You are Here : Home / അഭിമുഖം

കോണ്‍ഗ്രസ് നേതാക്കള്‍ എന്നെ അപമാനിച്ചു: ജി.കെ.പിള്ള

Text Size  

Story Dated: Friday, March 07, 2014 12:04 hrs UTC



കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടുപിടിക്കാനായി
അഹോരാത്രം പ്രവര്‍ത്തിച്ചയാളാണ് നടന്‍ ജി.കെ.പിള്ള. കേരളത്തിലെ ഭൂരിപക്ഷം
ലോക്‌സഭാസീറ്റുകളും കോണ്‍ഗ്രസ് തൂത്തുവാരിയപ്പോള്‍ ഈ കോണ്‍ഗ്രസുകാരനും
സന്തോഷിച്ചു. പക്ഷെ പിന്നീട് നേതാക്കളില്‍ നിന്നുണ്ടായ അനുഭവങ്ങള്‍
വേദനപ്പെടുത്തുന്നതായിരുന്നു. വീണ്ടുമൊരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
പടിവാതിലില്‍ എത്തിനില്‍ക്കെ കോണ്‍ഗ്രസില്‍നിന്നുണ്ടായ അവഗണനയെക്കുറിച്ച്
തുറന്നടിക്കുകയാണ് തൊണ്ണൂറുകാരനായ ജി.കെ.പിള്ള.

ചെന്നിത്തലയുടെ പാഴ്‌വാക്ക്
----------------------

അറുപത്തിരണ്ടുവര്‍ഷമായി ഞാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ
പ്രവര്‍ത്തകനാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മലപ്പുറം
ജില്ലയിലൊഴികെ മറ്റെല്ലായിടത്തും പ്രചാരണത്തിന് പോയിരുന്നു. നിയമസഭാ
തെരഞ്ഞെടുപ്പുകളിലൂം ഒന്നര മണിക്കൂര്‍ വരെ പ്രസംഗിച്ചുനടന്നിട്ടുണ്ട്.
എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ മറന്ന ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്.
ആ പാര്‍ട്ടിയിലുള്ള വിശ്വാസം പതുക്കെ കുറഞ്ഞുവന്നു. മൂമ്പൊരിക്കല്‍
ദേവസ്വംബോര്‍ഡ് മെമ്പര്‍ സ്ഥാനം തരാമെന്നു പറഞ്ഞെങ്കിലും തന്നില്ല.
ഞാനുള്‍പ്പെടെയുള്ളവര്‍ പരിശ്രമിച്ചുണ്ടാക്കിയ എക്‌സ് സര്‍വീസ്‌മെന്‍
വെല്‍ഫേര്‍ കോര്‍പ്പറേഷന്റെ തലപ്പത്ത് മൂന്നുവര്‍ഷം മാത്രം
പട്ടാളത്തിലിരുന്നയാളിനെ പ്രതിഷ്ഠിച്ചു. കെ.കരുണാകരന്‍ ഭരിക്കുമ്പോള്‍
കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ സ്ഥാനം തരാമെന്നു പറഞ്ഞതാണ്. പക്ഷേ
ഇടതുപക്ഷക്കാരനായ സുകുമാരനാണ് അതു നല്‍കിയത്. എ.കെ.ആന്റണി
മുഖ്യമന്ത്രിയായപ്പോഴും പരിഗണിച്ചില്ല. കോണ്‍ഗ്രസ് ചതിച്ചപ്പോള്‍
ബി.ജെ.പിയില്‍ ചേര്‍ന്നു. ഏഴുവര്‍ഷം ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു.
അതുകഴിഞ്ഞ് രമേശ് ചെന്നിത്തല വിളിച്ച് വീണ്ടും കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ്
തന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ രമേശ് ഒരുദിവസം
വിളിച്ചു.
''പിള്ള സാര്‍ ഗണേഷ്‌കുമാറിനെ കണ്ട് ബയോഡാറ്റ നല്‍കണം. കെ.എസ്.എഫ്.ഡി.സി
ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഞങ്ങള്‍ സാറിനെയാണ് പരിഗണിക്കുന്നത്.''
അന്നത്തെ സിനിമാമന്ത്രിയായ ഗണേശനെ പോയിക്കണ്ടു. പക്ഷേ ഒരുമാസം
കഴിഞ്ഞപ്പോള്‍ പത്രത്തിലൊരു വാര്‍ത്ത കണ്ടു. കോട്ടയത്തെ സാബുചെറിയാന്‍
കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായെന്ന്. ഇതൊക്കെ തീരുമാനിക്കാന്‍
തിരുവനന്തപുരത്തൊരു ലോബിയുണ്ട്. കഴിഞ്ഞ ഡിസംബറില്‍ നടന്ന 'ജവാന്‍ ഡേ'
ആഘോഷത്തില്‍ മോഹന്‍ലാലിനെയും എന്നെയും ആദരിക്കുന്നുണ്ടെന്ന് സംഘാടകര്‍
വിളിച്ചുപറഞ്ഞു. വരാമെന്ന് സമ്മതിച്ചെങ്കിലും ഇന്‍വിറ്റേഷന്‍ ലെറ്റര്‍
വന്നപ്പോള്‍ അതില്‍ എന്റെ പേരില്ല. ക്ഷണിച്ചവരെ വിളിച്ചപ്പോള്‍ അവര്‍
കൈമലര്‍ത്തി. ഇതാണിവിടെ സംഭവിക്കുന്നത്.

