You are Here : Home / അഭിമുഖം

പേരിനൊപ്പം നാട് ,നാവിനൊപ്പം സപ്തസ്വരങ്ങളും

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, April 19, 2017 07:00 hrs UTC

കെ.ഐ. അല്‌സാണ്ടര്‍ എന്ന തൃശ്ശൂരുകാരന് തന്റെ പേരു പോലും പിറന്ന നാടിന്റെ വികാരമാണ്. കെ എന്നാല്‍ കേരളം. ഐ എന്നാല്‍ ഇന്ത്യ. സംഗീത കുലപതികളുടെ ഈറ്റില്ലമായ തൃശ്ശൂരില്‍നിന്ന് അമേരിക്കയിലേക്ക് ചേക്കേറിയപ്പോഴും നാദവിസ്മയം തീര്‍ത്ത് അവിടേയും അലക്‌സാണ്ടര്‍ 'ദ ഗ്രേറ്റ്' ആയി.  ആ യാത്രയില്‍ നിന്നാണ് അലക്‌സാണ്ടര്‍ സംസാരിക്കുന്നതും. കുട്ടിക്കാലം മുതല്‍ സംഗീതത്തോട് ഇഷ്ടമായിരുന്നു. ക്രൈസ്തവ റോമന്‍ കാത്തലിക്‌സ് കുടുംബത്തില്‍ പാട്ടിന്റെ പാരമ്പര്യമൊന്നും ഇല്ലായിരുന്നു. അമ്മച്ചിയുടെ പ്രാര്‍ഥനയാണ് ആദ്യം കേട്ട ശ്രുതിമധുരമായ സംഗീതം. 1983 കാലഘട്ടം. അന്നു ഞാന്‍ മൂന്നാം ക്ലാസിലാണ്. പ്രേമാഭിഷേകം എന്ന സിനിമയിലെ നീലവാനച്ചോലയില്‍ എന്ന ഗാനം മനസിനെ വല്ലാതെ പിടിച്ചുലച്ചു. ഇടയ്ക്കിടെ അതൊന്നു പാടിനോക്കും. ടേപ്പ് റിക്കാര്‍ഡര്‍ വിരളമായ കാലമാണന്ന്. എന്റെ വീട്ടിലുണ്ടായിരുന്ന ആ ടേപ്പ് റിക്കാര്‍ഡറില്‍ എന്റെ ശബ്ദം ഞാന്‍ തന്നെ പതിപ്പിച്ചു. കേട്ടു നോക്കിയപ്പോള്‍ തെറ്റില്ലെന്നു തോന്നി. അതായിരുന്നു ആദ്യത്തെ സംഗീതസപര്യ. പിന്നീടങ്ങോട്ട് ധാരാളം പാട്ടുകള്‍ കേള്‍ക്കാനും പാടാനും തുടങ്ങി. ആരും കേള്‍ക്കാനില്ലെങ്കിലും സ്വയം വിലയിരുത്തി. മെച്ചപ്പെടുത്തി.

 

 

 

 

പത്തു കഴിഞ്ഞ് ശാസ്ത്രീയ സംഗീതം പഠിച്ചു. അരിമ്പൂരെ പത്മനാഭന്‍ മാഷിന്റെ ശിഷ്യനായി. പിന്നീട് മോഹന കൃഷ്ണന്‍ മാഷിന്റെ ശിഷ്യനായി.ചേതനാ സ്റ്റുഡിയോയില്‍ വിവിധ ആല്‍ബങ്ങള്‍ക്ക് ട്രാക്ക് പാടി. പിന്നെ ആല്‍ബങ്ങളിലും പാടി. പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ പഠിക്കുമ്പോള്‍ സംഗീതം ആഗ്രഹിച്ചു വരുന്ന കുട്ടികള്‍ക്ക് ക്ലാസ് എടുത്തും സപര്യ തുടര്‍ന്നു. അഖില കേരളാ അടിസ്ഥാനത്തില്‍ തൃശ്ശൂരില്‍ നടത്തിയ സംഗീത മത്സരത്തില്‍ രാമു കാര്യാട്ട് പുരസ്‌കാരം എസ് ജാനാകിയില്‍നിന്നു സ്വീകരിക്കാനായത് മഹാഭാഗ്യം. സാധക സ്‌കൂള്‍ ഓഫ് മ്യൂസിക് യുഎസില്‍ എത്തിയതില്‍ പിന്നെ എനിക്കു കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് സംഗീത സംവിധായകന്‍ രമേഷ് നാരായണന്റെ ശിഷ്യത്വം. സംഗീതത്തിന്റെ വിവിധ തലങ്ങളില്‍ അദ്ദേഹം എന്നെ കൊണ്ടെത്തിച്ചു.

 

 

2011 ല്‍ സാധക സ്‌കൂള്‍ ഓഫ് മ്യൂസിക് തുടങ്ങി. ഫിലാഡല്‍ഫിയ, ന്യൂജേഴ്‌സി എന്നിവിങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ ക്ലാസുകള്‍ എടുക്കുന്നു. 2016 മേയ് 14 നു സ്‌നേഹ സംഗീതം ആദ്യമായി അരങ്ങേറി. ജൂലൈ 17 നു രമേഷ് നാരായണനും മകള്‍ മധുശ്രീ നാരായണനും ചേര്‍ന്നു നടത്തിയ സംഗീതപരിപാടി വന്‍ വിജയമായിരുന്നു. ഏപ്രില്‍ 28 നു പി ഉണ്ണികൃഷ്ണനും മകളും ചേര്‍ന്നു നടത്തുന്ന സംഗീത പരിപാടിയും വന്‍ വിജയമാകുമെന്നാണ് പ്രതീക്ഷ. ഫ്ളവേഴ്‌സ് ടിവിയുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന ക്വയര്‍ ഫെസ്റ്റിന്റെ കിക്കോഫും അന്നു നടക്കും.

 

ഗുരുവാണ്

 

മഴ എന്ന സിനിമയില്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ആശ ജി നായരുടേയും മറ്റൊരു അവാര്‍ഡ് ജേതാവ് ജോത്സനയുടേയും ഗുരുവാണ് കെ.ഐ അലക്‌സാണ്ടര്‍. ഇനിയും ഒരു പാടു ശിഷ്യര്‍ ഉയരങ്ങള്‍ കീഴടക്കട്ടേ എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അതിനു വേണ്ടിയാണ് പരിശ്രമവും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.