിഭാഗങ്ങളും ആക്രമിക്കപ്പെടുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ശബ്ദമായി മാറാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. കോൺഗ്രസ് ഇപ്പോൾ അനുഭവസമ്പത്തിന്റെയും ഊർജത്തിന്റെയും സങ്കലനമാണ്. അത് ഭൂതകാലത്തെ വർത്തമാന, ഭാവി കാലങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമാണ്. താഴേത്തട്ടിലുള്ള സംഘടനാ സംവിധാനം ശക്തമാക്കണം. കോൺഗ്രസ് പ്രവർത്തകർ ഉണരണമെന്നും പീഡിതർക്കു വേണ്ടി പൊരുതണമെന്നും രാഹുൽ പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മോദിക്കെതിരെ ആഞ്ഞടിച്ചു. രാജ്യ പുരോഗതിക്കും സാമ്പത്തിക വളർച്ചയ്ക്കും വേണ്ട നയങ്ങൾക്കു പകരം ആത്മപ്രശംസയും വ്യാജപ്രചാരണങ്ങളുമാണ് മോദി നടത്തുന്നതെന്നു മൻമോഹൻ പറഞ്ഞു. 2022 ഓടെ ഇന്ത്യയിലെ കാര്‍ഷികവരുമാനം ഇരട്ടിയാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ അവകാശവാദം വിദൂരഭാവിയില്‍പോലും യാഥാര്‍ഥ്യമാകില്ല. ഈ നിലയിലുള്ള നേട്ടം കൈവരിക്കണമെങ്കില്‍ പ്രതിവര്‍ഷം പതിനാലുശതമാനം വളര്‍ച്ചയെങ്കിലും കൈവരിക്കണം. അതിനുള്ള സാഹചര്യം ഇല്ലെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി. 12 സംസ്ഥാനങ്ങളിൽ കോൺഗ്രസിനു സ്വന്തം നിലയിൽ കരുത്തുണ്ടെന്നു പി. ചിദംബരം പറഞ്ഞു. മറ്റിടങ്ങളിൽ സഖ്യങ്ങളുണ്ടാക്കണം. ബിജെപിയെ നേരിടാൻ മഹാസഖ്യം ആവശ്യമാണെന്നും ചിദംബരം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാനായി ഡല്‍ഹി പാര്‍ലമെന്‍റ് അനക്സില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതിയുടെ വിശാല യോഗത്തില്‍ പിസിസി അധ്യക്ഷന്മാരും നിയമസഭാകക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.