You are Here : Home / USA News

മാഗ് ഇലക്ഷന്‍- 'മീറ്റ് ദ് കാന്‍ഡിഡേറ്റ്‌സ്' വന്‍ വിജയമായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 09, 2017 01:42 hrs UTC

ഹൂസ്റ്റണ്‍: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ആവേശവും, വീറും, വാശിയും ഉണര്‍ത്തി ഒരു തെരഞ്ഞെടുപ്പിന് വേദിയാകുന്നു ഹൂസ്റ്റണ്‍. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍(മാഗ്)ന്റെ ഡിസംബര്‍ 9ന് ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അത്യന്തം ആവേശം നിറഞ്ഞ പ്രചാരണ പരിപാടികളായിരുന്നു സംഘടിപ്പിയ്ക്കപ്പെട്ടത്. സാമൂഹ്യമാധ്യമങ്ങളെ ഇത്രയധികം ഉപയോഗപ്പെടുത്തിയ ഒരു തെരഞ്ഞെടുപ്പ് മുന്‍പുണ്ടായിട്ടില്ല. ഫേസ്ബുക്ക്, വാട്‌സ് അപ്പ് മുതലായമാധ്യമങ്ങളായിരുന്നു പ്രധാനപ്പെട്ടവ. മൂന്നാഴ്ച മുന്‍പ് മലയാളി അസോസിയേഷനെ സ്‌നേഹിയ്ക്കുന്ന ഒരു കൂട്ടം മലയാളി സുഹൃത്തുക്കള്‍ ആരംഭിച്ച '2018 മാഗ് ഇലക്ഷന്‍ ഡിബേറ്റ്' എന്ന വാട്‌സ് അപ്പ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തി കുറിച്ചുകൊണ്ട് നടത്തിയ Meet the Candidates(മീറ്റ് ദി കാന്‍ഡിഡേറ്റ്‌സ്) അമേരിക്കന്‍ പ്രവാസി മലയാളി സമൂഹത്തിന് മാതൃകയാക്കാവുന്ന ഒരു ചടങ്ങായിമാറിയ ഡിസംബര്‍ 7ന് വ്യാഴാഴ്ച DGN Factoryയില്‍ വൈകുന്നേരം 7.30 മുതല്‍ 10 വരെ നടത്തപ്പെട്ട പരിപാടി വ്യത്യസ്തത കൊണ്ടു ശ്രദ്ധേയമായി മാറി. 170 പേര്‍ ചോദ്യങ്ങളും, ഉത്തരങ്ങളും നിര്‍ദ്ദേശങ്ങളും കൊണ്ട് സജീവമാക്കി നിലനിര്‍ത്തിയ വാട്‌സ് അപ്പ് ഗ്രൂപ്പിന്റെ ആഗ്രഹ സഫലീകരണമായിരുന്നു ഈ ഡിബേറ്റും മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയും. ജോര്‍ജ് ഈപ്പന്‍, ഡിബേറ്റിന്റെ നിബന്ധനങ്ങളും നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു.

 

ജോയി തുമ്പമണ്‍ സ്വാഗതം ആശംസിച്ചു. രണ്ടു ശക്തമായ പാനലുകളാണ് മത്സരംഗത്തുള്ളത്. പാനലുകള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ജോഷ്വാ ജോര്‍ജ്ജിനെയും സുരേഷ് രാമകൃഷ്ണനെയും സ്വയം പരിചയപ്പെടുത്തുന്നതിനും ഭാവി പരിപാടികള്‍ അവതരിപ്പിയ്ക്കുന്നതിനും 10 മിനിറ്റ് വീതം നല്‍കി. നിങ്ങള്‍ എന്തിന് പ്രസിഡന്റായി മത്സരിയ്ക്കുന്നു, ഞങ്ങള്‍ നിങ്ങള്‍ക്ക് എന്തിന് വോട്ടു ചെയ്യണം, എന്താണ് നിങ്ങളുടെ പുതിയ പദ്ധതികള്‍? തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയപ്പോള്‍ രണ്ടുപേരും ശക്തരായ സ്ഥാനാര്‍്തഥികളാണെന്ന് സദസിന് ബോധ്യപ്പെട്ടു. തുടര്‍ന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക് സ്വതന്ത്രനായി മത്സരിയ്ക്കുന്ന റജി ജോണിന് അവസരം നല്‍കി. ശക്തമായ പാനല്‍ മത്സരങ്ങള്‍ക്കിടയിലും വന്‍ ഭൂരിപക്ഷത്തോടെ താന്‍ വിജയിച്ചു വരുമെന്ന് റെജി ജോണ്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. രണ്ടു പാനലുകളിലുമായി 11 പേര്‍ വീതം ബോഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക് മത്സരിയ്ക്കുന്നു. പരിപാടിയില്‍ പങ്കെടുത്ത ജോഷ്വാ ജോര്‍ജ്ജിന്റെ പാനലിലെ തോമസ് മാത്യു(ബാബു മുല്ലശേരി), സാജന്‍ ഉതുപ്പ്(മണപ്പുറം), ഡോ.മാത്യു വൈരമണ്‍, രാജന്‍ യോഹന്നാന്‍, ഏബ്രഹാം തോമസ്(അച്ചന്‍ കുഞ്ഞ്), മോന്‍സി കുര്യാക്കോസ്, തോമസ് സഖറിയ, ആന്‍ഡ്രൂ ജേക്കബ് എന്നിവര്‍ സ്വയം പരിചയപ്പെടുത്തി സംസാരിച്ചു. സുരേഷ് രാമകൃഷ്ണന്റെ പാനലിലെ സ്ഥാനാര്‍ത്ഥികളായ തോമസ് വര്‍ഗീസ്(അച്ചന്‍കുഞ്ഞ്), സാഖി ജോസഫ്, റോണി ജേക്കബ്, മാത്യു മുണ്ടയ്ക്കല്‍, മാത്യു തോട്ടം, സൈമണ്‍ ചാക്കോ വാലാച്ചേരില്‍ എന്നിവരും സ്വയം പരിചയപ്പെടുത്തി സംസാരിച്ചു. ഹൂസ്റ്റണിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ജീമോന്‍ റാന്നി, ജെ.ഡബ്ല്യൂ.വര്‍ഗീസ് എന്നിവര്‍ മോഡറേറ്റര്‍മാരായി ഡിബേറ്റിനെ ഏറ്റവും മികവുറ്റതാക്കി. തത്സമയ സംപ്രേക്ഷണം ഉണ്ടായിരുന്ന ഈ ഡിബേറ്റ് 3700 പേര്‍ ഇതിനോടകം കണ്ടുകഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ജിജു കുളങ്ങര, ജീമോന്‍ റാന്നി, വിജു വര്‍ഗീസ്, ജെ.ഡബ്ല്യൂ.വര്‍ഗീസ്, ജോയി തുമ്പമണ്‍, ചാക്കോ തോമസ് , ജോര്‍ജ്ജ് ഈപ്പന്‍, പ്രേംദാസ് മാമ്മഴിയില്‍ എന്നിവരടങ്ങുന്ന അസ്മിന്‍ പാനലായിരുന്ന ഈ ചടങ്ങിന്റെ സംഘാടകര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.