അപമാനിക്കാന്‍ സമ്മതിക്കില്ല
------------------------
മലയാളസിനിമയുടെ നൂറാംവാര്‍ഷികത്തിനും എന്നെ ക്ഷണിച്ചിരുന്നു. വരാമെന്നു
പറഞ്ഞു. എന്നാല്‍ പിന്നീട് ശ്രീകുമാരന്‍ തമ്പി പറഞ്ഞപ്പോഴാണ് അതിലെ സത്യം
മനസിലായത്.
''ചേട്ടാ, രണ്ടുതരത്തിലാണ് അവര്‍ ആദരിക്കുന്നത്. എ.ബി എന്ന ക്രമത്തില്‍.
ചേട്ടന്‍ ബി ഗ്രൂപ്പിലാണ്. പോയാല്‍ അവര്‍ അപമാനിക്കും. സീറ്റുപോലും
കിട്ടിയെന്നുവരില്ല.''
തമ്പി പറഞ്ഞത് ശരിയാണെന്ന് പിറ്റേന്നത്തെ പത്രം നോക്കിയപ്പോഴാണ്
മനസിലായത്. അപ്പോള്‍ത്തന്നെ വരില്ലെന്ന് സംഘാടകരെ വിളിച്ചുപറഞ്ഞു. കഴിഞ്ഞ
സെപ്റ്റംബര്‍ 23നും 24നുമാണ് ആദരിക്കല്‍ചടങ്ങ്. 23ന് ഞാനടക്കമുള്ള
കുറച്ചുപേരെ ആദരിക്കുന്നത് കെ.സി.ജോസഫ്. 24ന് എം.ടിയെയും അടൂരിനെയും
അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ മധുവിനെയും ആദരിക്കുന്നത് രാഷ്ട്രപതി.
''സാര്‍ വേണമെങ്കില്‍ 24ന് രാവിലെ പോയ്‌ക്കോളൂ.''
സംഘാടകര്‍ നിര്‍ബന്ധിച്ചിട്ടും തീരുമാനം മാറ്റിയില്ല. അമ്പതുവര്‍ഷം
തികച്ച മധുവിനെ രാഷ്ട്രപതി ആദരിക്കുമ്പോള്‍ അറുപതുവര്‍ഷം
പൂര്‍ത്തിയാക്കിയ എനിക്കും ആദരവ് തരേണ്ടതല്ലേ? ഞാനെന്തിന്
രണ്ടാംതരക്കാരാകണം.?
കഴിഞ്ഞ ഓണത്തിനും തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രിയെക്കൊണ്ട് മധുവിനെ
ആദരിപ്പിച്ചിരുന്നു. ആ ചടങ്ങിന് എന്നെ ക്ഷണിച്ചപ്പോള്‍ സംഘാടകരോട് ഒന്നേ
ചോദിച്ചുള്ളൂ.
''ചിറ്റപ്പനെ ആരെങ്കിലും അപ്പാന്ന് വിളിക്കുമോ?''
അപ്പോഴേക്കും അവര്‍ ഫോണ്‍ കട്ടുചെയ്തു. എന്നെ ആരും ആദരിക്കേണ്ടതില്ല.
പക്ഷേ അപമാനിക്കാന്‍ സമ്മതിക്കില്ല.

പെന്‍ഷന്‍ നിഷേധിച്ചു
------------------
പട്ടാളസേവനം അവസാനിപ്പിച്ചിട്ട് അറുപതുവര്‍ഷം തികഞ്ഞിരിക്കുന്നു.
പതിമൂന്നുവര്‍ഷം സേവനമനുഷ്ഠിച്ചിട്ടും ഇപ്പോഴും എനിക്ക്
സൈനികപെന്‍ഷനില്ല. അതിനുവേണ്ടി ഞാന്‍ പോകാത്ത ഓഫീസുകളില്ല. പറയാത്ത
നേതാക്കളില്ല. ഇപ്പോള്‍ പ്രതിരോധമന്ത്രിയായ എ.കെ.ആന്റണി കേരളത്തിലെ
മുഖ്യമന്ത്രിയായപ്പോള്‍ നേരിട്ടുകണ്ട് പറഞ്ഞതാണ്. എന്നിട്ടും
ഫലമുണ്ടായില്ല.
മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും, എന്തിന്
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനുവരെ രണ്ടുവര്‍ഷം തികച്ചാല്‍
സര്‍ക്കാര്‍ പെന്‍ഷന്‍ കിട്ടുമ്പോഴാണ് പതിമൂന്നുവര്‍ഷം രാജ്യത്തിനുവേണ്ടി
കഷ്ടപ്പെട്ട പട്ടാളക്കാരനെ അവഗണിക്കുന്നത്. ഇതാണോ രാജ്യസ്‌നേഹം?

327 സിനിമകളില്‍ അഭിനയിച്ചതിനേക്കാള്‍ അംഗീകാരമാണ് ഒറ്റ സീരിയല്‍ കൊണ്ട്
കിട്ടിയത്. 'കുങ്കുമപ്പൂവി'ലെ ജഗന്നാഥവര്‍മ്മ അത്രയ്ക്ക്
ജനസ്വാധീനമാണുണ്ടാക്കിയത്. ആ സീരിയല്‍ അവസാനിച്ചെങ്കിലും ഒരു
വര്‍ഷത്തിനുള്ളില്‍ 79 അവാര്‍ഡുകളാണ് അതിനുമാത്രം ലഭിച്ചത്.
മരിക്കുന്നതുവരെ ഞാന്‍ അഭിനയിക്കും. പിന്നെന്തിന് ഇവരെയൊക്കെ പേടിക്കണം?

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.